Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ദിലീപിന് വേണ്ടി സോഷ്യൽ മീഡിയയിൽ പ്രചരണതരംഗം സൃഷ്ടിക്കാൻ കരാറെടുത്തത് വൻകിട പിആർ ഏജൻസി; വേട്ടയാടപ്പെടുന്നു എന്ന് വരുത്തിയും പ്രമുഖരെ കയ്യിലെടുത്തും സഹാനുഭൂതി സൃഷ്ടിക്കാൻ നീക്കം; പത്തുകോടി വാങ്ങി കരാറെടുത്ത ഏജൻസിയുടെ പ്രവർത്തനങ്ങൾ അന്വേഷിച്ച് സ്‌പെഷ്യൽ ബ്രാഞ്ച്; വ്യാജ ഐഡിയുമായി പ്രചരണത്തിന് ഇറങ്ങുന്നവരും നിരീക്ഷണത്തിൽ

ദിലീപിന് വേണ്ടി സോഷ്യൽ മീഡിയയിൽ പ്രചരണതരംഗം സൃഷ്ടിക്കാൻ കരാറെടുത്തത് വൻകിട പിആർ ഏജൻസി; വേട്ടയാടപ്പെടുന്നു എന്ന് വരുത്തിയും പ്രമുഖരെ കയ്യിലെടുത്തും സഹാനുഭൂതി സൃഷ്ടിക്കാൻ നീക്കം; പത്തുകോടി വാങ്ങി കരാറെടുത്ത ഏജൻസിയുടെ പ്രവർത്തനങ്ങൾ അന്വേഷിച്ച് സ്‌പെഷ്യൽ ബ്രാഞ്ച്; വ്യാജ ഐഡിയുമായി പ്രചരണത്തിന് ഇറങ്ങുന്നവരും നിരീക്ഷണത്തിൽ

അർജുൻ സി വനജ്

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ദിലീപ് അറസ്റ്റിലായതിന് പിന്നാലെ നഷ്ടപ്പെട്ട പ്രതിച്ഛായ വീണ്ടെടുക്കാൻ രംഗത്തെത്തിയത് ദേശീയ തലത്തിൽ തന്നെ പ്രവർത്തിക്കുന്ന മുൻനിര പിആർ ഏജൻസി. രാഷ്ട്രീയ കക്ഷികളുടെ പ്രചരണ തന്ത്രങ്ങൾ ഉൾപ്പെടെ നിശ്ചയിക്കുന്ന ഏജൻസിക്ക് പത്തുകോടി രൂപ പ്രതിഫലം നിശ്ചയിച്ചതാണ് നടനുവേണ്ടി സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ പ്രചരണം നടത്താൻ ചുമതലപ്പെടുത്തിയത് എന്ന വിവരവും പുറത്തുവരുന്നു. ഇതോടെ രണ്ടുദിവസമായി സോഷ്യൽമീഡിയയിൽ നടക്കുന്ന പ്രവർത്തനങ്ങളെ പറ്റി സ്‌പെഷ്യൽ ബ്രാഞ്ച് അന്വേഷണം തുടങ്ങി.

ദിലീപ് അറസ്റ്റിലായതിന് പിന്നാലെയാണ് രണ്ടുദിവസമായി സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ ദിലീപ് അനുകൂല പ്രചരണങ്ങൾ സജീവമാക്കിയിട്ടുള്ളത്. പ്രമുഖ പിആർ ഏജൻസി ഇതിനായി പത്തംഗ ടീമിനെ നിയോഗിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. സിനിമാ അനുകൂല ഗ്രൂപ്പുകളിലും ഫാൻസ് അസോസിയേഷനുകളുമായി ബന്ധപ്പെട്ടുമാണ് പ്രചരണം കൊഴുക്കുന്നത്. നടനെതിരെ റിപ്പോർട്ടുകൾ നൽകുന്ന മാധ്യമങ്ങൾക്കെതിരെയും പ്രചരണമുണ്ട്. കൂടാതെ ആക്രമണത്തിന് ഇരയായ നടിയെ മോശമായി ചിത്രീകരിക്കാനും നടനെതിരെ സർക്കാർതലത്തിൽ ഗൂഢാലോചന നടന്നുവെന്ന് വരുത്താനും ശ്രമങ്ങൾ നടക്കുന്നു. ഇത്തരം പ്രചരണങ്ങൾ സജീവമായതോടെയാണ് ഇക്കാര്യത്തിൽ സ്‌പെഷ്യൽ ബ്രാഞ്ച് അന്വേഷണം നടക്കുന്നത്.

മലയാളികൾ കൂടി ഉൾപ്പെട്ട പത്തംഗ സംഘത്തെ ഉൾപ്പെടുത്തിയാണ് ഇത്തരത്തിൽ പ്രചരണം നടക്കുന്നതെന്നും സോഷ്യൽ മീഡിയയിൽ ദിലീപ് അനുകൂല പ്രചരണങ്ങൾ നടത്താൻ ഫെയ്ക്ക് ഐഡികൾ ഉൾപ്പെടെ ഉണ്ടാക്കിയതായും വിവരം ലഭിച്ചിട്ടുണ്ട്. ഇത്തരം ഐഡികളിൽ നിന്ന് നടത്തുന്ന പ്രചരണങ്ങളും പൊലീസ് നിരീക്ഷണത്തിലാണെന്ന് അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥരിൽ നിന്ന് മറുനാടന് വിവരം ലഭിച്ചു. നഴ്‌സിങ് സമരം കൊടുമ്പിരിക്കൊണ്ടിരിക്കുമ്പോൾ ചാനലുകൾ അതൊഴിവാക്കി പകരം ദിലീപ് ഷോ നടത്തുകയാണെന്ന മട്ടിലും പ്രചരണം നടക്കുന്നുണ്ട്. വാർത്തകളുടെ മുഖ്യധാരയിൽ ദിലീപ് വിഷയം കത്തിനിൽക്കുന്നത് ഒഴിവാക്കാനും പിന്നാമ്പുറ ശ്രമങ്ങൾ നടക്കുന്നു.

പ്രമുഖ വ്യക്തികളേയും ദിലീപിന് അനുകൂലമായി സംസാരിക്കുന്നവരേയും ഉപയോഗിച്ച് ഇത്തരത്തിൽ വരുംദിവസങ്ങളിൽ പ്രചരണം ഉഷാറാക്കാനാണ് കരാർ ഏറ്റെടുത്ത കമ്പനിയുടെ നീക്കമെന്നാണ് വിവരം. ഇതിനായി പലരേയും സമീപിച്ചുംകഴിഞ്ഞു. എന്നാൽ കേരളചരിത്രത്തിൽ തന്നെ വലിയ കോളിളക്കമായി മാറുന്ന കേസിൽ പരസ്യ പ്രതികരണത്തിന് പ്രമുഖരായ പലരും തയ്യാറായിട്ടില്ല.

സിനിമ സംബന്ധമായ ഗ്രൂപ്പുകൾ, പേജുകൾ തുടങ്ങിയവയിൽ രണ്ടുദിവസമായി ദിലീപ് അനുകൂല പോസ്റ്ററുകളും പേജുകളും കൂടുതൽ സജീവമായതോടെയാണ് ഇതുസംബന്ധിച്ച് ആസൂത്രിത ശ്രമം നടക്കുന്നുണ്ടെന്ന സംശയം ഉയർന്നത്. ഇക്കാര്യം മറുനാടൻ മലയാളി കഴിഞ്ഞദിവസം റിപ്പോർട്ടു ചെയ്തിരുന്നു.

നടി ആക്രമിക്കപ്പെട്ട സമയം മുതൽ ഈ വിഷയം റിപ്പോർട്ട് ചെയ്ത മാധ്യമങ്ങളെ നിശബ്ദരാക്കാൻ ശ്രമിച്ച ഏജൻസി ഇപ്പോൾ ദിലീപിന്റെ വക്കാലത്ത് ഏറ്റെടുത്താണ് സോഷ്യൽ മീഡിയ പ്രചരണം നടത്തുന്നത്. നൂറ് കണക്കിന് വ്യാജ ഫേസ്‌ബുക്ക് പ്രൊഫൈലുകൾ സൃഷ്ടിച്ച് താരത്തിന് അനുകൂലമായ സഹതാപം സൃഷ്ടിക്കുകയാണ് ഇവരുടെ പ്രധാന പരിപാടി. നേരത്ത മാധ്യമങ്ങൾക്കെതിരെ കേസ് കൊടുക്കാൻ വേണ്ടി വിവരങ്ങൾ ശേഖരിച്ചിരുന്നത് ഈ ഏജൻസിയാണ്.

ഇതിനായി ചില സോഷ്യൽ മീഡിയ ട്രോൾ പേജുകളെയും ഇവർ കൂട്ടുപിടിച്ചിട്ടുണ്ട്. അമ്മയിൽ നിന്നും ദിലീപിനെ പുറത്താക്കുകയും ഒട്ടുമിക്ക താരങ്ങൾ എതിർത്തു കൊണ്ട് രംഗത്തെത്തുകയും ചെയ്ത സാഹചര്യത്തിലാണ് ഇപ്പോൾ അവസാന അടവായി താരത്തെ കള്ളക്കേസിൽ കുടുക്കിയെന്ന വിധത്തിൽ പ്രചരണം ശക്തമാക്കിയിരിക്കുന്നത്. ഇപ്പോഴത്തെ പ്രചരണങ്ങൾക്ക് സാമ്പത്തിക സഹായം ഒരുക്കി രംഗത്തുള്ളത് സഹോദരൻ അനൂപും മറ്റു ചില സിനിമാക്കാരുമാണെന്ന നിലയിലാണ് പ്രചാരണങ്ങളും.

എന്തുവിധേനയും താരത്തെ സംരക്ഷിക്കണം എന്ന ലക്ഷ്യമാണ് ഇതിന് പിന്നിൽ. ദിലീപിനെ വിശ്വസിച്ച് റിയൽ എസ്റ്റേറ്റിൽ പണം മുടക്കിയ പ്രമുഖരും താരത്തെ കേസിൽ നിന്നും രക്ഷിക്കാൻ വേണ്ടി സമ്മർദ്ദ ശക്തിയായി രംഗത്തുണ്ടെന്ന വിവരങ്ങളും പുറത്തുവരുന്നു. ഏതായാലും ഇക്കാര്യത്തിൽ പൊലീസ് അന്വേഷണം തുടങ്ങിയത് ഇത്തരത്തിലെ പ്രചാരണങ്ങൾ സർക്കാരിനെതിരെ തിരിയുന്ന സാഹചര്യത്തിൽ കൂടിയാണ് എന്നാണ് ലഭിക്കുന്ന വിവരം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP