Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജീവിതത്തിന്റെ അടിസ്ഥാന പ്രശ്നം ഐഡന്റിറ്റി ക്രൈസിസ് ആണ്; മറ്റെല്ലാം നഷ്ടപ്പെട്ടാലും ആത്മബോധം നഷ്ടപ്പെടാതിരുന്നാൽ ജീവിതത്തിൽ വിജയിക്കാം; നിന്നിലെ ദൈവിക സ്വഭാവം തിരിച്ചറിയുക: നാലുപറയിലച്ചന്റെ ഞായറാഴ്ച ചിന്തകൾ

ജീവിതത്തിന്റെ അടിസ്ഥാന പ്രശ്നം ഐഡന്റിറ്റി ക്രൈസിസ് ആണ്; മറ്റെല്ലാം നഷ്ടപ്പെട്ടാലും ആത്മബോധം നഷ്ടപ്പെടാതിരുന്നാൽ ജീവിതത്തിൽ വിജയിക്കാം; നിന്നിലെ ദൈവിക സ്വഭാവം തിരിച്ചറിയുക: നാലുപറയിലച്ചന്റെ ഞായറാഴ്ച ചിന്തകൾ

ഡോ. ജെ. നാലുപറയിൽ എംസിബിഎസ്

ധൂർത്തപുത്രന്റെ ഉപമയാണ് നമ്മൾ ഇന്ന് ധ്യാനിക്കുന്നത്. ധൂർത്ത പുത്രനും, മൂത്തപുത്രനും തമ്മിലുള്ള വ്യത്യാസത്തിന്റെ മർമം തിരിച്ചറിയുകയാണ് പ്രധാനം. അവരുടെ വ്യത്യാസം അവരുടെ സംഭാഷണത്തിലൂടെ വെളിവാകുന്നത്.ധൂർത്തപുത്രൻ ആവർത്തിച്ചുവിളിക്കുന്നത് പിതാവേ എന്നാണ്. അവൻ പറയുന്നത് പുത്രന്റെ അവകാശത്തെക്കുറിച്ചും ഓഹരിയെക്കുറിച്ചുമാണ്. ലൂക്കാ 15:12ൽ അവൻ പറയുന്നു ' പിതാവേ, സ്വത്തിൽ എന്റെ ഓഹരി എനിക്കു തരിക'. അവൻ അപ്പനെ പിതാവേ, എന്നാണ് വിളിക്കുന്നത്. പോരാ, പുത്രനെന്ന നിലയിലുള്ള അവന്റെ അവകാശത്തെക്കുറിച്ചാണ് അവൻ സംസാരിക്കുന്നത്. മുന്നോട്ടു പോകുമ്പോൾ, സ്വത്തെല്ലാം ധൂർത്തടിച്ച് ദുർദശനായി കഴിയുമ്പോൾ അവൻ പറയുന്നു 'എന്റെ പിതാവിന്റെ എത്രയോ കൂലിക്കാർ...' ലൂക്കാ 15:17. അടുത്ത വചനത്തിൽ അവൻ പറുന്നു 'ഞാൻ എഴുന്നേറ്റ് എന്റെ പിതാവിന്റെ അടുത്തേയ്ക്ക് പോകും.' (ലൂക്കാ 15:18). പിതാവിന്റെ അടുത്തുചെല്ലുമ്പോൾ അവൻ പറയുന്നു 'നിന്റെ പുത്രൻ എന്നു വിളിക്കപ്പെടാൻ ഞാൻ യോഗ്യനല്ല. (ലൂക്കാ 15:19). അവസാനം പറയുന്നു, പിതാവേ, സ്വർഗത്തിനെതിരായും നിന്റെ മുമ്പിലും...(ലൂക്കാ 15:20)

ആവർത്തിച്ചാവർത്തിച്ച് ഇളയപുത്രൻ പറയുന്നത്, 'എന്റെ പിതാവേ, നിന്റെ പുത്രൻ, എന്റെ ഓഹരി' എന്നൊക്കെയാണ്. അതായത് ഇളയവന് അവന്റെ ഐഡന്റിറ്റി വ്യക്തമായിട്ടറിയാം. സ്വത്വബോധമാണ് ഇളയപുത്രനെ നയിക്കുന്നത്. അവന്റെ സമ്പന്നതയിലും, ദാരിദ്ര്യത്തിലും അവനെ നയിക്കുന്നത്, അവന്റെ ആത്മബോധമാണ്, അവന്റെ സ്വത്വബോധമാണ്. താൻ ആരാണെന്ന് അവനറിയാം. അവന്റെ അപ്പൻ ആരാണെന്ന് അവന് അറിയാം. അവന്റെ അവകാശമെന്താണെന്ന് അവനറിയാം. ഈ സ്വത്വബോധമാണ് അവനെ നയിക്കുന്നത്.

ഇത് കൂടുതൽ വ്യക്തമാകുന്നത്, മൂത്തപുത്രന്റെ സംസാരം ശ്രദ്ധിക്കുമ്പോഴാണ്, അവൻ പിതാവിനോട് പറയുന്നു 'എത്ര വർഷമായി ഞാൻ നിനക്ക് ദാസവേല ചെയ്യുന്നു' (15:29) സ്വന്തം അപ്പനെ, പിതാവേ, എന്നു പോലും അയാൾ വിളിക്കുന്നില്ല. പുത്രധർമത്തെ ദാസവേലയെന്നാണ് അവൻ വിശേഷിപ്പിക്കുന്നത്. 'കൂട്ടുകാരോടൊത്ത് ആഹ്ലാദിക്കാൻ ഒരാട്ടിൻകുട്ടിയെപ്പോലും നീ തന്നില്ല.'

ഇളയപുത്രന് കൈമുതലായുള്ളത് അവൻ ആരാണെന്നുള്ള സ്വത്വബോധമാണ്.മൂത്തപുത്രന് ഇല്ലാത്ത ഒരേയൊരുകാര്യം ഈ സ്വത്വബോധമാണ്. ചുരുക്കത്തിൽ മൂത്ത പുത്രന്റെ പ്രശ്‌നം അവന്റെ ഐഡന്റിറ്റി ക്രൈസിസ് ആണ്.

ആത്മബോധം നഷ്ടപ്പെട്ട മനുഷ്യന്റെ കഥ (ഓഡിയോ കേൾക്കുക.)

ജീവിതത്തിന്റെ അടിസ്ഥാന പ്രശ്‌നം ഐഡന്റിറ്റി ക്രൈസിസ് ആണ്. യഥാർത്ഥത്തിൽ ഞാൻ ആരാണ്? ഈ ആത്മബോധം നഷ്ടപ്പെട്ടാൽ, പിന്നെ എന്ത് സമ്പാദിച്ചിട്ടും ഒരു കാര്യവുമില്ല. മറ്റെല്ലാം നഷ്ടപ്പെട്ടാലും ഈ ആത്മബോധം നഷ്ടപ്പെടാതിരുന്നാൽ ജീവിതത്തിൽ വിജയിക്കാനാവും.

യഥാർത്ഥ സ്വത്വബോധത്തിലേയ്ക്ക് ഉണരുന്നത് ജീവതത്തിന്റെ വലിയ സാധ്യതകൾ കണ്ടെത്തുന്നതിന് ഏറ്റവും നല്ല ഉദാഹരണം അസ്സീസിയിലെ ഫ്രാൻസിസാണ്. ചെറുപ്പത്തിന്റെ നിറവിൽ അയാൾ ധരിച്ചിരുന്നത് അയാൾ, സമ്പന്നനായ പിതാവിന്റെ മകനാണ്, പ്രതാപശാലിയായ പ്രഭുവിന്റെ മകനാണ് എന്നൊക്കെയാണ്. അതിന്റെ നിറവിൽ നില്ക്കുന്ന ഫ്രാൻസീസാണ് വലിയൊരു മാറ്റത്തിലൂടെ കടന്നുപോകുന്നത്. സ്ഥലത്തെ മെത്രാന്റെ മുമ്പിൽ വച്ച് പരസ്യവിചാരണ നേരിടുന്ന ഫ്രാൻസീസ്, പതൃത്വത്തിന്റെ അവസാന കണ്ണിയായ ഉടുതുണി പോലും ഊരി വച്ച് നഗ്നനായി നില്ക്കുമ്പോൾ അദ്ദേഹം വളർന്നുകയറുന്നത് യഥാർത്ഥമായ ആത്മബോധത്തിലേയ്ക്കാണ്. ദൈവത്തെ, ലോക പിതാവേ, എന്റെ പിതാവേ, എന്നു വിളിക്കാവുന്ന സ്വത്വബോധത്തിലേയ്ക്കാണ് അദ്ദേഹം ഉണരുന്നത്.

അതായത് ഈ പ്രപഞ്ചത്തിലാകമാനം നിറഞ്ഞുനിൽക്കുന്ന ദൈവത്തിന്റെ ജീവന്റെ ഒരംശം ആണ് തന്നിലുള്ളതെന്ന് അദ്ദേഹം തിരിച്ചറിയുന്നു. അതിനായി ദൈവം സ്വന്തം പിതാവും, താൻ ദൈവമകനുമാകുന്നു. പോരാ, ചുറ്റിലുമുള്ള പക്ഷികളും, മൃഗങ്ങളും, ചെടികളും, അരുവിയുമൊക്കെ തന്റെ സഹോദരങ്ങളായി മാറുന്നു. അവയെയൊക്കെ, സഹോദരാ, സഹോദരി എന്നു വിളിക്കാവുന്ന സ്വത്വബോധത്തിലേയ്ക്കാണ് ഫ്രാൻസീസ് വളരുന്നത്.

കള്ളുകുടിയൻ മത്തായിച്ചേട്ടന്റെ കഥ (ഓഡിയോ കേൾക്കുക. )

ആത്മബോധമാണ് പ്രധാനം. ഞാൻ യഥാർത്ഥത്തിൽ ആരാണെന്ന് തിരിച്ചറിയുകയാണ് പ്രധാനം. പലപ്പോഴും ഞാൻ ആരാണെന്നുള്ള എന്റെ സ്വത്വത്തിനല്ല ഞാൻ പ്രാധാന്യം കൊടുക്കാറുള്ളത്. അതിന് പകരം മറ്റു പലതിനുമാണ്.

യഥാർത്ഥത്തിൽ ഞാൻ ആരാണ്? സമ്പാദിച്ചുകൂട്ടുന്ന എന്റെ സമ്പത്താണോ ഞാൻ? അല്ലല്ലോ... അതോ എനിക്ക് കൈവന്നുകിട്ടുന്ന സാമൂഹ്യ അധികാരങ്ങളാണോ? അല്ലല്ലോ. അതിനും പുറകിൽ ഇതിനെല്ലാം ആധാരമായി നിൽക്കുന്ന എന്നിലെ ജീവൻ. അതല്ലേ ഞാൻ? ആ ജീവൻ പ്രപഞ്ചത്തിലാകമാനം നിറയുന്ന ദൈവികജീവന്റെ ഒരു സ്ഥുലിംഗമല്ലേ? അത് തിരിച്ചറിയുകയാണ് യഥാർത്ഥ ആത്മബോധം. ആ ജീവന്റെ സ്വഭാവങ്ങളായ കാരുണ്യവും, പരസ്‌നേഹവും കരുതലും വളർത്തിയെടുക്കുക.

മൂത്തപുത്രന് ഇല്ലാതെ പോയ ഈ ആത്മബോധമാണഅ. മകനാണെന്നുള്ള സത്യം തിരിച്ചറിയാതെ വേലയിലും കഠിനാധ്വാനത്തിലുമൊക്കെ അയാളുടെ സ്വത്വബോധം വഴിതെറ്റിപ്പോയി. അതിനാൽ നിന്റെ സ്വത്വബോധം നീ തിരിച്ചറിയുക. നീ ആരാണെന്ന് തിരിച്ചറിയുക. നിന്നിലെ ജീവന് ഒന്നാം സ്ഥാനം കൊടുക്കുക.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP