Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തിടമ്പേറ്റിയ നെറ്റിപ്പട്ടം കെട്ടിയ ആന വിസ്മയമായി; മുണ്ടും ഷർട്ടും ധരിച്ച ചെണ്ടക്കാർ കൗതുകമായി; തെയ്യക്കോലങ്ങളും സെറ്റ് സാരിയുടുത്ത സുന്ദരികളും ആവേശമായി; ഭീകരാക്രമണത്തിൽ തളരാതെ മാഞ്ചസ്റ്റർ തെരുവിൽ ഇറങ്ങിയപ്പോൾ ശ്രദ്ധനേടിയത് കേരളവും മലയാളികളും

തിടമ്പേറ്റിയ നെറ്റിപ്പട്ടം കെട്ടിയ ആന വിസ്മയമായി; മുണ്ടും ഷർട്ടും ധരിച്ച ചെണ്ടക്കാർ കൗതുകമായി; തെയ്യക്കോലങ്ങളും സെറ്റ് സാരിയുടുത്ത സുന്ദരികളും ആവേശമായി; ഭീകരാക്രമണത്തിൽ തളരാതെ മാഞ്ചസ്റ്റർ തെരുവിൽ ഇറങ്ങിയപ്പോൾ ശ്രദ്ധനേടിയത് കേരളവും മലയാളികളും

ലണ്ടൻ

ലണ്ടൻ: ഇപ്രാവശ്യത്തെ മാഞ്ചസ്റ്റർ ഡേ പതിവിലും ഗംഭീരമായി. മാഞ്ചസ്റ്റർ ഡേ പരേഡ് കാണാൻ സെൻട്രൽ മാഞ്ചസ്റ്ററിൽ വിവിധ രാജ്യക്കാരും വർഗക്കാരുമായ ഏതാണ്ട് ഒരു ലക്ഷത്തോളം പേരാണ് സംഗമിച്ചത്. ഇപ്രാവശ്യത്തെ ആഘോഷത്തിൽ മലയാളികളുടെ സാന്നിധ്യം മുമ്പില്ലാത്ത വിധം ശക്തമായിരുന്നു. തിടമ്പേറ്റിയ നെറ്റിപ്പട്ടം കെട്ടിയ ആനയെ സായിപ്പന്മാർ വിസ്മയത്തോടെയാണ് നോക്കി നിന്നത്. ഇതിന് പുറമെ മുണ്ടും ഷർട്ടും ധരിച്ച ചെണ്ടക്കാരും കൗതുകം വിതച്ചിരുന്നു. കൂടാതെ തെയ്യക്കോലങ്ങളും സെറ്റ് സാരിയുടുത്ത സുന്ദരികളും ആഘോഷത്തിൽ ആവേശം വിതച്ചു. ഇത്തരത്തിൽ മാഞ്ചസ്റ്റർ അരീനയിലെ ഭീകരാക്രമണത്തിൽ തളരാതെ മാഞ്ചസ്റ്റർ തെരുവിൽ ഇറങ്ങിയപ്പോൾ ശ്രദ്ധനേടിയത് കേരളവും മലയാളികളുമാണ്.

80 കമ്മ്യൂണിറ്റി ഗ്രൂപ്പുകളുൾപ്പെട്ട 22,000 പേർ ഭാഗ ഭാക്കായ പ്രസെഷൻ അരങ്ങേറിയിരുന്നു. മാഞ്ചസ്റ്റർ ഭീകരാക്രമണത്തിൽ മരിച്ച 22 പേർക്ക് ആദരാഞ്ജലി അർപ്പിച്ച് കൊണ്ടുള്ള വിധത്തിലായിരുന്നു ഈ ഘോഷയാത്ര സജ്ജീകരിച്ചിരുന്നത്. അവരെ അനുസ്മരിച്ച് കൊണ്ടുള്ള ബലൂണുകൾ പിടിച്ചവർ ഇതിൽ അണിനിരന്നു. 'മാഞ്ചസ്റ്റർ റിമംബേർസ് 22-05-17 എന്ന ബാനർ ഈ ഗ്രൂപ്പ് പിടിച്ചിരുന്നു. ഇവർക്ക് പുറകിൽ നഗരത്തിലെ എമർജൻസി സർവീസുകൾ യൂണിഫോമിൽ അണിനിരന്നിരുന്നു. ഈ ആഘോഷങ്ങൾക്കിടയിലും ഇതിൽ പങ്കെടുക്കുന്നവരെ മെയ്‌ 22ന് നടന്ന ഭീകരാക്രമണത്തിന്റെ ഓർമകൾ കുത്തി നോവിക്കുന്നുവെന്നാണ് മാഞ്ചസ്റ്റർ മേയറായ ആൻഡി ബേൺഹാം അനുസ്മരിച്ചത്. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കാണികളുടെ കുറവുണ്ടാകുമെന്ന ധാരണയെ മറികടന്ന് 'വീ ലൗ മാഞ്ചസ്റ്റർ'' എന്ന പ്ലക്കാർഡ് ഏന്തി മാഞ്ചസ്റ്ററിനോടും രാജ്യത്തിനോടും ഐക്യദാർഢ്യം പ്രഖ്യാപിച്ച് മുൻ വർഷത്തേക്കാൾ ആയിരക്കണക്കിന് കാണികൾ ആണ് രണ്ടു കിലോമീറ്റർ നീളുന്ന വീഥിയിൽ തടിച്ചു കൂടിയത്.

പരേഡിൽ പങ്കെടുത്ത 80 കമ്മ്യൂണിറ്റി ഗ്രൂപ്പുകളിൽ മാഞ്ചസ്റ്റർ ചൈനീസ് സെന്റർ മുതൽ ട്രാൻസ് യൂത്ത് ഗ്രൂപ്പ് ആഫ്റ്റർനൂൺ ടി, ഗ്രേറ്റർ മാഞ്ചസ്റ്റർ ഫയർ ആൻഡ് റെസ്‌ക്യൂ സർവീസ് എന്നിവ വരെ ഉൾപ്പെടുന്നു. ഈ ഇവന്റിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ജനക്കൂട്ടമാണിതിന് കാഴ്ചക്കാരായി എത്തിയിരുന്നത്. മലയാളത്തിന്റെ നിറസാന്നിധ്യം ഘോഷയാത്രയിലുണ്ടായതിനാൽ മലയാളികളുടെ സജീവ സാന്നിധ്യവും പ്രകടമായിരുന്നു. കാഴ്ചക്കാരിലും മാഞ്ചസ്റ്ററിലെ മലയാളി സമൂഹത്തിലെ മിക്കവരുമുണ്ടായിരുന്നു. ഭീകരാക്രമണത്തെ തുടർന്നുള്ള ദുഃഖത്തിൽ നിന്നും നഗരം വിട്ട് മാറിയിട്ടില്ലെങ്കിലും അതിനെ അതിജീവിച്ച് മാഞ്ചസ്റ്റർ ഡേ ആഘോഷിക്കാനുള്ള തീരുമാനവുമായി കൗൺസിൽ മുന്നോട്ട് പോകാൻ തീരുമാനിച്ചതിൽ സന്തോഷമേറെയുണ്ടെന്നാണ് മാഞ്ചസ്റ്റർ മലയാളീ അസോസിയേഷനിലെ അനീഷ് കുര്യൻ പ്രതികരിച്ചത്.

തെയ്യം തിറയാടിയ മാഞ്ചസ്റ്റർ നഗരം

ബ്രിട്ടണിലെ മലയാളികളെ സംബന്ധിച്ചിടത്തോളം തികച്ചും അഭിമാനിക്കാവുന്ന കാഴ്ചകളാണ് മാഞ്ചസ്റ്ററിൽ അരങ്ങേറിയത്. ഭരതനാട്യവും, ഗജവീരനും പഞ്ചാരിമേളവും മാത്രമല്ല ഒരു ഡസൻ ഉണ്ണിയാർച്ചമാരും ആരോമൽ ചേകവന്മാരും അങ്കം വെട്ടി ഒരു ലക്ഷത്തോളം തദ്ദേശീയരെ അമ്പരപ്പിച്ചു. കരിചാമുണ്ഡിയുടെ കൂറ്റൻ തെയ്യവും തീവെട്ടിയും ഉൾപ്പെടുത്തിയുള്ള കാഴ്ചകളുമായി മാഞ്ചസ്റ്റർ മലയാളി അസോസിയേഷൻ അംഗങ്ങൾ നടന്നു നീങ്ങിയപ്പോൾ അക്ഷരാർത്ഥത്തിൽ ഇംഗ്ലണ്ടിൽ മറ്റൊരു കേരളം പുനഃസൃഷ്ടിക്കപ്പെടുകയുണ്ടായിരുന്നു.

കേരള വിനോദസഞ്ചാര വകുപ്പിന്റെ പൂർണ്ണ സഹകരണത്തോടെയാണ് മാഞ്ചസ്റ്റർ മലയാളി അസോസിയേഷൻ എട്ടാമത് മാഞ്ചസ്റ്റർ ഡേ പരേഡിന്റെ ഭാഗമായത്. 'ആയുർവേദം ഒരു ശാസ്ത്രം' എന്ന തീമിനെ ആസ്പദമാക്കി കഴിഞ്ഞ വർഷം അവതരിപ്പിക്കപ്പെട്ട പ്രകടനം ഏറെ ശ്രദ്ധേയമായിരുന്നു. വിവിധ രാജ്യങ്ങളെ പ്രതിനിധീകരിച്ച് നൂറോളം സന്നദ്ധ സംഘടനകളാണ് ഇന്നലത്തെ പരേഡിന്റെ ഭാഗമായത്.

മാജിക് എന്നതായിരുന്നു ഈ വർഷത്തെ പരേഡിന്റെ പ്രതിപാദ്യ വിഷയം. കേരളത്തിന്റെ സാംസ്‌കാരിക മായാജാലത്തെ അടിസ്ഥാനമാക്കി ഉത്തര മലബാറിലെ ക്ഷേത്രകലയായ തെയ്യത്തിന്റെ മാസ്മരികതയായിരുന്നു പരേഡിലെ മുഖ്യ ആകർഷണം. കേരളത്തിന്റെ പ്രൗഢി വിളിച്ചോതുന്ന നെറ്റിപ്പട്ടം കെട്ടിയ ഗജവീരൻ, ദക്ഷിണേന്ത്യൻ കലാരൂപമായ ഭരതനാട്യം, ലോക ആയോധന കലകളുടെ മാതാവെന്നറിപ്പെടുന്ന കളരിപ്പയറ്റ്, കണ്ണിനും കാതിനും ഇമ്പമേറുന്ന ശിങ്കാരിമേളം എന്നിവ വർണ്ണ ശബളമായ മുത്തുക്കുടകളുടെ അകമ്പടിയോടെയാണ് അവതരിപ്പിക്കപ്പെട്ടത്.

125 കലാകാരന്മാരും കലാകാരികളും അണി നിരന്ന് കേരളത്തിന്റെ തനത് സാംസ്‌കാരിക പൈതൃകം തദ്ദേശീയരുടെ മുമ്പാകെ അവതരിപ്പിച്ച മാഞ്ചസ്റ്റർ മലയാളി അസോസിയേഷന്റെ ഉദ്യമത്തിന് കേരള വിനോദ സഞ്ചാര വകുപ്പിന്റെ അകമഴിഞ്ഞ പിന്തുണയും ഉണ്ടായിരുന്നു. ആനയുടെ തിടമ്പിലും മുഖത്തും ''വീ ലൗ മാഞ്ചസ്റ്റർ'' എന്ന് ആലേഖനം ചെയ്താണ് മലയാളികളും തങ്ങൾ വസിക്കുന്ന രാജ്യത്തോടുള്ള കൂറും സ്‌നേഹവും പ്രഖ്യാപിച്ചത്. സാംസ്‌കാരിക വൈവിദ്ധ്യം നിറഞ്ഞ മാഞ്ചസ്റ്ററിലെ നിവാസികൾക്ക് മുമ്പാകെ കേരളത്തിന്റെ സാംസ്‌കാരിക തനിമ പ്രദർശിപ്പിക്കുവാനുള്ള അവസരമാണ് ഇത്തരം വേദികളെന്ന് പ്രസിഡന്റ് ജാനേഷ് നായർ അഭിപ്രായപ്പെട്ടു.

അടുത്ത കാലത്ത് നടന്ന സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിൽ ഈ വർഷത്തെ പരേഡിൽ പങ്കെടുക്കേണ്ടതുണ്ടോ എന്ന ചോദ്യം ഉയർന്നപ്പോൾ ഇത്തരമൊരു സന്ദർഭത്തിൽ നമ്മൾ ജീവിക്കുന്ന സമൂഹത്തോടുള്ള പ്രതിബദ്ധത തെളിയിക്കുവാൻ നമ്മുടെ സാന്നിദ്ധ്യം അനിവാര്യമെന്ന് ബഹുഭൂരിപക്ഷം അംഗങ്ങളും ആവശ്യപ്പെട്ടിരുന്നുവെന്ന് സെക്രട്ടറി അനീഷ് കുര്യൻ അഭിപ്രായപ്പെട്ടു.

ഈ ദിവസത്തെ ആഘോഷത്തിൽ തങ്ങളുടേതായ പ്രകടനം കാഴ്ച വയ്ക്കുന്നതിനായി ഇവിടുത്തെ മലയാളി സമൂഹം കഴിഞ്ഞ രണ്ട് മാസക്കാലമായി കഠിനമായി പ്രയത്നിച്ച് വരുകയായിരുന്നുവെന്നും അതിപ്പോൾ ഫലപ്രദമായി കാഴ്ചക്കാരിലെത്തിക്കാൻ സാധിച്ചതിൽ അദ്ദേഹം സന്തോഷം രേഖപ്പെടുത്തുന്നുവെന്നും തങ്ങൾ മാഞ്ചസ്റ്ററിനെ സ്നേഹിക്കുന്നുവെന്നും അനീഷ് കുര്യൻ പ്രസ്താവിച്ചു. ഇവിടുത്തെ മലയാളി സമൂഹത്തിലുള്ളവരിൽ മിക്കവരും. 16 വർഷം മുമ്പ് നടത്തിയ എൻഎച്ച്എസ് റിക്രൂട്ട്മെന്റ് ഡ്രൈവിലൂടെ എത്തിയവരാണ്.

ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയായിരുന്നു സിറ്റി സെന്ററിൽ മാഞ്ചസ്റ്റർ ഡേയോടനുബന്ധിച്ച് ഏർപ്പെടുത്തിയിരുന്നത്. സായുധ പൊലീസ് തെരുവുകളിലൂടെ ചുറ്റിയടിക്കുന്നത് കാണാമായിരുന്നു. നഗരത്തിൽ ജീവിക്കുന്ന എല്ലാ കമ്മ്യൂണിറ്റികളുടെയും പങ്കാളിത്തത്തോടെയുള്ള മാഞ്ചസ്റ്റർ ദിനാഘോഷം 2010ലാണ് തുടങ്ങിയത്.

ഫോട്ടോ - സോണി ചാക്കോ, ലണ്ടൻ. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP