Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

രാഷ്ട്രപതി സ്ഥാനത്തിലേക്കുള്ള മത്സരത്തിലേക്ക് ഒരു മലയാളി കൂടി; ലോകം ആദരിക്കുന്ന കൃഷി ശാസ്ത്രജ്ഞൻ എം എസ് സ്വാമിനാഥനെ രാഷ്ട്രപതിയാക്കണം എന്ന ആവശ്യവുമായി ശിവസേന രംഗത്ത്; ഇന്ത്യൻ ജനതയുടെ വിശപ്പകറ്റിയ ഹരിത വിപ്ലവത്തിന്റെ പിതാവിനെ പ്രഥമ പൗരനാക്കാൻ ബിജെപി പിന്തുണയ്ക്കുമോ?

രാഷ്ട്രപതി സ്ഥാനത്തിലേക്കുള്ള മത്സരത്തിലേക്ക്  ഒരു മലയാളി കൂടി; ലോകം ആദരിക്കുന്ന കൃഷി ശാസ്ത്രജ്ഞൻ എം എസ് സ്വാമിനാഥനെ രാഷ്ട്രപതിയാക്കണം എന്ന ആവശ്യവുമായി ശിവസേന രംഗത്ത്; ഇന്ത്യൻ ജനതയുടെ വിശപ്പകറ്റിയ ഹരിത വിപ്ലവത്തിന്റെ പിതാവിനെ പ്രഥമ പൗരനാക്കാൻ ബിജെപി പിന്തുണയ്ക്കുമോ?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: രാഷ്ട്രപതി സ്ഥാനത്തേക്കുള്ള ചർച്ചകൾ കേന്ദ്രസർക്കാറും ബിജെപിയും സജീവമാക്കിയതോടെ ഒരു മലയാളിയുടെ പേരു കൂടി സജീവ പരിഗണനയിൽ. ഇ ശ്രീധരനെ മോദി പിന്തുണയ്ക്കുന്നു എന്ന വിധത്തിൽ വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ ഇപ്പോൾ പറഞ്ഞു കേൾക്കുന്ന പേര് ലോകം ആദരിക്കുന്ന കൃഷി ശാസ്ത്രജ്ഞൻ എംഎസ് സ്വാമിനാഥന്റേതാണ്. മലയാളിയായ എം എസ് സ്വാമിനാഥനെ രാഷ്ട്രപതിയാക്കണം എന്ന ആവശ്യം മുന്നോട്ടു വെച്ചത് ശിവസേനയാണ്. അതേസമയം ഇക്കാര്യത്തിൽ ബിജെപി കാര്യമായ താൽപ്പര്യം പ്രകടിപ്പിച്ചിട്ടില്ല. ആരാണ് രാഷ്ട്രപതിയാകേണ്ടത് എന്ന കാര്യത്തിൽ ബിജെപി ഇതുവരെ തീരുമാനം കൈക്കൊണ്ടിട്ടില്ല.

രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ സമവായം ഉണ്ടാക്കാൻ വേണ്ടി മറ്റ് രാഷ്ട്രീയ പാർട്ടി നേതാക്കളുമായി കേന്ദ്രമന്ത്രിമാരുടെ സംഘം ചർച്ച നടത്തുന്നുണ്ട്. എംഎസ് സ്വാമിനാഥന്റെ പേര് മുന്നോട്ടു വെച്ച സാഹചര്യത്തിൽ ബിജെപി സമ്മതിച്ചാൽ പ്രതിപക്ഷ പാർട്ടികളും അനുകൂലിച്ചേക്കും. എന്നാൽ, ആരാണ് സ്ഥാനാർത്ഥിയെന്ന കാര്യത്തിൽ ബിജെപി ഇപ്പോഴും മൗനം തുടരുകയാണ്. മഹാരാഷ്ട്രയിലെ കർഷകരുടെ പ്രശ്‌നങ്ങളിൽ സജീവുമായി ഇടപെടുന്ന വ്യക്തിയാണ് എംഎസ് സ്വാമിനാഥൻ. മഹാരാഷ്ട്രയിലെ കർഷകരുടെ കടങ്ങൾ പൂർണമായും എഴുതിത്ത്ത്തള്ളുമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് പ്രഖ്യാപിച്ചത് എംഎസ് സ്വാമിനാഥന്റെ നിർദശം കൂടി പരിഗണിച്ചാണ്.

ഇപ്പോഴും കാർഷിക വികസനത്തിന് വേണ്ടി മുന്നിലുള്ള എംഎസ് സ്വാമിനാഥന് എതിരായേക്കാവുന്ന ഘടകം പ്രായമാണ്. അദ്ദേഹത്തിന് 91 വയസ് പിന്നിട്ടിട്ടുണ്ട്. കൃഷിക്കുവേണ്ടി ഇപ്പോഴും സജീവ പോരാട്ടം നടത്തുന്ന സ്വാമിനാഥന്റെ സംഭാവനകൾ അതുല്യമാണ്. തമിഴ്‌നാട്ടിലെ കുംഭകോണത്ത് 1925 ഓഗസ്റ്റ് 7 ന് ജനിച്ച മങ്കൊമ്പ് സാംബശിവൻ സ്വാമിനാഥൻ പിന്നീട് ഡോ. എം എസ് സ്വാമിനാഥനായി വളരുകയായിരുന്നു. അമ്പലപ്പുഴ താലൂക്കിലെ മങ്കൊമ്പുമായിട്ടുള്ള സ്വാമിനാഥന്റെ കുടുംബത്തിനുള്ള ബന്ധമാണ് അദ്ദേഹത്തിന് കേരളത്തിൽ വേരുകളുണ്ടാക്കിക്കൊടുത്തത്. തഞ്ചാവൂർ രാജാവിന്റെ സദസ്സിലെ പണ്ഡിതനായ വെങ്കിടാചെല അയ്യരിൽ ആകൃഷ്ടനായ അമ്പലപ്പുഴ രാജാവ് അദ്ദേഹത്തെ നാട്ടിലേയ്ക്ക് ക്ഷണിച്ചു. സ്വാമിനാഥന്റെ മുത്തച്ഛനായിരുന്നു വെങ്കിടാചെല അയ്യർ. അദ്ദേഹത്തിന്റെ സേവനങ്ങൾക്കായി ഏക്കറുകണക്കിന് ഭൂമി മങ്കൊമ്പിൽ രാജാവ് പതിച്ചുനൽകി. അതോടെ സ്വാമിനാഥന്റെ കുടുംബം രാജകൊട്ടാരത്തിന്റെ ഭാഗമായി.

സ്വാമിനാഥന്റെ ബാല്യം തമിഴ്‌നാട്ടിലെ കുംഭകോണത്തായിരുന്നെങ്കിലും സ്വാതന്ത്ര്യസമരത്തിൽ സജീവമായിരുന്ന പിതാവും സർജനുമായ എം കെ സാംബശിവന്റെ നിര്യാണത്തെ തുടർന്ന് അമ്മാവൻ എം കെ നാരായണസ്വാമിയുടെ തണലിലാണ് സ്വാമിനാഥൻ വളർന്നത്. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിൽ നിന്ന് സുവോളജിയിൽ ഡിഗ്രി കരസ്ഥമാക്കിയ സ്വാമിനാഥൻ, തമിഴ്‌നാട് കാർഷിക സർവകലാശാലയിൽ നിന്നും കൃഷിശാസ്ത്രത്തിൽക്കൂടി ബിരുദം നേടുകയുണ്ടായി. 1943 ലുണ്ടായ ബംഗാൾ ക്ഷാമം മൂലം മുപ്പതുലക്ഷം ജനങ്ങൾ മരണമടഞ്ഞ സംഭവം സ്വാമിനാഥനെ പിടിച്ചുലച്ചു.

ആ സംഭവമാണ് കൃഷിശാസ്ത്രത്തിൽ കൂടുതൽ അറിവുനേടാൻ സ്വാമിനാഥനെ പ്രേരിപ്പിച്ചത്. കൂടുതൽ വിളവുകിട്ടുന്നതിനായി നിരന്തരം നടത്തിയ അന്വേഷണങ്ങളും ചിന്തകളും ഒടുവിൽ സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ എന്ന സ്ഥാപനം തുടങ്ങുന്നതിലെത്തുകയാണുണ്ടായത്. കേംബ്രിഡ്ജിൽ നിന്നും മറ്റും കരസ്ഥമാക്കിയ വിജ്ഞാനമുപയോഗിച്ച് രാജ്യത്തെ കാർഷികമേഖലയിൽ വരുത്തേണ്ട കാതലായ മാറ്റങ്ങളെക്കുറിച്ച് പിന്നീട് സ്വാമിനാഥന്റെ നേതൃത്വത്തിൽ ധാരാളം പരീക്ഷണങ്ങളും കണ്ടുപിടിത്തങ്ങളുമുണ്ടായി.

ഇന്ത്യയിൽ ഗോതമ്പിന്റെയും അരിയുടെയും വമ്പിച്ച വിളവിനായി നടത്തിയ പരീക്ഷണങ്ങൾ വിജയംകണ്ടതോടെ സ്വാമിനാഥന്റെ ശ്രമങ്ങൾ ശ്രദ്ധിക്കപ്പെടാൻ തുടങ്ങി. ഭക്ഷ്യസുരക്ഷ ലക്ഷ്യമാക്കി പരമാവധി പ്രകൃതിസൗഹൃദമായ കൃഷിരീതി അവലംബിക്കണമെന്ന് സ്വാമിനാഥൻ ഭരണകൂടങ്ങളോട് എപ്പോഴും ആവശ്യപ്പെട്ടിരുന്നു. 1972 മുതൽ 79 വരെ ഇന്ത്യൻ കാർഷിക കൗൺസിലിന്റെ ഡയറക്ടറായി അദ്ദേഹം സേവനമനുഷ്ഠിച്ചു. കൂടാതെ ഇന്റർനാഷണൽ റൈസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, ഇന്റർനാഷണൽ യൂണിയൻ ഫോർ ദി കൺസർവേഷൻ ഓഫ് നേച്ചർ ആൻഡ് നാച്വറൽ റിസോഴ്‌സ് തുടങ്ങി നിരവധി ദേശീയവും അന്തർദേശീയവുമായ സംഘടനകൾക്ക് അദ്ദേഹം നേതൃത്വം നൽകുകയുണ്ടായി. 2004 മുതൽ 2014 വരെ നാഷണൽ കമ്മിഷൻ ഓൺ ഫാർമേഴ്‌സിന്റെ ചെയർമാനായിരുന്നു.

കൃഷിയെ സംബന്ധിച്ചിടത്തോളം ജീവിക്കുന്ന ഒരു ഇതിഹാസമാണ് സ്വാമിനാഥൻ. രാജ്യം 1967 ൽ പത്മശ്രീയും 1972 ൽ പത്മഭൂഷണും 1989 ൽ പത്മവിഭൂഷണും നൽകി ഈ കൃഷിശാസ്ത്രജ്ഞനെ ആദരിക്കുകയുണ്ടായി. 1971 ൽ അദ്ദേഹത്തിന് മെഗസാസെ അവാർഡ് ലഭിച്ചു. സമാധാനത്തിനുള്ള ഇന്ദിരാഗാന്ധി പുരസ്‌കാരം, കൃഷിരത്‌ന അവാർഡ്, ആദ്യ വേൾഡ് ഫുഡ് പ്രൈസ് പുരസ്‌കാരം, ലാൽ ബഹുദൂർ ശാസ്ത്രി സമ്മാൻ തുടങ്ങി സ്വാമിനാഥനെ തേടിയെത്തിയ പുരസ്‌കാരങ്ങൾ നിരവധിയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP