Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വിൽപ്പനയ്ക്ക് വച്ചിരുന്ന കാവിത്തുണി വാങ്ങി കഷ്ണങ്ങളാക്കി തലയിൽ കെട്ടി ജയ് ശ്രീറാം വിളിച്ചു കൊണ്ട് അയോധ്യയിലെ ആൾക്കുട്ടത്തിനിടയിലൂടെ നടന്ന കഥ പറഞ്ഞ് ജോൺ ബ്രിട്ടാസ്‌

വിൽപ്പനയ്ക്ക് വച്ചിരുന്ന കാവിത്തുണി വാങ്ങി കഷ്ണങ്ങളാക്കി തലയിൽ കെട്ടി ജയ് ശ്രീറാം വിളിച്ചു കൊണ്ട് അയോധ്യയിലെ ആൾക്കുട്ടത്തിനിടയിലൂടെ നടന്ന കഥ പറഞ്ഞ് ജോൺ ബ്രിട്ടാസ്‌

തന്ത്ര ഇന്ത്യയെ സാമൂഹിക വിഭജനത്തിലേക്ക് തെളിച്ചുകൊണ്ടുപോകാൻ വർഗീയവൈതാളികർ കണ്ടുവെച്ചതായിരുന്നു ബാബരി മസ്ജിദ് ധ്വംസനം. ജനാധിപത്യ, മതനിരപേക്ഷ ഇന്ത്യയുടെ താഴികക്കുടങ്ങൾ തല്ലിത്തകർത്ത, ബാബരി ധ്വംസനം നോക്കിനിൽക്കേണ്ടിവന്ന മാധ്യമപ്രവർത്തകന്റെ ദുരവസ്ഥയുടെ നിമിഷങ്ങൾ ഓർത്തെടുക്കുകയാണ് ലേഖകൻ ...

ബാബരി മസ്ജിദ് ധൂളികളായി അന്തരീക്ഷത്തിൽ ലയിച്ചപ്പോൾ പൊടിപടലങ്ങൾ കോറിയിട്ട വരികളാണ് യഥാർഥത്തിൽ പിൽക്കാല ഇന്ത്യയുടെ രാഷ്ട്രീയത്തെ മാറ്റിമറിച്ചത്. മസ്ജിദിന്റെ പതനം റിപ്പോർട്ട് ചെയ്തപ്പോൾ എന്റെ പേനയിൽനിന്ന് ഉതിർന്ന വരികൾ ഇപ്പോഴും മനസ്സിലുണ്ട്: 'മതനിരപേക്ഷ ഭാരതത്തിന്റെ ചരമക്കുറിപ്പെഴുതാനായിരുന്നു ഈ യാത്ര എന്ന് ഞങ്ങളാരും നിനച്ചിരുന്നില്ല...' ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഗതിവിഗതികൾ നിരീക്ഷിക്കുമ്പോൾ അന്ന് കോറിയ വരികൾക്ക് ഒരു പ്രവചന സ്വഭാവം ഉണ്ടായിരുന്നില്ലേ എന്ന് തോന്നുന്നു.

മൂന്ന് പതിറ്റാണ്ട് കാലത്തെ മാധ്യമപ്രവർത്തനത്തിന്റെ ബാക്കിയിരിപ്പ് എന്താണ് പലരും ചോദിക്കുകയും സ്വയം ചോദിക്കുകയും ചെയ്യുന്ന പ്രസക്തിയുള്ള ചോദ്യം. ഭരണനിർവഹണ സ്ഥാനത്തെക്കാൾ ഏറ്റവും കൂടുതൽ ആകർഷിച്ചത് ഒരു സാധാരണ മാധ്യമ പ്രവർത്തകന്റെ യാത്രാവഴികളാണ്. ഇത്തരം സഞ്ചാരപഥങ്ങളാണ് എന്നെ രൂപപ്പെടുത്തിയത്. അഹന്തയുടെയും ധാർഷ്ട്യത്തിന്റെയും താൻപോരിമയുടെയും കൂർത്ത നാരുകൾ പലപ്പോഴും തേച്ചുകളയുന്നത് വാർത്താന്വേഷണത്തിന്റെ ഉരകല്ലുകളാലാണ്.

മാധ്യമ പ്രവർത്തകൻ എന്ന നിലയിൽ ചില വാർത്താവിസ്‌ഫോടനങ്ങളുടെ ബാക്കിപത്രം മനസ്സിൽ ചെറിയ വിങ്ങലോടെ പച്ചപിടിച്ച് കിടപ്പുണ്ട്. മറക്കാനാഗ്രഹിക്കുന്ന ഈ പ്രതലങ്ങൾ പലപ്പോഴും കാലികരാഷ്ട്രീയത്തിൽ തെളിഞ്ഞുവരാറുണ്ട്. അതിലെ ഏറ്റവും പ്രധാനപ്പെട്ടത് 1992 ഡിസംബർ ആറ് എന്ന ദൗർഭാഗ്യകരമായ കറുത്തദിനമാണ്. 500 വർഷം പഴക്കമുള്ള പുരാതനമായ ബാബരി മസ്ജിദിന്റെ തകർച്ച റിപ്പോർട്ട് ചെയ്യാൻ ഡൽഹിയിൽനിന്ന് വണ്ടികയറിയത് മുതലുള്ള ഓരോ രംഗവും ഒരുനിമിഷം കൊണ്ടു ഓർത്തെടുക്കാനാകും. ഡിസംബർ ആറിന്റെ തണുത്തുറഞ്ഞ പ്രഭാതത്തിൽ വെള്ളകീറുന്നതിനുമുമ്പ് ഫൈസാബാദിലെ ഹോട്ടലിൽനിന്ന് ഞങ്ങൾ ഒരു കൂട്ടം മാധ്യമപ്രവർത്തകർ അയോധ്യയിലേക്ക് യാത്ര ആരംഭിച്ചു. അഞ്ചു കിലോമീറ്റർ മാത്രമേ ദൂരമുള്ളൂവെങ്കിലും അംബാസഡർ കാറിനുള്ളിൽ ഞെരുങ്ങിയിരുന്നു നിശ്ശബ്ദതയുടെ ആഴങ്ങളിൽ ഓരോരുത്തരും ഒട്ടേറെ അനുമാനങ്ങൾ നടത്തി. വെങ്കിടേഷ് രാമകൃഷ്ണൻ, എം.കെ. അജിത്കുമാർ, ഇ.എസ്. സുഭാഷ്, പി.ആർ. രമേഷ്, മുരളീധർ റെഡ്ഡി എന്നിങ്ങനെ ഒരു പിടി പേരുകൾ മനസ്സിലേക്ക് വരുന്നു.

ബാബരി മസ്ജിദിന് തൊട്ടുമുന്നിലുള്ള മാനസ് ഭവന്റെ പടവുകൾ ചവിട്ടി ടെറസിലേക്ക് പോകുമ്പോൾ അന്തരീക്ഷം 'ജയ്ശ്രീറാം' വിളികളാൽ മുഖരിതമായിരുന്നു. കാവിത്തുണികളും തലപ്പാവുകളും ത്രിശൂലങ്ങളും വിറ്റുകൊണ്ടിരുന്ന ഒരുകൂട്ടം പേരെ വകഞ്ഞുമാറ്റിയാണ് ഞങ്ങൾ ടെറസിലെത്തിയത്. മസ്ജിദിന്റെ ഒരു വിളിപ്പാടകലെ പൊലീസ് ബന്തവസ്സിൽ പുറത്ത് ബിജെപിയുടെയും സംഘ്പരിവാറിന്റെയും മുതിർന്ന നേതാക്കൾ തങ്ങിയിരുന്നു. എൽ.കെ. അദ്വാനി, മുരളീ മനോഹർ ജോഷി, ഉമാഭാരതി, അശോക് സിംഗാൾ ഇപ്പോഴത്തെ യു.പി മുഖ്യമന്ത്രി ആദിത്യനാഥും അദ്ദേഹത്തിന്റെ ഗുരു മഹന്ത് അവൈദ്യനാഥുമൊക്കെ പ്രസരിപ്പോടെ കർസേവകർക്കിടയിൽ തലയുയർത്തി നിലകൊണ്ടിരുന്നു. ഇടക്കിടക്ക് ഇവർ ഉച്ചഭാഷിണിയിലൂടെ മസ്ജിദിന് ചുറ്റും തടിച്ചുകൂടിയിരുന്ന കർസേവകരെ പ്രകോപനപരമായി അഭിസംബോധന ചെയ്യുന്നുണ്ടായിരുന്നു. മന്ത്രോച്ചാരണങ്ങളും കൊലവിളികളും ഇഴകോർത്തുനിന്ന അന്നത്തെ അന്തരീക്ഷം മനസ്സിൽനിന്ന് ഒരിക്കലും മാഞ്ഞുപോകില്ല.

പ്രകോപനങ്ങളുടെ കുത്തൊഴുക്കും ഉച്ചസ്ഥായിലുള്ള വെല്ലുവിളികളും ഉയർന്നിരുന്നെങ്കിലും ജനാധിപത്യ മതേതര ഇന്ത്യക്ക് ഇതൊക്കെ പ്രതിരോധിക്കാനുള്ള കരുത്തുണ്ടാകുമെന്നാണ് ഞാനും സുഹൃത്തുക്കളും വിചാരിച്ചിരുന്നത്. എന്നാൽ, സൂര്യൻ ഞങ്ങളുടെ ഉച്ചിക്കു മുകളിൽ എത്തിയതോടെ അന്തരീക്ഷം കലങ്ങിമറിഞ്ഞു. ഞങ്ങളെയാകെ സ്തബ്ധരാക്കി എവിടെനിന്നോ നൂറുകണക്കിന് കർസേവകർ കപ്പിയും കയറും ഉപയോഗിച്ച് മസ്ജിദിന്റെ താഴികക്കുടങ്ങളിലേക്ക് ഇരച്ചുകയറി. ആയുധങ്ങൾകൊണ്ട് അന്തരീക്ഷത്തിൽ പൊടിപടലങ്ങളും ആക്രോശങ്ങളും ഉയർന്നു. ഒന്ന് പാളിനോക്കിയപ്പോൾ ആഘോഷത്തിമിർപ്പിലായ നേതാക്കളുടെ മുഖം വ്യക്തമായും കാണാൻ കഴിഞ്ഞു. മുരളി മനോഹർ ജോഷിയുടെ തോളിൽ അമർന്നുകിടന്ന് 'ഒരു തട്ടുകൂടി കൊടുക്കൂ' എന്ന് വിളിച്ചുപറയുന്ന ഉമാഭാരതിയുടെ ചിത്രം എടുത്തുനിന്നു. അവിശ്വസനീയമായിരുന്നു രംഗം. മിനിറ്റുകൾക്കുള്ളിൽ ആ പുരാതന മസ്ജിദ് ധൂളികളായി അന്തരീക്ഷത്തിൽ ലയിച്ചു.

വിശ്വസിക്കാനാകാതെ കണ്ണുതിരുമ്മി തുറന്ന ഞങ്ങൾ മറ്റൊരു അപകടം കൂടി അഭിമുഖീകരിക്കാൻ പോവുകയായിരുന്നു. എവിടെയോ തയാറാക്കിയ തിരക്കഥ എന്നപോലെ പത്രക്കാർക്ക് എതിരെയുള്ള വേട്ട ആരംഭിച്ചു. കുറുവടി ഏന്തിവന്ന ഒരുപറ്റം കർസേവകർ മാധ്യമപ്രവർത്തകരെ തലങ്ങും വിലങ്ങും മർദിച്ചു. ജോൺബ്രിട്ടാസ്, ബാലൻ എന്ന പേരു സ്വീകരിക്കാൻ നിമിഷങ്ങളേ വേണ്ടിയിരുന്നുള്ളൂ. മാനസ് ഭവന്റെ ടെറസിൽ കുടുങ്ങിയ ഞങ്ങൾ എങ്ങനെ രക്ഷപ്പെടും എന്റെ ചെറിയബുദ്ധിയിൽ വിരിഞ്ഞ ഒരാശയമാണ് ഞങ്ങൾക്ക് സുരക്ഷാ ഇടനാഴി തീർത്തത്. വിൽപനക്കു വെച്ചിരുന്ന കാവിത്തുണി വാങ്ങി പല കഷണങ്ങളാക്കി ഞങ്ങൾ ഓരോരുത്തരും തലയിൽ കെട്ടി. അപ്പോഴേക്കും വിൽപനക്കാർ തുണി വില പതിന്മടങ്ങായി ഉയർത്തിയിരുന്നു. ജീവന്റെ മുന്നിൽ ഇതൊക്കെ നിസ്സാരമായിരുന്നതുകൊണ്ട് ചോദിച്ച പണം കൊടുത്ത് തുണി വാങ്ങി കെട്ടി. കാവിയുടെ ആവരണത്തിൽ കർസേവകരായി രൂപാന്തരം പ്രാപിച്ച ഞങ്ങൾ 'ജയ്ശ്രീറാം' വിളിച്ച് സുരക്ഷിതമായി പടിയിറങ്ങി. ഒരുവിധത്തിൽ കാർ കണ്ടെത്തി സുരക്ഷിതമായ ഭൂമിയിലേക്കു പലായനംചെയ്തു. കാൽനൂറ്റാണ്ട് കഴിഞ്ഞെങ്കിലും അയോധ്യയിൽ നടന്ന സംഭവവികാസങ്ങൾ ഇന്നും മനസ്സിനെ കൊളുത്തി വലിക്കാറുണ്ട്. അന്ന് തുടങ്ങിയ മലക്കംമറിച്ചിലുകളാണ് ഇന്ത്യയെ ഇന്നത്തെ സ്ഥിതിയിലെത്തിച്ചിരിക്കുന്നത്.

അയോധ്യയുമായുള്ള എന്റെ സംസർഗത്തിന് രണ്ടര വ്യാഴവട്ടക്കാലത്തെ പഴക്കമുണ്ട്. 1989ൽ ശിലാന്യാസ് റിപ്പോർട്ട് ചെയ്യാനാണ് ഞാനാദ്യം അയോധ്യയിലെത്തിയത്. ഉത്തരേന്ത്യയുമായി പൊരുത്തപ്പെട്ടുവരുന്നതേ ഉണ്ടായിരുന്നുള്ളൂ. ഡൽഹിയിൽനിന്ന് ട്രെയിനിന്റെ ജനറൽ കമ്പാർട്മന്റെിൽ ലഖ്‌നോ വരെ. അവിടെനിന്ന് യു.പി ട്രാൻസ്‌പോർട്ട് കോർപറേഷന്റെ തുരുമ്പിച്ച ബസിൽ ഫൈസാബാദിലേക്ക്. പിന്നീട് നടന്നും കുതിരവണ്ടി കയറിയുമൊക്കെയാണ് അയോധ്യയിലെത്തിയത്. പുരാണങ്ങളിലും പുസ്തകങ്ങളിലും വായിച്ചറിഞ്ഞ അയോധ്യയായിരുന്നില്ല എന്റെ മുന്നിൽ. ഇന്ത്യൻ രാഷ്ട്രീയത്തെ ഗ്രസിക്കാൻ പോകുന്ന വൻ വിപത്തിന്റെ വാതായനമായാണ് അന്നുതന്നെ അയോധ്യ അനുഭവപ്പെട്ടത്. ഭക്തിമന്ത്രങ്ങൾക്കുള്ളിൽ ഒളിഞ്ഞിരിക്കുന്ന രക്തച്ചുവ അന്നേ നാവിൽ കയ്പായി അനുഭവപ്പെട്ടിരുന്നു. ശിലാന്യാസിൽ തുടങ്ങി മൂന്നു വർഷത്തിനുള്ളിൽ മസ്ജിദിനെ കീഴ്‌പ്പെടുത്തി അധികാരത്തിന്റെയും ധാർഷ്ട്യത്തിന്റെയും കാവിക്കൊടി പാറിച്ചതോടെ ഇന്ത്യൻ രാഷ്ട്രീയം പതുക്കെ തമോഗർത്തത്തിലേക്ക് പതിക്കുകയായിരുന്നു.എണ്ണമറ്റ കലാപങ്ങളും അത് സൃഷ്ടിച്ച ചോരപ്പുഴകളുമൊക്കെ റിപ്പോർട്ടു ചെയ്യാനുള്ള ഭാഗ്യമോ നിർഭാഗ്യമോ എനിക്കുണ്ടായിട്ടുണ്ട്.

മസ്ജിദിന്റെ തകർച്ചക്കിടയിലും കൗതുകകരമായ മറ്റ് പല കാര്യങ്ങളും നടന്നിരുന്നു. എന്റെ എതിർദിശയിലുള്ള പത്രമെന്ന് വിശ്വസിക്കാവുന്ന 'മലയാള മനോരമ'യുടെ സർവാധികാരിയായ പത്രാധിപർ കെ.എം. മാത്യുവിൽനിന്ന് എനിക്ക് ലഭിച്ച കത്താണ് അതിലൊന്ന്. അയോധ്യയിലെ മാധ്യമവേട്ടക്കിടയിൽ മനോരമ സംഘം വിലകൂടിയ കാമറകൾ ഉപേക്ഷിച്ച് ഡൽഹിയിലേക്ക് പ്രയാണം ചെയ്തിരുന്നു. ഡിസംബർ ആറിനുശേഷം തുടർന്നും അയോധ്യയിൽ തങ്ങിയ ഞങ്ങൾ ആ കാമറ വീണ്ടെടുത്ത് മനോരമയുടെ ഡൽഹി ഓഫിസിൽ ഏൽപിച്ചു. ഇതിന്റെ സന്തോഷത്തിലാണ് മാത്തുക്കുട്ടിച്ചായൻ നേരിട്ട് കത്തയച്ചത്.

(കടപ്പാട്: മാധ്യമം) 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP