Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒരു ലക്ഷത്തിൽ അധികം സീറ്റുകളിൽ കുട്ടികളെ കിട്ടുന്നില്ല; 40 കുട്ടികളില്ലെങ്കിൽ ബാച്ചില്ലെന്നത് പച്ചക്കള്ളം: ജനങ്ങളുടെ മുഖത്ത് നോക്കി പച്ചക്കള്ളം പറയുന്ന പ്ലസ്ടു തട്ടിപ്പ്

ഒരു ലക്ഷത്തിൽ അധികം സീറ്റുകളിൽ കുട്ടികളെ കിട്ടുന്നില്ല; 40 കുട്ടികളില്ലെങ്കിൽ ബാച്ചില്ലെന്നത് പച്ചക്കള്ളം: ജനങ്ങളുടെ മുഖത്ത് നോക്കി പച്ചക്കള്ളം പറയുന്ന പ്ലസ്ടു തട്ടിപ്പ്

തിരുവനന്തപുരം: മത സമുദായ നേതാക്കളും രാഷ്ട്രീയക്കാരും ചേർന്ന് നടത്തുന്ന നഗ്നമായ കൂട്ടുകച്ചവടമാണ് കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയിൽ കാലങ്ങളായി നടന്നുവരുന്നത്. സ്വശ്രയ കോളേജുകളായാലും പ്ലസ്ടു അധിക ബാച്ചുകളുടെ കാര്യത്തിലായാലും ഇക്കാര്യത്തിൽ കാര്യമായ മാറ്റങ്ങളൊന്നുമില്ല. ഇപ്പോൾ പ്ലസ്ടു സ്‌കൂളിന്റെ കാര്യത്തിലും വൻഅഴിമതി ആരോപണം ഉയർന്നു കഴിഞ്ഞു. സ്‌കൂൾ അനുവദിക്കുന്നതിലൂടെ ഭരണക്കാർക്ക് കോടികൾ പോക്കറ്റിലാക്കാനും അദ്ധ്യാപക നിയമനത്തിൽ സ്‌കൂൾ മാനേജ്‌മെന്റുകൾക്ക് ലക്ഷങ്ങൾ സ്വന്തമാക്കാനുമുള്ള അവസരമാണ് പ്ലസ്ടു ഇടപാടിലൂടെ ഇപ്പോൾ നടന്നിരിക്കുന്നത്. ഇത് നിലവിൽ അധികചിലവ് വരുത്തുവെക്കുന്നതോടൊപ്പം നഗ്നമായ ധൂർത്തു കൂടിയാണെന്ന് കണക്കുകൾ പരിശോധിച്ചാൽ വ്യക്തമാകും.

രണ്ടുലക്ഷത്തോളം കുട്ടികൾക്ക് ഉപരിപഠനത്തിന് അവസരം കിട്ടില്ലെന്ന പച്ചകള്ളം പറഞ്ഞാണ് സർക്കാർ പ്ലസ്ടുവിന് അധിക ബാച്ചുകൾ അനുവദിച്ചിരിക്കുന്നത്. എന്നാൽ കണക്കുകൾ പരിശോധിച്ചാൽ ഒരു ലക്ഷത്തോളം സീറ്റുകൾ ഇപ്പോൾ തന്നെ ഒഴിഞ്ഞുകിടക്കുന്നു എന്നാണ് വ്യക്തമാകുക. നിലവിൽ സംസ്ഥാനത്തുടനീളം 1.88 ലക്ഷം സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നു. പ്രവേശനം തേടുന്നത് 86,829 അപേക്ഷകർ മാത്രം.

രണ്ട് സപ്ലിമെന്ററി അലോട്ട്‌മെന്റുകളടക്കം നാല് അലോട്ട്‌മെന്റുകൾ പൂർത്തിയായപ്പോൾ 1523 മെരിറ്റ് സീറ്റുകളിലേക്ക് അപേക്ഷകരായില്ല. വെറും 804 അപേക്ഷകരുള്ള പത്തനംതിട്ടയിൽ ശേഷിക്കുന്നത് 2640 സീറ്റുകൾ. 1141 അപേക്ഷകരുള്ള ഇടുക്കിയിൽ ഒഴിഞ്ഞുകിടക്കുന്നത് 1901 സീറ്റുകൾ. പുതുതായി അനുവദിച്ച സ്‌കൂളുകളിലും അധികബാച്ചുകളിലും പ്രവേശനം തുടങ്ങാൻപോലും കുട്ടികളില്ലെന്നതാണ് ചില ജില്ലകളിലെ അവസ്ഥ.

നാല് അലോട്ട്‌മെന്റുകൾ പൂർത്തിയായപ്പോൾ പ്രവേശനം ആഗ്രഹിക്കുന്നത് 86,829 അപേക്ഷകരാണ്. അനൗദ്യോഗിക കണക്കു പ്രകാരം പുതിയ 700 ബാച്ചുകളിലായി 35,000, മാനേജ്‌മെന്റ് ക്വാട്ടയിലെ 86,000, അൺഎയ്ഡഡ് ബാച്ചുകളിലെ 66,000, മെരിറ്റിൽ ശേഷിക്കുന്ന 1523 സീറ്റുകൾ എന്നിങ്ങനെ 1,88,523 സീറ്റുകളാണ് ശേഷിക്കുന്നത്.

ആദ്യ സപ്ലിമെന്ററി അലോട്ട്‌മെന്റ് ലഭിച്ച 12,878 വിദ്യാർത്ഥികൾ സ്‌കൂളുകളിൽ പ്രവേശനം നേടിയിട്ടില്ല. ഇന്നലെ പൂർത്തിയാക്കിയ രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റിലും ഇതേനില തുടർന്നാൽ ശേഷിക്കുന്ന സീറ്റുകളുടെ എണ്ണം ഇനിയും കൂടും. പതിനൊന്ന് സ്‌കൂളുകളും ഒമ്പത് ബാച്ചുകളിലുമായി 1550 സീറ്റുകളാണ് ഇടുക്കിയിൽ പുതുതായി അനുവദിച്ചത്. 351 മെരിറ്റ് സീറ്റുകൾ അപേക്ഷകരില്ലാതെ കാലിയായി. ഇതിലും രൂക്ഷമാണ് പത്തനംതിട്ടയിലെ സ്ഥിതി. 17 സ്‌കൂളുകളും ഒമ്പത് ബാച്ചുകളുമാണ് പുതുതായി അനുവദിച്ചത്. മെരിറ്റിൽ കാലിയായ 490 സീറ്റുകളടക്കം ശേഷിക്കുന്ന 2640 സീറ്റുകളിലേക്ക് ആകെയുള്ള അപേക്ഷകർ 804 പേർ മാത്രം.
121 അധികബാച്ചുകളും 19 പുതിയ സ്‌കൂളുകളും അനുവദിച്ച മലപ്പുറം ജില്ലയിൽ ബാക്കിയായത് 19,072 അപേക്ഷകർ മാത്രമാണ്. 7950 സീറ്റുകൾ അവിടെ ബാക്കിയുണ്ട്.

പത്താം ക്ലാസ് പാസായ 16 മുതൽ 22 വയസുവരെയുള്ള മുഴുവൻ പേർക്കും ഒന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റിനു മുൻപ് അപേക്ഷിക്കാൻ സർക്കാർ അവസരം നൽകിയിരുന്നു. എസ്.എസ്.എൽ.സി സേ പരീക്ഷ, പത്താംതരം തുല്യതാപരീക്ഷ, സി.ബി.എസ്.ഇ സ്‌കൂൾ പരീക്ഷ, ഓപ്പൺസ്‌കൂൾ, സാക്ഷരതാമിഷൻ പരീക്ഷ, അന്യസംസ്ഥാന ബോർഡ് പരീക്ഷകൾ എന്നിവ പാസായ മുഴുവൻ വിദ്യാർത്ഥികൾക്കും സപ്ലിമെന്ററി അലോട്ട്‌മെന്റിലേക്ക് അപേക്ഷിക്കാൻ അവസരം നൽകിയിരുന്നു. ഇത്തരത്തിൽ ലഭിച്ച 1,63,244 അപേക്ഷകർക്ക് രണ്ട് സപ്ലിമെന്ററി അലോട്ട്‌മെന്റ് നടത്തിയപ്പോഴാണ് 86,829 അപേക്ഷകർ ശേഷിക്കുന്നത്.

പുതിയ സ്‌കൂളുകളും ബാച്ചുകളും അനുവദിക്കുന്നതിന് മുൻപായിരുന്നു എല്ലാവർക്കും അവസരം നൽകിയതെന്നതിനാൽ ഇനി അപേക്ഷകർ ഉണ്ടാവാൻ ഇടയില്ലെന്നാണ് ഹയർസെക്കൻഡറി അധികൃതർ പറയുന്നത്. പത്താംക്ലാസ് പാസായവർക്ക് ഹയർസെക്കൻഡറിക്ക് പുറമേ പോളിടെക്‌നിക്കിൽ 28,000 ത്തോളം സീറ്റുകളും ഐ.ടി.ഐ മേഖലയിൽ 20,000 ത്തോളം സീറ്റുകളും ലഭ്യമാണ്. വൊക്കേഷണൽ ഹയർസെക്കൻഡറിയിൽ 4125 സീറ്റുകളാണ് ഒഴിഞ്ഞുകിടക്കുന്നത്. സർക്കാർ സ്‌കൂളുകളിൽ 25,535ഉം എയ്ഡഡ് സ്‌കൂളുകളിൽ 1965ഉം അടക്കം 27,500 സീറ്റുകളാണ് വി.എച്ച്.എസ്.സിയിലുള്ളത്.

നിലവിലെ സാഹചര്യത്തിൽ മൂന്ന് വർഷം കൂടി കഴിഞ്ഞാൽ പ്ലസ്ടുവിൽ ചേരുന്നവരുടെ എണ്ണത്തിൽ തന്നെ കുറവുണ്ടാകുമെന്ന് വിദ്യാഭ്യാസ വിദഗ്ധർ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനിടെയാണ് സ്വന്തം പോക്കറ്റ് വീർപ്പിക്കാനായി സർക്കാറും സ്‌കൂൾ മാനേജ്‌മെന്റുകളും ചേർന്നുള്ള ഒത്തുകളി നടന്നിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP