Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തലസ്ഥാനത്തെ പാർട്ടിക്കാരുടെ ഉശിരൻ സഖാവ്; പ്രതിഷേധങ്ങളുടെ 'സെറ്റിട്ട്' ചാനലുകളുടെ പ്രിയങ്കരനായി; മേയർ സ്ഥാനാർത്ഥിയെ വെട്ടി കൗൺസിലറായി; ഡെങ്കിപ്പനിയെ തോൽപ്പിക്കാൻ ബിജെപി ഓഫീസിലും ഫോഗിങ് നടത്തിയ കമ്മ്യൂണിസ്റ്റുകാരൻ; സുഹൃത്തുക്കൾക്ക് എന്തും ചെയ്യുന്ന പരോപകാരി; അക്രമം നടത്തി സിപിഎമ്മിനെ വെട്ടിലാക്കിയ ഐപി ബിനുവിന്റെ കഥ

തലസ്ഥാനത്തെ പാർട്ടിക്കാരുടെ ഉശിരൻ സഖാവ്; പ്രതിഷേധങ്ങളുടെ 'സെറ്റിട്ട്' ചാനലുകളുടെ പ്രിയങ്കരനായി; മേയർ സ്ഥാനാർത്ഥിയെ വെട്ടി കൗൺസിലറായി; ഡെങ്കിപ്പനിയെ തോൽപ്പിക്കാൻ ബിജെപി ഓഫീസിലും ഫോഗിങ് നടത്തിയ കമ്മ്യൂണിസ്റ്റുകാരൻ; സുഹൃത്തുക്കൾക്ക് എന്തും ചെയ്യുന്ന പരോപകാരി; അക്രമം നടത്തി സിപിഎമ്മിനെ വെട്ടിലാക്കിയ ഐപി ബിനുവിന്റെ കഥ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിൽ ഏറ്റവും അധികം രാഷ്ട്രീയ സംഘട്ടനം നടക്കുന്നത് സിപിഎമ്മും ബിജെപിയും തമ്മിലാണെന്നതുകൊച്ചു കുഞ്ഞുങ്ങൾക്ക് പോലും അറിവുള്ള കാര്യമാണ്. കേരളത്തിലെ ബിജെപിക്കാരെ കൊന്നൊടുക്കുന്നത് സിപിഎമ്മാണെന്ന പ്രചരണ ദേശീയ തലത്തിൽ ബിജെപി ശക്തമാക്കുന്ന വേളയിൽ തന്നെയാണ് ഇന്ന് പുലർച്ചെ ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെ ആക്രമണമുണ്ടായത്. അക്രമം നടത്തുന്നവരല്ല സി.പി.എം നേതാക്കളെന്ന് പറഞ്ഞ് ഊറ്റം കൊണ്ടിരുന്ന പാർട്ടിയുടെ കരണത്തേറ്റ അടിയായി പോയി പാർട്ടി കൗൺസിലർ ഐപി ബിനു തന്നെ അക്രമം നടത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെ. മുഖ്യമന്ത്രിയെയും സിപിഎമ്മിനെയും വെട്ടിലാക്കിയ ഐപി ബിനുവിനെതിരെ ഒരു സസ്‌പെൻഷന് അപ്പുറത്തേക്ക് പാർട്ടി നടപടി ഉണ്ടാകുമെന്ന് ആരും തന്നെ പ്രതീക്ഷിക്കുന്നില്ല. എന്നാൽ, സിപിഎമ്മിനെതിരായ മികച്ചൊരു ആയുധം എന്ന നിലയിലാണ് ബിജെപി ഈ വിഷയത്തെ കണ്ടിരിക്കുന്നത്.

ബിജെപിക്ക് വടി നൽകുകയും സിപിഎമ്മിനെ വെട്ടിലാക്കുകയും ചെയ്തത് തലസ്ഥാനത്തെ സഖാക്കളുടെ പ്രിയങ്കരനായ കൗൺസിലറായി അറിയപ്പെടുന്ന ഐപി ബിനുവാണ്. ഇടത് ചാനൽ പ്രവർത്തകരുടെയും പ്രിയങ്കരനാണ് ബിനു. പബ്ലിസിറ്റിക്ക് വേണ്ടി കിട്ടിയ മാർഗ്ഗങ്ങളെല്ലാം തേടുന്ന നേതാവ്. എപ്പോഴും സമര കോലാഹലങ്ങളാൽ മുഖരിതമായ തിരുവനന്തപുരം നഗരത്തിൽ പാർട്ടിക്ക് വേണ്ടി ആളെ കൂട്ടാൻ മിടുക്കനാണ് ഐ പി ബിനു. ഗവൺമന്റ് ജനറൽ ആശുപത്രിക്ക് സമീപത്തു തന്നെയാണ് അദ്ദേഹത്തിന്റെ വീട്.

മെഡിക്കൽ കോളേജ് ഗവ. ഹൈസ്‌കൂളിൽ പൂർത്തിയാക്കിയ ശേഷം ഗവ. സംസ്‌കൃത കോളേജിൽ നിന്നും പ്രീ ഡിഗ്രിയും. ഗവ. ഐ ടി ഐയിൽ നിന്നും വിദ്യാഭ്യാസം പൂർത്തിയാക്കി വ്യക്തിയാണ് അദ്ദേഹം. അന്നത്തെ കാലത്ത് എസ്എഫ്‌ഐയിലൂടെയാണ് തിളങ്ങി നിന്നത്. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ ബിഎ പൊളിറ്റിക്സിൽ ചേർന്നു. ബിരുദപഠനത്തിനുശേഷം സ്വാതിതിരുനാൾ സംഗീതകോളേജിൽ മൃദംഗപഠനവു നടത്തി. യൂണിവേഴ്‌സിറ്റി കോളേജ് പഠന സമയത്തെ സഹപാഠി ആയിരുന്ന അനിലയെ ജീവിത സഖിയായി തിരഞ്ഞെടുത്തു.

എപ്പോഴും സമരമുഖരിതമായ യൂണിവേഴ്‌സിറ്റി കോളേജിൽ നിന്നും പുറത്തിറങ്ങിയ ഐ പി ബിനു പാർട്ടിക്കാരുടെ പ്രിയങ്കരനായ നേതാവായി മാറി. സി.പി.എം പ്രതിപക്ഷത്തിരുന്ന വേളയിൽ സെക്രട്ടേറിയേറ്റിലേക്കും മറ്റും സമരം നടത്തുമ്പോൾ ചാനലുകൾക്ക് വേണ്ടി 'സെറ്റിടുന്ന' നേതാവ് കൂടിയായിരുന്നു അദ്ദേഹം. അതുകൊണ്ട് തന്നെ തലസ്ഥാനത്തെ ചാനൽ പ്രവർത്തകരുമായി അടുത്ത ബന്ധമാണ് ബിനുവിന് ഉള്ളത്. അപ്രതീക്ഷിതമായി ഒരു പ്രതിഷേധം ഡിവൈഎഫ്‌ഐയുടേയോ മറ്റോ നേതൃത്വത്തിൽ സംഘടിപ്പിക്കുമ്പോൾ ചാനൽ പ്രവർത്തകരെ വിളിച്ച് ഇത് അറിയിക്കും. അക്രമത്തിൽ കലാശിക്കുമെന്ന സൂചനയും നൽകും. എവിടെ എത്തണം എന്നു നിർദേശിക്കുന്നതിന് പുറമേ എവിടെ ക്യാമറ വച്ചാൽ നല്ല വിഷ്വൽ കിട്ടുമെന്ന് പോലും കൃത്യമായി പറഞ്ഞുറപ്പിച്ചാകും ബാക്കിയുള്ള കലാപരിപാടികൾ. അതായിരുന്നു ബിനുവിന്റെ പബ്ലിക് റിലേഷൻ.

ഇങ്ങനെ പ്രതിപക്ഷത്തിരുന്ന വേളയിൽ സമര മുഖങ്ങളിൽ ശോഭിച്ച നേതാവായതു കൊണ്ടാണ് അദ്ദേഹത്തെ മത്സരിപ്പിക്കാൻ സി.പി.എം തീരുമാനിച്ചത്. നേതാക്കളുടെ സഹായിയായി നിന്ന് ബന്ധം സ്ഥാപിച്ച ബിനു തിരുവനന്തപുരം മേയർ ആകേണ്ടിയിരുന്ന ആളെയും സമർത്ഥമായി വെട്ടിയാണ് കൗൺസിലറായത്. മേയർ ആകാൻ സാധ്യതയുണ്ടായിരുന്ന ജയൻ ബാബു മത്സരിക്കാൻ ആഗ്രഹിച്ചത് കുന്നുകുഴിയിലായിരുന്നു. എന്നാൽ നേതാക്കളുടെ പ്രിയങ്കരനായി നിന്ന ഐപി ബിനു ഈ സീറ്റ് തന്റേതാക്കി മാറ്റി. ജയൻ ബാബുവാകട്ടെ ബിജെപി ശക്തികേന്ദ്രത്തിൽ മത്സരിച്ച് പരാജയമാകുകയും ചെയ്തു. മേയർ തിരഞ്ഞെടുപ്പ് വേളയിൽ ബിനുവിനും സാധ്യതകൾ ഉണ്ടായിരുന്നെങ്കിലും പ്രശാന്തിന്റെ വരോടെ അത് ഇല്ലാതായി.

പാർട്ടിക്കാർക്കും ചാനലുകാർക്കും പുറമേ രാഷ്ട്രീയം നോക്കാതെ സഹായം ചെയ്യുന്ന പരോപകാരി കൂടിയാണ് ബിജെപി സംസ്ഥാന ഓഫീസ് ആക്രമിച്ച കുന്നുകുഴി കൗൺസിലർ. കൗൺസിലർ എന്ന നിലയിൽ മികച്ച പ്രവർത്തനം നടത്തണമെന്ന ആഗ്രഹമുണ്ട്. അതുകൊണ്ട് തന്നെ അൽപ്പം പബ്ലിസിറ്റി കിട്ടാൻ വേണ്ടി കൊതുകിനെ തുരത്താൻ വേണ്ടി ഫോഗിങ് ചെയ്തു ഐപി ബിനു രംഗത്തെത്തിയിരുന്നു. ബിജെപി ഓഫീസ് പരിസരത്തു കയറി ഫോഗിങ് നടത്തിയ കൗൺസിലറുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

ഇതിനിടെയാണ് ബിജെപി ഓഫീസ് ആക്രമിക്കപ്പെട്ടത്. ഇതോടെ ബിനുവാണ് ഇതിന് പിന്നിലെന്ന വിധത്തിൽ പ്രചരണം ഉണ്ടായി. ഇതിന് ഉപയോഗിച്ച ചിത്രമാകട്ടെ അദ്ദേഹം ഫോഗിങ് നടത്തുന്ന ചിത്രങ്ങളായിരുന്നു. ഈ വിഷയം സോഷ്യൽ മീഡിയിൽ വലിയ തോതിൽ പ്രചരിച്ചതോടെ ബിനു കൗൺസിലറുടെ പബ്ലിസിറ്റി വീണ്ടും ഉയരുകയാണ് ചെയ്തത്. സുഹൃത്തുക്കൾക്ക് വേണ്ടി എന്തും ചെയ്യുന്ന പരോപകാരി ആയാണ് ബിനു അറിയപ്പെടുന്നത്.

ഇപ്പോൾ ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസ് ആക്രമിച്ച സംഭവത്തിൽ അറസ്റ്റിലായപ്പോഴും ബിനുവിന് അതിൽ പശ്ചാത്താപമൊന്നുമില്ല. തന്റെ വീടും പാവപ്പെട്ട സഖാക്കളുടെ വീടും അടിച്ചുതകർത്തിരുന്നു. ഇതൊന്നും പ്രധാന വിഷയമല്ലേ ഇങ്ങനെയൊക്കെ വരുമ്പോൾ സ്വാഭാവികമായിട്ടും പ്രതികരണമുണ്ടാകും എന്നായിരുന്നു ബിനു ഇതേക്കുറിച്ച് പറഞ്ഞത്. തിരുവനന്തപുരം ജനറൽ ആശുപത്രിക്ക് മുന്നിലുള്ള ഷോപ്പിങ് കോംപ്ലക്സിന് മുകളിലുള്ള വീട്ടിലാണ് ബിനുവും കുടുംബവും താമസിക്കുന്നത്. ഇതിനുനേരെയാണ് ആക്രമണം ഉണ്ടായതിന് പിന്നാലെയാണ് ബിജെപി സംസ്ഥാന ഓഫീസ് ആക്രമിക്കാൻ ബിനുവും കൂട്ടരും എത്തിയത്.

എന്തായാലും സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയെങ്കിലും സൈബർ ലോകത്ത് ബിനു അനുകൂല പോസ്റ്റുകൾ വ്യാപകായി പ്രചരിക്കുന്നുണ്ട്. ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിൽ വരെ കയറി ആക്രമിച്ച സംഭവം വീരന് ചേർന്നതെന്ന വിധത്തിലാണ് സൈബർ അണികളുടെ പ്രചരണം. 'ബിനു അണ്ണൻ മരണ മാസാണ് ' എന്ന തരത്തിലാണ് കമന്റുകളും പോസ്റ്റുകളും വ്യാപകമായാണ് പ്രചരിക്കുന്നത്. സംഘർഷം രൂക്ഷമായതോടെ തലസ്ഥാന നഗരം സായുധ പൊലീസ് വലയത്തിലാണിപ്പോൾ.

എ.ബി.വി.പി കാലങ്ങളായി കുത്തകയാക്കി വച്ചിരുന്ന എം.ജി കോളജിൽ എസ് എഫ് ഐ പതാക പാറിച്ചതാണ് ആർ എസ് എസ് പ്രവർത്തകരെ ആദ്യം പ്രകോപിപ്പിച്ചിരുന്നത്. ഇതിന് മറുപടിയായി കഴിഞ്ഞ ദിവസം എസ്.എഫ്.ഐ കോട്ടയായ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ പതാക ഉയർത്തുമെന്ന് എബിവിപി പ്രഖ്യാപിച്ചിരുന്നുവെങ്കിലും അടി പേടിച്ച് പിന്നീട് കോളജിലേക്ക് പ്രഖ്യാപിച്ച മാർച്ച് മാറ്റി വച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP