Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചങ്ക്‌സ് അഥവാ ചളികോമഡിയിൽ തെറി ചാലിച്ച 'കമ്പിപ്പടം'! ഇത് വനിതാ കമ്മീഷൻ ഇടപെട്ട് അടിയന്തരമായ പ്രദർശനം നിർത്തിവെക്കേണ്ട സിനിമ; അശ്‌ളീലവും ദ്വയാർഥ പ്രയോഗവും സ്ത്രീവിരുദ്ധതയും സമം ചേർത്ത ഭരണിപ്പാട്ട്

ചങ്ക്‌സ് അഥവാ ചളികോമഡിയിൽ തെറി ചാലിച്ച 'കമ്പിപ്പടം'! ഇത് വനിതാ കമ്മീഷൻ ഇടപെട്ട് അടിയന്തരമായ പ്രദർശനം നിർത്തിവെക്കേണ്ട സിനിമ; അശ്‌ളീലവും ദ്വയാർഥ പ്രയോഗവും സ്ത്രീവിരുദ്ധതയും സമം ചേർത്ത ഭരണിപ്പാട്ട്

എം മാധവദാസ്

സൈബർലോകം ഇത്രക്ക് വിപുലമാകുന്നതിന്മുമ്പ് ,കൗമാരക്കാരെ ലക്ഷ്യമിട്ടിറങ്ങുന്ന കുറെ അശ്‌ളീല പുസ്തകങ്ങൾ ഉണ്ടായിരുന്നു. കൊച്ചുപുസ്തങ്ങളെന്നും കമ്പിപ്പുസ്തകങ്ങളെന്നും വിളിച്ചിരുന്ന ആ സാഹിത്യം മൊബൈലിന്റെയും വാട്‌സാപ്പിന്റെയും ലോകത്ത് കുറ്റിയറ്റുപോയി. എന്നാൽ ആ കമ്പിപ്പുസ്തകത്തിലെ ഒരു കഥയെടുത്ത് സമാനമായ ഡയലോഗുകൾ ചേർത്ത് കുറേ ചളിക്കോമഡിയും ചേർത്ത് ഒരു ചലച്ചിത്രമാക്കിയാൽ എങ്ങനെയിരിക്കും. 'ഹാപ്പി വെഡ്ഡിങ്ങ്‌സ്' എന്ന അത്യാവശ്യം നർമ്മമുള്ള, മോശമല്ലാത്ത എന്റർടെയിനർ എടുത്ത ഒമറിന്റെ രണ്ടാമത്തെ ചിത്രം 'ചങ്ക്‌സ്' ആ രീതിയിലുള്ള ഒരു പടപ്പായിപ്പോയി. കണ്ട് ചങ്ക് തകർന്നുപോയി. കടുത്ത ലൈംഗിക ദാരിദ്രം അനുഭവിക്കുന്ന ആൺകുട്ടികളെ മാത്രം തൃപ്തിപ്പെടുത്താനെടുത്ത സിനിമ.

തുടക്കംമുതൽ ഒടുക്കം വരെ അശ്‌ളീലവും ഡബിൾമീനിങ്ങുള്ള ചളികളും സ്ത്രീവിരുദ്ധതയും ആഭാസത്തരവുമാണ്. ചില സാമ്പിളുകൾ കേട്ടാൽ ഞെട്ടിപ്പോവും. മകന്റെ ബ്‌ളൂഫിലിം കാണുന്ന അച്ഛൻ, വാചാപരീക്ഷക്കുപോലും ടീച്ചറോട് ദ്വയാർഥപ്രയോഗം നടത്തുന്ന വിദ്യാർത്ഥി, കുട്ടികൾ ക്‌ളാസിൽ കയറാത്തിനാൽ വയറുവെളുക്കെ കാണിച്ച് സാരിയുടുത്ത ടീച്ചറെ അറ്റൻഡസ് എടുക്കാൻ അയച്ച് ക്‌ളാസിലേക്ക് ഓടിക്കയറി വാതിലടക്കുന്ന അദ്ധ്യാപകൻ, മാത്തമാറ്റിക്‌സൊക്കെ കുട്ടികൾക്ക് പെട്ടന്ന് പിടികിട്ടാനായി എസ് ഫോർ ഷക്കീല എന്നൊക്കെ ക്‌ളാസെടുക്കുന്ന പ്രൊഫസർ! ....മൊത്തത്തിൽ ഊളത്തരങ്ങളുടെയും ലൈംഗിക ഞരമ്പുരോഗികളുടെയും സംസ്ഥാന സമ്മേളനം. അമ്മയും മകനും തമ്മിലുള്ള സംഭാഷണത്തിൽപോലും അർധ അശ്‌ളീല ഡയലോഗ് തിരുകിക്കേറ്റാൻ ശ്രമിക്കുന്നുണ്ട്. അപ്പോൾ അച്ഛന്റെ കാര്യം പറയേണ്ടല്ലോ! എന്തൊരു പടമാണപ്പാ ഇത്.

ഇനി സെൻസർ സർട്ടിഫിക്കേററിന് മുമ്പ് സംവിധായകന്റെയും തിരക്കഥാകൃത്തുക്കളുടെയും ബുദ്ധിസ്ഥിരത പരിശോധിക്കാൻ നിയമം വരേണ്ടിയിരക്കുന്നു. സദാസമയവും ലൈംഗികത മാത്രം ചിന്തിച്ചുകൂട്ടുന്ന പെർവേട്ടഡ് ആയ മനസ്സിനിന്ന് ഉണ്ടായ സൃഷ്ടിയാണിത്. അത് 'മണിച്ചിത്രത്താഴിൽ' പറയുന്നപോലെ സൈക്കോസിസിന്റെ മൂർധന്യത്തിൽ എത്തി 'ഇൻക്യൂറബിൾ' അവുന്നതിന് മുമ്പ് ചികിൽസിച്ചാൽ സംവിധായകൻ ഒമറിനും കൂട്ടർക്കും നന്ന്!

ഇനി എതുകാലത്താണ് ഈ പടങ്ങളൊക്കെ ഇറങ്ങുന്നത് എന്ന് നോക്കുക. നമ്മുടെ ജനപ്രിയനായകൻ ദിലീപേട്ടൻ ഗോതമ്പുണ്ട തിന്നേണ്ടി വന്നതിന്റെ ഭാഗമായുള്ള ചർച്ചകൾ, ചലച്ചിത്രലോകത്തെ ലിംഗനീതിയെക്കെുറിച്ചും കാസ്റ്റിങ്ങ് കൗച്ചിനെക്കുറിച്ചും സ്ത്രീയെ ഭോഗവസ്തുവായിമാത്രം കാണുന്നതിനെകുറിച്ചും വഴിമാറിയ ഈ കാലത്ത് ഇത്തരം ഒരു പടമെടുക്കാൻ അസാമാന്യ ധൈര്യംവേണം.പീഡനത്തിന് ഇരയാക്കപ്പെട്ട നടിയുടെ പേര് പറഞ്ഞുപോയ കുറ്റത്തിന് നടൻ അജുവർഗീസ് നിയമനടപടി നേരിടുന്ന പശ്ചാത്തലത്തിൽ ഈ പടത്തെയൊക്കെ എങ്ങനെ കാണണം. സ്ത്രീത്വത്തെ അങ്ങേയറ്റം അപമാനിക്കുന്നു എന്ന ഒറ്റക്കാരണം ചുമത്തി വനിതാകമ്മീഷൻ സ്വമേധയാ കേസെടുത്ത് പ്രദർശനം നിർത്തിവെപ്പിക്കേണ്ട ചിത്രമാണിത്. അല്‌ളെങ്കിൽ അത് വേണ്ടിവരില്ല. ഒരാഴ്ചകൊണ്ടുതന്നെ ചളി താങ്ങാനാവാതെ ചിത്രം ഹോൾഡ് ഓവർ ആയിക്കോളും.

പുതിയ തലമുറയെ നിങ്ങൾ വല്ലാതെ അണ്ടർ എസ്റ്റിമേറ്റ് ചെയ്തുപോയി മിസ്റ്റർ ഒമർ. താങ്കളുടെ വഷളൻ തമാശകൾക്ക് കനത്ത കൂക്കാണ് തീയേറ്റിൽ ഉയരുന്നത്.ഇനി ഒരു ചലച്ചിത്രമെന്നനിലയിലും കാമ്പുള്ള കഥയോ അവതരണമോ ഒന്നുമില്ല. അവിടിവടെ ചില കോമഡികൾ മാത്രം.

പൊട്ടക്കഥക്ക് പീരയായി തൂറ്റിയ കോമഡി

ആദ്യചിത്രമായ 'ഹാപ്പി വെഡ്ഡിങ്ങിനെപ്പോലെ' എൻജിനീയറിങ്ങ് കോളജിന്റെ പശ്ചാത്തലത്തിലാണ് ഒമറിന്റെ രണ്ടാമത്തെ ചിത്രവും.ബാലുവർഗീസ്, ധർമ്മജൻ,ഗണപതി,വൈശാഖ് എന്നീ നാലുനടന്മാരാണ് കേന്ദ്ര കഥാപാത്രങ്ങൾ. ബാലുവർഗീസാണ് ഗ്യാങ്ങ് ലീഡർ.വെള്ളമടിക്കുക, ലൈനിടിക്കുക എന്നതല്ലാതെ നാലക്ഷരം പഠിക്കണമെന്നതടക്കമുള്ള യാതൊരു ഉദ്ദേശലക്ഷ്യങ്ങളും ഇവർക്കില്ല. ഈ മാതൃകാ യൂത്തന്മാർ ഇങ്ങനെ ലൈഗികദാരിദ്രം മുട്ടി ജീവിക്കുമ്പോഴാണ് ഇവരുടെ ബോയസ് ഓൺലി മെക്കാനിക്കൽ ബാച്ചിലേക്ക് നമ്മുടെ ഹോട്ട് ഹണിറോസ് എത്തുന്നത്.(പ്രായം അഡ്ജസ്റ്റ് ചെയ്യാൻ ഹണിയെ ഡ്രോപ്പ് ഔട്ട് ആക്കിയിട്ടുണ്ട്. അതുപോലെ ധർമ്മജനെയും.)

പിന്നെ പറയണോ പൂരം. അവരങ്ങോട്ട് അടിച്ചുപൊളി തുടങ്ങുകയാണ്.സിനിമയിൽ പറയുന്ന വർണവിവേചനപരമായ ഡയലോഗ് കടമെടുത്താൻ 'നിലവിളക്കിനടുത്ത് കരിവിളക്ക് വെച്ചതുപോലുള്ള' ബാലുവർഗീസും ഹണിയും തമ്മിലെ പ്രണയമാണ് കഥ. ഹണിയുടെ മേനി പ്രദർശനവും സഹഗ്രൂപ്പിന്റെ അശ്‌ളീല വിറ്റുകളുമായി കഥയങ്ങനെ ഗോവയിലും മറ്റുമായി കറങ്ങുന്നു. മൊത്തം പറയേണ്ട.അവസാനം ഒരു ഭീകര ഡബിൾ ട്വിസ്റ്റുണ്ട്. കൊച്ചുകുട്ടികൾപോലും ചിരിച്ചുപോകും. 'ഹാപ്പിവെഡ്ഡിങ്ങിന്റെ' ശക്തി അതിന്റെ ട്വിസ്റ്റായതുകൊണ്ട് ഇനിയെടുക്കുന്ന എല്ലാ പടങ്ങളും അതേപോലെ വേണമെന്നാണ് സംവിധായകൻ കരുതിയതെന്ന് തോനുന്നു. ഈ ട്വിസ്റ്റില്ലാത്ത കഥക്കായിരുന്ന സത്യത്തിൽ കൂടുതൽ വിശ്വസനീയമായത്.ട്വിസ്റ്റുവരുമ്പോൾ മെയിൻ കഥയുമായുള്ള പൊരുത്തക്കേടുകൾപോലും സംവിധായകൻ ശ്രദ്ധിച്ചിട്ടില്ല.

കുറ്റം മാത്രം പറയരുതല്ലോ. നായകൻ ബാലുവർഗീസും നായിക ഹണിറോസും അടക്കമുള്ള്ളവർ വാങ്ങിയ കാശിനോട് നീതിപുലർത്തിയിട്ടുണ്ട്.കൂട്ടത്തിൽ കലക്കിയത് ധർമ്മജനാണ്.വല്ലാത്തൊരു സ്വാഭാവികതയും ടൈമിങ്ങുമുണ്ട് അദ്ദേഹത്തിന്റെ ഡയലോഗ് ഡെലിവറികളിൽ. സഹതാരങ്ങളായ മറീന മൈക്കിളും ഹരീഷ്‌കണാരനുമൊന്നും മോശമാക്കിയിട്ടില്ല.സിദ്ധീഖും ലാലും പതിവുപോലെ അപ്പൻ വേഷങ്ങളിലാണ്.ഈ ടൈപ്പിലും ഇരുവരും ചില നമ്പരുകൾ ഇടുന്നുണ്ട്.ഷമ്മിതിലകന്റെ പ്രൊഫസർ വേഷവും ചിരിപ്പിക്കുന്നുണ്ട്.ഗോപിസുന്ദറിന്റെ പാട്ട് പതിവുപോലെ.

ചില തൂറ്റിയ കോമഡികൾ പലപ്പോഴും ചിത്രത്തിൽ തേട്ടിവരുന്നുണ്ട്. ടൈംടേബിളിന് അപ്പന്റെ കൈയിൽനിന്ന് ഫീസ് മേടിക്കുന്ന നായകനൊക്കെയുള്ള എഴുപതുകളിലെ കോമഡി.ഒമർ ഭായി, ഇനിയും വരല്ലേ ഇതിലേ ആനകളെയും തെളിച്ച്.

ദിലീപ് ചിത്രങ്ങളെ കടത്തിവെട്ടുന്ന സ്ത്രീവിരുദ്ധത

സ്ത്രീവിരുദ്ധതയുടെ കാര്യത്തിൽ മലയാള സിനിമയിലെ കാന്തപുരം അബൂബക്കർ മുസലിയാരാണ് ദിലീപ് എന്ന് മുമ്പ് ഈ ലേഖകൻ എഴുതിയപ്പോൾ, അത് അൽപ്പം കടന്നുപോയെന്ന് നെറ്റി ചുളിച്ചവരുണ്ട്. പക്ഷേ ഇന്ന് ജനപ്രിയൻ അകത്തായി റീവൈൻഡ് അടിക്കുമ്പോഴാണ് ,തന്റെ വിവാഹമോചനത്തിന്റെ പേരിൽപോലും ഉണ്ടായ പ്രശ്‌നങ്ങൾക്ക് റിങ്ങ്മാസ്റ്റർ പോലുള്ള ചിത്രങ്ങളിലൂടെ അദ്ദേഹം മറുപടികൊടുക്കുന്നത് നമ്മുടെ മുഖ്യധാരാമാധ്യമങ്ങൾക്ക് പിടികിട്ടുന്നത്. പക്ഷേ ഈ പടം കണ്ടാൽ ദിലീപ് ചിത്രങ്ങൾ ഒന്നുമല്ല.തുടക്കംമുതൽ ഒടുക്കംവരെ സ്ത്രീകളെ കൊച്ചാക്കുന്ന രംഗങ്ങളാണ്. ചില സാമ്പിളുകൾ ഇതാ. ഒരേസമയത്ത് അഞ്ചുപത്തും 'ലൈനിടുന്ന' ഈ പൂവാലമ്മാർക്ക്, ഇവന്റെയൊക്കെ കൈയിലിരിപ്പ് അറിഞ്ഞതുകൊണ്ടായിരിക്കണം, പ്രണയം ഒഴിവാക്കിപ്പോയ പെൺകുട്ടി 'തേപ്പുകാരിയാണ്'.പുരുഷൻ പ്രണയിച്ച് വഞ്ചിച്ചാൽ അത് മിടുക്ക്. സ്ത്രീ അങ്ങനെ ചെയ്താൽ തേപ്പ്!

ഇനി ഇവന്റെയൊക്കെ കൊഞ്ചലിന് നിന്നികൊടുക്കാതെ അന്തസ്സായി ഒരു മെഡിക്കൽ ഷാപ്പിൽ ജോലിചെയ്ത് ജീവിക്കുന്ന ആ എക്‌സ് കാമുകിയെ ഫോൺചെയ്ത് അശ്‌ളീലം പറഞ്ഞ് പരിഹസിക്കുന്നുണ്ടിവർ.അവൾ കാണാനായി മറ്റൊരു പെൺകുട്ടിയുമായി മെഡിക്കൽ ഷാപ്പിൽവന്ന് കോണ്ടമൊക്കെ ഓർഡർ ചെയ്ത് പുരുഷത്വം തെളിയിക്കുന്ന ഈ മ്‌ളേഛന്മാർ! ഇതൊക്കെ കണ്ടിട്ട് കോളജിലെ ആൺകുട്ടികൾ കൈയടിക്കുമെന്നാണ് നിങ്ങളുടെ തോന്നലെങ്കിൽ, ഒമർ ഭായീ കാലം മാറിപ്പോയി.

ചരക്ക്, പീസ് തുടങ്ങിയ സഭ്യേതരമായ വിശേഷണങ്ങളുടെ പരമ്പരയാണ് ഈ പടത്തിൽ സ്ത്രീക്ക് കൊടുത്തിരിക്കുന്നത്.കൈ്‌ളമാക്‌സിനോട് അടപ്പിച്ച ഗർഭവിവാദമൊക്കെ കാണേണ്ടതാണ്. ഈ രീതിയിലുള്ള സ്ത്രീവിരുദ്ധ സിനിമക്കൊക്കെ തലവെച്ച് കൊടുത്തതിന് ചലച്ചിത്രലോകത്തെ വനിത കൂട്ടായ്മയൊക്കെ ഹണിറോസിനോട് വിശദീകരണം ചോദിക്കേണ്ടതാണ്. ഭിന്നലൈംഗികതയുള്ളവരെയും ചിത്രം കളിയാക്കുന്നുണ്ട്. വിദേശ രാജ്യങ്ങളിലൊക്കെയാണ് ഇതുപോലൊരു പടം ഇറങ്ങിയതെങ്കിൽ യെവന്മാർക്ക് മൊത്തം ദിലീപേട്ടനെപ്പോലെ ഉണ്ട തിന്നാമായിരുന്നു. പക്ഷേ എന്തുചെയ്യാം. ഈ നാട് ഒരു വെള്ളരിക്കാപ്പട്ടണമായിപ്പോയില്ലേ.

വാൽക്കഷ്ണം: രാജീവ് രവിയുടെ 'കമ്മട്ടിപ്പാടത്തിൽ' പുലയാടി എന്നൊരു വാക്ക് വന്നതിന് എ സർട്ടിഫിക്കേറ്റ് കൊടുത്തവരാണ് നമ്മുടെ സെൻസർബോർഡ്. ഈ പടത്തിൽ മുട്ടുനുമുട്ടിനുള്ള തെറിയും ഡബിൾ മീനിങ്ങും കാണുമ്പോൾ ഈ സെൻസർബോർഡ് എവിടെനോക്കിയാണ് പടം കണ്ടതെന്ന് സംശയമുണ്ട്.എന്തായാലും 'ചങ്ക്‌സിന് ' കുട്ടികളെ ഒപ്പം കൂട്ടുന്നവർ ഒന്ന് സൂക്ഷിച്ചേക്കുക.ദ്വയാർഥ തെറികളുടെയാക്കെ അർഥം അവർ ചോദിച്ചാൽ മാനം പോവും. ഇതിന്റെ തിരക്കഥാകൃത്തുക്കളായി പേരുകാണുന്ന ശ്രീമാൻ അനീഷ് ഹമീദ്,സനൂപ് തൈക്കുടം,ജോസഫ് വിജേഷ് എന്നിവരും ഈ ഊള കഥയെഴുതിയ സംവിധായകൻ ഒമറും ഇനി ഫയർ, മുത്തുച്ചിപ്പി തുടങ്ങിയ മാസികകളിൽ എഴുതി പുതിയ പുതിയ ദ്വയാർഥ പ്രയോഗങ്ങളുമായി മലയാള ഭാഷയെ ധന്യമാക്കുമെന്ന് കരുതട്ടെ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP