Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രാപകൽ ഭേദമെന്യേ ശബ്ദകോലാഹലത്തിൽ വടക്കടത്തു കാവുകാരുടെ ചെവിക്കല്ല് തകർന്നു; മാനദണ്ഡം ലംഘിച്ച് പ്രവർത്തിക്കുന്ന ഫാക്ടറിക്കെതിരായ ഹൈക്കോടതി ഉത്തരവ് പഞ്ചായത്ത് നടപ്പാക്കുന്നില്ല; അടൂർ സ്റ്റീൽ സിറ്റിക്കെതിരേ ഇനി പുതുവൈപ്പ് മോഡൽ സമരം

രാപകൽ ഭേദമെന്യേ ശബ്ദകോലാഹലത്തിൽ വടക്കടത്തു കാവുകാരുടെ ചെവിക്കല്ല് തകർന്നു; മാനദണ്ഡം ലംഘിച്ച് പ്രവർത്തിക്കുന്ന ഫാക്ടറിക്കെതിരായ ഹൈക്കോടതി ഉത്തരവ് പഞ്ചായത്ത് നടപ്പാക്കുന്നില്ല; അടൂർ സ്റ്റീൽ സിറ്റിക്കെതിരേ ഇനി പുതുവൈപ്പ് മോഡൽ സമരം

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: പണവും പ്രതാപവും രാഷ്ട്രീയ സ്വാധീനവുമുണ്ടെങ്കിൽ ഈ നാട്ടിൽ എന്തുമാകാം എന്നതിന്റെ നേർക്കാഴ്ചയാണ് അടൂരിന് സമീപം വടക്കടത്തു കാവിലുള്ളത്.

സ്റ്റിൽ സിറ്റി എന്ന പേരിൽ റോളിങ് ഷട്ടറുകൾ നിർമ്മിക്കുന്ന സ്ഥാപനം പരിസരമലിനീകരണം ഉണ്ടാക്കുന്നുവെന്ന് ആരോപിച്ച് സമീപവാസികൾ പലവട്ടം മലിനീകരണ നിയന്ത്രണ ബോർഡിന് അടക്കം പരാതി നൽകി. മാനദണ്ഡങ്ങൾ ലംഘിച്ചാണ് സ്ഥാപനം പ്രവർത്തിക്കുന്നത് എന്നും നിർത്തിവയ്ക്കണമെന്നും ബോർഡ് നിർദ്ദേശം നൽകി. ഫലമില്ലാതെ വന്നപ്പോൾ നാട്ടുകാർ ഹൈക്കോടതിയെ സമീപിച്ചു. കോടതി ഫാക്ടറി പ്രവർത്തിക്കുന്നത് സ്റ്റേ ചെയ്തു. പക്ഷേ, ഈ ഉത്തരവ് നടപ്പാക്കാതെ പഞ്ചായത്ത് സെക്രട്ടറി അവധിയെടുത്ത് മുങ്ങി. പിറ്റേന്നു തന്നെ ഫാക്ടറി ഉടമ ഡിവിഷൻ ബഞ്ചിനെ സമീപിച്ച് സ്റ്റേ നീക്കി.

സി.പി.എം ഭരിക്കുന്ന ഏറത്ത് പഞ്ചായത്തിലാണ് ഈ അനീതി അരങ്ങേറുന്നത്. സ്റ്റീൽ സിറ്റിയിൽ മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ 12 എച്ച്പിയുടെ ഒരു മോട്ടോർ ഉപയോഗിക്കേണ്ട സ്ഥാനത്ത് 50 എച്ച്പിയുടെ രണ്ടെണ്ണം പ്രവർത്തിപ്പിക്കുന്നതായി കണ്ടെത്തിയിരുന്നു. മാത്രവുമല്ല, രാപകൽ ഭേദമെന്യേ ഫാക്ടറി പ്രവർത്തിപ്പിക്കുന്നതു കാരണമുള്ള അസഹനീയമായ ശബ്ദം സമീപവാസികൾക്ക് ബുദ്ധിമുട്ടാകുന്നുവെന്നും മനസിലാക്കി.

മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിച്ചുവന്ന ഫാക്ടറി നിർത്തി വയ്ക്കാൻ ബോർഡ് ഉത്തരവിട്ടു. ഇത് വകവയ്ക്കാതെ ഫാക്ടറി പ്രവർത്തനം തുടർന്നപ്പോഴാണ് പരിസരവാസികൾ ഹൈക്കോടതി സിംഗിൾ ബെഞ്ചിനെ സമീപിച്ച് സ്റ്റേ ഉത്തരവ് സമ്പാദിച്ചത്. ഇത് നടപ്പിലാക്കാൻ വേണ്ടി ചുമതലയുള്ള പഞ്ചായത്ത് സെക്രട്ടറിയെ കാണാൻ കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ പത്തര മുതൽ വൈകിട്ട് നാല് വരെ നാട്ടുകാർക്ക് ഏറത്ത് പഞ്ചായത്ത് ഓഫീസിന് മുന്നിൽ കാത്തുനിൽക്കേണ്ടി വന്നു.

തൊട്ടടുത്ത ദിവസങ്ങളായ രണ്ടാംശനിയും ഞായറാഴ്ചയും അവധി ആയതിനാൽ തിങ്കളാഴ്ച പഞ്ചായത്ത് സെക്രട്ടറി ഫാക്ടറിയിൽ എത്തി സ്റ്റോപ്പ് മെമോ നൽകുമെന്നാണ് നാട്ടുകാർ കരുതിയിരുന്നത്. എന്നാൽ വന്നില്ല. തുടർന്ന് നാട്ടുകാർ ചൊവ്വാഴ്ച പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചതിനെ തുടർന്ന് വൈകിട്ട് അസി. സെക്രട്ടറി ഫാക്ടറിയിൽ എത്തി സ്റ്റോപ്പ്‌മെമോ നൽകുകയായിരുന്നു.

എന്നാൽ ഫാക്ടറി ഉടമ ബുധനാഴ്ച ഹൈക്കോടതിയുടെ ഡിവിഷൻ ബഞ്ചിൽനിന്ന് താല്ക്കാലിക ഉത്തരവ് നേടി ഫാക്ടറി പൊലീസ് സംരക്ഷണയിൽ തുറന്നു. വടക്കടത്തുകാവ് ജങ്ഷന് സമീപമുള്ള ഈ സ്ഥാപനം അനധികൃതമായിട്ടാണ് പ്രവർത്തിക്കുന്നതെന്ന് ഏറത്ത് പഞ്ചായത്ത് കമ്മറ്റിയിൽ നിരവധി തവണ പരാമർശമുണ്ടായിട്ടുണ്ട്. ഫാക്ടറിയുടെ നാല് മീറ്റർ അടുത്ത് ഒരു വീടും ഉണ്ട്. ഇവിടെ രാപകൽ വ്യത്യാസമില്ലാതെയുള്ള ശബ്ദകോലാഹലത്തിൽ പ്രതിഷേധിച്ച് ഈ വീട്ടുകാരും കോടതിയെ സമീപിച്ചിട്ടുണ്ട്.

പ്രമുഖ മാധ്യമങ്ങൾ ഇവിടെയെത്തി വാർത്ത ശേഖരിച്ചെങ്കിലും പിന്നീട് നൽകാൻ തയാറായില്ല. ഉടമയ്ക്ക് സാമൂഹിക രാഷ്ട്രീയ നേതൃത്വങ്ങളിൽ ഉള്ള പിടിപാട് കാരണം ജനകീയസമരം എങ്ങുമെത്തിയില്ല. ഇനിയും നടപടി ഉണ്ടായില്ലെങ്കിൽ പുതുവൈപ്പിലെ പോലുള്ള ജനകീയ സമരത്തിന് പരിസരവാസികൾ ഒരുങ്ങുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP