Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൊട്ടക്കൊമ്പൂരിൽ ജോയിസ് ജോർജ് എംപിയും കുടുംബവും കൈയേറിയത് കുറിഞ്ഞി വന്യജീവി സങ്കേതത്തിൽ ഉൾപ്പെട്ട ഭൂമി; കൈവശാവകാശ രേഖ പരിശോധിക്കാനുള്ള റവന്യൂ-വനം വകുപ്പുകളുടെ ശ്രമം പൊളിച്ചത് ജനങ്ങളെ ഇളക്കിവിട്ട്; ഭൂമി കൈയേറിയത് പട്ടികജാതിക്കാരെ കബളിപ്പിച്ച്; നൂറ് ഏക്കർ തട്ടിയെടുത്ത് പെരുമ്പാവൂരിലെ സി.പി.എം നേതാവും; 11 വർഷം മുൻപ് പ്രഖ്യാപിച്ച വന്യജീവി സങ്കേതം ഇപ്പോഴും കടലാസിൽ

കൊട്ടക്കൊമ്പൂരിൽ ജോയിസ് ജോർജ് എംപിയും കുടുംബവും കൈയേറിയത് കുറിഞ്ഞി വന്യജീവി സങ്കേതത്തിൽ ഉൾപ്പെട്ട ഭൂമി; കൈവശാവകാശ രേഖ പരിശോധിക്കാനുള്ള റവന്യൂ-വനം വകുപ്പുകളുടെ ശ്രമം പൊളിച്ചത് ജനങ്ങളെ ഇളക്കിവിട്ട്; ഭൂമി കൈയേറിയത് പട്ടികജാതിക്കാരെ കബളിപ്പിച്ച്; നൂറ് ഏക്കർ തട്ടിയെടുത്ത് പെരുമ്പാവൂരിലെ സി.പി.എം നേതാവും; 11 വർഷം മുൻപ് പ്രഖ്യാപിച്ച വന്യജീവി സങ്കേതം ഇപ്പോഴും കടലാസിൽ

ഇടുക്കി: മൂന്നാറിലെ കൊട്ടക്കൊമ്പൂരിൽ ജോയിസ് ജോർജ് എംപിയും കുടുംബവും കൈയേറിയത് മൂന്നാറിൽ കുറിഞ്ഞി സാങ്ച്വറിയായി സർക്കാർ പ്രഖ്യാപിച്ച ഭൂമി. 2006-ൽ ആണ് കൊട്ടക്കൊമ്പൂർ ഉൾപ്പെടെയുള്ള പ്രദേശം സാങ്ച്വറി ആയി പ്രഖ്യാപിച്ചുള്ള വിജ്ഞാപനം സർക്കാർ ഇറക്കിയത്. എന്നാൽ വിജ്ഞാപനം ഉൾപ്പെടുന്ന പ്രദേശത്തെ പ്രധാന കൈയേറ്റക്കാർ ഇടുക്കി എംപി ജോയിസ് ജോർജും പ്രാദേശിക സി.പി.എം നേതാവും ആയതിനാൽ വിജ്ഞാപനം ഇറങ്ങി 11 വർഷമായിട്ടും വന്യജീവി സങ്കേതം കടലാസിൽ ഉറങ്ങുകയാണ്.

സാങ്ച്വറിയായി പ്രഖ്യാപിക്കപ്പെട്ട ഈ പ്രദേശം സർക്കാർ രേഖകളിൽ 'റവന്യൂ തരിശ്' എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത് ഇവിടെ 1960-ലെ ഭൂമി പതിവു നിയമപ്രകാരം പട്ടയം നൽകിയ ഭൂമിയും നിരവധി കൈയേറ്റങ്ങളുമാണ് ഈ പ്രദേശത്തുള്ളത്. ഇവിടെ പട്ടയം ലഭിച്ച ഭൂമിയിൽ കർഷകർ ഇപ്പോഴും കൃഷി ചെയ്യുന്നുണ്ട്.

എന്നാൽ ഇതിലും കൂടുതൽ ഭൂമി വ്യാജപട്ടയങ്ങൾ ഉപയോഗിച്ചും കൈയേറിയും യൂക്കാലിപ്റ്റസ് കൃഷി ചെയ്യുന്നവയാണ്. ഇതിനിടെ 2009-ൽ ഫോറസ്റ്റ് സെറ്റിൽമെന്റ് നടപടിയുടെ ഭാഗമായി കൈവശാവകാശ രേഖ തെളിയിക്കാനുള്ള അവസരം വനം വകുപ്പ് നൽകിയിരുന്നു. എന്നാൽ കുഞ്ഞി സാങ്ച്വറി പ്രഖ്യാപനത്തിൽ ജനവാസമേഖലകളെ ഉൾപ്പെടുത്തി എന്നാരോപിച്ച് പ്രദേശികര രാഷ്ട്രീയ നേതാക്കളെ സംഘടിപ്പിച്ച് വൻപ്രക്ഷോഭമാണ് ഇവിടെ സംഘടിപ്പിക്കപ്പെട്ടത്. ഇതോടെ കൈയേറ്റം കണ്ടെത്താനുള്ള നടപടി റവന്യൂ-വനം വകുപ്പുകൾ ഉപേക്ഷിച്ചു.

തമിഴ് പട്ടിക ജാതിക്കാരയവർക്ക് കൊട്ടക്കമ്പൂർ വില്ലേജിൽ ബ്ലോക്ക് നമ്പർ 58-ലെ എട്ടു പട്ടയങ്ങളാണ് ഇപ്പോൾ ജോയിസ് ജോർജ് എംപിയുടെ പതാവ് ജോർജ് തട്ടിയെടുത്തിരിക്കുന്നത്. 2001 സെപ്റ്റംബർ ഏഴിനാണ് പട്ടികജാതി വിഭാഗത്തിന് സർക്കാർ പട്ടയം നൽകിയത്. ഒന്നരമാസത്തിനു ശേഷം, അതായത് ഒക്ടോബർ 23-ന് ഈ പട്ടയങ്ങളെല്ലാം ജോർജ് ജോസഫ് പാലിയത്ത് വീട്, തടിയമ്പാട് എന്ന വ്യക്തിയുടെ പേരിലേക്കു മാറ്റുകയായിരുന്നു. ഇതിനായി ഭൂമിലഭിച്ച കർഷകർ ജോർജിന്റെ പേരിലേക്ക് മുക്ത്യാർ നൽകുകയായിരുന്നു.

മുക്തായാർ ലഭിച്ച ജോർജ് ഈ എട്ടു പട്ടയങ്ങളിൽ ഉൾപ്പെടുന്ന 32 ഏക്കർ തന്റെ ഭാര്യയുടെയും മക്കളുടെയും പേരിലേക്ക് മാറ്റുകയായിരുന്നു. അതേസമയം മുക്ത്യാറിലുള്ള പട്ടയ ഉടമകളുടെ ഒപ്പ് വ്യാജമാണെന്നു പ്രഥമിക പരിശോധനയിൽ തന്നെ വ്യക്തമാണ്. ഇതിനിടെ ജോയിസ് ജോർജിന്റെ പിതാവ് ജോർജ്ജ് തങ്ങളെ വഞ്ചിച്ചിട്ടില്ലെന്നു കാട്ടി എഎസ്‌പിക്കു മുന്നിൽ മൊഴി നൽകി. എന്നാൽ 2005-ൽ ജോർജും കുടുംബവും കബളിപ്പിച്ചെന്നു കാട്ടി ഇതിൽ മൂന്നു പേർ ദേവികുളം മൻസിഫ് കോടതിയിൽ സത്യവാങ്മൂലം നൽകി. അതേസമയം പിന്നീട് ഈ പരാതിക്കാരെ നിശബ്ദരാക്കുകയും ചെയ്തു.

ഇതിനിടെ പെരുമ്പാവൂർ സ്വദേശിയും സി.പി.എം നേതാവുമായ ജോൺ ജോസഫ്(റെജി) നൂറ് ഏക്കറിലധികം ഭൂമിയാണ് തട്ടിയെടുത്തത്. റോയൽ അഗ്രിക്കൾച്ചറൽ കമ്പനിയുടെ പേരിലാണ് ഇയാൾ ആദിവാസികളിൽനിന്ന് ഭൂമി കൈവശപ്പെടുത്തിയത്. ഷാജി സലീം, ബാബു പോൾ, ഡെന്നി തോമസ് എന്നിവരുടെ പേരിലേക്ക് ആദിവാസികളിൽനിന്നും സംഘടിപ്പിച്ച 35 പവർ ഓഫ് അറ്റോർണികൾ ഒറ്റ ദിവസം കൊണ്ട് പെരുമ്പാവൂർ കുറുപ്പംപടിയുള്ള സബ്‌രജിസ്ട്രാർ ഓഫീസിൽ വച്ച് ഒപ്പിട്ടുവാങ്ങി. ഈ മുക്ത്യാർ ഉപയോഗിച്ചാണ് റോയൽ അഗ്രിക്കൾച്ചർ കമ്പനിയുടെ പേരിൽ ദേവികുളം സബ് രജിസ്ട്രാർ ഓഫീസിൽ ഭൂമി രജിസ്റ്റർ ചെയ്തിരിക്കുന്നത്.

2006-ൽ വി എസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയും ബിനോയ് വിശ്വം വനം മന്ത്രിയുമായിരുന്ന കാലത്താണ് കുറിഞ്ഞിമല സാങ്ച്വറി രൂപീകരിക്കാനുള്ള നടപടി ആരംഭിച്ചത്. എന്നാൽ 11 വർഷം കഴിഞ്ഞിട്ടും പ്രഖ്യാപനം നടപ്പാക്കാൻ ഇടതു-വലതു സർക്കാരുകൾക്കു കഴിഞ്ഞില്ല. ഇപ്പോൾ അധികാരത്തിലിരിക്കുന്ന പിണറായി സർക്കാരിലെ സിപിഐക്കാരായ വനം-റവന്യൂ മന്ത്രിമാരും ഇക്കാര്യത്തിൽ കുറ്റകരമായ മൗനത്തിലാണ്. ഇതിനു പിന്നിൽ ഇടുക്കി എംപി ഉൾപ്പെടെയുള്ള കൈയേറ്റക്കാരുടെ സമ്മർദ്ദമാണെന്നതിൽ തർക്കമില്ല.

കേരളത്തിന്റെ ശീതകാല പച്ചക്കറി തോട്ടമായ വട്ടവട, കൊട്ടാക്കമ്പൂർ ഗ്രാമങ്ങളിലെ ജല സ്രോതസ്സുകളെല്ലാം കുറിഞ്ഞി മലനിരകളിൽ നിന്നാണുൽഭവിക്കുന്നത്. എന്നാൽ വർഷങ്ങളായി ഭൂമാഫിയ ഈ പ്രദേശത്ത് യൂക്കാലിപ്റ്റസ് കൃഷി നടത്തുന്നതിനാൽ ഈ മേഖലയിൽ കുടിവെള്ളം പോലും കിട്ടാനില്ലാത്ത അവസ്ഥയാണ് നിലനിൽക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP