Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

വീണു കിട്ടിയ അവസരത്തിൽ സെൻകുമാറിനോടുള്ള പഴയ കലിപ്പ് തീർത്ത് തീവ്ര മുസ്ലിംപക്ഷം; സംഘപരിവാർ പക്ഷത്തേക്ക് ചേക്കേറുമെന്നുള്ള സൂചനകൾ പുറത്തു വന്നതോടെ ആക്രമണത്തിന് മൂർച്ചകൂടി; ജമാഅത്തെ ഇസ്‌ളാമിയും പോപ്പുലർഫണ്ടും ഉൾപ്പെടെയുള്ള ഗ്രൂപ്പുകളുടെ പ്രചരണത്തെ ചെറുക്കാൻ സംഘപരിവാറും

വീണു കിട്ടിയ അവസരത്തിൽ സെൻകുമാറിനോടുള്ള പഴയ കലിപ്പ് തീർത്ത് തീവ്ര മുസ്ലിംപക്ഷം; സംഘപരിവാർ പക്ഷത്തേക്ക് ചേക്കേറുമെന്നുള്ള സൂചനകൾ പുറത്തു വന്നതോടെ ആക്രമണത്തിന് മൂർച്ചകൂടി; ജമാഅത്തെ ഇസ്‌ളാമിയും പോപ്പുലർഫണ്ടും ഉൾപ്പെടെയുള്ള ഗ്രൂപ്പുകളുടെ പ്രചരണത്തെ ചെറുക്കാൻ സംഘപരിവാറും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിലെ മത മൗലികവാദം ചൂണ്ടിക്കാട്ടിയും മുസ്‌ളീം ജനസംഖ്യയിലുള്ള വർദ്ധനവ് വ്യക്തമാക്കിയും മുൻ ഡിജിപി ടി പി സെൻകുമാർ നൽകിയ അഭിമുഖം വലിയ ചർച്ചയായതിന് പിന്നാലെ സെൻകുമാറിനെതിരെ ശക്തമായ പ്രചരണവുമായി മുസ്‌ളീം മതമൗലികവാദ ഗ്രൂപ്പുകൾ രംഗത്ത്. ഒരു വശത്ത് സെൻകുമാർ സംഘപരിവാർ പക്ഷത്തേക്ക് ചേക്കേറുമെന്നുള്ള സൂചനകൾ ശക്തമാകുന്നതിനിടെയാണ് ഇത്തരമൊരു നീക്കമെന്നതും ശ്രദ്ധേയമാണ്.

മുസ്‌ളീം മാനേജ്‌മെന്റുകളുടെ നേതൃത്വത്തിലുള്ള മാധ്യമങ്ങൾ ഉൾപ്പെടെ ഇത്തരമൊരു നീക്കത്തിന്റെ ഭാഗമാണെന്നും ആരോപണം ഉയരുന്നു. ഇതോടൊപ്പം ഇതിനെ ചെറുക്കാനുള്ള നീക്കങ്ങളുമായി രംഗത്തിറങ്ങാൻ ഒരുങ്ങുകയാണ് സംഘപരിവാർ സംഘടനകളും. സെൻകുമാറിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കി ബിജെപി നേതാവ് എംടി രമേശ് രംഗത്തെത്തിയതോടെ ശക്തമായ സന്ദേശമാണ് ബിജെപി ഇക്കാര്യത്തിൽ മുന്നോട്ടുവയ്ക്കുന്നതെന്നാണ് സൂചന.

സമകാലിക മലയാളം വാരികയിലും വെബ്‌സൈറ്റിലും സെൻകുമാറിന്റെ അഭിമുഖവും ബന്ധപ്പെട്ട ലേഖനങ്ങളും വന്നിരുന്നു. അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ നിഷേധിച്ച് സെൻകുമാർ രംഗത്തെത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ സെൻകുമാറിന്റെ പരാമർശങ്ങൾ ഉന്നയിച്ച് മുസ്‌ളീം മതമൗലികവാദ ഗ്രൂപ്പുകൾ ശക്തമായി രംഗത്തെത്തുന്നത്. ഒരു വശത്ത് സെൻകുമാർ ബിജെപിയിലേക്ക് ചേക്കേറുമെന്നും അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ആറ്റിങ്ങലിൽ സ്ഥാനാർത്ഥിയാകുമെന്നും ഉൾപ്പെടെയുള്ള സൂചനകളും പുറത്തുവരുന്നുണ്ട്.

ഈഴവ സമുദായാംഗമായ സെൻകുമാർ ബിഡിജെഎസുമായി ചേർന്ന് രാഷ്ട്രീയരംഗത്തേക്ക് ഇറങ്ങുമെന്ന നിലയിലാണ് ചർച്ചകൾ നടക്കുന്നത്. ഇതിന് ആക്കംകൂട്ടി ബിജെപി നേതാക്കളായ കുമ്മനം രാജശേഖരൻ, അഡ്വ. പിഎസ് ശ്രീധരൻപിള്ള, കെ സുരേന്ദ്രൻ എന്നിവരുടെതായി സെൻകുമാറിനെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി വ്യക്തമാക്കുന്ന പരാമർശങ്ങളും വന്നു. ഇന്ന് ബിജെപി നേതാവ് എംടി രമേശ് സെൻകുമാറിനെ നേരിട്ട് സന്ദർശിക്കുകൂടി ചെയ്തതോടെ സെൻകുമാറിന്റെ രാഷ്ട്രീയ പ്രവേശന കാര്യങ്ങൾ ഏതാണ്ട് അന്തിമ ഘട്ടത്തിലേക്ക് എത്തുകയാണെന്നാണ് സൂചനകൾ.

നളിനി നെറ്റൊ, ജയരാജൻ, തച്ചങ്കരി തുടങ്ങിയവരുടെ കോക്കസ് മുഖ്യമന്ത്രിയെ കുരങ്ങു കളിപ്പിക്കുന്നു എന്ന സമകാലിക മലയാളത്തിലെ പിഎസ് റംഷാദിന്റെ അഭിമുഖത്തിന് പിന്നാലെയാണ് സെൻകുമാറിന്റെ വെളിപ്പെടുത്തലുകൾ വലിയ ചർച്ചയാകുന്നത്. നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനെതിരെ തെളിവൊന്നും കിട്ടിയിട്ടില്ലെന്നും എഡിജിപി ബി സന്ധ്യയുടെ പബ്ലിസിറ്റി സ്റ്റാണ്ടാണ് ആ കേസിൽ നടക്കുന്നതെന്നും സെൻകുമാർ വ്യക്തമാക്കിയതായി ആ അഭിമുഖത്തിൽ പരാമർശിച്ചിരുന്നു. എന്നാൽ ഇത് തെറ്റാണെന്നും താൻ പറയാത്ത കാര്യങ്ങൾ പലതുമാണ് അഭിമുഖത്തിൽ വന്നതെന്നും ചൂണ്ടിക്കാട്ടി സെൻകുമാറും രംഗത്തെത്തി. ഇതിന് പിന്നാലെ സെൻകുമാറിന്റെ മതപരമായ മറ്റു പല പരാമർശങ്ങളും ചർച്ചയാകുന്ന രീതിയിൽ റിപ്പോർട്ടുകൾ വന്നുതുടങ്ങിയെന്ന ആക്ഷേപമാണ് ഉയരുന്നത്.

ജൂലൈ ആറിനാണ് സംസ്ഥാന ഭരണ വിഷയത്തിലും ദിലീപ് വിഷയത്തിലുമെല്ലാം പ്രതികരിക്കുന്ന സെൻകുമാറിന്റെ അഭിമുഖം വരുന്നത്. ഇതിൽ താൻ പറയാത്ത കാര്യങ്ങൾ ഉൾപ്പെട്ടുവെന്ന തരത്തിൽ സെൻകുമാർ തുറന്നുപറഞ്ഞതോടെ തുടർ ദിവസങ്ങളിലാണ് ലൗജിഹാദ് വിഷയത്തിലും മുസ്‌ളീം ജനസംഖ്യാ വിഷയത്തിലുമുൾപ്പെടെ അദ്ദേഹത്തിന്റെ അഭിമുഖ ഭാഗങ്ങൾ പ്രത്യക്ഷപ്പെടുന്നത്. ഐഎസും ആർഎസ്എസും തമ്മിൽ ഒരു താരതമ്യവുമില്ലെന്നും മതതീവ്രവാദത്തെ നിയന്ത്രിക്കാൻ മുസ്‌ളീം സമുദായത്തിൽ നിന്നു ശ്രമം വേണമെന്നും സെൻകുമാർ അഭിമുഖത്തിൽ പറഞ്ഞതായി ആയിരുന്നു റിപ്പോർട്ട്.

'മതതീവ്രവാദമെന്നു പറയുമ്പോൾ ആർഎസ്എസ് ഇല്ലേ എന്നു ചോദിക്കുന്നതിൽ കാര്യമില്ല. ഐഎസും ആർഎസ്എസും തമ്മിൽ ഒരു താരതമ്യവുമില്ലെന്നും സെൻകുമാർ പറഞ്ഞു. ഒരു മുസ്ലിമിന് സ്വർഗ്ഗത്തിൽ പോകണമെങ്കിൽ ജിഹാദ് നടത്തിയേ പറ്റൂ എന്ന് പഠിപ്പിക്കുകയും ആ ജിഹാദ് എന്നത് മറ്റുള്ള മതക്കാരെ മുസ്ലിമാക്കുകയും അമുസ്ലീങ്ങളെ കൊന്നുകളയുകയുമാണ് എന്നും പറയുന്നിടത്താണ് പ്രശ്നം വരുന്നതെന്ന് സെൻകുമാർ പറഞ്ഞു. കേരളത്തിൽ നൂറ് കുട്ടികൾ ജനിക്കുമ്പോൾ അതിൽ 42 മുസ്ലിം കുട്ടികളാണ്. ജനസംഖ്യാ ഘടന ഈ രീതിയിൽ പോയാൽ ഭാവിയിൽ വരാൻ പോവുന്നത് ഏതു രീതിയിലുള്ള മാറ്റമായിരിക്കും' - എന്നിങ്ങനെ സെൻകുമാർ ചോദിച്ചതായി വ്യക്തമാക്കുന്നതാണ് ജൂലായ് എട്ടിന് നൽകിയ റിപ്പോർട്ട്. തുടർന്ന് ജന്മഭൂമിയുടെ പരിപാടിയിൽ പങ്കെടുക്കുമ്പോൾ കേരളത്തിലെ ലൗജിഹാദിനെ പരാമാർശിച്ച് സെൻകുമാർ പറഞ്ഞതും ചർച്ചയായി.

ഇതോടെയാണ് സെൻകുമാറിന്റെ ഇത്തരം പരാമർശങ്ങൾക്കെതിരെ ശക്തമായ പ്രചരണം തുടങ്ങുന്നത്. മാധ്യമം പത്രം നടത്തുന്ന ജമാഅത്തെ ഇസ്ലാമി, തേജസ് പത്രം നടത്തുന്ന പോപുലർ ഫ്രണ്ട്, എസ്.ഡി.പി.ഐ അടക്കമുള്ള ഗ്രൂപ്പുകളും മുസ്ലിം ലീഗും കോൺഗ്രസ് നേതാവ് എം.ഐ ഷാനവാസ് അടക്കമുള്ളവരുമാണ് മുസ്ലിം വിരുദ്ധ പരാമർശം നടത്തിയെന്ന പേരിൽ സെൻകുമാറിനെതിരെ തിരിഞ്ഞിരിക്കുന്നതെന്ന ആരോപണമാണ് ഇപ്പോൾ ഉയരുന്നത്. അതേസമയം, സമകാലിക മലയാളത്തിൽ സെൻകുമാറിന്റെ അഭിമുഖം നൽകിയ പിഎസ് റംഷാദിന്റെ തുടർ റിപ്പോർട്ടുകളും ചർച്ചയാകുന്നു. ആദ്യം വന്ന റിപ്പോർട്ടിൽ താൻ പറയാത്ത കാര്യങ്ങൾ നൽകിയെന്ന് സെൻകുമാർ കുറ്റപ്പെടുത്തിയതിന് പിന്നാലെയാണ്

കേരളം നേരിടുന്ന മുസ്ലിം തീവ്രവാദത്തിന്റെ ഭീകരതയെക്കുറിച്ച് വ്യക്തമായ ഇന്റലിജൻസ് മുന്നറിയിപ്പുകൾ നൽകിയത് സെൻകുമാർ ഇന്റലിജൻസ് എ.ഡി.ജി.പിയായിരിക്കുമ്പോഴാണ്. ജമാഅത്തെ ഇസ്ലാമിയുടെ നിയന്ത്രണത്തിലുള്ള ഐ.പി.എച്ച് പബ്ലിക്കേഷൻ റെയ്ഡ് നടത്തി 14 പുസ്തകങ്ങൾ ദേശവിരുദ്ധമാണെന്നു പൊലീസ് കണ്ടെത്തിയിരുന്നു. പോപുലർ ഫ്രണ്ടിന്റെ പത്രമായ തേജസിന് സംസ്ഥാന സർക്കാരിന്റെ പരസ്യം നിഷേധിച്ചതും ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു. ഇപ്പോഴത്തെ സെൻകുമാറിന്റെ പരാമർശങ്ങളെ മോശമായി ചിത്രീകരിക്കുന്ന രീതിയിലേക്ക് മതമൗലികവാദ ഗ്രൂപ്പുകൾ ഒറ്റക്കെട്ടായി തിരിഞ്ഞതിന് കാരണം ഈ നീക്കങ്ങളാണെന്നാണ് വിലയിരുത്തൽ.

സെൻകുമാർ ജാതി തിരുത്തിയാണ് ഐ.പി.എസ് നേടിയതെന്ന് 2013 ഒക്ടോബറിൽ മാതൃഭൂമി വാർത്ത നൽകിയപ്പോൾ പോപുലർ ഫ്രണ്ടിന്റെ രാഷ്ട്രീയ പാർട്ടിയായ എസ്.ഡി.പി.ഐ സെൻകുമാറിനെതിരെ സംസ്ഥാനവ്യാപകമായി മാതൃഭൂമി പത്രവാർത്തയടക്കമുള്ള പോസ്റ്റർ പതിച്ച് പ്രക്ഷോഭം നടത്തിയിരുന്നുവെന്നതും ഇപ്പോൾ ചർച്ചയാകുന്നുണ്ട്. അരയ സമുദായത്തിൽ പെട്ട സെൻകുമാർ മലയരയ സമുദായാംഗമാണെന്ന് കാണിച്ച് ഐപിഎസ് നേടിയെന്നും അതിനെതിരായ അന്വേഷണം അട്ടിമറിക്കപ്പെട്ടുവെന്നുമായിരുന്നു മാതൃഭൂമി വാർത്ത. തങ്ങൾ പ്രസിദ്ധീകരിച്ചത് വസ്തുതാപരമായി തെറ്റാണെന്ന് മാതൃഭൂമി 2013 ഒക്ടോബർ 26ന് സമ്മതിക്കുകയും ഇത്തരത്തിൽ വാർത്ത പ്രസിദ്ധീകരിച്ചതിൽ നിർവ്യാജം ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

മാതൃഭൂമി ഖേദം പ്രകടിപ്പിക്കാൻ കാരണം എല്ലാ വസ്തുതയും തെറ്റായതുകാരണമാണ്. സെൻകുമാർ അരയ സമുദായത്തിൽപെട്ട ആളല്ല. ഈഴവസമുദായാംഗമാണ്. സംവരണാനുകൂല്യത്തിലല്ല സർവ്വീസിൽ പ്രവേശിച്ചതും. മാതൃഭൂമി ഖേദം പ്രകടിപ്പിച്ചതോടെ മാതൃഭൂമി വാർത്ത ഉയർത്തികാട്ടി സമരം നടത്തിയ എസ്.ഡി.പി.ഐയും പിന്മാറിയിരുന്നു അന്ന്. പോപുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട് സെൻകുമാർ നൽകിയ ഇന്റലിജൻസ് റിപ്പോർട്ട് ശരിവെക്കുന്ന കാര്യങ്ങളാണ് പിന്നീട് സംഭവിച്ചത്. തേജസ് പത്രത്തിന്റെ ജീവനക്കാരൻ തീവ്രവാദ സംഘടനയായ ഐ.എസിൽ ചേരാൻപോയത് കേരളത്തെ ഞെട്ടിച്ചിരുന്നു. ഇതെല്ലാം സെൻകുമാർ പൊലീസ് ഇന്റലിജൻസ് എഡിജിപിയായിരുന്ന കാലത്ത് ചർച്ചയാവുകയും ചെയ്തു.

ഇപ്പോൾ അദ്ദേഹത്തിന്റെ പരാമർശങ്ങളെ മുസ്‌ളീം സമുദായത്തിനെതിരെ എന്ന മട്ടിൽ ചിത്രീകരിക്കാൻ ആസൂത്രിത നീക്കമാണ് നടക്കുന്നതെന്നാണ് സൂചനകൾ. ഇതിനായി മുസ്‌ളീം മൗലികവാദ ഗ്രൂപ്പുകളും ശക്തമായി രംഗത്തുണ്ട്. ബിജെപി പക്ഷത്തിനൊപ്പം നിലകൊള്ളുമെന്ന് സെൻകുമാർ ഇതുവരെ വ്യക്തമാക്കിയിട്ടില്ലെങ്കിലും അദ്ദേഹത്തെ സംഘപരിവാറുകാരൻ ആക്കി ചിത്രീകരിക്കുന്ന നിലപാടുകളാണ് പലരും കൈക്കൊള്ളുന്നതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP