Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുരളീധരനും എംടി രമേശിനും എതിരെ തെളിവില്ല; കോഴയിൽ സ്ഥാനം പോകുക 'സെൽ' കൺവീനർക്ക് മാത്രം; പാലക്കാട്ടെ ആരോപണം ഉയർത്തിയത് കൃഷ്ണദാസ് പക്ഷത്തെ തുണച്ചു; അന്വേഷണ കമ്മീഷനെ നിയമിച്ചത് കോർ കമ്മറ്റിയിൽ പോലും ചർച്ച ചെയ്യാതെ; ബിജെപിയിൽ കുമ്മനം ആദ്യമായി പിടിമുറുക്കുന്നത് ഇങ്ങനെ

മുരളീധരനും എംടി രമേശിനും എതിരെ തെളിവില്ല; കോഴയിൽ സ്ഥാനം പോകുക 'സെൽ' കൺവീനർക്ക് മാത്രം; പാലക്കാട്ടെ ആരോപണം ഉയർത്തിയത് കൃഷ്ണദാസ് പക്ഷത്തെ തുണച്ചു; അന്വേഷണ കമ്മീഷനെ നിയമിച്ചത് കോർ കമ്മറ്റിയിൽ പോലും ചർച്ച ചെയ്യാതെ; ബിജെപിയിൽ കുമ്മനം ആദ്യമായി പിടിമുറുക്കുന്നത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: ബിജെപിയിൽ ഉയരുന്ന കോഴ അഴിമതിയിൽ അന്വേഷണ കമ്മീഷനെ കുമ്മനം രാജശേഖരൻ നിയോഗിച്ചത് പാർട്ടി കോർ കമ്മറ്റി പോലും അറിയാതെ. വി മുരളീധര പക്ഷത്തേയും പികെ കൃഷ്ണദാസ് പക്ഷത്തേയും വെട്ടിലാക്കാനായിരുന്നു ഈ നീക്കം. അന്വേഷണ കമ്മീഷൻ റിപ്പോർട്ടിൽ നേതാക്കൾക്കെതിരെ പരാമർശം ഉണ്ടായതോടെ പാർട്ടിയിൽ കുമ്മനം കരുത്തനാവുകയും ചെയ്തു. ബിജെപി ദേശീയ നേതൃത്വത്തിന്റെ തീരുമാന പ്രകാരമാണ് കുമ്മനം അതീവ രഹസ്യമായി കമ്മീഷനെ നിയോഗിച്ചത്. ഈ കമ്മീഷൻ അന്വേഷണം പൂർത്തിയാക്കി. എന്നാൽ സംസ്ഥാനത്തെ പ്രമുഖ നേതാക്കളെ കുറ്റപ്പെടുത്തുന്നതൊന്നും ഈ റിപ്പോർട്ടിലില്ല. സംസ്ഥാന സെൽ ഭാരവാഹിക്കെതിരെ പരാമർശം ഉണ്ട് താനും. തിരുവനന്തപുരത്തെ ഈ നേതാവിനെ സെല്ലിന്റെ അധ്യക്ഷ സ്ഥാനത്ത് നിന്ന് പുറത്താക്കും. ബിജെപിയിലെ ഗ്രൂപ്പ് പോരാണ് ഇതിനെല്ലാം കാരണമെന്നാണ് വിലയിരുത്തൽ.

വാജ്‌പേയി ഭരണകാലത്തെ പെട്രോൾ പമ്പ് അഴിമതിയെക്കുറിച്ച് തനിക്കൊന്നും അറിയില്ലെന്ന് ബിജെപി. സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ പറഞ്ഞു. താൻ പാർട്ടിനേതൃത്വത്തിലേക്ക് വന്നിട്ട് ഒന്നര വർഷമാവുന്നതേയുള്ളു. പാർട്ടിയിൽ ഇപ്പോൾ മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ട് കിട്ടിയിരിക്കുന്ന അന്വേഷണ റിപ്പോർട്ടിൽ കുറ്റക്കാരുണ്ടെങ്കിൽ കർശന നടപടിയുണ്ടാവും. പാർട്ടിയിലെ വലിപ്പചെറുപ്പമൊന്നും ഇക്കാര്യത്തിൽ നോക്കില്ല. അഴിമതി നടത്തിയിട്ടുണ്ടെങ്കിൽ ആരായാലും നടപടിയുണ്ടാവും -കുമ്മനം പ്രതികരിച്ചു. ഇതോടെ അഴിമതിയിൽ ബിജെപി പെട്ടുവെന്നതിന് സ്ഥിരീകരണമാവുകയാണ്. എന്നാൽ പാർട്ടിയിലെ മുതിർന്ന നേതാക്കൾക്കെതിരെ നടപടിയുണ്ടാകില്ല. പാലക്കാട്ടെ മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ട് മുൻ സംസ്ഥാന അധ്യക്ഷനെതിരെയാണ് ആരോപണം ഉയരുന്നത്. രണ്ട് കൊല്ലം മുമ്പത്തെ സംഭവമാണ് ചർച്ചയാക്കുന്നത്. തിരുവനന്തപുരത്തെ മെഡിക്കൽ കോളേജ് ആരോപണത്തിൽ പ്രതിക്കൂട്ടിലുള്ളത് സംസ്ഥാന ഭാരവാഹിയും. ഇയാളെ സ്ഥാനത്ത് നിന്ന് മാറ്റും.

തിരുവനന്തപുരത്തെ മെഡിക്കൽ കോളേജിൽ അഴിമതി ആരോപണം ചർച്ചയാക്കിയത് വി മുരളീധരനായിരുന്നു. പിജി കോഴ്‌സ് അനുവദിക്കാൻ ഏഴ് കോടി വാങ്ങിയെന്ന ആരോപണം ദേശീയ അധ്യക്ഷൻ അമിത് ഷാ ഗൗരവത്തോടെ എടുത്തു. ഇതോടെയാണ് അഴിമതി വിഷയം സജീവമാക്കുന്നത്. എംടി രമേശിനെ കുടുക്കാനായിരുന്നു ഇത്. പികെ കൃഷ്ണദാസ് പക്ഷത്തെ പ്രമുഖനെതിരായ ആരോപണത്തിൽ കുമ്മനം അന്വേഷണ കമ്മീഷനേയും നിയോഗിച്ചു. തിരുവനന്തപുരത്തെ മെഡിക്കൽ കോളേജ് ഉടമയിൽ നിന്നും പികെ ശ്രീശൻ കമ്മീഷൻ മൊഴിയെടുത്തു. എംടി രമേശിനെ പൂർണ്ണമായും കുറ്റവിമുക്തനാക്കുന്ന മൊഴിയാണ് ലഭിച്ചത്. എന്നാൽ പണം നൽകിയത് സംബന്ധിച്ച പരാമർശവും നടത്തി. പിജി കോളേജ് കിട്ടാത്തത് തന്റെ കുഴപ്പം കൊണ്ട് മാത്രമാണെന്നും പറഞ്ഞു. ഇതിന് ഇടനിലക്കാരനായത് ബിജെപിയുടെ സെൽ ചുമതലയുള്ള നേതാവാണെന്നും വ്യക്തമായി. അതുകൊണ്ട് തന്നെ എംടി രമേശിനെ അന്വേഷണ സമിതി കുറ്റവിമുക്തനാക്കി.

ഇതിനിടെയാണ് പാലക്കാട്ടെ മെഡിക്കൽ കോളേജ് വിഷയം പാർട്ടിയിൽ ഉയർന്നത്. ജിഷ്ണു കേസിൽ ആരോപണ വിധേയനായ പികെ കൃഷ്ണദാസിന്റെ സ്ഥാപനവുമായി ബന്ധപ്പെട്ടായിരുന്നു ആരോപണം. പികെ ദാസ് എന്ന സ്ഥാപനത്തിന് അംഗീകാരം വാങ്ങി കൊടുത്തത് മുരളീധരന്റെ ഇടപെടലാണെന്ന് കൃഷ്ണദാസ് പക്ഷം ആരോപണം ഉന്നയിച്ചു. എന്നാൽ വളരെ കാലം മുമ്പ് നടന്ന ഈ ആരോപണത്തിൽ മുരളീധരനെതിരെ തെളിവ് കൊടുക്കാൻ ആർക്കും കഴിഞ്ഞില്ല. ഏറെ വിവാദമുണ്ടാക്കിയ ഇപ്പോൾ ജിഷ്ണു കേസിൽ ജാമ്യത്തിലുള്ള കൃഷ്ണദാസുമായി പാർട്ടിക്കുള്ള ബന്ധം ചർച്ചയാകുന്നത് ശരിയല്ലെന്നും കുമ്മനം തിരിച്ചറിയുന്നു. അതുകൊണ്ട് തിരുവനന്തപുരത്തെ അഴിമതി ആരോപണത്തെ ചെറുക്കാനുള്ള മറുവിഭാഗത്തിന്റെ തന്ത്രമായി ഇതിനേയും വിലയിരുത്തുന്നു. ആരോപണങ്ങൾ മാധ്യമങ്ങളിൽ ചർച്ചയായതിനാൽ തിരുവനന്തപുരത്തെ വിഷയത്തിൽ സെൽ കൺവീനർക്കെതിരെ നടപടിയെടുക്കും. പ്രാദേശിക നേതാവിനെതിരായ നടപടിയിലൂടെ പാർട്ടിയുടെ മുഖം രക്ഷിക്കാനാണ് നീക്കം.

ഈ നേതാവിനെ താനും പിന്തുണയ്്ക്കുന്നില്ലെന്ന് എംടി രമേശും നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഉപ്പു തിന്നവൻ വെള്ളം കുടിക്കട്ടേയെന്നാണ് രമേശിന്റേയും പക്ഷം. തന്റെ പ്രതിച്ഛായ തകർക്കാനുള്ള ബോധപൂർവ്വമായ ശ്രമം നടക്കാനുണ്ടായ സാഹചര്യത്തെ കുറിച്ചും ബിജെപി നേതാവിന് വ്യക്തമായ ചിത്രമുണ്ട്. തിരുവനന്തപുരത്ത് വിശ്വസ്തനായി നിന്ന് രമേശിന്റെ കാര്യങ്ങളെല്ലാം നോക്കിയത് ഈ ജില്ലാ നേതാവായിരുന്നു. ഏറെ നാളായി പാർട്ടിയിൽ ഭാഗമല്ലാതിരുന്ന ഈ നേതാവിനെ സെൽ കൺവീനറാക്കിയത് രമേശായിരുന്നു. ഇതാണ് രമേശിലേക്ക് ആരോപണമെത്താൻ കാരണം. ഇത് അധ്യക്ഷനായ കുമ്മനം രാജശേഖരനും അറിയാം. ഇതെല്ലാം ആർഎസ്എസ് നേതൃത്വത്തേയും രമേശ് ബോധ്യപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ആർ എസ് എസിന് ഒട്ടു താൽപ്പര്യമില്ലാത്ത തിരുവനന്തപുരം ജില്ലാ നേതാവിന് പണി കിട്ടുമെന്നാണ് സംഘപരിവാർ നൽകുന്ന സൂചന. സുതാര്യതരല്ലാത്ത വ്യക്തികളെ കൂടെ നിർത്തരുതെന്ന് ബിജെപി നേതാക്കളോട് നിർദ്ദേശിക്കുകയും ചെയ്യും.

രമേശിനെതിരെ ആരോപണം ചർച്ചയാകുമ്പോഴായിരുന്നു പാലക്കാട്ടെ വിഷയം മുരളീധരനെതിരെ ഉയർന്നു വന്നത്. ഇത് പികെ കൃഷ്ണദാസ് പക്ഷത്തിന്റെ ബോധപുർവ്വമായ ഇടപെടലായിരുന്നു. രമേശിനെതിരെ കുരുക്ക് മുറുകാതിരിക്കാനായിരുന്നു ഇത്. ഫലത്തിൽ ഇത് വിജയിക്കുകയും ചെയ്തു. അല്ലെങ്കിൽ രമേശിനെതിരെ നടപടിയുണ്ടാകുമായിരുന്നുവെന്ന് കരുതുന്നവരും ബിജെപിയിൽ ഉണ്ട്. എന്നാൽ പി കൃഷ്ണദാസിനെതിരെ സമരം ചെയ്ത തന്നെ കുടുക്കാനുള്ള നീക്കമായിരുന്നു അതെന്ന് മുരളീധരനും കരുതുന്നു. ഈ കോളേജിന് അംഗീകാരം കിട്ടിയത് വർഷങ്ങൾക്ക് മുമ്പാണ്. കോഴ ആരോപണം ഇപ്പോൾ ഉന്നയിക്കുന്നവരുടെ ലക്ഷ്യം അതിൽ നിന്ന് തന്നെ വ്യക്തമാണെന്നും മുരളീധര പക്ഷം വിശദീകരിക്കുന്നു. കഴക്കൂട്ടത്ത് നിയമസഭയിൽ വി മുരളീധരൻ ഉണ്ടാക്കിയ നേട്ടത്തിൽ പലരും അസൂയപ്പെടുന്നു. അതുകൊണ്ട ്മാത്രമാണ് വിവാദം ഉയർത്തിയതെന്നാണ് വിലിയിരുത്തൽ.

വാജ്പേയി സർക്കാരിന്റെ കാലത്ത് പെട്രോൾ പമ്പുകൾ അനുവദിക്കാൻ കോടികൾ കൈപ്പറ്റിയെന്നാണ് നേതാക്കൾക്കെതിരെ ആരോപണം ഉയർന്നത്. പാർട്ടി നേതൃത്വം അറിഞ്ഞുകൊണ്ടുള്ള അഴിമതിയായിരുന്നു അത്. പമ്പുകൾ അനുവദിക്കാൻ നേതാക്കൾ പാർട്ടി ഭാരവാഹികളോടുപോലും പണം ചോദിച്ചെന്ന് ആരോപണമുണ്ടായി.പ്രാഥമിക അന്വേഷണത്തിൽ 18 കോടിയുടെ അഴിമതിയാണ് അന്ന് വെളിവായത്. പി.കെ. വാസുദേവൻ നായരുടെ മരണത്തെ തുടർന്ന് തിരുവനന്തപുരത്ത് നടന്ന ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ ബിജെപി. ദയനീയമായി പരാജയപ്പെട്ടതിനെക്കുറിച്ച് അന്വേഷിച്ച രാമൻ പിള്ള സമിതിയാണ്, പാർട്ടിക്കുള്ളിൽ നടന്ന പെട്രോൾ പമ്പ് കുംഭകോണം വിനയായെന്ന് വിലയിരുത്തിയത്. പാർട്ടി സ്ഥാനാർത്ഥിയായിരുന്ന മുൻ സംസ്ഥാന പ്രസിഡന്റ് സി.കെ. പത്മനാഭന് മുപ്പത്തേഴായിരത്തിൽ താഴെ വോട്ടുമാത്രമാണ് അന്ന് ലഭിച്ചത്.

പാർട്ടിക്ക് നാണക്കേടുണ്ടാക്കിയ തോൽവിയെക്കുറിച്ച് അന്വേഷിച്ച സമിതി, പെട്രോൾ പമ്പ് അനുവദിക്കുന്നതിന് വാങ്ങിയ പണം പാർട്ടിക്ക് കിട്ടിയില്ലെന്നും അതു നേതാക്കളുടെ കൈകളിലേക്ക് പോയെന്നും പാർട്ടിവിരുദ്ധ പ്രവർത്തനങ്ങൾക്കായിപ്പോലും ആ പണം ഉപയോഗിക്കപ്പെട്ടെന്നും ചൂണ്ടിക്കാട്ടി. പാർട്ടിയിലെ പണമിടപാട് പരസ്യമാക്കപ്പെട്ടിട്ടും അന്ന് ഒരു നടപടിപോലും ആർക്കെതിരേയും ഉണ്ടായില്ല. ബിജെപി. വീണ്ടും കേന്ദ്രത്തിൽ അധികാരത്തിലിരിക്കുമ്പോൾ സമാനമായ സംഭവങ്ങൾ ആവർത്തിക്കപ്പെടുകയാണ്. മെഡിക്കൽ കോളേജുകൾ അനുവദിക്കാമെന്ന പേരിൽ ചിലർ പണം വാങ്ങിയെന്ന ആരോപണമാണ് ഇപ്പോൾ പാർട്ടിയെ പിടികൂടുന്നത്. ഇരുവിഭാഗങ്ങൾ ചരടുവലിച്ചാണ് പരാതികൾ കേന്ദ്രനേതൃത്വത്തിനു മുന്നിൽ എത്തിച്ചത്. ഇതേത്തുടർന്ന് ദേശീയ പ്രസിഡന്റ് അമിത് ഷാ തന്നെ സംഭവങ്ങൾ അന്വേഷിക്കാൻ നിരർദേശിക്കുകയായിരുന്നു.നേതാക്കളായ കെ.പി. ശ്രീശനും എ.കെ. നസീറും ഉൾപ്പെടുന്ന സമിതി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.

എന്നാൽ ഇത് പ്രമുഖരെ കുറ്റവിമുക്തരാക്കുകയാണ്. എന്നാൽ ഈ സമിതിയെ നിയോഗിച്ചത് കോർ കമ്മറ്റിയിൽ പോലും അറിയാതെയാണ്. റിപ്പോർട്ടിലെ വിവരങ്ങൾ മാധ്യമങ്ങളിലെത്തുമ്പോഴാണ് കോർ കമ്മറ്റി അംഗങ്ങൾ പോലും ഇക്കാര്യം അറിയുന്നത്. ഏതായാലും ഈ നടപടികളിലൂടെ പാർട്ടിയിൽ കുമ്മനം ശക്തമാവുകയാണെന്നാണ് വിലയിരുത്തൽ. ഇരു ഗ്രൂപ്പുകളും നടത്തുന്ന ഇടപാടുകൾ നിരീക്ഷിക്കാൻ  കുമ്മനം പ്രത്യേക സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP