Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വ്യജ പാസ്‌പോർട്ടുകളുണ്ടാക്കി മനുഷ്യക്കടത്ത് നടത്തിയ ഇടുക്കി സ്വദേശിയെ രക്ഷിക്കാൻ ഉന്നത ഇടപെടൽ; കഞ്ഞിക്കുഴിക്കാരനായ പരീതിന് ലഹരി മാഫിയയുമായി ബന്ധമുണ്ടോയെന്നും സംശയം; കേസ് ഒതുക്കാൻ പണം പറ്റിയ പ്രദേശിക ലേഖകന് വിദേശത്ത് ഉല്ലാസയാത്ര; എൻഐഎയ്ക്ക് പരാതി ലഭിച്ചെന്ന സൂചനകിട്ടിയതോടെ പരീതും മുങ്ങി; ഇരിക്കപ്പൊറുതിയില്ലാതെ കൈക്കൂലി വാങ്ങിയ പൊലീസുകാർ

വ്യജ പാസ്‌പോർട്ടുകളുണ്ടാക്കി മനുഷ്യക്കടത്ത് നടത്തിയ ഇടുക്കി സ്വദേശിയെ രക്ഷിക്കാൻ ഉന്നത ഇടപെടൽ; കഞ്ഞിക്കുഴിക്കാരനായ പരീതിന് ലഹരി മാഫിയയുമായി ബന്ധമുണ്ടോയെന്നും സംശയം; കേസ് ഒതുക്കാൻ പണം പറ്റിയ പ്രദേശിക ലേഖകന് വിദേശത്ത് ഉല്ലാസയാത്ര; എൻഐഎയ്ക്ക് പരാതി ലഭിച്ചെന്ന സൂചനകിട്ടിയതോടെ പരീതും മുങ്ങി; ഇരിക്കപ്പൊറുതിയില്ലാതെ കൈക്കൂലി വാങ്ങിയ പൊലീസുകാർ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ലഹരിമരുന്നു മാഫിയയുമായി ബന്ധമുണ്ടെന്നു കരുതുന്ന ഇടുക്കി കഞ്ഞിക്കുഴി സ്വദേശി വ്യാജപാസ്‌പോർട്ട് നിർമ്മിച്ച് മനുഷ്യക്കടത്ത് നടത്തിയ സംഭവം ഒതുക്കി തീർക്കാൻ ശ്രമം. അനധികൃത ഇടപാടുകളിലൂടെ കോടികൾ സമ്പാദിച്ച ഇയാൾ തീവ്രവാദ-ലഹരി ഇടപാടുകളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നതായും ആരോപണമുയർന്നിട്ടുണ്ട്.

രാജ്യസുരക്ഷയ്ക്കുതന്നെ ഭീഷണിയായ സംഭവം പുറത്തറിഞ്ഞതോടെ പ്രതികളെ രക്ഷിക്കാൻ ഉന്നതതലത്തിൽ നീക്കം ആരംഭിച്ചിട്ടുണ്ട്. മാധ്യമങ്ങളിൽ വാർത്ത വരില്ലെന്നു വാഗ്ദാനം നൽകി ഇയാളിൽനിന്നും ലക്ഷങ്ങൾ വാങ്ങിയ പ്രാദേശിക മാധ്യമപ്രവർത്തകൻ വിദേശയാത്ര നടത്തിയതും വിവാദമായി. ഇതിനിടെ മുഖ്യപ്രതി മുങ്ങുകയും ചെയ്തു. അതേസമയം നടപടി സ്വീകരിച്ചെന്നു വരുത്തിത്തീർക്കാൻ കേസ് രജിസ്റ്റർ ചെയ്ത പൊലിസ് മൂന്നു മാസമായിട്ടും നടപടിയെടുക്കാൻ തയാറായിട്ടില്ല.

കഞ്ഞിക്കുഴി സ്വദേശി പൊന്നപ്പാലയിൽ പരീതാണ് രണ്ടര പതിറ്റാണ്ടിനിടെ നിരവധി വ്യാജപാസ്‌പോർട്ടുകൾ സ്വന്തമാക്കി മനുഷ്യക്കടത്ത് നടത്തിയത്. ഇവയിൽ 1994 മുതൽ ഇയാൾ നാലു പാസ്‌പോർട്ടുകൾ കൈവശമാക്കിയതായും ഇവയിലൊന്നുപയോഗിച്ച് ഇയാളുടെ സഹോദരൻ ഗൾഫിലേക്ക് പോയതായി വ്യക്തമായിട്ടുണ്ട്. ഒരെണ്ണമുപയോഗിച്ച് പരീത് പല തവണ ഗൾഫ് രാജ്യങ്ങൾ സന്ദർശിച്ചു. പരീതിന്റെ തന്നെ വിലാസത്തിലുള്ള മറ്റ് രണ്ടു പാസ്‌പോർട്ടുകളിൽ പതിച്ചിരിക്കുന്ന ഫോട്ടോകൾ ആരുടേതാണെന്നോ, ഇതുപയോഗിച്ച് അവർ ഏത് രാജ്യത്തേക്കാണ് പോയതെന്നോ അറിവായിട്ടില്ല.

പരീതിന്റെ ബന്ധു അടുത്തയിടെ 11 കോടി രൂപയുടെ ഹാഷിഷുമായി അടിമാലിയിൽ പിടിയിലായിരുന്നു. ഇതോടെയാണ് പരീതിന്റെ മനുഷ്യക്കടത്തിനു പിന്നിൽ ലഹരിമാഫിയ ബന്ധവും സംശയിക്കപ്പെടുന്നത്. കഞ്ഞിക്കുഴി പൊലിസ് മുക്കാൻ ശ്രമിച്ച കേസ് സംബന്ധിച്ച് എൻ.ഐ.എയ്ക്ക് പരാതി ലഭിച്ചതോടെയാണ് ഉന്നത ഉദ്യോഗസ്ഥരുൾപ്പെടെയുള്ള പ്രതികളെ രക്ഷിക്കാൻ തീവ്രശ്രമം നടക്കുന്നത്.

കഴിഞ്ഞ ഏപ്രിലിൽ പരീത് പുതിയ പാസ്‌പോർട്ടിന് അപേക്ഷ സമർപ്പിച്ചതാണ് സംഭവം പുറത്തറിയാൻ കാരണമായത്. ഇടുക്കി പാസ്‌പോർട്ട് സെല്ലിൽ നൽകിയ അപേക്ഷപ്രകാരം പാസ്‌പോർട്ട് വെരിഫിക്കേഷന് കഞ്ഞിക്കുഴി പൊലീസ് സ്റ്റേഷനിലെ സി പി ഒ അനിൽ എസ് മനയത്തിനെയാണ് സ്റ്റേഷൻ ഹൗസ് ഓഫീസർ ചുമതല നൽകിയത്. അനിൽ നടത്തിയ അന്വേഷണത്തിൽ പൊന്നപ്പാലയിൽ പരീത് മുമ്പ് ഒന്നിലധികം പാസ്‌പോർട്ടുകൾ എടുത്തിട്ടുണ്ടെന്നു വ്യക്തമായി. സ്വന്തം പേരിൽ പാസ്‌പോർട്ടുകൾ സമ്പാദിച്ച പരീത്, ഇതേ പാസ്‌പോർട്ടിൽ സഹോദരനെയും മറ്റ് ചിലരെയും വിദേശത്തേക്ക് കടത്തിയതായും അന്വേഷണത്തിൽ കണ്ടെത്തി. ഫോട്ടോ മാറ്റി ഒട്ടിച്ചാണ് മുമ്പ് കൃത്രിമം നടത്തിയതെന്ന് തെളിയിക്കുന്ന രേഖകൾ സഹിതം മെയ്‌ 9-ന് ഇദ്ദേഹം കഞ്ഞുക്കുഴി സബ് ഇൻസ്‌പെക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. തുടർ നടപടിയും ശുപാർശ ചെയ്തു.

സംഭവം പൊലീസ് സ്റ്റേഷനിൽ നിന്നു ചോർന്നതോടെ, സാമുദായിക സംഘടന പ്രസിദ്ധീകരിക്കുന്ന ദിനപത്രത്തിന്റെ ലേഖകൻ കൂടിയായ ചെറുതോണിയിലെ പ്രാദേശിക ചാനൽ റിപ്പോർട്ടർ കഞ്ഞിക്കുഴി സ്‌റ്റേഷനിലെത്തി എസ്.ഐയിൽനിന്നു വിവരങ്ങൾ ശേഖരിച്ചു മടങ്ങിയെങ്കിലും വാർത്ത പ്രസിദ്ധീകരിക്കാതെ പ്രതിയുമായി അടുപ്പമുള്ളവരുമായി ബന്ധപ്പെട്ടു. തുടർന്നു പരീത് മറ്റ് രണ്ടു പേരുമൊത്ത് രാത്രിയിൽ റിപ്പോർട്ടറുടെ വീട്ടിലെത്തി പ്രശ്‌നം ഒതുക്കിത്തീർക്കണമെന്നും പൊലിസുമായി ധാരണയിലെത്തിയിട്ടുണ്ടെന്നും അറിയിച്ചു. സംഭവം പുറത്തറിയിക്കാതിരിക്കണമെങ്കിൽ ലക്ഷങ്ങൾ മുടക്കേണ്ടി വരുമെന്നു റിപ്പോർട്ടർ അറിയിച്ചു. പിറ്റേന്നു തുക നൽകാമെന്ന വ്യവസ്ഥയിൽ വാർത്ത പുറത്തറിയിക്കില്ലെന്ന ധാരണയിൽ ഇരുകൂട്ടരും പിരിഞ്ഞു. തുടർന്നുള്ള ഏതാനും ദിവസങ്ങളിൽ പ്രതിയും റിപ്പോർട്ടറും എസ്.ഐയും കഞ്ഞിക്കുഴി സ്‌റ്റേഷനിൽ കൂടിക്കാഴ്ച നടത്തി.

വെരിഫിക്കേഷൻ റിപ്പോർട്ടിനെക്കുറിച്ച് അറിഞ്ഞ ഉന്നത പൊലിസ് ഉദ്യോഗസ്ഥനും കഞ്ഞിക്കുഴിയിലെ പൊലീസുകാർക്കും വൻതുക കൈക്കൂലിയായി പ്രതി നൽകിയെന്നാണ് വിവരം. വെരിഫിക്കേഷൻ റിപ്പോർട്ടിൽ നടപടിയെന്നോണം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം അവസാനിപ്പിക്കുകയും ചെയ്തു. എന്നാൽ ഇതു നാട്ടുകാർക്കിടയിൽ പ്രചരിച്ചതോടെ വ്യാജപാസ്‌പോർട്ട് ഉണ്ടാക്കിയെന്ന ആക്ഷേപത്തിൽ കഴമ്പില്ലെന്നും മറ്റും വിശദീകരിച്ച് ജനങ്ങളുടെയും മറ്റ് മാധ്യമങ്ങളുടെയും നാവടക്കി സ്വന്തം തടി സംരക്ഷിക്കാനാണ് എസ്.ഐ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ ശ്രമം നടത്തുന്നത്. വ്യാജ പാസ്‌പോർട്ടുകൾ ഉണ്ടാക്കാൻ ഒത്താശ ചെയ്ത പാസ്‌പോർട്ട് ഓഫീസ് ഉദ്യോഗസ്ഥരും പൊലിസും ചേർന്നാണ് കേസ് തേച്ചുമാച്ചു കളയാൻ ശ്രമിക്കുന്നത്.

പൊന്നപ്പാല പരീത് ലഹരി മാഫിയയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നയാളാണെന്നാണ് നാട്ടുകാർ നൽകുന്ന സൂചന. ഇയാൾ കോടിക്കണക്കിനു രൂപ വഴിവിട്ടു സമ്പാദിച്ചതായും പറയുന്നു. ഇയാളുടെ കുടുംബം നേരത്തെ അടിമാലിക്കടുത്താണ് താമസിച്ചിരുന്നത്. ഇപ്പോൾ അവിടെയുള്ള ബന്ധുവിനെയാണ് 11 കോടി രൂപ വിലമതിക്കുന്ന ഹാഷീഷുമായി ഏതാനും മാസം മുമ്പ് അറസ്റ്റ് ചെയ്തത്. പരീത് നിരവധി തവണ ഗൾഫ് രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്. എന്നാൽ എന്തിനാണെന്നു വ്യക്തമല്ലാത്തതു നാട്ടുകാർക്കിടയിൽ സംശയമുണർത്തിയിരുന്നു. പരീതിന്റെ പുതിയ പാസ്‌പോർട്ടിൽ നടത്തിയ വെരിഫിക്കേഷനിൽ സിവിൽ പൊലിസ് ഓഫീസർക്ക് ലഭിച്ചത് ഒരേ പേരിലുള്ള വിവിധ പാസ്‌പോർട്ടുകളുടെ കോപ്പികളാണ്. ഇതിൽ വ്യത്യസ്ത ഫോട്ടോകളാണെന്നു വ്യക്തമായിട്ടും മേലുദ്യോഗസ്ഥർ നടപടിയെടുക്കാത്തത് ശക്തമായ സ്വാധീനത്തിനു വഴങ്ങിയാണെന്നാണ് സൂചന. ഇതിനിടെയാണ് സംഭവം സംബന്ധിച്ച് ഐ.എൻ.എയ്ക്ക് പരാതി ലഭിച്ചത്. ഇതറിഞ്ഞതോടെയാണ് പരീത് ഒളിവിൽ പോയത്.

മാധ്യമങ്ങളിൽ വാർത്ത വരില്ലെന്നു ഉറപ്പു നൽകി ലക്ഷങ്ങൾ കൈപ്പറ്റിയ പ്രാദേശിക ചാനൽ പ്രവർത്തകൻ ഈ മാസമാദ്യം വിസിറ്റിങ് വിസയിൽ ഗൾഫിലേക്ക് പോയി. പൊലിസ് കേസുകൾ ഒത്തുതീർക്കുന്നതിന് ഇടനിലക്കാരനായി നിന്ന് നിശ്ചിത ഫീസ് ഇയാൾ വാങ്ങുന്നുവെന്നാരോപിച്ച് നേരത്തെ ഇയാൾക്കെതിരെ ചെറുതോണി മേഖലയിൽ പോസ്റ്റർ പ്രചരിച്ചിരുന്നു. ഇയാൾ അടുത്തകാലത്തു വൻതോതിൽ സമ്പാദ്യമുണ്ടാക്കിയെന്നും ആരോപണമുയർന്നിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP