Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അമിത ടെൻഷൻ മൂലം ശരീരത്തിന്റെ ബാലൻസ് തെറ്റി എണീക്കാൻ പോലും ആവാതെ ദിലീപ് സെല്ലിൽ കിടന്നത് മൂന്ന് ദിവസം; തറയിലെ കിടപ്പ് അസുഖം ഗുരുതരമാക്കി; ഹൃദയാഘാതം പോലും ഉണ്ടാവാൻ സാധ്യത ഉണ്ടെങ്കിലും സുരക്ഷയും ജനരോക്ഷവും ഭയന്ന് ആശുപത്രിക്കകത്ത് ഡോക്ടർമാരെ കൊണ്ടു വന്ന് പരിശോധിച്ച് ജയിൽ അധികൃതർ; നടന്റെ രോഗം തട്ടിപ്പെന്ന് കരുതി സഹതടവുകാർ

അമിത ടെൻഷൻ മൂലം ശരീരത്തിന്റെ ബാലൻസ് തെറ്റി എണീക്കാൻ പോലും ആവാതെ ദിലീപ് സെല്ലിൽ കിടന്നത് മൂന്ന് ദിവസം; തറയിലെ കിടപ്പ് അസുഖം ഗുരുതരമാക്കി; ഹൃദയാഘാതം പോലും ഉണ്ടാവാൻ സാധ്യത ഉണ്ടെങ്കിലും സുരക്ഷയും ജനരോക്ഷവും ഭയന്ന് ആശുപത്രിക്കകത്ത് ഡോക്ടർമാരെ കൊണ്ടു വന്ന് പരിശോധിച്ച് ജയിൽ അധികൃതർ; നടന്റെ രോഗം തട്ടിപ്പെന്ന് കരുതി സഹതടവുകാർ

പ്രവീൺ സുകുമാരൻ

കൊച്ചി: ഒന്നര ആഴ്ച മുൻപാണ് നടൻ ദിലീപ് പ്രാഥമിക കൃത്യം നിർവ്വഹിക്കാൻ പോലും എണീക്കാനാവാതെ കിടന്നത്. തലചുറ്റലും ഇടക്കിടെയുള്ള ചർദ്ദിയുമായിരുന്നു ലക്ഷണം. വാർഡന്മാർ പാരസെറ്റമോളും തലകറക്കത്തിന് ഗുളികയും നൽകിയെങ്കിലും അസുഖം ഭേദമായില്ല. രാവിലെയും ഉച്ചയ്ക്കും ഭക്ഷണം പോലും കഴിക്കാതെ കിടക്കുകയായിരുന്നു ദിലീപ്. അന്ന് വൈകിട്ട് മിന്നൽ പരിശോധനയ്ക്ക് ആലുവ ജയിലിൽ എത്തിയ ജയിൽ മേധാവി ആർ ശ്രീലേഖയാണ് ദിലീപിന്റെ അവസ്ഥ കണ്ട് ഡോക്ടറെ വിളിക്കാൻ സുപ്രണ്ടിന് നിർദ്ദേശം നൽകിയത്.

ഇതിൻ പ്രകാരം ജയിൽ മേധാവി സന്ദർശനം പൂർത്തിയാക്കി തിരികെ പോയതിന് ശേഷം ആലുവ ജില്ലാ ആശുപത്രിയിലെ ആർ എം ഒ യും രണ്ടു നേഴ്സുമാരും ജയിലിലെത്തി ദിലീപിനെ പരിശോധിച്ചു. ഇവിടെന്നുള്ള ഡോക്ടറാണ് ദിലീപിന് മിനിയേഴ്സ് സിൻട്രം ആണെന്ന് സ്ഥിരീകരിച്ചത്. അമിത ടെൻഷൻ ഉണ്ടാകുമ്പോൾ ചെവിയിലേക്കുള്ള വെയ്നുകളിൽ പ്രഷർ ഉണ്ടാകുകയും ഫ്ളൂയിഡ് ഉയർന്ന് ശരീരത്തിന്റെ ബാലൻസ് തെറ്റിക്കുകയും ചെയ്യുന്ന അവസ്ഥയാണ് ദിലീപിന്റേതെന്ന് ഡോക്ടർ വാർഡന്മാരെ ധരിപ്പിച്ചു. ഇത്തരം രോഗികളിൽ സിവിയർ അറ്റാക്കിന് സാധ്യതയുണ്ടെന്നും ആശുപത്രിയിലേക്ക് മാറ്റുന്നത് ഉചിതമാവുമെന്നും ഡോക്ടർ നിർദ്ദേശിച്ചുവെങ്കിലും സുരക്ഷ കാര്യങ്ങൾ പരിഗണിച്ച് അത് പ്രായോഗികമല്ലന്ന് സുപ്രണ്ട് വ്യക്തമാക്കി.

ജയിൽ ഡി ഐ ജി സാം തങ്കയ്യൻ ഡോക്ടറോടു ഫോണിൽ സംസാരിക്കുകയും ചെയ്തു. ഡി ഐ ജി യുടെ ആവശ്യ പ്രകാരം മൂന്ന് ദിവസം വിദഗ്ധ ഡോക്ടർമാരുടെ സംഘം ജയിലിലെത്തി ദിലീപിനെ ചികിത്സിച്ചു. ഈ സമയം പരസഹായത്തോടെ തന്നെയാണ് ദിലീപ് പ്രാഥമിക കൃത്യം പോലും നിർവ്വഹിച്ചത്. വഞ്ചനാ കേസിൽ റിമാന്റിൽ ഉള്ള തമിഴനാട് സ്വദേശിയായ സഹ തടവുകാരനെ ദിലീപിനെ ശുശ്രൂഷിക്കാൻ ജയിൽ അധികൃതർ നിയോഗിക്കുകയും ചെയ്തു. തറയിലെ ഉറക്കം മൂലം തണുപ്പടിച്ചതും ദിലീപിന്റെ രോഗം മൂർച്ഛിക്കാൻ കാരണമായതായി ഡോക്ടർ ജയിൽ അധികൃതരോടു പറഞ്ഞു.തനിക്ക് നേരത്തെയും ഇതു പോലെ തല കറക്കം ഉണ്ടായിട്ടുള്ളതായി ദിലീപ് ഡോക്ടറോടു പറഞ്ഞു. പരസഹായമില്ലതെ ദിലീപ് കാര്യങ്ങൾ ചെയ്യാൻ തുടങ്ങിയിട്ട് അഞ്ച് ദിവസമാകുന്നു.

ഡോക്ടർ നിർദ്ദേശിച്ച ഗുളിക മുടങ്ങാതെ കഴിക്കുന്നുണ്ട്. അതേ സമയം ദിലീപിന്റേത് നാടകമാണന്നാണ് മറ്റു തടവുകാർക്കിടയിലെയും ചില വാർഡന്മാർക്കിടയിലെയും സംസാരം. ആരോഗ്യസ്ഥിതി മോശമാണന്ന ഡോക്ടറുടെ റിപ്പോർട്ടോടെ കോടതിയെ സമീപിക്കാനും അത് വഴി സഹതാപം ഉറപ്പിച്ച് ജാമ്യം നേടാനുമുള്ള നീക്കമാണിതെന്നാണ് ആക്ഷേപം. ദിലീപിന്റെ നാടകത്തിന് ജയിൽ അധികൃതർ കൂട്ടുനിൽക്കുന്നുവെന്നാണ് തടവുകാർക്കിടയിലെ മുറുമുറുപ്പ്, എന്നാൽ കാവ്യയെ അറസ്റ്റു ചെയ്യുമെന്ന ഭയവും അസ്വസ്ഥമാക്കുന്ന രീതിയിൽ അന്വേഷണ സംഘം ആലുവയിലെ വീട്ടിൽ കയറി ഇറങ്ങുന്നതും ദിലീപിനെ നൊമ്പരപ്പെടുത്തിയതായി ഒരു ജയിൽ വാർഡൻ മറുനാടനോടു പ്രതികരിച്ചു.

ആരോടും ചോദിക്കാതെ ദിലീപിന്റെ വീട്ടിലെ സി സി ടിവി ക്യാമറ ഘടിപ്പിച്ച സിസ്റ്റവും ഇന്റേണൽ മെമ്മറി കാർഡും അന്വേഷണ സംഘം കൊണ്ടു പോയതും വീട്ടുകാർ ദിലീപിനെ അറിയിച്ചിരുന്നു. ഇതും ടെൻഷൻ കൂടാൻ കാരണമായി. കാവ്യയെ ചോദ്യം ചെയ്ത വാർത്ത അറിഞ്ഞ ശേഷം ഉറക്കം തന്നെ നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു ദിലീപ് ജയിലിൽ കഴിച്ചു കൂട്ടിയത്. ലക്ഷ്യയിൽ സുനി എത്തിയതുമായി കണക്ടു ചെയ്തു കാവ്യയേയും പൊലീസ് ജയിലലടയക്കുമെന്ന വല്ലാത്ത ആശങ്ക ദിലീപിനെ വേട്ടയാടിയിരുന്നു. താൻ അഴിക്കുള്ളിലായപ്പോൾ സ്വന്ത മാനേജറായ അപ്പുണ്ണി പോലും തന്നെ ഒറ്റുകൊടുത്തു എന്ന മാനസികാവസ്ഥയിലാണ് ദിലീപ്. കാരാഗ്രഹത്തിലെ ഇരുട്ടിൽ പുറംലോകം കാണാതെ ദിവസങ്ങളായി കഴിച്ചു കൂട്ടുന്നതും താരത്തിന്റെ മാനസികാവസ്ഥയെയും ബാധിച്ചുവെന്നാണ് അറിയുന്നത്. ഒരു വശത്ത് തനിക്കെതിരെ നടക്കുന്ന അന്വേഷണങ്ങളുടെ വാർത്തകളും മറ്റ് കിംവതന്തികളുമെല്ലാം ജയിലിൽ നിന്നും അദ്ദേഹം അറിയുന്നത്.

ഇതെല്ലാം കേട്ട് മാനസികമായി അസ്വസ്ഥനായിരുന്ന ദിലീപിന് ആശ്വാസം വല്ലപ്പോഴും ജയിലിൽ നിന്നും മകൾ മീനാക്ഷിയേയും കാവ്യയേയും വിളിക്കാൻ കഴിയുന്നതാണ്. താര രാജാവ് ദുഃഖിതനായി ദിവസങ്ങൾ എണ്ണി കാരാഗ്രഹത്തിൽ കഴിയുമ്പോഴും 523-ാം നമ്പർ തടവുകാരന് ജയിലിലെത്തുന്ന കത്തുകളുടെ എണ്ണത്തിൽ കുറവില്ല. പോസ്ററ് കാർഡു മുതൽ ഇൻലഡു കവർ വരെ യുള്ള കത്തുകളാണ് കൂടുതലും. ദിലീപ് കൈപറ്റാത്തതു കൊണ്ട തന്നെ ജയിലിധികൃതർ ഒന്നും പൊട്ടിച്ചിട്ടില്ല. ദിലീപ് ജാമ്യം നേടി ഇറങ്ങുമ്പോൾ കൈമാറാൻ വെച്ചിരിക്കുകയാണ് ആരാധകരുടെ കത്തുകൾ. ഇതിനിടയിൽ ദിലീപിനെ ജയിൽ അധികൃതർ കൗൺസിലിംഗിന് വിധേയനാക്കുകയും ചെയ്തു.

കാവ്യയെ അറസ്റ്റു ചെയ്യുമോ എന്ന ഭയവും മകളെ കുറിച്ചുള്ള അമിത ഉത്കണ്ഠയുമാണ് ദിലീപിനെ കൂടുതൽ അസ്വസ്ഥനാക്കുന്നതെന്ന് രണ്ടര മണിക്കൂറോളം നീണ്ടു നിന്ന കൗൺസിലിംഗിൽ വ്യക്തമായ സാഹചര്യത്തിൽ ജയിലിൽ എത്തുന്ന കൗൺസിലർ ആയ കന്യാസ്ത്രീ ദിലീപിന് ചില യോഗ മുറകൾ നിർദ്ദേശിച്ചിരുന്നു.ദിനവും യോഗ നിർബന്ധമായി ചെയ്യാനും ആത്മീയ ഗ്രന്ഥങ്ങൾ കൂടുതൽ വായിക്കാനും കൗൺസിലർ നിർദ്ദേശിച്ചിരുന്നു. കൂടാതെ സങ്കീർത്തനം വായനയും നാമജപവും മുടക്കരുതെന്നും പോസ്റ്റീവ് എനർജി സ്വാംശീകരിക്കാൻ അവയ്ക്ക് ആകുമെന്നും കൗൺസിലർ പറഞ്ഞു. അമിത ചിന്തയും ഉത്കണ്ഠയും ഉണ്ടാക്കുന്ന മാനസിക സംഘർഷം കുറയ്ക്കാനുള്ള ചില ലഘു വിദ്യകൾ കൂടി ദിലീപ് കൗൺസിലറിൽ നിന്നും സ്വായത്തമാക്കിയിരുന്നു. എന്നാലത് ഫല പ്രദായി ഇതുവരെ ചെയ്തു തുടങ്ങിയിട്ടില്ലായെന്നാണ് ദിലീപിന്റെ സെല്ലിന്റെ ചുമതലയുള്ള വാർഡൻ പറയുന്നത്.

ജയിലിനുള്ളിൽ തടവുകാർക്ക് മാനസാന്തരം വരാനായി പ്രാർത്ഥിക്കാനെത്തുന്നവർ കൈമാറിയ സങ്കീർത്തനം തുടരെ തുടരെ വായിച്ച് ആത്മധൈര്യം സംഭരിച്ചുവരികയായിരുന്നു ദിലീപ്. സഹതടവുകാരോടു മിണ്ടിയും സിനിമാക്കഥകൾ പറഞ്ഞു ആക്ടീവാകുകകയായിരുന്നു താരം. ഈ കേസിൽ താൻ നിരപരാധിയാണന്നാണ് ദിലീപ് സഹതടവുകാരോട് പറഞ്ഞിരിക്കുന്നത്. അങ്ങനെ ജയിലിലെ സാഹചര്യവുമായി നടൻ എല്ലാ അർത്ഥത്തിലും ഇണങ്ങിച്ചേർന്നു വരികയായരുന്നു. ഇതിനിടയിലാണ് കാവ്യയെ ചോദ്യം ചെയ്തതറിഞ്ഞത്. സുപ്രീം കോടതിയിലെ അഭിഭാഷകരും ചില സിനിമ പ്രവർത്തകരും ബിസിനസ് പ്രമുഖരും ഒക്കെ ദിലീപിനെ കാണാൻ എത്തുന്നുണ്ട്.ഇതിൽ ദിലീപ് കാണാൻ താൽപര്യപ്പെടുന്നവരെ മാത്രമാണ് സൂപ്രണ്ടിന്റെ റൂമിലേക്ക് കടത്തി വിടുന്നത്.

ദിലീപിന്റെ റിമാൻഡ് കാലാവധി ചൊവ്വാഴ്ച അവസാനിക്കും.അപ്പുണ്ണിയിൽ നിന്നും അന്വഷണ സംഘത്തിന് നിർണായക വിവരങ്ങൾ കിട്ടിയ സാഹചര്യത്തിൽ പ്രോസിക്യൂഷൻ നേരത്ത പോലെ തന്നെ കടുത്ത നിലപാട് സ്വീകരിക്കും. അങ്ങനെയെങ്കിൽ അഭിഭാഷകൻ മാറിയെങ്കിൽ കൂടി ദിലീപിന്റെ ജാമ്യ ആവശ്യം നീണ്ടു പോകാനാണ് സാധ്യത.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP