Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഫോമിലായിരുന്ന ഇന്ത്യ നാണക്കേടിന്റെ പടുകുഴിയിലേക്ക് വീണതെങ്ങനെ? എല്ലാവരും എഴുതിത്ത്ത്തള്ളിയ പാക്കിസ്ഥാൻ എന്തുകൊണ്ടാണ് ബ്രിട്ടന്റെ മണ്ണിൽനിന്നും ചാമ്പ്യന്മാരായി മടങ്ങിയത്?

ഫോമിലായിരുന്ന ഇന്ത്യ നാണക്കേടിന്റെ പടുകുഴിയിലേക്ക് വീണതെങ്ങനെ? എല്ലാവരും എഴുതിത്ത്ത്തള്ളിയ പാക്കിസ്ഥാൻ എന്തുകൊണ്ടാണ് ബ്രിട്ടന്റെ മണ്ണിൽനിന്നും ചാമ്പ്യന്മാരായി മടങ്ങിയത്?

ന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ ടൂർണമെന്റുകളിൽ പാക്കിസ്ഥാനുമേൽ ഇന്ത്യ അജയ്യരാണെന്നൊരു വിശ്വാസമുണ്ടായിരുന്നു. കെൻസിങ്ടൺ ഓവലിൽ ഇന്നലെ തകർന്നുവീണത് ആ വിശ്വാസമാണ്. വെറുമൊരു തകർച്ചയായിരുന്നില്ല അത്. കളിയിൽ ജയവും തോൽവിയുമെല്ലാം സാധാരണമാണെങ്കിലും, കളിക്കുന്നത് ഇന്ത്യയും പാക്കിസ്ഥാനുമാകുമ്പോൾ അത് കളി മാത്രമല്ലാതാകുന്നതുകൊണ്ട്, തകർച്ചയുടെ വ്യാപ്തിയുമേറും.

എല്ലാത്തരത്തിലും ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ നാമാവശേഷമാക്കുന്ന പ്രകടനമാണ് പാക്കിസ്ഥാൻ കാഴ്ചവെച്ചത്. ആദ്യം ബാറ്റുകൊണ്ടും പിന്നീട് പന്തുകൊണ്ടും അവരത് തെളിയിച്ചു. ഇന്ത്യയാകട്ടെ, ടൂർണമെന്റിലതേവരെ ശക്തമായ ഫോമിലായിരുന്നു. അതൊന്നും ഫൈനലിൽ പ്രതിഫലിച്ചില്ലെന്നുമാത്രം. ഹർദിക് പാണ്ഡ്യയെന്ന യുവതാരത്തിന്റെ ആവേശമാണ് ഇന്ത്യൻ ആരാധകർക്ക് അൽപമെങ്കിലും കൈയടിക്കാൻ വകനൽകിയത്. അതൊഴിച്ചുനിർത്തിയാൽ, നിരാശയോടെ കൈകെട്ടിയിരിക്കുകയായിന്നു ഗാലറിയിൽ തിങ്ങിക്കൂടിയ ഇന്ത്യൻ ആരാധകർ.

ബാറ്റിങ്ങിനെ ആദ്യസെഷനിൽ തുണച്ച പിച്ചിൽ ടോസ് നേടിയിട്ടും ബാറ്റിങ് തിരഞ്ഞെടുക്കാതിരുന്നത് ക്യാപ്റ്റൻ വിരാട് കോലിയുടെ പിഴവായി ഇനി വ്യാഖ്യാനിക്കപ്പെടും. എന്നാൽ, ടോസിലെ ആ തീരുമാനത്തെക്കാൾ ലക്ഷ്യബോധമില്ലാതെ പന്തെറിഞ്ഞ നമ്മുടെ ബൗളർമാരും ഈ തോൽവിയിൽ മുഖ്യപങ്കാളികളാണ്. ഭുവനേശ്വർ കുമാർ തുടക്കത്തിൽ മികച്ച സമ്മർദം ബാറ്റ്‌സ്മാന്മാരിൽ ജനിപ്പിച്ചെങ്കിലും അത് മുതലാക്കാൻ മറുഭാഗത്തുള്ള ബൗളർമാർക്ക് ആർക്കും സാധിച്ചില്ല.

സെഞ്ചുറിയോടെ പാക്കിസ്ഥാന്റെ വിജയത്തിൽ ഫഖാർ സമാൻ, ബൗളിങ്ങിൽ ഇന്ത്യയെ നിലംപരിശാക്കിയ മുഹമ്മദ് ആമിർ എന്നിവരാണ് ചാമ്പ്യൻസ് ട്രോഫി ഇന്ത്യയിൽനിന്ന് തട്ടിയെടുത്തത്. പത്തുവർഷം മുമ്പ്, പ്രഥമ ട്വന്റി 20 ലോകകപ്പ് ഫൈനലിൽ കൈയെത്തുംദൂരത്തെത്തിയിട്ടും കിരീടം കൈവിട്ട പാക്കിസ്ഥാൻ, ഇക്കുറി പിഴവുകൾ ആവർത്തിക്കില്ലെന്ന് തുടക്കത്തിലേ ദൃഢനിശ്ചയം ചെയ്തിരുന്നു. ടോസ് നഷ്ടപ്പെട്ടെങ്കിലും ആദ്യം ബാറ്റുകൊണ്ടും പിന്നീട് പന്തുകൊണ്ടും അവരത് തെളിയിക്കുകയും ചെയ്തു. ഫഖാറിനെ ഒറ്റയക്കത്തിൽനിൽക്കെ റണ്ണൗട്ടാക്കാൻ ലഭിച്ച അവസരം മുതലാക്കാനാകാതെ പോയത് ഇന്ത്യക്ക് വലിയ തിരിച്ചടിയുമായി.

മുന്മത്സരങ്ങളിൽ മികവ് കാട്ടിയ ജസ്പ്രീത് ബുംറയ്ക്ക് പാക്കിസ്ഥാനെതിരെ അതേ മികവ് കാഴ്ചവെക്കാനായില്ല. രവിചന്ദ്ര അശ്വിനും രവീന്ദ്ര ജഡേജയും അവരുടെ മികവിന്റെ നിഴൽപോലുമായില്ല. ബൗളിങ്ങിൽ ഭുവനേശ്വർ കുമാറിനാണ്, അതും തുടക്കത്തിലെ സ്‌പെല്ലിൽ മാത്രം, ആശ്വാസത്തോടെ മടങ്ങാനായത്. എക്സ്ട്രാ റണ്ണുകൾ വിട്ടുകൊടുക്കുന്നതിലും യാതൊരു ലോഭവും വിചാരിച്ചില്ല. 25 റൺസാണ് എക്‌സ്ട്രായിനത്തിൽ ഇന്ത്യൻ ബൗളർമാർ വിട്ടുകൊടുത്തത്.

ശിഖർ ധവാൻ, രോഹിത് ശർമ, വിരാട് കോഹ്ലി എന്നീ ത്രിമൂർത്തികളിലായിരുന്നു ഇന്ത്യയുടെ എല്ലാവിശ്വാസവും. ഇന്ത്യൻ ബാറ്റിങ് നിരയിലെ ശേഷിച്ചവർ ടൂർണന്റിനിടെ അധികം പരീക്ഷിക്കപ്പെട്ടിരുന്നില്ല. അതിന്റെ പോരായ്മ ഫൈനലിൽ പ്രതിഫലിച്ചു. ആദ്യ ഓവറിൽ രോഹിതിനെയും മൂന്നാം ഓവറിൽ കോലിയെയും ഒമ്പതാം ഓവറിൽ ധവാനെയും മടക്കി ആമിർ ഇന്ത്യയുടെ കഥകഴിച്ചു. 33 റൺസിനിടെ മൂവരെയും നഷ്ടപ്പെട്ടതോടെ, വിജയലക്ഷ്യം ഇന്ത്യയുടെ കണ്ണിൽനിന്നകന്നു. ധോനിയും യുവരാജും പ്രതീക്ഷയറ്റവരെപ്പോലെയാണ് വന്നത്. അതുപോലെ മടങ്ങുകയും ചെയ്തു.

ഈ ടൂർണമെന്റിൽ ഏറ്റവും മികച്ച ടീമാണ് കിരീടം നേടിയത്. ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യയോട് പരാജയപ്പെട്ടെങ്കിലും, ഓരോ മത്സരത്തിൽനിന്നും പാഠങ്ങൾ പഠിച്ചുകൊണ്ടായിരുന്നു പാക്കിസ്ഥാന്റെ വരവ്. ഇന്ത്യയാകട്ടെ, അങ്ങേയറ്റത്തെ ആത്മവിശ്വാസത്തിലും. പരീക്ഷണങ്ങൾക്ക് തയ്യാറാകാതിരുന്ന ഇന്ത്യ, തോൽവി ഏറ്റുവാങ്ങുകയായിരുന്നു. ഇതിൽനിന്ന് പാഠമുൾക്കൊള്ളാതെ ടീമിന് മുന്നേറാനാവില്ല. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP