Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തിരുവനന്തപുരത്ത് വീണ്ടും വിഭാഗീയത തലപൊക്കുന്നു; കടകംപള്ളിയെ ഒതുക്കാൻ ജില്ലാ സെക്രട്ടറിയുടെ ഗ്രൂപ്പ് പ്രവർത്തനം; പറഞ്ഞു തീർത്ത പരാതി കുത്തിപ്പൊക്കി മന്ത്രിയുടെ വിശ്വസ്തനെ തരംതാഴ്‌ത്താൻ നീക്കം; വിജയകുമാറും കോലിയക്കോടും തുറന്നു പറഞ്ഞതോടെ കോടിയേരിയുടെ സർജിക്കൽ സ്‌ട്രൈക്ക്; ശിവൻകുട്ടിക്കും ആനാവൂരിനും സി.പി.എം ശാസന

തിരുവനന്തപുരത്ത് വീണ്ടും വിഭാഗീയത തലപൊക്കുന്നു; കടകംപള്ളിയെ ഒതുക്കാൻ ജില്ലാ സെക്രട്ടറിയുടെ ഗ്രൂപ്പ് പ്രവർത്തനം; പറഞ്ഞു തീർത്ത പരാതി കുത്തിപ്പൊക്കി മന്ത്രിയുടെ വിശ്വസ്തനെ തരംതാഴ്‌ത്താൻ നീക്കം; വിജയകുമാറും കോലിയക്കോടും തുറന്നു പറഞ്ഞതോടെ കോടിയേരിയുടെ സർജിക്കൽ സ്‌ട്രൈക്ക്; ശിവൻകുട്ടിക്കും ആനാവൂരിനും സി.പി.എം ശാസന

പ്രവീൺ സുകുമാരൻ

തിരുവനന്തപുരം: സിപിഎമ്മിൽ വീണ്ടും വിഭാഗീയത തലപൊക്കുന്നുവോ? ഒരു തരത്തിലും ഗ്രൂപ്പിസും അനുവദിക്കില്ലെന്നാണ് പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നിലപാട്. പ്രാദേശിക തലത്തിൽ വ്യക്തി വൈരാഗ്യം തീർക്കാൻ പാർട്ടി സംവിധാനത്തെ ഉപയോഗിക്കാൻ ആരേയും അനുവദിക്കില്ല. ഈ സാഹചര്യത്തിലാണ് ജില്ലാ സെക്രട്ടറിയേറ്റ് യോഗം വിളിച്ച് ആനാവൂർ നാഗപ്പനേയും വി ശിവൻകുട്ടിയേയും കോടിയേരി ശാസിച്ചത്. മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ ഇരുവരും ഒരുമിക്കുന്നതാണ് വിവാദങ്ങൾക്ക് കാരണം. ഒരു കാരണവശാലും വിഭാഗീയ പ്രവർത്തനം നടത്തരുതെന്ന് തിരുവനന്തപുരം ജില്ലാ സെക്രട്ടറി കൂടിയായ ആനാവൂരിന് കോടിയേരി നിർദ്ദേശം നൽകി. അതിരുവിട്ട പ്രവർത്തനം വേണ്ടെന്ന് ശിവൻ കുട്ടിയേയും ശാസിച്ചു.

ദിവസങ്ങൾക്ക് മുമ്പാണ് സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് യോഗം ചേർന്നത്. കോടിയേരി നേരിട്ട് പങ്കെടുത്തു. സംസ്ഥാന നേതൃത്വത്തിന് ലഭിച്ച പരാതിയായിരുന്നു ഇതിന് കാരണം. പാറശ്ശാലയിലെ കടകംപള്ളി പക്ഷ നേതാവാണ് മരുളി. കഴിഞ്ഞ സമ്മേളനത്തിന് മുമ്പ് മുരളിക്കെതിരെ ചില ആരോപണം ഉയർന്നു. ഇത് പാർട്ടി തലത്തിൽ ചർച്ച ചെയ്യുകയും നടപടി വേണ്ടെന്ന് തീരുമാനിക്കുകയും ചെയ്തു. പാറശ്ശാലക്കാരനായ ആനാവൂരിന്റെ പ്രധാന പ്രതിയോഗിയാണ് ഈ പ്രാദേശിക നേതാവ്. മുരളിയെ തരംതാഴ്‌ത്താനായിരുന്നു ആനാവൂരിന്റെ നീക്കം. പഴയ പരാതി വീണ്ടും ചർച്ചയാക്കാൻ ഏര്യാ കമ്മറ്റിയിൽ നീക്കം നടത്തി. എന്നാൽ ഏര്യാ കമ്മറ്റി യോജിച്ചില്ല. ഇതോടെ സംസ്ഥാന നേതാക്കളുമായെത്തി ഏര്യാ കമ്മറ്റിയുടെ വിയോജിപ്പോടെ നടപടികൾക്ക് തുടക്കം കുറിച്ചു.

ജില്ലയിലെ മുതിർന്ന സംസ്ഥാന കമ്മറ്റി അംഗങ്ങളായ എം വിജയകുമാറും കോലിയക്കോട് കൃഷ്ണൻ നായരുമാണ് ഏര്യാ കമ്മറ്റിക്ക് എത്തിയത്. ഇവരുടെ സാന്നിധ്യത്തിൽ തീരുമാനം അടിച്ചേൽപ്പിക്കാൻ ആനാവൂർ ശ്രമിച്ചു. ഇതിനെതിരെ പാറശാല ഏര്യാ സെക്രട്ടറിയുടെ പരാതി സംസ്ഥാന നേതൃത്വത്തിന് ലഭിച്ചു. ഇത് കോടിയേരി പരിശോധിച്ചു. വിജയകുമാറിനോടും കോലിയക്കോടിനോടും കാര്യങ്ങൾ തിരക്കി. ജില്ലാ സെക്രട്ടറി ആവശ്യപ്പെട്ടതു കൊണ്ടാണ് ഏര്യാ കമ്മറ്റിയിൽ പങ്കെടുത്തതെന്ന് വിശദീകരിച്ചു. ഇതോടെയാണ് ആനാവൂരും ശിവൻ കുട്ടിയും പ്രശ്‌നത്തിൽ കുരുക്കിലായത്. ഇതിനെ ഗൗരവത്തോടെ തന്നെ കോടിയേരി കണ്ടു. പറഞ്ഞു തീർത്ത പ്രശ്‌നം വീണ്ടും ഊതി വീർപ്പിക്കുന്ന വൈരാഗ്യം അംഗീകരിക്കില്ലെന്ന് കോടിയേരി നിലപാട് എടുത്തു.

മന്ത്രികൂടിയായ കടകംപള്ളിയോടും ആശയ വിനിമയം നടത്തി. ഇതോടെയാണ് തിരുവനന്തപുരത്തെ ഗ്രൂപ്പിസത്തിന്റെ വികൃത മുഖം കോടിയേരി മനസ്സിലാക്കിയത്. മന്ത്രിയായ തന്നേയും തന്റെ അണികളേയും ലക്ഷ്യമിട്ട് ആനാവൂർ നീങ്ങുന്നതായി കടകംപള്ളി പരാതി ഉന്നയിച്ചു. ഒരു ആവശ്യവുമില്ലാതെ വെറുതെ പ്രശ്‌നങ്ങൾ കുത്തിപൊക്കുകയാണ് ചെയ്യുന്നത്. മന്ത്രിയായതോടെ താൻ ജില്ലാ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു. ഈ കസേര അടുത്ത സമ്മേളനത്തിൽ ഉറപ്പിക്കാനാണ് ആനാവൂരിന്റെ ശ്രമം. ശിവൻ കുട്ടിയും പ്രത്യേക താൽപ്പര്യത്തോടെ കൂട്ടുനിൽക്കുന്നുവെന്ന് കടകംപള്ളി വിശദീകരിച്ചു. ഇതിന് ശേഷം കോടിയേരി വ്യക്തമായ അന്വേഷണം നടത്തി. ഇതിനൊടുവിലാണ് ജില്ലാ സെക്രട്ടറിയേയും സംസ്ഥാന കമ്മറ്റി അംഗം കൂടിയായ ശിവൻ കുട്ടിയേയും ശാസിക്കാൻ തീരുമാനിച്ചത്.

ജില്ലാ സെക്രട്ടറിയേറ്റിൽ നിശത വിമർശനമാണ് കോടിയേരി നടത്തിയത്. ഗ്രൂപ്പ് പ്രവർത്തനം ഒരു കാരണവശാലും അനുവദിക്കില്ല. എല്ലാവരേയും ഒരുമിപ്പിച്ച് പാർട്ടിയെ ശക്തിപ്പെടുത്തുകയാണ് വേണ്ടത്. പഴയ കാല പ്രശ്‌നങ്ങളെല്ലാം എല്ലാവരും മറക്കണം. അത് വീണ്ടും കുത്തിപ്പൊക്കി പാർട്ടിയിൽ ഭിന്നതയുണ്ടാക്കരുത്. ഇതിന് ആരു ശ്രമിച്ചാലും കർശന നടപടിയുണ്ടാകുമെന്നും ജില്ലാ സെക്രട്ടറിയേറ്റിൽ കോടിയേരി മുന്നറിയിപ്പ് നൽകി. തിരുവനന്തപുരത്തെ നഗര കേന്ദ്രങ്ങളിൽ ശിവൻകുട്ടിയും നെയ്യാറ്റിൻകര, പാറശ്ശാല മേഖലയിൽ പ്രശ്‌നങ്ങളുണ്ടാക്കാൻ ആനാവൂരും ശ്രമിക്കുന്നുണ്ടെന്ന പരാതി ഇനി ഉയരരുതെന്നും കോടിയേരി വിശദീകരിച്ചു.

തിരുവനന്തപുരത്ത് ഒരു കാലത്ത് വി എസ് അച്യുതാനന്ദന്റെ വിശ്വസ്തനായിരുന്നു ആനാവൂർ. മലപ്പുറം സമ്മേളനത്തിൽ വിഎസിനെ ആദ്യം തള്ളിപ്പറഞ്ഞതും ആനാവൂരായിരുന്നു. ഇതോടെ സംസ്ഥാന സമിതി അംഗമായി. കടകംപള്ളിയുടെ വിശ്വസ്താനായി ജില്ലയിൽ നിറഞ്ഞു. പിണറായി പക്ഷത്തെ കരുത്തനെന്ന ലേബലിലാണ് കടകംപള്ളിക്ക് ശേഷം ജില്ലാ സെക്രട്ടറിയേറ്റിലെത്തിയത്. ഇതിനിടെ കടകംപള്ളിയുമായി തെറ്റി ശിവൻകുട്ടിയെ കൂട്ടി. വിജയകുമാറിനേയും കടകംപള്ളിയേയും ഒതുക്കി ജില്ല പിടിക്കാനാണ് നീക്കം. ഇത് തിരിച്ചറിഞ്ഞാണ് ജില്ലാ സെക്രട്ടറിയെ തന്നെ കോടിയേരി ശാസിക്കുന്നത്.

നേമത്ത് മത്സരിച്ച് തോറ്റ ശിവൻകുട്ടിയും പിണറായി പക്ഷത്തെ പ്രമുഖനാണ്. എന്നാൽ നേമത്ത് നിന്ന് തോറ്റ ശിവൻകുട്ടിയോട് കടകംപള്ളിക്ക് താൽപ്പര്യക്കുറവുണ്ട്. ഇതും ആനാവൂർ മുതലാക്കുന്നുവെന്നാണ് ഉയരുന്ന വിമർശനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP