Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മറക്കരുത് ആണും പെണ്ണുമെന്നത് ആരുടേയും മിടുക്കോ കരുത്തോ അല്ല, ഈശ്വരന്റെ ദാനമാണ്; ട്രാൻസ്‌ജെൻഡറുകളെ പഴി പറയുന്നവർ വായിച്ചറിയാൻ

മറക്കരുത് ആണും പെണ്ണുമെന്നത് ആരുടേയും മിടുക്കോ കരുത്തോ അല്ല, ഈശ്വരന്റെ ദാനമാണ്; ട്രാൻസ്‌ജെൻഡറുകളെ പഴി പറയുന്നവർ വായിച്ചറിയാൻ

ട്രാൻസ്ജൻഡറുകളെ പറ്റി പഴി പറയുന്നവർ അവരുടെ ജീവിതമെന്താണ് എന്ന് മനസിലാക്കണം. കൃത്യമായി ആണും പെണ്ണുമെന്നു നമ്മെ ഭൂമിയിലോട്ട് സൃഷ്ടിച്ചുവിട്ട ദൈവത്തിന്റെ കാരുണ്യത്തിലാണ് നിങ്ങൾ അവരെ പഴിക്കുന്നത്. ആണിന് ആണിന്റെ ശരീരത്തോടൊപ്പം ആണിന്റെ മനസാണ് ഉള്ളത്. പെണ്ണിന് പെണ്ണിന്റെ ശരീരത്തോടൊപ്പം പെണ്ണിന്റെ മനസും സൃഷ്ടിയിൽ തെറ്റാതെ കിട്ടി.

ഒരു പ്രായം വരെ ആൺകുട്ടിയായി വളർന്നു ശരീരഭാഗവളർച്ചാഘട്ടത്തിൽ പെണ്ണിന്റെ മനസും ഭാവങ്ങളും പ്രകൃത്യാ ആവാഹിക്കപ്പെട്ട ഒരു കൂട്ടമാണ് ട്രാൻസ്‌ജെൻഡർ. ആണിന്റെ ശരീരഭാഗങ്ങൾ അധികപ്പറ്റായി തന്നിലെ സ്ത്രീയ്ക്ക് തോന്നുമ്പോൾ അതും പേറി കരഞ്ഞുനടക്കുന്ന മനുഷ്യജന്മങ്ങൾ.

പെണ്ണായിപെരുമാറുന്ന മകനെയോർത്ത് അപമാനഭാരത്താൽ നടക്കുന്ന അച്ഛൻ, മകന്റെ വിധിയിൽ നെഞ്ചുപൊട്ടിക്കരഞ്ഞു തള്ളിപ്പറയാനാകാതെ അമ്മ. നിർവികാരതയോടെ സഹോദരങ്ങൾ. ശാപവാക്കുകൾ കേട്ട് ഒടുവിൽ നാടു വിട്ട് തന്റെ സമചിന്തയുള്ളവരെ കണ്ടെത്താൻ നഗരങ്ങളിലെ കോളനികളിൽ അഭയം പ്രാപിക്കുന്നവർ. സിനിമക്കഥയല്ല, ഒരു ട്രാൻസ്ജെൻഡർ എന്നാൽ ഇതാണ്.

വരുമാനമാർഗ്ഗങ്ങളിൽ പ്രാധാനം ഭിക്ഷാടനം തന്നെ, ഹൃദയം പൊട്ടി ശരീരവിൽപ്പനയിൽ ഭാഗങ്ങളാകുന്നു. എന്തുകൊണ്ട് ഇവർ ഈ മാർഗ്ഗം തിരഞ്ഞെടുക്കുന്നു??

സ്‌കൂളിൽ പോയാൽ അവഗണന, മാന്യതയുള്ള ജോലി കൊടുക്കാൻ സമൂഹം തയ്യാറാകില്ല. 'ഞാൻ വിദ്യ' എന്നൊരു പുസ്തകമുണ്ട്. ചെന്നൈ സ്വദേശിയായ വിദ്യയുടെ ജീവിതം. ഈ ആത്മകഥ സിനിമ ആയപ്പോൾ കണ്ടവരൊക്കെ ചിന്തിച്ചു കാണും ഇവരുടെ 'അപമാനക്കഥകളെപ്പറ്റി'!
ഏറ്റവും മികച്ച നടനുള്ള ദേശീയ അവാർഡ് ഈ ചിത്രത്തിൽ ആയിരുന്നു. ഒട്ടനവധി അപമാനങ്ങൾക്ക് ശേഷം ജീവിതം നേടിയെടുത്ത ഒരു ട്രാൻസ്ജന്ററിന്റെ കണ്ണീരുപ്പുള്ള കഥ.

പ്രകൃത്യാലുള്ള നിസ്സഹായതയുടെ പര്യായമാണിവർ! എല്ലാവരെയും പോലെ ജീവിക്കാൻ അർഹതയുള്ളവർ. ഇവരെ കുറ്റം പറയാൻ നിങ്ങൾക്ക് എന്താണധികാരം നിങ്ങൾക്ക് ഇങ്ങനെ ഒരവസ്ഥ വരുത്താഞ്ഞ ഈശ്വരനോട് നന്ദി പറയുക. ഞാൻ സഞ്ചരിക്കുന്ന വഴിയിലെ സിഗ്‌നലുകളിൽ സ്ഥിരമായി ഇവരെ കാണാറുണ്ട്. അവിടെയാണ് ഞാൻ കലയെയും കവിതയെയും പരിചയപ്പെട്ടത്. സിഗ്നലുകളിൽ യാചിച്ചും അനുഗ്രഹിച്ചും പോകുന്ന ശാന്തരായ ചുവന്ന ചുണ്ടും മുല്ലപ്പൂവും വച്ചവർ!

അവരുടെ ശരീരത്തെ ചൂഴ്ന്നു നോക്കുന്ന കണ്ണുകളുണ്ട്. രാത്രിയിൽ അവർക്കിടയിലേക്ക് ചൂടുതേടി ചെല്ലുന്നവരുണ്ട്. സ്‌നേഹമല്ല, കാശിന്റെ നെഞ്ചിടിപ്പാണ് അവ. ഇത് പോലെ മാംസക്കച്ചവടം നടത്തുന്നവർ ഇവർ മാത്രമാണോ? സോനാഗച്ചിയും ചുവന്നതെരുവുകളും
കേട്ടിട്ടില്ലേ സുഹൃത്തുക്കളേ?  ആണൊരുത്തൻ ചെല്ലാതെ പെണ്ണ് ഒറ്റയ്ക്കാണോ മാംസവില്പനയിൽ പങ്കാളിയാകുന്നത്??

ലോകത്തെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ പറന്നു നടക്കുന്ന പ്രധാനമന്ത്രി ഒരിക്കൽ എങ്കിലും ഈ സ്ഥലങ്ങളിൽ സന്ദർശനം നടത്തി നിജസ്ഥിതികണ്ടു ഇവിടെയുള്ള സ്ത്രീകളെയും കുട്ടികളെയും സംരക്ഷിക്കാൻ നടപടി എടുക്കാൻ തയ്യാറാകുമോ? മെട്രോയിൽ ട്രാൻസ്ജൻഡറുകൾക്ക് ജോലി നൽകിയതും ബാക്കിപത്രങ്ങളും നാം കണ്ടുകഴിഞ്ഞു.

ചിത്രങ്ങളിൽ നായികമാരായി ഒരാളെ കൊണ്ടുവന്നു കച്ചവടതന്ത്രം പയറ്റുന്നത് മാത്രമല്ല, വ്യത്യസ്തമേഖലകളിൽ ഇവർക്ക് ജോലികൊടുക്കാനും അതിലുപരി അവരെ അംഗീകരിക്കാനും സമൂഹം തയ്യാറാകണം! അല്ലാതെ കുറ്റം പറയുകയല്ല വേണ്ടത്. മറക്കരുത്, ആണും പെണ്ണുമെന്നത് ആരുടേയും മിടുക്കോ കരുത്തോ അല്ല, ഈശ്വരന്റെ ദാനമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP