Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഒടുവിൽ ബിജിമോളുടെ പരിവേദനങ്ങൾ സിപിഐ നേതാക്കളുടെ ചെവിയിൽ എത്തി; ബിജിമോളെ തോൽപ്പിക്കാൻ ചരടു വലിച്ച നേതാവിനെ തരം താഴ്‌ത്തി പാർട്ടി; വാഴൂർ സോമന് വെയർ ഹൗസിങ് ചെയർമാൻ പദവിയും രാജിവയ്‌ക്കേണ്ടി വരും

ഒടുവിൽ ബിജിമോളുടെ പരിവേദനങ്ങൾ സിപിഐ നേതാക്കളുടെ ചെവിയിൽ എത്തി; ബിജിമോളെ തോൽപ്പിക്കാൻ ചരടു വലിച്ച നേതാവിനെ തരം താഴ്‌ത്തി പാർട്ടി; വാഴൂർ സോമന് വെയർ ഹൗസിങ് ചെയർമാൻ പദവിയും രാജിവയ്‌ക്കേണ്ടി വരും

തൊടുപുഴ: ഇടുക്കി ജില്ലയിലെ മുതിർന്ന നേതാവ് വാഴൂർ സോമനെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ പാർട്ടി സ്ഥാനങ്ങളിൽനിന്ന് ഒഴിവാക്കാനും ബ്രാഞ്ച് കമ്മിറ്റിയിലേക്കു തരംതാഴ്‌ത്താനും സിപിഐ ഇടുക്കി ജില്ലാ കൗൺസിൽ യോഗം തീരുമാനിച്ചു. സംസ്ഥാന വെയർ ഹൗസിങ് കോർപറേഷൻ ചെയർമാനാണ് വാഴൂർ സോമൻ. പാർട്ടി നടപടിയുടെ പശ്ചാത്തലത്തിൽ ഈ പദവിയും ഒഴിയേണ്ടിവരും. ഇക്കാര്യത്തിൽ പാർട്ടി സെക്രട്ടറി കാനം രാജേന്ദ്രനാകും തീരുമാനം എടുക്കുക.

നിയമസഭാ തിരഞ്ഞെടുപ്പിൽ പീരുമേട് നിയമസഭാ മണ്ഡലത്തിൽ മത്സരിച്ച ഇ.എസ്.ബിജിമോളെ തോൽപിക്കാൻ വാഴൂർ സോമൻ ശ്രമിച്ചുവെന്ന പരാതിയെക്കുറിച്ച് അന്വേഷിക്കാൻ പാർട്ടി നിയോഗിച്ച അന്വേഷണ കമ്മിഷന്റെ റിപ്പോർട്ടിനെ തുടർന്നാണു വാഴൂർ സോമനെ തരംതാഴ്‌ത്തിയത്. സി.എ.ഏലിയാസ്, സി.യു.ജോയി, എം.കെ.പ്രിയൻ എന്നിവരടങ്ങിയ അന്വേഷണ കമ്മിഷന്റെ റിപ്പോർട്ടിൽ വാഴൂർ സോമൻ കുറ്റക്കാരനാണെന്നു കണ്ടെത്തിയിരുന്നു. തിരഞ്ഞെടുപ്പു കമ്മിറ്റിയുടെ ചുമതലയുണ്ടായിരുന്ന പി.എസ്.ഭാസ്‌കരനാണു പാർട്ടി ജില്ലാ സെക്രട്ടറി കെ.കെ.ശിവരാമനു പരാതി നൽകിയത്. ബിജി മോളുടെ പരാതി അങ്ങനെ സിപിഐ അംഗീകരിക്കുകയാണ്.

സിപിഐ ഇടുക്കി ജില്ലാ ഘടകത്തിൽ വിഭാഗീയതയുടെ പേരിൽ അടുത്തിടെ പാർട്ടി നടപടി നേരിടുന്ന പീരുമേട്ടിലെ രണ്ടാമത്തെ നേതാവാണു വാഴൂർ സോമൻ. നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം ഗോഡ് ഫാദർ പരാമർശത്തിന്റെ പേരിൽ ഇ.എസ്.ബിജിമോൾ എംഎൽഎയെ സംസ്ഥാന കമ്മിറ്റിയിൽനിന്നു പുറത്താക്കാനും ജില്ലാ എക്‌സിക്യൂട്ടീവിലേക്ക് തരംതാഴ്‌ത്താനും കഴിഞ്ഞവർഷം ഒക്ടോബറിൽ തീരുമാനിച്ചിരുന്നു. ഉയരങ്ങളിലെത്താൻ പാർട്ടിക്കുള്ളിൽ തനിക്ക് ഗോഡ്ഫാദർ ഇല്ലെന്നും, തന്നെയും കുടുംബത്തെയും കൂട്ടത്തോടെ കൊലപ്പെടുത്താൻ പീരുമേട് താലൂക്കിൽനിന്നുള്ള പ്രമുഖ നേതാവു ഗൂഢാലോചന നടത്തിയെന്നും ഒരു വാരികയ്ക്കു നൽകിയ അഭിമുഖത്തിൽ ബിജിമോൾ പറഞ്ഞതാണു വിവാദമായത്. ഇതിന് പിന്നാലെയാണ് സോമനെതിരായ നടപടി.

നിലവിൽ സംസ്ഥാന കമ്മിറ്റിയിലും ജില്ലാ എക്‌സിക്യൂട്ടീവിലും അംഗമാണ് വാഴൂർ സോമൻ. സംസ്ഥാന കമ്മിറ്റിയംഗമായ തന്റെപേരിൽ നടപടി സ്വീകരിക്കാൻ ജില്ലാ എക്‌സിക്യൂട്ടീവിന് അധികാരമില്ലെന്ന് ജില്ലാ എക്‌സിക്യൂട്ടീവിൽ പങ്കെടുത്ത സോമൻ പറഞ്ഞു. തന്റെ വാദങ്ങൾ കേൾക്കാതെ തയാറാക്കിയ റിപ്പോർട്ടാണെന്നും സോമൻ ജില്ലാ എക്‌സിക്യൂട്ടീവിൽ തുറന്നടിച്ചു. ബിജിമോൾ വോട്ടുചെയ്ത ബൂത്തിലും കുടുംബാംഗങ്ങൾ വോട്ടുചെയ്ത തറവാട് ഇരിക്കുന്ന ബൂത്തിലും പിന്നിൽ പോയതു തന്റെ കുറ്റമാണോയെന്നും സോമൻ ചോദിച്ചു. ജനിച്ചുവളർന്ന ഏലപ്പാറ, ഉപ്പുതറ പഞ്ചായത്തുകളിലും ബിജിമോൾ പിന്നിൽ പോയെന്ന് സോമൻ പറഞ്ഞു. നാലുപേർ വാഴൂർ സോമനെതിരെയുള്ള നടപടിയെ എതിർത്തു.

സംസ്ഥാന കൗൺസിൽ അംഗത്തിനെതിരെ നടപടിക്കു ശുപാർശ ചെയ്യുവാൻ മാത്രമേ കഴിയൂവെന്നും സംസ്ഥാന എക്‌സിക്യൂട്ടീവും സംസ്ഥാന കമ്മിറ്റിയും ഇത് അംഗീകരിച്ചാൽ മാത്രമേ നടപടിയെടുക്കാൻ കഴിയൂവെന്നും ചിലർ വാദിച്ചു. സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗങ്ങളായ സി.എ.കുര്യൻ, പി.പ്രസാദ് പങ്കെടുത്തു. ഇ.എസ്.ബിജിമോളും യോഗത്തിൽ പങ്കെടുത്തു. തരംതാഴ്‌ത്തപ്പെട്ടെങ്കിലും എഐടിയുസി സംസ്ഥാന വൈസ് പ്രസിഡന്റ്, സംസ്ഥാന വെയർ ഹൗസിങ് കോർപറേഷൻ ചെയർമാൻ സ്ഥാനങ്ങളിൽ വാഴൂർ സോമൻ തുടരുമെന്നാണ് അറിയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP