Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒരു ഭയങ്കരകാഥികൻ

ഒരു ഭയങ്കരകാഥികൻ

ഷാജി ജേക്കബ്

'വിക്ടോറിയൻ നോവലിനെക്കുറിച്ചുള്ള ഒരു പഠനത്തിൽ റൊണാൾഡ് ആർ തോമസ് എഴുതുന്നതുപോലെ, 'ചോസറും ഷേക്‌സ്പിയറും മിൽട്ടണും ഡിക്കൻസും സൃഷ്ടിച്ച ഏതു കഥാപാത്രത്തെക്കാളും ജനപ്രീതിയും പ്രസിദ്ധിയും നേടിയെടുതത്തു ഷെർലോക്‌ഹോംസ്'. വിക്ടോറിയൻ കാലഘട്ടം ലോകസാഹിത്യത്തിനു നൽകിയ ഏറ്റവും വലിയ സംഭാവനയെന്ന നിലയിലാണ് കുറ്റാന്വേഷണ നോവൽശാഖയെ ഇംഗ്ലീഷ് സാഹിത്യചരിത്രങ്ങൾ അടയാളപ്പെടുത്തുന്നത്. നവോത്ഥാനയുക്തിബോധത്തിനും വ്യക്തിവാദത്തിനുമൊപ്പം ആധുനിക പൊലീസ് സേനയുടെയും ഉദ്യോഗസ്ഥ നിയന്ത്രിതമായ ഭരണകൂടത്തിന്റെയും നീതിന്യായവ്യവസ്ഥയുടെയും ഫോറൻസിക് സയൻസിന്റെയും ക്രിമിനോളജിയുടെയും ആവിർഭാവത്തിന്റെ പശ്ചാത്തലത്തിലാണ് കുറ്റാന്വേഷണസാഹിത്യം രൂപം കൊള്ളുന്നത്. സാമൂഹിക, കുടുംബ കഥകളാവിഷ്‌കരിക്കുന്ന നോവലുകൾ പോലും മറനീക്കപ്പെടേണ്ട കുറ്റകൃത്യങ്ങളും ഗൂഢവ്യക്തിത്വങ്ങളും രഹസ്യസംഭവങ്ങളും കൊണ്ടുനിറഞ്ഞു. ജയിൻ ഓസ്റ്റിൻ മുതൽ തോമസ് ഹാർഡിവരെ ആരും ഇതിനപവാദമായില്ല. കുറ്റം തെളിയിക്കൽ (detection) എന്നത് ഒരു പ്രത്യേകഗണത്തിൽപെട്ട കൃതികളുടെ സ്വഭാവം എന്നതിനപ്പുറം ഒരു പൊതുസാഹിത്യഭാവുകത്വം തന്നെയായിമാറി എന്നർഥം.

അമേരിക്കയിൽ എഡ്ഗാർ അലൻപോവും ഇംഗ്ലണ്ടിൽ ചാൾസ് ഡിക്കൻസും അവതരിപ്പിച്ച ആദ്യകാല കുറ്റാന്വേഷണകഥകൾ പ്രാഥമികമായിത്തന്നെ ദേശീയതയുടെയും പൗരത്വത്തിന്റെയും ആധുനിക രാഷ്ട്രീയങ്ങളെ പ്രശ്‌നവൽക്കരിക്കുന്നവയാണെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. മറ്റൊരു വിഭാഗം എഴുത്തുകാർ, ഭരണകൂടത്തിന്റെ ഇരയായി മാറുന്ന കുറ്റവാളികളെ നായകസ്ഥാനത്തവതരിപ്പിച്ചുകൊണ്ട് കുറ്റാന്വേഷണനോവലുകളെ ഭരണകൂടവിമർശനത്തിന്റെ മാധ്യമമാക്കി മാറ്റി. പത്രങ്ങളിൽ പ്രസിദ്ധീകൃതമായ കുറ്റവാളികളുടെ ജീവചരിത്രങ്ങളായിരുന്നു വലിയൊരു വിഭാഗം നോവലുകളുടെയും ആധാരം'.

'ആധുനികയുക്തിബോധത്തിന്റെയും ശാസ്ത്രചിന്തയുടെയും പിൻബലത്തിൽ വിക്ടോറിയൻ സാഹിത്യഭാവനയുടെ രാജകുമാരനായി ഷെർലക്‌ഹോംസ് വാഴുന്നകാലത്താണ് ഐറിഷ് കഥാകൃത്തായ ബ്രാംസ്റ്റോക്കർ 'രക്തദാഹത്തിന്റെ നിത്യപ്രഭുവും നീചകാമത്തിന്റെ നക്തഞ്ചരനു'മായ ഒരു മധ്യകാല റൊമാനിയൻ ഭരണാധികാരിയെ നായകനാക്കി ഡ്രാക്കുള എന്ന നോവൽ രചിക്കുന്നത്. 1456 മുതൽ ആറുവർഷം റൊമാനിയ ഭരിച്ച വ്‌ളാദ് മൂന്നാമനെയാണ് ഡ്രാക്കുളയുടെ സൃഷ്ടിയിൽ സ്റ്റോക്കർ മാതൃകയാക്കിയത്. ഓട്ടോമൻ തുർക്കികൾക്കെതിരെ ക്രിസ്തുമതം നടത്തിയ നരവേട്ടകളുടെ ചരിത്രപശ്ചാത്തലത്തിലാണ് പിശാചിന്റെ സന്തതിയായ ഡ്രാക്കുളയുടെ ജനനം. വിക്‌ടോറിയൻ സ്ത്രീസങ്കൽപ്പത്തെയും ലൈംഗികതയെയും യാഥാസ്ഥിതികവും പുരുഷാധീശപരവുമായി ചിത്രീകരിക്കുകയും കൊളോണിയൽ അധിനിവേശത്തെ സാമ്രാജ്യത്തവാദപരമായി സന്നിവേശിപ്പിക്കുകയും ചെയ്യുന്ന രചനയാണ് ഡ്രാക്കുള എന്നു വിലയിരുത്തപ്പെട്ടിട്ടുണ്ട്. മുതലാളിത്തത്തിന്റെ അന്യാപദേശമാണ് 'ഡ്രാക്കുള'യെന്ന് മോറെറ്റി. അധ്വാനവർഗത്തിന്റെ വിയർപ്പിൽ നിന്ന് അപ്പം ഭക്ഷിക്കുന്ന മുതലാളിവർഗത്തെപ്പോലെയാണ് രക്തരക്ഷസായ ഡ്രാക്കുള പുതുരക്തത്തിനായി അലയുന്നത്. ലോകം മുഴുവൻ റൊമാനിയൻ ഫോക്‌ലോറിനോടും ചരിത്രത്തോടും ഭൂമിശാസ്ത്രത്തോടുമിണക്കി ഡ്രാക്കുളക്കഥകൾ ആഘോഷിക്കവെ ചെഷസ്‌ക്യൂ അധികാരമേറ്റ ഉടൻ ഡ്രാക്കുള പുസ്തകരൂപത്തിൽ വിറ്റഴിക്കുന്നതും ചലച്ചിത്രരൂപത്തിൽ പ്രദർശിപ്പിക്കുന്നതും റൊമാനിയയിൽ നിരോധിക്കുകയുണ്ടായി. ചെഷസ്‌ക്യൂവിന്റെ പതനത്തിനുശേഷമാണ് ഡ്രാക്കുളപ്രഭുവിന് തന്റെ സ്വന്തം രാജ്യത്ത് പിന്നീട് പ്രവേശനം കിട്ടിയത്'.

'ഹോംസിന്റെ മാതൃക പിന്തുടർന്ന് ശാസ്ത്രീയാടിത്തറയിൽ പുരോഗമിക്കുന്ന കുറ്റാന്വേഷണത്തിന്റെ കഥകൾ, മുഖ്യമായും ഡ്രാക്കുളയെ പിന്തുടർന്ന് അവതരിപ്പിക്കുന്ന രക്തരക്ഷസുകളുടെ കഥകൾ, കേരളീയ പശ്ചാത്തലത്തിലുള്ള ഭൂത, പ്രേത, യക്ഷി, ഗന്ധർവാദികളെ നായകസ്ഥാനത്തുനിർത്തുന്ന മന്ത്രവാദനോവലുകൾ, സമൂഹത്തിലും മാധ്യമങ്ങളിലും ചർച്ചചെയ്യപ്പെടുന്ന കുറ്റകൃത്യങ്ങളെ മാതൃകയാക്കി രചിക്കപ്പെടുന്ന ത്രില്ലറുകൾ, ആധുനികാനന്തര കഥാഭാവുകത്വങ്ങൾ വെളിപ്പെടുത്തുന്ന ചരിത്രപരമായ കുറ്റാന്വേഷണ രചനകൾ എന്നിങ്ങനെ. ജീവൽ, പുരോഗമനസാഹിത്യപ്രസ്ഥാനങ്ങളും എസ്‌പി.സി.എസ്. ഉൾപ്പെടെയുള്ള പ്രസാധന സ്ഥാപനങ്ങളും ഗ്രന്ഥശാലാസംഘങ്ങളും അതിന്റെ ചിറകിൻകീഴിൽ നാട്ടിലെങ്ങുമുണ്ടായ ജനകീയ വായനശാലകളും പൊതുസമൂഹത്തിന്റെ സാക്ഷരതാനിരക്കിലുണ്ടായ വർധനവും അവരെ തൃപ്തിപ്പെടുത്താനുണ്ടായ ആനുകാലികങ്ങളുടെയും പത്രങ്ങളുടെയും പ്രചാരവും മറ്റുമാണ് 1950കളോടെ മലയാളത്തിൽ ആധുനികാർഥത്തിലുള്ള ഒരു ബഹുജനവായനാ സമൂഹത്തിനും (reading public) വായനാ സംസ്‌കാരത്തിനും രൂപം നൽകിയത്. ഇടതുപക്ഷാവബോധമെന്നതുപോലെ വലതുപക്ഷാവബോധവും മലയാളിയുടെ സാംസ്‌കാരിക ജീവിതത്തിൽ വേരുപിടിച്ച ചരിത്രസന്ദർഭവും മറ്റൊന്നല്ല'.

പ്രണയനോവലിന്റെയും കുറ്റാന്വേഷണനോവലിന്റെയും ഇരുവഴികളിലൊഴുകിയ പുഴയായിരുന്നു മലയാളത്തിലെ ജനപ്രിയസാഹിത്യം. 1950-90 കാലത്ത്. ഇതിൽ ഒന്നാമത്തെ കൈവഴിയുടെ ചക്രവർത്തി മുട്ടത്തുവർക്കിയായിരുന്നുവെങ്കിൽ (1950-70 കാലം. പിന്നീട് മാത്യുമറ്റവും ജോയ്‌സിയും) രണ്ടാമത്തേതിന്റേത് കോട്ടയം പുഷ്പനാഥായിരുന്നു (1970-80 കാലം. പിന്നീട് തോമസ് ടി. അമ്പാട്ടും ബാറ്റൺബോസും). ജനപ്രിയനോവലെഴുത്തിന്റെ ലോകത്ത് കോട്ടയം പുഷ്പനാഥ് ചുവടുവച്ചിട്ട് അരനൂറ്റാണ്ടുതികയുന്ന സന്ദർഭത്തിൽ അദ്ദേഹത്തെക്കുറിച്ചവതരിപ്പിക്കപ്പെടുന്ന ഒരു ആദരഗ്രന്ഥമാണ് ഈ പുസ്തകം.

മലയാളത്തിലെഴുതിയ യൂറോപ്യൻ ഹൊറർ നോവലുകളിലായിരുന്നു പുഷ്പനാഥിന്റെ തുടക്കം.1968-ൽ മനോരാജ്യം വാരികയിൽ പ്രസിദ്ധീകരിച്ച ആദ്യനോവൽ 'ചുവന്നമനുഷ്യൻ' തന്നെ നോക്കുക. ഫ്രാൻസിലാണ് കഥ നടക്കുന്നത്, വെള്ളക്കാരും കറുത്തവംശജരും തമ്മിൽ നിലനിന്ന വൈരത്തിന്റെ ഭീതിദമായ ഒരു പരിണതിയെന്നനിലയിൽ നടക്കുന്ന ശാസ്ത്രപരീക്ഷണത്തിന്റെ ഫലമായി സൃഷ്ടിക്കപ്പെടുന്ന 'ചുവന്നമനുഷ്യ'ന്റെ കഥയാണത്. ഡിറ്റക്ടിവ് മാർക്‌സിൻ അടിമുടി യൂറോപ്യനായ ഒരു കുറ്റാന്വേഷകനാണ്. യഥാർഥത്തിൽ ആർതർ കോനൻഡോയൽ മുതൽ പെറിമേസൺ വരെയുള്ളവരെഴുതിയ ആധുനിക കുറ്റാന്വേഷണനോവലുകളായിരുന്നില്ല പുഷ്പനാഥിനെ സ്വാധീനിച്ചത്. അവയുടെ ചലച്ചിത്രരൂപാന്തരങ്ങൾ മാത്രവുമായിരുന്നില്ല. മധ്യകാല ഗോഥിക്, ഹൊറർ, സൂപ്പർ ഹ്യൂമൻ വാംപയർ ഭാവനകളും അവ മുൻനിർത്തിയുണ്ടായ സിനിമകളും ചേർന്ന് കുറ്റാന്വേഷണത്തിന്റെ സയുക്തികഭാവനയ്ക്കുള്ളിൽ അയുക്തിക ഭയത്തിന്റെ ജനിതകശാസ്ത്രം കൂട്ടിക്കലർത്തുകയായിരുന്നു.

ഒരു വിദൂരഗ്രാമത്തിലെ ആളൊഴിഞ്ഞ കൊട്ടാരത്തിൽ രാത്രിയിലെത്തിപ്പെടുന്ന സഞ്ചാരിക്ക് അവിടെയുണ്ടാകുന്ന വിചിത്രവും ഭീതിദവുമായ അനുഭവങ്ങളും കാവൽക്കാരുള്ള ശവക്കല്ലറയിൽനിന്നുപോലും മൃതദേഹങ്ങൾ മോഷ്ടിക്കപ്പെടുന്നതിന്റെ നിഗൂഢതകളും തൊട്ട് ഓരോ സംഭവവും തീർത്തും യൂറോപ്യൻഭാവനയിലാണ് 'ചുവന്നമനുഷ്യ'നിൽ അവതരിപ്പിക്കപ്പെടുന്നത്. ദേശാന്തരസഞ്ചാരങ്ങളും കാലാന്തര ഭാവനകളും വിശ്വാസ്യത ജനിപ്പിക്കുന്ന വാങ്മയദൃശ്യങ്ങളും ഉദ്വേഗപൂർണ്ണമായ കഥനവുമാണ് പുഷ്പനാഥിന്റെ തുറുപ്പുകൾ. അതുവഴി ആകാംക്ഷയുടെ പരകായപ്രവേശവും ഭയത്തിന്റെ പദകോശവുമായി മാറി അദ്ദേഹത്തിന്റെ നോവലുകൾ.

മൂന്നുപതിറ്റാണ്ടുകൊണ്ട് മുന്നൂറോളം നോവലുകളെഴുതിയ പുഷ്പനാഥ് മലയാളത്തിൽ ഏറ്റവുമധികം വായിക്കപ്പെട്ട 'കുറ്റാന്വേഷണ' നോവലിസ്റ്റാണ്. പക്ഷെ കുറ്റാന്വേഷണസാഹിത്യത്തിന്റെ ആഖ്യാനകലാസ്വഭാവങ്ങളല്ല പൊതുവെ തന്റെ നോവലുകളിൽ അദ്ദേഹം ആവിഷ്‌ക്കരിച്ചത് എന്നാരും ഓർക്കാറില്ല. പുഷ്പനാഥിനെത്തുടർന്ന് ഈ ഭാവനാമണ്ഡലത്തിൽ ഇടപെട്ട തോമസ് ടി. അമ്പാട്ടും ബാറ്റൺബോസുമുൾപ്പെടെയുള്ളവരുടെ രീതിയും ഭിന്നമായില്ല. പ്രണാബ് മാത്രമാണ് മലയാളത്തിൽ കുറ്റാന്വേഷണനോവലിന്റെ കലയും ഭാവനയും സാർഥകമായി സാക്ഷാത്കരിച്ചത്.

സയൻസ്ഫിക്ഷൻ, ഗോഥിക് ഫിക്ഷൻ, ഹൊറർ ഫിക്ഷൻ, ഡിറ്റക്ടിവ് ഫിക്ഷൻ എന്നിവയുടെയെല്ലാം ചേരുവകൾ യഥേഷ്ടം കൂട്ടിയിണക്കി ഇവരെഴുതിയ നോവലുകൾ പ്രണയ, കുടുംബകഥകളിലൂടെ പ്രസിദ്ധമായ മുഖ്യധാരാജനപ്രിയ നോവലിനു സമാന്തരമായ ഒരു ധാരതന്നെ സൃഷ്ടിച്ചു. 1990കളിൽ ഈ അവിയൽ സാഹിത്യത്തിൽനിന്നുള്ള സ്വാഭാവിക പരിണാമംപോലെ മന്ത്രവാദനോവലുകൾ രൂപംകൊണ്ടു. 'യഥാർഥ' കുറ്റാന്വേഷണസാഹിത്യം മലയാളത്തിൽ ഒരിക്കലും വേരുപിടിക്കാത്തതുകൊണ്ടു മാത്രമല്ല 'മന്ത്രവാദ'സാഹിത്യത്തിനു വോരോട്ടമുണ്ടായത്. '90 കളിൽ മലയാളിയുടെ രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക മണ്ഡലങ്ങളിൽ ഒന്നടങ്കമുണ്ടായ ഹിന്ദുത്വധേരുവീകരണത്തിന്റെ കൂടി ഭാഗമായിരുന്നു, ഇത്. പി.വി. തമ്പിയും ഏറ്റുമാനൂർ ശിവകുമാറും തൊട്ട് ഒരുനിര എഴുത്തുകാർ ഈ രംഗത്തു താരങ്ങളായതോടെ പുഷ്പനാഥും 'കുറ്റാന്വേഷണം' നിർത്തി 'പ്രേതാന്വേഷണ'ത്തിലേക്കു തിരിഞ്ഞു. യക്ഷികളും ഗന്ധർവന്മാരും ബ്രഹ്മരക്ഷസുകളും വൈദികബ്രാഹ്മണരും മനകളും പുനങ്കാടുകളും സർപ്പക്കാവുകളും നിറഞ്ഞ ഒരു പുതിയ ഐതിഹ്യമാല അതോടെ മലയാളത്തിൽ രചിക്കപ്പെട്ടു. ഇവിടെ പക്ഷെ, പുഷ്പനാഥ് വലിയൊരു താരമായി മാറിയില്ല.

സ്‌കൂളധ്യാപകനായിരുന്നു, കോട്ടയം സ്വദേശിയായ പുഷ്പനാഥൻപിള്ള. ഇടുക്കിയിലെ നിരവധി മലയോരഗ്രാമങ്ങളിൽ ജോലിചെയ്ത 1960കളുടെ ഒടുവിലാണദ്ദേഹം മനോരാജ്യം വാരികയിൽ ആദ്യനോവൽ പ്രസിദ്ധീകരിക്കുന്നത്. കോട്ടയത്ത് ജനപ്രിയവാരികകൾ പൊട്ടിമുളയ്ക്കുന്നകാലം. ഒരുവശത്ത് മുട്ടത്തുവർക്കിയും കാനം ഇ.ജെ.യും ചെമ്പിൽജോണും ഉൾപ്പെടെയുള്ളവരുടെ നോവലുകളും അവയുടെ ചലച്ചിത്രരൂപാന്തരങ്ങളും ചേർന്നു സൃഷ്ടിച്ച ജനപ്രിയഭാവനയുടെ വസന്തകാലം. മറുവശത്ത് കുറ്റാന്വേഷണസാഹിത്യത്തിന്റെ രംഗത്ത് ശൂന്യമായിക്കിടന്ന ജനപ്രിയനോവൽമണ്ഡലം. അവിടേക്കാണ് തികച്ചും യൂറോപ്യൻ ശൈലിയിൽ ഭാഷയുടെയും ഭാവനയുടെയും ആഖ്യാനത്തിന്റെയും കലയുടെയും രസതന്ത്രവുമായി പുഷ്പനാഥ് കടന്നുവന്നത്.

പിന്നീടുള്ള രണ്ടുപതിറ്റാണ്ടുകളിൽ പുഷ്പനാഥ് മറ്റൊരു മുട്ടത്തുവർക്കിയായി. ഒരേസമയം എട്ടും പത്തും വാരികകളിൽ നോവലുകൾ പ്രസിദ്ധീകരിക്കപ്പെടുന്നു. ഒരേ വാരികയിൽതന്നെ പലരുടെ പേരിൽ പുഷ്പനാഥിന്റെ നോവലുകൾ വന്നു. ഓരോ വാരികയുടെയും ജനസമ്മതി പ്രതിവാരം ഉയർന്നു. വായനയുടെ സ്വകാര്യലോകങ്ങളിൽ ഭീതിയുടെ കാറ്റുവിതച്ച് കോട്ടയം പുഷ്പനാഥ് രണ്ടോ മൂന്നോ തലമുറകളുടെ രക്തസമ്മർദ്ദമുയർത്തി. ഏഷ്യയിലും യൂറോപ്പിലും അമേരിക്കയിലും മലയാളിയുടെ നോവൽഭാവന ഏകാന്തഭീകരമായ വിജനവീഥികളിലൂടെ സഞ്ചരിച്ചുതുടങ്ങി. വിചിത്രമായ ഒരനുഭവമായിരുന്നു പുഷ്പനാഥ് മലയാളിക്കു സമ്മാനിച്ചത്. നേരത്തെ പറഞ്ഞതുപോലെ, ഇംഗ്ലീഷ് സാഹിത്യത്തിലെ (യൂറോ-അമേരിക്കൻ സാഹിത്യത്തിലെയും) മിക്കവാറും എല്ലാ 'അധോ'തലസാഹിത്യങ്ങളെയും കൂട്ടിയിണക്കുന്ന വിസ്മയകരമായ ഒരു കലാപ്രക്രിയയായിരുന്നു, അത്. 'ഡ്രാക്കുള' മുതൽ 'ഫ്രാങ്കൻസ്റ്റീൻ' വരെയും ഷെർലോക്‌ഹോംസ് മുതൽ മിസിസ് മാർപ്പിൾ വരെയും മലയാളീകരിക്കപ്പെടുകയായിരുന്നു, പുഷ്പനാഥിലൂടെ. നിശ്ചയമായും അദ്ദേഹത്തിന്റെ ഏറെ ജനപ്രീതി നേടിയ രചനകളൊന്നടങ്കം യൂറോ-അമേരിക്കൻ മാതൃകകളിലവതരിപ്പിക്കപ്പെട്ട, ഡിറ്റക്ടിവ് മാർക്‌സിൻ നായകനാകുന്നവയായിരുന്നു. ഇടയ്ക്കിടെ കേരളത്തിലെത്തിയ ഡ്രാക്കുളപ്രഭു ഉൾപ്പെടെയുള്ളവർ ജനപ്രീതിയിൽ രണ്ടാമതേ വന്നുള്ളു.

കോട്ടയം പുഷ്പനാഥിന്റെ നോവൽകലയെക്കുറിച്ചുള്ള ഗൗരവതരമായ പഠനങ്ങളോ നിരൂപണങ്ങളോ അല്ല ഈ പുസ്തകം. മറിച്ച്, പുഷ്പനാഥ് തുടക്കമിട്ട മലയാളത്തിലെ സവിശേഷമായ നോവൽപ്രസ്ഥാനത്തിൽ ഇന്നുള്ള ശ്രദ്ധേയനായ എഴുത്തുകാരൻ, ജിജി ചിലമ്പിൽ, എഴുത്തുജീവിതത്തിൽ അരനൂറ്റാണ്ടും വ്യക്തിജീവിതത്തിൽ എട്ടുപതിറ്റാണ്ടും പിന്നിടുന്ന തന്റെ ഗുരുവിനു സമർപ്പിക്കുന്ന ആദരഗ്രന്ഥമാണിത്. പുഷ്പനാഥിന്റെ സമകാലികരും പിൻഗാമികളുമായ എഴുത്തുകാരും പത്രാധിപന്മാരും ആരാധകരും വായനക്കാരുമൊക്കെ അദ്ദേഹത്തെക്കുറിച്ചു പങ്കുവയ്ക്കുന്ന ഓർമ്മകളും അനുഭവങ്ങളുമൊക്കെയാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. തീർച്ചയായും മലയാളത്തിലെ അപസർപ്പകസാഹിത്യത്തിന്റെ കനമുള്ള പഠനങ്ങളല്ല ഇവയൊന്നുംതന്നെ. അക്കാദമികമൂല്യം മാത്രമല്ല ഇത്തരമൊരു ശ്രമത്തെ സാംസ്‌കാരികമണ്ഡലത്തിൽ പ്രസക്തമാക്കുക. മലയാളത്തിൽ ജനപ്രിയനോവലിന്റെയും സാഹിത്യവായനയുടെയും പുസ്തക-ആനുകാലിക വിപണിയുടെയും സുവർനകാലം സൃഷ്ടിച്ചതിൽ ഏറ്റവും കൂടുതൽ പങ്കുള്ള ഒരെഴുത്തുകാരനെക്കുറിച്ച് അദ്ദേഹത്തിന്റെ സമകാലികരും പിൻഗാമികളും നടത്തുന്ന ഈയൊരു വിലയിരുത്തലിന് വലിയ മൂല്യമുണ്ട്. ഇത്തരമൊരിടപെടൽ മലയാളത്തിൽ ഇതാദ്യമാണ് എന്നു തോന്നുന്നു.

ജിജി ചിലമ്പിൽ, വിനീഷ് മുഴുപ്പിലങ്ങാട് എന്നിവർ പുഷ്പനാഥുമായി നടത്തുന്ന അഭിമുഖങ്ങൾ, ജനപ്രിയനോവൽ പ്രസാധനരംഗത്തെ കുത്തകയായ (മുൻപ് വിക്ടറി പ്രസും റോയൽ ബുക് ഡിപ്പോയും മറ്റുമായിരുന്നുവെങ്കിൽ ഇന്ന് സിഐസിസി.യാണ് ഈ രംഗം നിയന്ത്രിക്കുന്നത്) ടി. ജയചന്ദ്രൻ എഴുതുന്ന വമിർശനാത്മകലേഖനം പുഷ്പനാഥിന്റെ ആദ്യനോവൽ, 'ചുവന്നമനുഷ്യൻ', മനോരാജ്യം വാരികയിൽ പ്രസിദ്ധീകരിച്ചതിന്റെയും അതു സൃഷ്ടിച്ച ജനപ്രീതിയുടെയും കഥപറയുന്ന കിളിരൂർ രാധാകൃഷ്ണന്റെ രചന, കോട്ടയത്ത് 1970-90 കാലത്തുകൊടുങ്കാറ്റുയർത്തിവിട്ട ജനപ്രിയവാരികാമണ്ഡലത്തിന്റെ സൂത്രധാരന്മാരായ അമ്പാട്ട് സുകുമാരൻനായർ, നടുവട്ടം സത്യശീലൻ, അനുജൻ അത്തിക്കയം തുടങ്ങിയവരുടെ കുറിപ്പുകൾ, ഇതേമണ്ഡലത്തിൽ പിന്നീടു പ്രവർത്തിച്ച തമ്പികരിക്കാട്ടൂർ, എം. മനോഹരൻ തുടങ്ങിയവരുടെ രചനകൾ എന്നിങ്ങനെ ഇവ നീളുന്നു.

പുഷ്പനാഥിന്റെ സമകാലികരും പിൻഗാമികളുമായ എഴുത്തുകാരുടേതാണ് ഇനിയുമുള്ള രചനകൾ. കെ.കെ. ഭാസ്‌കരൻ പയ്യന്നൂർ, ബാറ്റൺബോസ്, പതാലിൽ തമ്പി, ഏറ്റുമാനൂർ ശിവകുമാർ, സുധാകർ മംഗളോദയം, കമലാഗോവിന്ദ്, എൻ. കെ. ശശിധരൻ, മെഴുവേലി ബാബുജി തുടങ്ങിയവർ പുഷ്പനാഥിന്റെ രചനാലോകം വിലയിരുത്തുന്നു.

പുഷ്പനാഥിന്റെ നോവൽകലയിൽ ഏറ്റവും ശ്രദ്ധേയമായിത്തീർന്ന ഘടകം, വിദേശപശ്ചാത്തലങ്ങളിലും ശൈലിയിലുമുള്ള ഭാവനയുടെ കയ്യടക്കമായിരുന്നു. ഇതെങ്ങനെ സാധിച്ചു? അദ്ദേഹം ഒരഭിമുഖത്തിൽ പറയുന്നതു കേൾക്കൂ:

'പത്രവാർത്തകൾ..... ശാസ്ത്രമാസികകളിലും മറ്റും വരുന്ന കുറിപ്പുകളും ലേഖനങ്ങളും... പൊലീസ് കേസ് ഡയറികൾ.... പ്രമാദ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള വിവരണ പരമ്പരകൾ.... ഇവയൊക്കെ നമുക്ക് എഴുത്തിനുള്ള ആശയങ്ങൾ നൽകുന്നുണ്ട്. മനുഷ്യാവയവങ്ങളും മറ്റും വൻവിലക്ക് വിദേശത്തേക്ക് കയറ്റി അയക്കുന്ന ഒരു ഗൂഢസംഘം അറസ്റ്റിലായ പത്രവാർത്തയിൽ നിന്നാണ് 'ഡെഡ്‌ലോക്ക്' എന്ന നോവൽ ജനിക്കുന്നത്. 'ബ്രെയിൻ ട്രാൻസ്പ്ലാന്റേഷനെ'ക്കുറിച്ച് വന്നിരുന്ന ശാസ്ത്രമാസികകളിലെ കുറിപ്പുകളാണ് 'ചുവന്നമനുഷ്യൻ' എന്ന കൃതിക്ക് ആധാരം. കാനഡയിൽ സർക്കാരിനെ പറ്റിച്ച് ഒരുകൂട്ടം ആളുകൾ സ്വന്തമായി സ്വർണഖനി നടത്തി. സ്വർണം വിദേശത്തേക്ക് കള്ളക്കടത്ത് നടത്തിയ വാർത്തയിൽ നിന്നാണ് 'ലൂസിഫർ' എന്ന നോവൽ ഉണ്ടായത്. ഈജിപ്തിലെ ഫറവോ ചക്രവർത്തിമാർ മരിച്ച് മമ്മികളായി പിരമിഡിൽ അടക്കം ചെയ്യുന്ന കാലത്ത് സ്വർണവും വജ്രവും മറ്റു വിലപിടിപ്പുള്ള വസ്തുക്കളും തങ്ങൾക്കൊപ്പം അഠക്കം ചെയ്യണമെന്ന് വാശിപിടിച്ചിരുന്നു. പിരമിഡുകൾക്കകത്തെ ഈ നിധികൾ കൊള്ളചെയ്യുന്ന അധോലോക സംഘങ്ങൾ കെയ്‌റോവിലും പരിസരത്തും സജീവമായി ഉണ്ടായിരുന്നു എന്നറിഞ്ഞപ്പോൾ ആ പശ്ചാത്തലത്തിലാണ് 'ഫറവോന്റെമരണമുറി' എഴുതിയത്. മനസ്സിൽ ഒരാശയം വീണുകിട്ടിയാൽ എഴുതുക എനിക്കെളുപ്പമാണ്. അപ്പോഴും നോവൽ എഴുതിവെക്കുന്ന സ്വഭാവം എനിക്കില്ല. ആവശ്യക്കാർ വരുമ്പോഴേ എഴുത്തുള്ളൂ. ആദ്യം നോവലിന്റെ പേര് പ്രസിദ്ധപ്പെടുത്തും. പിന്നെയാണ് എഴുത്ത്. കൂട്ടത്തിൽ പറയട്ടെ, ഒരിക്കലും ഒരു വാരികക്കും ഒരു നോവലും ഞാൻ പൂർണമായി എഴുതിക്കൊടുത്തിട്ടില്ല. ആഴ്ചയിൽ ഓരോ അദ്ധ്യായം വീതം എഴുതിനൽകും. വായനക്കാരന്റെ ജിജ്ഞാസയെ പരമാവധി പിടിച്ചുനിർത്തുംവിധം സംഭവങ്ങളെ ഒന്നിനു പിറകെ ഒന്നായി കണ്ണിചേർത്ത്, നോവൽ അവസാനിക്കുന്നതിന് തൊട്ടുമുമ്പ് മാത്രം സസ്‌പെൻസ് വെളിവാക്കുന്ന കുറ്റാന്വേഷണ നോവലുകളുടെ പൊതുതന്ത്രം തന്നെയാണ് ഞാനും സ്വീകരിച്ചത്.'

എഴുത്തുകാരൻ, പ്രസാധകൻ എന്നീ നിലകളിൽ പുഷ്പനാഥിന്റെ കരിയർഗ്രാഫിന്റെ ഉയർച്ചയും താഴ്ചയും സൂക്ഷ്മമായി രേഖപ്പെടുത്തുന്നു, ടി. ജയചന്ദ്രൻ.

'ഞാൻ പരിചയപ്പെടുന്ന സമയത്ത് കോട്ടയം പുഷ്പനാഥ് മലയാളത്തിലെ അപസർപ്പക സാഹിത്യത്തിലെ സൂപ്പർ സ്റ്റാർ ആണ്. അദ്ദേഹം രണ്ട് കൈകൾകൊണ്ടും നോവൽ എഴുതുന്ന കാലം. പ്രധാനമായും അന്ന് പുഷ്പനാഥിന്റെ നോവലുകൾ പുസ്തകമാക്കിയിരുന്നത് സിഐസി.സി. അല്ല. റോയൽ ബുക്ക് ഡിപ്പോ കോട്ടയവും വിക്ടറി ബുക് ഹൗസ് മൂവാറ്റുപുഴയും ആണ്.

അന്ന് പുഷ്പനാഥിന് പണം ഇഷ്ടംപോലെ വരുന്ന സമയമാണ്. അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട് - അക്കാലത്ത് നൂറിന്റെ നോട്ടുകൾ വലതുപോക്കറ്റിൽ ഒരാളിടും. ഇടതുപോക്കറ്റിൽ വേറൊരാളിടും. ഇവർക്കൊക്കെ നോവൽ എഴുതിക്കൊടുക്കണം. അങ്ങിനെ വായനയുടെ ഒരു സുവർണ കാലം എന്നുപറയുന്നത് എഴുപതുകളിലും എൺപതുകളുടെ പകുതിയോടും കൂടിയാണ് വരുന്നത്.

കുറച്ചുകഴിഞ്ഞപ്പോൾ അദ്ദേഹം മാർക്‌സിൻ ഡിറ്റക്ടീവ് ബുക് ക്ലബ്ബ് എന്ന പേരിൽ സ്വന്തമായി പുസ്തകങ്ങൾ അച്ചടിക്കാൻ തുടങ്ങി. കാരണം അദ്ദേഹത്തിന്റെ പുസ്തകങ്ങൾക്ക് നല്ല വിൽപ്പന കിട്ടുന്നുണ്ട്. ആളുകൾ അന്വേഷിച്ചുവരുന്നുണ്ട്. ചറപറാന്ന് റീ പ്രിന്റുകൾ ഇറങ്ങുന്നു. അങ്ങിനെയാണ് അദ്ദേഹം സ്വന്ചം പബ്ലിക്കേഷൻ തുടങ്ങാൻ ഇടയായത്.

നൂറുപേജ് വിലയുള്ള പുസ്തകത്തിന് 15 രൂപ വിലയിട്ട് ബുക് ക്ലബ്ബ് അംഗങ്ങൾക്ക് ഏഴര രൂപയ്ക്കാണ് കൊടുത്തുകൊണ്ടിരുന്നത്. ഞാനടക്കമുള്ള ആളുകൾ പുതിയ പുസ്തകങ്ങൾ ഇറങ്ങാൻ കാത്തിരിക്കുന്ന സമയമാണന്ന്. പുഷ്പനാഥ് എന്തുചെയ്‌തെന്നു ചോദിച്ചാൽ പുതിയ നോവലിൽ ഡിറ്റക്ടീവ് മാർക്‌സിനും എലിസബത്തും കേസന്വേഷണത്തിന്റെ ഭാഗമായി യൂറോപ്പിലെ ഏതെങ്കിലും ഒരു സ്ഥലത്തേക്ക് ട്രെയിനിൽ പോകുമ്പോൾ, അല്ലെങ്കിൽ പ്ലെയിനിൽ യാത്ര ചെയ്യുമ്പോൾ ഒളിമ്പസിലെ രക്തരക്ഷസ്സിനെ പിടിക്കാൻ പോയ രംഗം ഓർമ്മയിലേക്ക് ഓടിയെത്തും. പിന്നെ ആ നോവലിലെ കുറേ പേജുകൾ ഈ നോവലിലേക്ക് എടുത്തുവെക്കും. ബുക് ക്ലബ്ബിലെ അംഗം ഒളിമ്പസിലെ രക്തരക്ഷസ്സ് വായിച്ചിട്ടുള്ളതാണ്. അല്ലെങ്കിൽ ഡ്രാക്കുള ഏഷ്യയിൽ വായിച്ചിട്ടുള്ളതാണ്. ഇത് പൊതുവെ ബുക് ക്ലബ്ബ് അംഗങ്ങളുടെ ഇടയിൽ ഒരു ബ്ലാക്ക് മാർക്കായി മാറി. എഴുത്തിന്റെ തിരക്ക് കാരണം സംഭവിച്ചുപോയ അബദ്ധമാണ്. ഇത് അദ്ദേഹത്തെ പിന്നീട് വല്ലാതെ ബാധിച്ചു. അദ്ദേഹത്തിന്റെ ജനപ്രീതി താഴേക്ക് പോകാൻ ഇതൊരു കാരണമായി മാറി. ഒരു മാസത്തിൽ നാലുപുസ്തകം ഇറക്കണമെന്ന കമ്മിറ്റ്‌മെന്റും ആ നാലു പുസ്തകത്തിനുള്ള മെറ്റീരിയൽ ഇല്ലാതെ വരികയും ചെയ്തപ്പോൾ അദ്ദേഹം കാണിച്ച ചെറിയൊരു അബദ്ധം പുഷ്പനാഥിന്റെ ഡിക്ലെയിനായി മാറി. എന്നിട്ടുപോലും പിന്നീട് കുറേയധികം പുസ്തകങ്ങൾ ഇറങ്ങി. അന്ന് പുഷ്പനാഥ് അങ്ങിനെ ചെയ്തില്ലായിരുന്നെങ്കിൽ കേരളത്തിലെ ഏറ്റവും വലിയ പുസ്തക പ്രസാധകൻ കോട്ടയം പുഷ്പനാഥായി മാറിയേനേ.

പിന്നീട് അപസർപ്പക സാഹിത്യത്തിൽ കുറച്ചുകൂടി മാറ്റം വന്നത് പ്രണാബ് എന്ന എഴുത്തുകാരന്റെ രംഗപ്രവേശത്തോടുകൂടിയാണ്. സയന്റിഫിക്കായിട്ടുള്ള ഒരു സമീപനമായിരുന്നു പ്രണാബിന്റേത്. അന്ന് കൊച്ചിൻ യൂണിവേഴ്‌സിറ്റിയിൽനിന്ന് സ്വർണമെഡലോടുകൂടി എം.ബി.എ. പാസ്സായ ആളാണ് പ്രണാബ്. അതുകഴിഞ്ഞ് ഷെയ്ക്കിന്റെ ഫിനാഷ്യൽ അഡൈ്വസറായിരുന്നു. കുവൈറ്റ് യുദ്ധമൊക്കെ വരുന്ന സമയത്ത് അദ്ദേഹം അവിടെയായിരുന്നു. ഞാനിപ്പോൾ കണ്ടിട്ട് കുറേക്കാലമായി. പ്രണാബിന്റെ ഡോക്ടർ ബ്ലീറ്റ്, വിക്ടർ ബ്ലോഷെക്ക് തുടങ്ങിയ നോവലുകൾ വൻ ജനപ്രീതി നേടി. അതോടെ പുഷ്പനാഥ് മാർക്കറ്റിൽ നിന്നും കുറേശ്ശെ പിന്നോട്ടുപോയി. അതിനുശേഷം ജനനി വാരികയിലൂടെ തോമസ് ടി. അമ്പാട്ട് തിരിച്ചുവന്നു. മനോരമ വാരികയിലൂടെ ബാറ്റൺബോസും രംഗത്ത് വന്നു. അങ്ങിനെ അപസർപ്പക സാഹിത്യലോകത്ത് മൂന്നാലു പേരായി. അതോടെ കോട്ടയം പുഷ്പനാഥിന്റെ മാർക്കറ്റ് കുത്തനെ താഴേക്ക് പോയി'.

മലയാളത്തിലെ ജനപ്രിയനോവൽമണ്ഡലത്തിൽ പതിറ്റാണ്ടുകളോളം കിരീടംവച്ച രാജാവായിവാണ ഒരെഴുത്തുകാരന്റെ രചനാലോകത്തെ ആരാധനാപൂർവം അടുത്തറിയാൻ നടത്തിയ ശ്രമമെന്നനിലയിൽ ഈ പുസ്തകം കൗതുകകരമായ ഒരു വായനാനുഭവമാണ്.

പുസ്തകത്തിൽനിന്ന്

കോട്ടയം പുഷ്പനാഥിന്റെ ആദ്യനോവലായ ചുവന്ന മനുഷ്യൻ (1968) എന്ന കൃതിയിൽനിന്ന് ഒരുഭാഗം.

'വനമദ്ധ്യത്തിലുള്ള ടൂറിസ്റ്റ് ബംഗ്ലാവിൽ അപരിചിതൻ എത്തിച്ചേർന്നപ്പോൾ മണി രാത്രി പത്തരയായിരുന്നു.

'ഹോട്ടൽ വിച്ചസ്' എന്ന ടൂറിസ്റ്റ് ബംഗ്ലാവിന്റെ പേര് അപരിതനെ വളരെയധികം ആകർഷിച്ചു. ഷേക്‌സ്പിയറിന്റെ വിശ്വോത്തര നാടകങ്ങളിൽ ഭീതി ജനിപ്പിക്കുന്ന കഥാപാത്രങ്ങളായ വിച്ചസ്സ് എന്ന് അറിയപ്പെടുന്ന അരൂപികളായ പ്രേതങ്ങൾ.

നീണ്ടുനിവർന്ന ശരീരവും ബലിഷ്ഠമായ കൈകളും തീക്ഷണങ്ങളായ കണ്ണുകളും ഉയർന്ന നാസികയും കൊണ്ട് ആരുടെയും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരാളായിരുന്നു അപരിചിതൻ. വേഷവിധാനങ്ങൾ ശ്രദ്ധിച്ചാൽ ഒരു ദൂരയാത്ര കഴിഞ്ഞ മട്ടുണ്ട്. ഒരു സൂട്ട്‌കെയ്‌സ് ഒഴികെ വിശേഷവിധിയായി കൈയിൽ ഒന്നും ഇല്ലായിരുന്നു.

പോക്കറ്റിൽനിന്ന് ഒരു ടൗവ്വൽ എടുത്ത് മുഖം തുടച്ചുകൊണ്ട് പോർട്ടിക്കോവിൽ കിടന്ന കസേരകളിൽ ഒന്നിൽ അയാൾ ഇരുന്നു. അടുത്തു കിടന്ന കസേരയിൽ ഇരുന്നിരുന്ന ഒരു തടിച്ച മനുഷ്യൻ അയാളെ ശ്രദ്ധിച്ചുകൊണ്ടിരുന്നു. അല്പം കഴിഞ്ഞ് അടുത്തുള്ള മേശവലിപ്പ് തുറന്ന് ഒരു ഡയറി എടുത്ത് തുറന്നുനോക്കിയശേഷം വീണ്ടും അപരിചിതനെ ഗൗനിച്ചു.

'ഒരു മുറി മാത്രമേ ഒഴിവുള്ളു. അത്യാവശ്യമാണെങ്കിൽ അതെടുക്കാം'. തടിച്ച മനുഷ്യൻ പറഞ്ഞു.

അപ്പോഴാണ് അയാൾ അതിന്റെ മാനേജർ ആണെന്ന് അപരിചിതന് മനസ്സിലായത്.

'ഞാൻ വളരെ ക്ഷീണിച്ചിരിക്കുകയാണ്. അല്പം സൗകര്യം കിട്ടിയാൽ മതി'. അയാൾ തടിച്ച മനുഷ്യനോട് പറഞ്ഞു.

തടിച്ച മനുഷ്യൻ ഒരു അയഞ്ഞ പാന്റ് ധരിച്ചിരുന്നു. രണ്ടു തോൾബെൽറ്റുകൾ കൊണ്ട് പാന്റ്ശരീരത്തോട് ഉറപ്പിച്ചിരുന്നു. ഇരുവശത്തേക്ക് പരന്നുകയറിയ അയാളുടെ കഷണ്ടിയിൽ നീലഞരമ്പുകൾ പിടച്ചിരുന്നു.

'കൺവീനിയൻസിന് കുറവൊന്നുമില്ല. പക്ഷേ....' ബാക്കി മാനേജർ പറഞ്ഞില്ല. അയാൾ എന്തോ ചിന്തിച്ചുകൊണ്ട് ഒരു തടിച്ച ബുക്ക് തുറന്ന് അപരിചിതന്റെ കൈയിൽ കൊടുത്തു.

അപരിചിതൻ തന്റെ മേൽവിലാസം ബുക്കിൽ എഴുതി.

'ഇവിടെ വരുവാനുണ്ടാ. കാരണംകൂടി രേഖപ്പെടുത്തണം'. മാനേജർ ആവശ്യപ്പെട്ടു.

'പര്യടനം' എന്നു മാത്രം അപരിചിതൻ രേഖപ്പെടുത്തി.

മാനേജർ ഒരു ബെൽ അടിച്ചപ്പോൾ ഉയരം കുറഞ്ഞ ഒരു പരിചാരകൻ പ്രത്യക്ഷപ്പെട്ടു. സംശയദൃഷ്ടിയോടെ അവൻ ആഗതനെ ശ്രദ്ധിച്ചു.

'പ്ലീസ്, ഫോളോ മീ സാർ' എന്നു പറഞ്ഞ് അവൻ നടന്നു.

ബുക്ക് മടക്കി തിരിയെ കൊടുത്തു. അപരിചിതൻ പരിചാരകനെ അനുധാവനം ചെയ്തു.

ഏതോ പഴയ കൊട്ടാരമായിരുന്ന ആ കൂറ്റൻ കെട്ടിടത്തിന്റെ ഇരുൾ നിറഞ്ഞ ഇടനാഴികകളിൽക്കൂടി നടന്ന് പടവുകൾ ചവുട്ടിക്കയറുകയും ഇറങ്ങുകയും വീണ്ടും കയറുകയും ചെയ്ത് ഒരു മുറിയുടെ വാതിക്കൽ ഇരുവരും എത്തി.

മുറിയുടെ ഇരുമ്പുതാഴ് തുറക്കാൻ പരിചാരകൻ അല്പം ബുദ്ധിമുട്ടി.

'ഈ മുറി ഉപയോഗിച്ചിട്ട് വളരെ നാളായി സാർ, ഏതാണ്ട് അഞ്ചുവർഷമെങ്കിലും ആയിക്കാണും. ഇതാ നോക്കൂ. ഇതു തുരുമ്പുപിടിച്ചുകഴിഞ്ഞു'. പൂട്ട് തുറക്കുന്ന ശ്രമത്തിനിടയിൽ അവൻ പറഞ്ഞു.

അവസാനം പൂട്ടു തുറന്ന് ഇരുവരും മുറിക്കുള്ളിൽ പ്രവേശിച്ചു. പരിചാരകൻ ചുവരിലുള്ള സ്വിച്ച് അമർത്തി വിളക്ക് പ്രകാശിപ്പിച്ചു. വളരെ പഴക്കം തോന്നിക്കുന്ന ഉപകരണങ്ങളായിരുന്നു മുറിക്കുള്ളിൽ. അവയെല്ലാം പൊടിപിടിച്ചു കിടന്നിരുന്നു. അവിടവിടെയായി ചിലന്തികൾ വലകെട്ടിയിരുന്നു.

'ക്ഷമിക്കണം സാർ, ഞാൻ പുതിയ വിരിപ്പുകളുംകൊണ്ട് ഇതാ എത്തിക്കഴിഞ്ഞു' അവൻ പോയി.

അയാൾ മുറി ആകെക്കൂടി ഒന്നു കണ്ണോടിച്ചു. സീലിംഗിനോടു പറ്റിനിന്നിരുന്ന വൈദ്യുതവിളക്കിൽനിന്ന് മങ്ങിയ പ്രകാശം മാത്രമേ പ്രവഹിച്ചിരുന്നുള്ളൂ. മാറാല പിടിച്ചിരുന്നതുകൊണ്ട് പ്രകാശം വളരെ കുറഞ്ഞിരുന്നു. അഞ്ചുവർഷം പഴക്കമുള്ള ഒരു കലണ്ടർ ചുവരിൽ സ്ഥാനം പിടിച്ചിരുന്നു. ജൂലൈ മാസത്തിനു ശേഷം അതു മറിച്ചിരുന്നില്ല. തണുത്ത വെള്ളം വയ്ക്കാനുപയോഗിച്ചിരുന്ന കൂജയിൽ അയാളുടെ ദൃഷ്ടികൾ പതിഞ്ഞു.

'ഇതിന് കുറഞ്ഞത് ഇരുന്നൂറു വർഷമെങ്കിലും പഴക്കം കാണും'. അയാൾ സ്വയം പറഞ്ഞു.

ആ പാത്രം അയാൾ തിരിച്ചും മറിച്ചും നോക്കിക്കൊണ്ടിരുന്നപ്പോൾ ലൈറ്റ് പെട്ടെന്ന് അണഞ്ഞു. അകാരണമായ ഒരു ഭീതി അയാളെ വലയംചെയ്തു. ലൈറ്റ് വീണ്ടും തെളിക്കുവാൻ സ്വിച്ചിൽ അയാൾ ഒരു വിഫലശ്രമം നടത്തി. ഉടൻ വെളിയിൽ ഒരു കാൽപ്പെരുമാറ്റം കേട്ടു. അല്പം അകലെനിന്ന് ആരോ നടന്നടുത്ത് മുറിയുടെ വാതിലും കടന്ന് അകന്നുകന്നു പോയി. പരിചാരകൻ ആയിരിക്കുമെന്ന് കരുതി അയാൾ വാതിൽക്കൽ വരെ എത്തി. പക്ഷേ, ആരും ഉണ്ടായിരുന്നില്ല.

അയാളുടെ മനസ്സിൽ വളർന്നുവന്ന ഭീതിയുടെ അംശം പതുക്കെപ്പതുക്കെ പടർന്നു പന്തലിക്കുവാൻ തുടങ്ങി. പെട്ടെന്ന് ലൈറ്റ് തെളിഞ്ഞു. പ്രകാശം പരന്നതോടെ അയാൾക്ക് അല്പം ആശ്വാസം തോന്നി.

'ക്ഷമിക്കണം സാർ'. പരിചാരകന്റെ ശബ്ദം കേട്ടപ്പോൾ ഞെട്ടിത്തിരിഞ്ഞു. 'സാർ ഭയപ്പെട്ടുപോയി അല്ലേ; ലൈറ്റിന്റെ തകരാറ് ഇവിടെ സാധാരണയാണ്. വളരെ പഴക്കമുള്ള വയറിങ് ആണ്. വല്ല ലൂസ് കോണ്ടാക്ടും കാണും'. അവൻ സാധാരണമട്ടിൽ പറഞ്ഞുകൊണ്ട് ബെഡ് തട്ടിക്കുടഞ്ഞു വിരിക്കുവാൻ തുടങ്ങി.

'ഇവിടെ ജനറേറ്റർ ഉപയോഗിച്ച് സ്വയം വൈദ്യുതി ഉല്പാദിപ്പിക്കുകയാണോ ചെയ്യുന്നത്?' അയാൾ പരിചാരകനോട് ചോദിച്ചു.

'സാർ അതെങ്ങിനെ മനസ്സിലാക്കി?' അവൻ തിരിച്ചൊരു ചോദ്യമാണ് മറുപടിക്ക് പകരം കൊടുത്തത്.

'വോൾട്ടേജ് കൂടുകയും കുറയുകയും ചെയ്യുന്നതുകൊണ്ട് സംശയം തോന്നി'. അയാൾ അവനെ ശ്രദ്ധിച്ചുകൊണ്ട് പറഞ്ഞു.

അവൻ അതു കേട്ടില്ലെന്ന് നടിച്ചുകൊണ്ട് തന്റെ പണി തുടർന്നു.

'വല്ലാത്ത പൊടിയാണല്ലോ'. അയാൾ പിറുപിറുത്തു. 'ഇതിനടുത്ത മുറികളിൽ താമസക്കാരില്ലേ?'

'ഇല്ല സാർ. ഈ മുറി അഞ്ചാമത്തെ നിലയിലാണ്. ഈ നിരയിൽ ഈ മുറി മാത്രമേ അതിഥികൾക്ക് കൊടുക്കാറുള്ളൂ. ഇതിനടുത്ത മുറികളെല്ലാം തുറക്കാറില്ല. അതിനുള്ളിൽ ഈ കൊട്ടാരത്തിൽ പണ്ടു വാണിരുന്ന രാജാക്കന്മാരുടെ ആയുധങ്ങൾ സൂക്ഷിച്ചിരിക്കുകയാണ്. സാറിന്റെ മുറിയുടെ നമ്പർ 13 ആണ്. മറ്റു മുറികൾക്ക് വെറുതെ നമ്പർ ഇട്ടിട്ടുള്ളതാണ്. പക്ഷേ, അതിനകം ഞാൻകൂടി ഇതുവരെ തുറന്നുനോക്കിയിട്ടില്ല. എല്ലാം റെഡിയായി സാർ. ഞാൻ ആഹാരം കൊണ്ടുവരാം. അൽപ്പം താമസിക്കും. സാർ വാതിൽ അടച്ചിരുന്നുകൊള്ളൂ. ഞാൻ വിലിക്കുമ്പോൾ തുറന്നാൽ മതി'. ഇത്രയും പറഞ്ഞ് അവൻ പോയി.

ഇവിടെ എന്തോ പന്തികേടുണ്ടെന്ന് അപരിചിതന് തോന്നിത്തുടങ്ങി. അയാൾ അവിടെ എത്തിച്ചേർന്ന വഴികളെക്കുറിച്ച് ചിന്തിച്ചുനോക്കി. ഇവിടെനിന്ന് പതിനെട്ടു മൈൽ അകലെയുള്ള റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയപ്പോൾ തന്നെ മുൻപരിചയമില്ലാതെ പേരുവിളിച്ചു പരിചയപ്പെട്ട കുതിരവണ്ടിക്കാരൻ, അവന്റെ സംസാരത്തിൽ അവൻ തന്നെ പ്രതീക്ഷിച്ചുനിന്നതുപോലെയാണ് തോന്നിയത്. എന്നാൽ ആ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങുമെന്ന് അയാൾ ആരെയും അറിയിച്ചിട്ടില്ലായിരുന്നു. അത്രയ്ക്കും രഹസ്യമാക്കിയിരുന്നു തന്റെ യാത്ര.

പിന്നെ അവൻ എങ്ങിനെ മനസ്സിലാക്കി?

തന്റെ ആഗമനോദ്ദേശ്യം അവൻ അറിഞ്ഞിരിക്കുമോ?'

കോട്ടയം പുഷ്പനാഥ്: അപസർപ്പകനോവലുകളുടെ ആചാര്യൻ
എഡിറ്റർ: ജിജി ചിലമ്പിൽ
ശിബിരം ബുക്‌സ്, കോഴിക്കോട് 2017, വില: 150 രൂപ
ഫോൺ: 9895775075

(ശീഷകത്തിന്  ആർ. ഉണ്ണിയോടു കടപ്പാട്)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP