Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

എല്ലാം എതിരാണെന്ന് മണത്തറിഞ്ഞപ്പോൾ ദുബായിലേക്ക് മുങ്ങാൻ ശ്രമിച്ച തന്ത്രം പൊളിക്കാൻ കെണിയൊരുക്കിയത് ഐജി ദിനേന്ദ്ര കശ്യപ്; മൊഴിയെടുക്കാനെന്ന് പറഞ്ഞ് ദിലീപിനെ വിളിച്ചു വരുത്തിയത് ഞായറാഴ്ച രാത്രി; പൾസർ സുനിക്കൊപ്പം ഇരുത്തിയുള്ള ചോദ്യം ചെയ്യൽ നിർണ്ണായകമായി: അറസ്റ്റിന് അതിവേഗം സമ്മതം മൂളി മുഖ്യമന്ത്രിയും; ദിലീപ് അഴിക്കുള്ളിലായ കഥ ഇങ്ങനെ

എല്ലാം എതിരാണെന്ന് മണത്തറിഞ്ഞപ്പോൾ ദുബായിലേക്ക് മുങ്ങാൻ ശ്രമിച്ച തന്ത്രം പൊളിക്കാൻ കെണിയൊരുക്കിയത് ഐജി ദിനേന്ദ്ര കശ്യപ്; മൊഴിയെടുക്കാനെന്ന് പറഞ്ഞ് ദിലീപിനെ വിളിച്ചു വരുത്തിയത് ഞായറാഴ്ച രാത്രി; പൾസർ സുനിക്കൊപ്പം ഇരുത്തിയുള്ള ചോദ്യം ചെയ്യൽ നിർണ്ണായകമായി: അറസ്റ്റിന് അതിവേഗം സമ്മതം മൂളി മുഖ്യമന്ത്രിയും; ദിലീപ് അഴിക്കുള്ളിലായ കഥ ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: രഹസ്യ കേന്ദ്രത്തിലേക്ക് വിളിച്ചു വരുത്തിയാണ് ദിലീപിനെ പൊലീസ് അറസ്്റ്റ് ചെയ്തത്. ക്ഷേത്ര ദർശനത്തിലൂടെ ആത്മവിശ്വാസം വീണ്ടെടുത്ത നടൻ അറസ്റ്റ് ഉണ്ടാകില്ലെന്ന് ഏവരോടും പ്രതികരിച്ചിരുന്നു. നേരത്തെ തന്നെ ചോദ്യം ചെയ്തപ്പോൾ നടനോട് അഞ്ച് ദിവസത്തേക്ക് കൊച്ചി വിടരുതെന്ന് നിർദ്ദേശിച്ചിരുന്നു. എന്നാൽ അഞ്ച് ദിവസം കഴിഞ്ഞതോടെ ദിലീപ് ദുബായിലേക്ക് മുങ്ങാൻ ശ്രമം തുടങ്ങിയെന്ന് പൊലീസ് തിരിച്ചറിഞ്ഞു. നടൻ ഇന്ത്യവിട്ടാൽ പിന്നെ അറസ്റ്റ് നടക്കാതെ പോകും. ദിലീപിനെ രക്ഷിക്കാൻ പൊലീസും സർക്കാരും കൂട്ടുനിന്നുവെന്ന പ്രചരണവും ശക്തമാകും. ഈ സാഹചര്യം സർക്കാരിനെ ബോധ്യപ്പെടുത്താൻ അന്വേഷണ ഉദ്യോഗസ്ഥനായ ദിനേന്ദ്ര കശ്യപിന് സാധിച്ചു. ഇതാണ് മലയാള സിനിമയിലെ വമ്പൻ സ്രാവിനെ അഴിക്കുള്ളിലാക്കിയത്.

പൾസർ സുനിയെ തനിക്ക് അറിയില്ലെന്ന് ദിലീപ് നൽകിയ മൊഴിയാണ് നിർണ്ണായകമായത്. പൾസർ സുനിയുമായി വളരെ കാലത്തെ അടുപ്പമുണ്ടായിരുന്നു പൾസർ സുനിക്കെന്നത് ആർക്കും അറിയാവുന്ന കാര്യമായിരുന്നു. എന്നിട്ടും ദിലീപ് കള്ളം പറഞ്ഞു. ഇത് പൊളിക്കാനായതാണ് നിർണ്ണായകമായത്. കരുതലോടെ ദിനേന്ദ്ര കശ്യപ് തന്ത്രങ്ങൾ ഒരുക്കി. ഗൂഢാലോചനയിൽ വെളിച്ചം വീശുന്ന തെളിവ് കശ്യപിന് നൽകിയത് ദിലീപ് തന്നെയായിരുന്നു. കേസിൽ നിന്ന് രക്ഷപ്പെടാനൊരുക്കിയ ദിലീപിന്റെ പരാതി ലോക്‌നാഥ് ബെഹ്‌റയായിരുന്നു കശ്യപിന് നൽകിയിരുന്നത്. പൾസർ സുനിയും ദിലീപും തമ്മിലെ ബന്ധം അന്വഷിച്ചുള്ള യാത്രയാണ് ജയിലിലെ ഫോൺ വിളിവിവാദവും മറ്റും കശ്യപിന്റെ ശ്രദ്ധയിലെത്തിച്ചത്. ജയിലിൽ നിന്ന് കിട്ടിയ ഓരോ വിവരവും കശ്യപ് അതിസൂക്ഷ്മമായി നിരീക്ഷിച്ചിരുന്നു. ഇതിന് പെരുമ്പാവൂർ സിഐയായ ബൈദു പൗലോസിനേയും സമർദ്ദമായി ഉപയോഗിച്ചു. അത്ര സൂക്ഷ്മതയോടെ കേസിനെ കുറിച്ച് കശ്യപ് പഠിച്ചിരുന്നു.

ഇതിനിടെയാണ് മേൽനോട്ട ചുമതലയുള്ള എഡിജിപി ബി സന്ധ്യ എല്ലാം ഏറ്റെടുത്തത്. ശരിയായ ദിശയിൽ ഈ ഘട്ടത്തിലും അന്വേഷണം നീങ്ങി. ചില ഇടപെടൽ ഉണ്ടായെങ്കിലും നിർണ്ണായക വിവരങ്ങൾ പെരുമ്പാവൂർ സിഐ ബിജു പൗലോസ് ശേഖരിച്ചിരുന്നു. ഇതെല്ലാം കോർത്തിണക്കുന്നതിനിടെയാണ് ദുബായിലേക്ക് ദിലീപ് കടക്കുന്ന വിവരം പ്രചരിച്ചത്. ചോദ്യം ചെയ്യലിനിടെ ദിലീപുമായി അടുപ്പമുള്ള വ്യക്തിയിൽ നിന്നാണ് പൊലീസിന് സൂചന ലഭിച്ചത്. ഇതിന് പിറകെ പോയപ്പോൾ അതിൽ സത്യമുണ്ടെന്നും മനസ്സിലായി. ഇതിനിടെ അന്വേഷണ ചുമതല പലർക്കായി വീതിച്ചു നൽകി. ഇതിന് പിന്നിൽ ചില സമ്മർദ്ദം ഉണ്ടായിരുന്നു. ഇതോടെ എല്ലാം അവസാനിച്ചുവെന്നും ദിലീപ് രക്ഷപ്പെട്ടുവെന്നും പ്രചരണം സജീവമായി. എന്നാൽ ബിജു പൗലോസിന് അപ്പോഴും ചില നിർണ്ണായക ചുമതലകൾ കശ്യപ് നൽകിയിരുന്നു. ഇത് അതീവ രഹസ്യമായി തന്നെ ബിജു പൗലോസ് നിർവ്വഹിച്ചു. ഇതിനിടെയാണ് പൾസർ സുനിയെ കസ്റ്റഡിയിൽ കിട്ടുന്നത്.

ചോദ്യം ചെയ്യലിൽ ഗൂഢാലോചനാ വാദം സുനി നിരസിച്ചില്ല. ദിലീപിന് സുനിയെ അറിയില്ലെന്ന മൊഴി കാട്ടിയുള്ള പൊലീസിന്റെ ചോദ്യം ചെയ്യലും നിർണ്ണായകമായി. ദിലീപുമായുള്ള ദീർഘകാല ബന്ധം വിശദീകരിക്കുകയും ചെയ്തു. ഇതോടെ ദിലീപിനെ പൊലീസ് വിളിച്ചു വരുത്തി. ആലുവ പൊലീസ് ക്ലബ്ബിന് പുറത്തുള്ള സ്ഥലത്തേക്ക് എത്താൻ നിർദ്ദേശിക്കുകയും ചെയ്തു. മാധ്യമ ശ്രദ്ധ ഒഴിവാക്കാനാണിതെന്നും ചില കാര്യങ്ങൾ തിരക്കാനാണെന്നും പൊലീസ് പറഞ്ഞത് ദിലീപ് വിശ്വസിച്ചു. ഞായറാഴ്ച രാത്രിയോടെ ദിലീപ് രഹസ്യ കേന്ദ്രത്തിലെത്തി. അപ്പോൾ ഇൻഫോ പാർക്ക് പൊലീസ് സ്‌റ്റേഷനിലായിരുന്നു പൾസർ സുനിയുണ്ടായിരുന്നത്. ദിലീപെത്തിയതോടെ അതീവ രഹസ്യ കേന്ദ്രത്തിലേക്ക് പൾസർ സുനിയേയും എത്തിച്ചു. മാധ്യമങ്ങളിലേക്ക് രഹസ്യ കേന്ദ്രം ഏതെന്ന് അറിയാതിരിക്കാൻ പൊലീസ് അതീവ ശ്രദ്ധ പുലർത്തി. പൾസർ സുനിയെ കോയമ്പത്തൂരിലേക്ക് കൊണ്ടു പോയി എന്നു പോലും സംശയം എത്തി.

ഇതെല്ലാം ദിലീപ് കസ്റ്റഡിയിലുണ്ടെന്ന് പുറം ലോകം അറിയാതിരിക്കാനുള്ള നീക്കമായിരുന്നു. പൾസർ സുനിയെ മാറ്റിയ സ്ഥലം തേടി മാധ്യമങ്ങളെത്തിയാൽ പൊലീസിൽ സമ്മർദ്ദം കൂടും. ദിലീപ് അറസ്റ്റിലായെന്ന വാർത്ത പുറത്തുവരും. തെളിവെടുപ്പും കുറ്റസമ്മതവും പൂർത്തിയാകാതെ ഈ വാർത്ത പുറത്തുവന്നാൽ വീണ്ടും ദിലീപിനെ വെറുതെ വിടേണ്ട സാഹചര്യം ഉണ്ടാകുമൊയിരുന്നു. ഇത് മറികടക്കാനായിരുന്നു ഈ നീക്കം. പൾസർ സുനിയ്‌ക്കൊപ്പമിരുന്നുള്ള ചോദ്യം ചെയ്യലാണ് ദിലീപിനെ വെട്ടിലാക്കിയത്. ഇതോടെ സത്യം പുറത്തായി. എല്ലാം മുഖ്യമന്ത്രിയെ അറിയിച്ചു. എത്ര ഉന്നതനായാലും അറസ്റ്റ് ചെയ്യാനായിരുന്നു നിർദ്ദേശം. ദിനേന്ദ്ര കശ്യപിന്റെ വാദങ്ങൾ ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്കും ബോധ്യപ്പെട്ടു. വമ്പൻ സ്രാവ് കൈവിട്ടു പോയാൽ നാണക്കേടാകുമെന്ന ദിനേന്ദ്ര കശ്യപിന്റെ വിലയിരുത്തൽ ഏവരും അംഗീകരിച്ചു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷമാണ് വാർത്ത പുറംലോകത്ത് എത്തിയത്. അതുവരെ സിനിമാക്കാർ ആരും ഇതേ കുറിച്ച് അറിഞ്ഞിരുന്നില്ല.

ദിലീപിനെ രക്ഷിക്കാൻ വമ്പൻ സമ്മർദ്ദവുമായി ഒരു കൂട്ടം സിനിമാക്കാർ രംഗത്തുണ്ടായിരുന്നു. ഇവരിലേക്ക് വാർത്ത എത്താതിരിക്കാനായിരുന്നു മുൻകരുതൽ. ദിലീപിന്റെ അറസ്റ്റിലേക്കു നയിച്ചത് അഞ്ചു തെളിവുകളാണെന്നാണ് പൊലീസ് നൽകുന്ന സൂചന. ആദ്യഘട്ടത്തിൽതന്നെ സംശയത്തിന്റെ നിഴലിലായിരുന്ന ദിലീപിനെതിരേ ലഭിച്ച തെളിവുകൾ രണ്ടാംഘട്ടത്തിൽ കോർത്തിണക്കുകയായിരുന്നു. പൾസർ സുനിയെ പരിചയമില്ലെന്ന നിലപാടാണ് ദിലീപിനു വിനയായത്. പിന്നീട് ദിലീപ് നായകനായ ചിത്രങ്ങളുടെ ലൊക്കേഷനുകളിൽ പൾസർ സുനിയെത്തിയതിന് വ്യക്തമായ തെളിവുകൾ പൊലീസിനു ലഭിച്ചു. ദിലീപിനു പൾസർ സുനിയുമായി നേരിട്ട് ബന്ധമുണ്ടെന്നതിനും പൊലീസിനു തെളിവു ലഭിച്ചു. ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് ദിലീപിന്റെ ബന്ധുവിനു കൈമാറിയത്, ദിലീപുമായി ബന്ധമുള്ളവരുടെ ഫോൺ സംഭാഷണങ്ങൾ, ജയിലിൽ പൊലീസ് നിയോഗിച്ചവരോട് പൾസർ സുനി വെളിപ്പെടുത്തിയ വിവരങ്ങൾ, പൾസർ സുനിയുമായി ദിലീപിന് നേരിട്ടുള്ള ബന്ധത്തിന്റെ തെളിവുകൾ, ദിലീപിന്റെ മൊഴികൾ; മൊഴികളിലെ വൈരുധ്യങ്ങൾ എന്നിവയാണു ദിലീപിനെതിരേ തിരിയാൻ പൊലീസിനെ പ്രേരിപ്പിച്ചത്.

പൊലീസ് ആദ്യം സമർപ്പിച്ച കുറ്റപത്രത്തിൽ കേസിലെ മുഖ്യപ്രതി പൾസർ സുനിക്കെതിരേ ചുമത്തിയ വകുപ്പുകളിൽ ലൈംഗികാതിക്രമം ഒഴികെയുള്ളവയാണ് ദിലീപിനെതിരേ ചുമത്തിയത്. കഴിഞ്ഞദിവസം പൊലീസിന്റെ പിടിയിലായ രണ്ടുപേരിൽനിന്നു ശക്തമായ തെളിവുകൾ ലഭിച്ചതോടെയാണ് കേസിൽ നിർണായക വഴിത്തിരിവുണ്ടായത്. നാലുദിവസംമുമ്പു യാദൃച്ഛികമായാണ് ഇവർ പൊലീസിന്റെ പിടിയിലായത്. ഇവരെപ്പറ്റിയുള്ളകൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. സംഭവം നടന്നു നാലരമാസം പിന്നിടുമ്പോഴാണ് അറസ്റ്റ്. കഴിഞ്ഞ കുറേദിവസങ്ങളായി ഫോൺ സംഭാഷണങ്ങളും ദിലീപിന്റെ മൊഴിയും പൊലീസ് പരിശോധിച്ചുവരികയായിരുന്നു. ദിലീപിനെ വിളിച്ചുവരുത്തിയും വീട്ടിൽവച്ചും പൊലീസ് മൊഴിയെടുത്തിരുന്നു. സംഭവമുണ്ടായി തൊട്ടടുത്ത ദിവസംതന്നെ മൊഴിയെടുക്കാൻ പൊലീസ് ദിലീപിന്റെ വീട്ടിലെത്തിയിരുന്നു.

നടി ആക്രമിക്കപ്പെട്ട ദിവസം നടൻ ലാലിന്റെ വീട്ടിൽ എത്തിയ നിർമ്മാതാവ് ആന്റോ ജോസഫിന്റെ ഫോൺവിളിയും നിർണായകമായി. അന്ന് അദ്ദേഹത്തിന് ഒപ്പം ഉണ്ടായിരുന്നത് എംഎ‍ൽഎ: പി.ടി. തോമസായിരുന്നു. ആന്റോ ജോസഫ് കാര്യം പറഞ്ഞപ്പോൾ 12 സെക്കൻഡിൽ ദിലീപ് ഫോൺ കട്ട് ചെയ്തു. എന്നാൽ നടി ആക്രമിക്കപ്പെട്ട വിവരം താൻ അറിയുന്നത് രാവിലെ ഒൻപതു മണിക്കാണെന്ന് പിന്നീടുണ്ടായ ചോദ്യംചെയ്യലിൽ ദിലീപ് മൊഴി നൽകി. ഈ വൈരുധ്യത്തിൽനിന്നാണ് പൊലീസിന് പിന്നീട് തുമ്പ് ലഭിച്ചത്. മൊെബെൽ ടവർ കേന്ദ്രീകരിച്ചും മറ്റും നടത്തിയ അന്വേഷണം നിർണായകമായി. ക്വട്ടേഷനായിരുന്നെന്ന സൂചനയെത്തുടർന്ന് അതിനുവേണ്ടി നടത്തിയ പണമിടപാടുകളുടെ സൂചനകളും പൊലീസ് ട്രാക്ക് ചെയ്തിരുന്നു. ആലുവയിലെയും കാക്കനാട്ടെയും സബ് ജയിലുകളിൽവച്ചു പൾസർ സുനി ജയിൽ വെൽഫെയർ ഓഫീസർമാരോടും ജയിൽ അധികാരികളോടും പറഞ്ഞ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു നിഗമനത്തിലേക്ക് പൊലീസ് എത്തിയത്.

ഐ.ജി. ദിനേന്ദ്ര കശ്യപിന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിന് എ.ഡി.ജി.പി: ബി. സന്ധ്യയാണ് മേൽനോട്ടം വഹിച്ചത്. ഇടക്കാലത്ത് അന്വേഷണം മന്ദഗതിയിലായെങ്കിലും വനിതാ ചലച്ചിത്രപ്രവർത്തകർ രൂപംകൊടുത്ത വിമൻ ഇൻ സിനിമാ കലക്ടീവിന്റെ പ്രവർത്തനം അന്വേഷണ പുരോഗതിയിൽ നിർണായകമായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP