Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചുവന്ന പുഷ്പങ്ങൾ കൈയിലേന്തി അവർ കണ്ണീരോടെ വഴി നീളെ കാത്തിരുന്നു; നെടുമ്പാശേരി മുതൽ ചമ്പക്കുളം വരെ അനുഗമിച്ചത് ആയിരങ്ങൾ; ഒന്നര മാസത്തെ കാത്തിരിപ്പിന് ശേഷം എത്തിയ മാർട്ടിൻ അച്ചന്റെ മൃതദേഹം ഹൃദയത്തിൽ ഒപ്പിട്ടു വാങ്ങി കുട്ടനാട്ടുകാർ

ചുവന്ന പുഷ്പങ്ങൾ കൈയിലേന്തി അവർ കണ്ണീരോടെ വഴി നീളെ കാത്തിരുന്നു; നെടുമ്പാശേരി മുതൽ ചമ്പക്കുളം വരെ അനുഗമിച്ചത് ആയിരങ്ങൾ; ഒന്നര മാസത്തെ കാത്തിരിപ്പിന് ശേഷം എത്തിയ മാർട്ടിൻ അച്ചന്റെ മൃതദേഹം ഹൃദയത്തിൽ ഒപ്പിട്ടു വാങ്ങി കുട്ടനാട്ടുകാർ

കുട്ടനാട്: മറക്കില്ല.. ഒരിക്കലും.. കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ.. പ്രാർത്ഥനയോടെ വിട... സ്‌കോട്ലൻഡിലെ എഡിൻബറയിൽ മരിച്ച ഫാ.മാർട്ടിൻ സേവ്യർ വാഴച്ചിറയ്ക്കു ജന്മനാടിന്റെ കണ്ണീരിൽ കുതിർന്ന അന്ത്യാഞ്ജലി. ഫാ. മാർട്ടിൻ സേവ്യർ വാഴച്ചിറയ്ക്കു പുളിങ്കുന്നിലെ കണ്ണാടി ഗ്രാമവും ജന്മവീടും അന്ത്യമൊഴി ചൊല്ലി. വൈദികനാകുന്നതിനു മുൻപും ശേഷവും ഫാ. മാർട്ടിൻ നടന്നുതീർത്ത ഗ്രാമവഴികളുടെ ഇരുവശവും ചുവന്നപുഷ്പങ്ങൾ ചേർത്തുവച്ച അദ്ദേഹത്തിന്റെ ചിത്രങ്ങൾ പ്രിയപ്പെട്ടവർ സ്ഥാപിച്ചിരുന്നു.

ഒരു നോക്ക് അവസാനമായി കാണാൻ നാട്ടുകാർ ഒന്നടങ്കം ഒഴുകിയെത്തി. എഡിൻബറ രൂപതയിൽ ഉപരിപഠനത്തിനൊപ്പം സേവനം അനുഷ്ഠിച്ചുവന്ന ഫാ. മാർട്ടിനെ ജൂൺ 24ന് ആണു മരിച്ചനിലയിൽ കണ്ടെത്തിയത്. താമസസ്ഥലത്തുനിന്ന് ഏകദേശം 60 കിലോമീറ്റർ അകലെ കടൽത്തീരത്തായിരുന്നു മൃതദേഹം. സ്‌കോട്ലൻഡ് ക്രൈം ഇൻവെസ്റ്റിഗേഷൻ ടീം ഉൾപ്പെടെ അന്വേഷിച്ചിട്ടും മരണകാരണം കണ്ടെത്തിയിട്ടില്ല. ഇതിനിടെയാണ് മൃതദേഹം ജന്മനാടിന് വിട്ടുകൊടുക്കാൻ അന്വേഷണ സംഘം തീരുമാനിച്ചത്. ഇതോടെ നാടിന്റെ കാത്തിരിപ്പിന് അന്തമായി.

നെടുമ്പാശേരി വിമാനത്താവളത്തിൽനിന്നു വിലാപയാത്രയായി ഉച്ചകഴിഞ്ഞു രണ്ടേമുക്കാലോടെയാണു പുളിങ്കുന്ന് കണ്ണാടിയിലെ വാഴച്ചിറ വീട്ടിൽ ഫാ. മാർട്ടിന്റെ മൃതദേഹം എത്തിച്ചത്. കയ്യിൽ പുഷ്പങ്ങളും ചുണ്ടിൽ പ്രാർത്ഥനയുമായി വൻ ജനക്കൂട്ടം വീട്ടിലെത്തിയിരുന്നു. നാട്ടുകാരും ഫാ. മാർട്ടിന്റെ സഹപാഠികളും സുഹൃത്തുക്കളുമുൾപ്പെടെ നുറുകണക്കിനുപേർ വസതിയിലെത്തി പ്രിയ വൈദികന് ആദരാഞ്ജലി അർപ്പിച്ചു. പ്രാർത്ഥനകൾക്കു ഫാ. മാർട്ടിൻ അംഗമായ സിഎംഐ സഭയുടെ സെന്റ് ജോസഫ്‌സ് പ്രൊവിൻസ് മേധാവി ഫാ. സെബാസ്റ്റ്യൻ ചാമത്തറ മുഖ്യ കാർമികത്വം വഹിച്ചു.

വൈകുന്നേരം അഞ്ചരയോടെ വീട്ടിൽനിന്നെടുത്ത മൃതദേഹം ആറരയോടെ ചെത്തിപ്പുഴ ആശ്രമദേവാലയത്തിൽ എത്തിച്ചു. രാത്രി വൈകി ചെത്തിപ്പുഴ ആശ്രമ ദേവാലത്തിനു സമീപത്തെ കുമ്പസാര കപ്പേളയിലേക്കു മാറ്റിയ മൃതദേഹം ഇന്ന് എട്ടിനു തിരുഹൃദയ ദേവാലയത്തിലേക്കു മാറ്റും. 8.30 ന് ആശ്രമം പ്രിയോർ ഫാ. സെബാസ്റ്റ്യൻ അട്ടിച്ചിറയുടെ കാർമികത്വത്തിൽ പ്രാർത്ഥന. 11 ന് അതിരൂപതാ സഹായ മെത്രാൻ മാർ തോമസ് തറയിലിന്റെ കാർമികത്വത്തിൽ കുർബാന. തുടർന്നു ചെത്തിപ്പുഴ തിരുഹൃദയ ദേവാലയത്തിൽ സംസ്‌കാരച്ചടങ്ങുകൾ. ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം, മാർ സെബാസ്റ്റ്യൻ തെക്കത്തച്ചേരി, മാർ സൈമൺ സ്റ്റോക്ക് പാലാത്തറ ഉൾപ്പെടെയുള്ളവർ കാർമികരായി. ചെത്തിപ്പുഴ ആശ്രമ ദേവാലയത്തിൽ എത്തിച്ച മൃതദേഹത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മുൻ മന്ത്രി കെ.എം.മാണി, കൊടിക്കുന്നിൽ സുരേഷ് എംപി, സി.എഫ്.തോമസ് എംഎൽഎ, ഡോ. കെ.സി.ജോസഫ്, ജോണി നെല്ലൂർ, ഡെയ്‌സി ജേക്കബ് തുടങ്ങിയവർ അന്ത്യാഞ്ജലി അർപ്പിച്ചു. വൈകിട്ടു നടന്ന പ്രാർത്ഥനകൾക്കു മാർ സെബാസ്റ്റ്യൻ തെക്കത്തച്ചേരി നേതൃത്വം നൽകി.

രാവിലെ 9.15 ന് എമിറേറ്റ്‌സ് വിമാനത്തിലാണു മൃതദേഹം നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിച്ചത്. ഫാ. ടെബിൻ പുത്തൻപുര സ്‌കോട്ലൻഡിൽനിന്നു മൃതദേഹത്തെ അനുഗമിച്ചിരുന്നു. ഫാ. മാർട്ടിന്റെ സഹോദരൻ തങ്കച്ചൻ വാഴച്ചിറ, സിഎംഐ സഭ തിരുവനന്തപുരം സെന്റ് ജോസഫ് പ്രൊവിൻസ് പ്രൊവിൻഷ്യൽ ഫാ. സെബാസ്റ്റ്യൻ ചാമത്തറ എന്നിവരുടെ നേതൃത്വത്തിൽ മൃതദേഹം ഏറ്റുവാങ്ങി. ഏറെ നാട്ടുകാരും പ്രൊവിൻഷ്യൽ കൗൺസിലർമാരായ ഫാ. ജയിംസ് മുല്ലശേരി, ഫാ. റോബിൻ അനന്തക്കാട് തുടങ്ങിയവരുടെ നേതൃത്വത്തിൽ വൈദികരും വിമാനത്താവളത്തിൽ എത്തിയിരുന്നു. നെടുമ്പാശേരിയിൽ നിന്നു വീട്ടിലേക്കുള്ള യാത്രാമധ്യേ മുഹമ്മ നസ്രത്ത് ഭവനത്തിൽ മൃതദേഹം എത്തിച്ചിരുന്നു.

ഉപരിപഠനത്തിനായി സ്‌കോട്ലൻഡിലേക്കു ഫാ. മാർട്ടിൻ പോയതറിഞ്ഞ് അഭിമാനം കൊണ്ടിരുന്നു കണ്ണാടിയിലെ നാട്ടുകാരും ബന്ധുക്കളും സുഹൃത്തുക്കളും. ഉപരിപഠനം കഴിഞ്ഞു പതിവുപുഞ്ചിരിയോടെ അദ്ദേഹം തിരികെ വരാനായി കാത്തിരിക്കുന്നതിനിടെയാണ് ഒന്നര മാസം മുൻപു ദുരന്തവാർത്ത കടൽകടന്ന് എത്തിയത്. ഫാ. മാർട്ടിന്റെ മാതാവ് നേരത്തേ മരിച്ചിരുന്നു. പിതാവ് തോമസ് സേവ്യർ രോഗബാധിതനായി ശയ്യാവലംബിയും. മൂത്ത സഹോദരനു പ്രമേഹം ബാധിച്ചു കാഴ്ചശേഷി നഷ്ടപ്പെട്ടിരുന്നു. വേദന നിറഞ്ഞ കുടുംബത്തിന്റെ സന്തോഷമായിരുന്നു ഫാ. മാർട്ടിൻ. ഭവനത്തിനുള്ളിൽ വച്ചു ഫാ. മാർട്ടിന്റെ പിതാവും സഹോദരങ്ങളും സഹവൈദികരും ആദ്യം അന്ത്യാഞ്ജലി അർപ്പിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP