Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അമിത ആത്മവിശ്വാസം അമിത് ഷായ്ക്ക് സ്വന്തം തട്ടകത്തിൽ ആപത്തായി മാറി; കോടികൾ വാരി എറിഞ്ഞ ഗുജറാത്തിലെ ബിജെപി കുതിരക്കച്ചവടം പൊളിച്ചത് കർണ്ണാടകയിൽ നിന്ന് കോൺഗ്രസും കോടികൾ എറിഞ്ഞ്; ഗുജറാത്തിൽ നിന്നും ശക്തനായ നേതാവ് വേണ്ടെന്ന വാശി തോറ്റത് തന്ത്രങ്ങളിൽ തന്ത്രജ്ഞനായ പട്ടേലിന്റെ നാടകീയ നീക്കങ്ങളിലൂടെ

അമിത ആത്മവിശ്വാസം അമിത് ഷായ്ക്ക് സ്വന്തം തട്ടകത്തിൽ ആപത്തായി മാറി; കോടികൾ വാരി എറിഞ്ഞ ഗുജറാത്തിലെ ബിജെപി കുതിരക്കച്ചവടം പൊളിച്ചത് കർണ്ണാടകയിൽ നിന്ന് കോൺഗ്രസും കോടികൾ എറിഞ്ഞ്; ഗുജറാത്തിൽ നിന്നും ശക്തനായ നേതാവ് വേണ്ടെന്ന വാശി തോറ്റത് തന്ത്രങ്ങളിൽ തന്ത്രജ്ഞനായ പട്ടേലിന്റെ നാടകീയ നീക്കങ്ങളിലൂടെ

മറുനാടൻ മലയാളി ബ്യൂറോ

അഹമ്മദാബാദ്: ഡൽഹി തെരഞ്ഞെടുപ്പ് നടക്കുമ്പോൾ ബിജെപി അതീവ ആത്മവിശ്വാസത്തിലായിരുന്നു. കിരൺ ബേദി എന്ന തുറുപ്പു ചീട്ടിനെ അവതരിപ്പിച്ച് അമിത് ഷാ കൈയടിയും നേടി. ഫലം വന്നപ്പോൾ ഡൽഹിയിൽ അരവിന്ദ് കെജ്രിവാളിന്റെ മുന്നേറ്റമായിരുന്നു. ബിജെപിയെ കേന്ദ്രത്തിൽ അധികാരത്തിലെത്തിച്ച അമിത് ഷായെന്ന നേതാവിന് നേരിട്ട തിരിച്ചടി. പിന്നീട് യുപിയിലെ വിജയവും ബീഹാറിൽ നിന്ന് നീതീഷ് കുമാറിനെ അടർത്തിയെടുത്തുമെല്ലാം കിങ് മേക്കറായി. ഇതിനിടെയാണ് ഗുജറാത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് എത്തിയത്. എന്ത് വിലകൊടുത്തും മൂന്ന് സീറ്റിലും ജയിക്കണമെന്ന് അമിത് ഷാ ആഗ്രഹിച്ചു. ഗുജറാത്തിൽ കോൺഗ്രസിനെ തകർക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ ഇവിടെ അടിതെറ്റി. സ്വന്തം സംസ്ഥാനത്തുണ്ടായ തിരിച്ചടി ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായ്ക്ക് തീരാ നാണക്കേടുമാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വന്തം ഗുജറാത്തിൽ ഭരണത്തുടർച്ചയ്ക്കാണ് ബിജെപി ശ്രമിക്കുന്നത്. അടുത്ത വർഷത്തെ തെരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം നേടാനുള്ള നീക്കങ്ങളുടെ തുടക്കം. സാധാരണഗതിയിൽ ആരും ശ്രദ്ധിക്കാതെപോകുന്ന രാജ്യസഭയിലേക്കുള്ള തിരഞ്ഞെടുപ്പിനെ ബാലറ്റ് യുദ്ധത്തിലേക്കു നയിച്ചതു അമിത് ഷായുടെ ഇടപെടലായിരുന്നു. കോൺഗ്രസിന്റെ സ്ഥാനാർത്ഥി ഹൈക്കമാൻഡിന്റെ വിശ്വസ്തനായ അഹമ്മദ് പട്ടേൽ ആണെന്നുറപ്പായതോടെയാണു ബിജെപി കരുക്കൾ നീക്കിത്തുടങ്ങുന്നത്. തന്റെ ഏറ്റവും വലിയ രാഷ്ട്രീയ എതിരാളിയായാണു പട്ടേലിനെ അമിത് ഷാ കണ്ടിരുന്നത്. സോണിയയുടെ വിശ്വസ്തൻ എന്നതു മാത്രമല്ല. തന്നെ പല കേസുകളിലും കുടുക്കിയതു പട്ടേലാണെന്നു ഷാ വിശ്വസിച്ചു. താൻ ആദ്യമായി രാജ്യസഭയിലെത്തുന്ന വേളയിൽ പട്ടേലിനെ രാജ്യസഭ കാണിക്കില്ലെന്നു ഉറപ്പിച്ചു.

കോൺഗ്രസിൽനിന്നു വഗേലയടക്കം ഇരുപതോളം എംഎൽഎമാരെ അടർത്താൻ കരുനീക്കം ആരംഭിച്ചു. വഗേല കോൺഗ്രസ് നേതൃത്വത്തിനെതിരെ ഒളിഞ്ഞും തെളിഞ്ഞും വിമർശനം ഉയർത്തുന്നതു പ്രോത്സാഹിപ്പിച്ചു. എംഎൽഎ കൂടിയായ ഷാ ഇടയ്ക്കു നിയമസഭയിലെത്തി വഗേലയുമായി ചർച്ചയും നടത്തി. ഇതോടെ 13 പേർ കോൺഗ്രസിനെ കൈവിട്ടു. അമിത് ഷായുടെ തന്ത്രങ്ങൾ ജയിക്കുമെന്നും കരുതി. എന്നാൽ കോൺഗ്രസിൽ ഉരുക്ക് പട്ടേൽ എന്ന് അറിയപ്പെടുന്ന അഹമ്മദ് പട്ടേലും വിട്ടുകൊടുക്കാൻ തയ്യാറല്ലായിരുന്നു. 43 എംഎൽഎമാരെ കർണ്ണാടകത്തിൽ എത്തിച്ച് കണ്ണിലെ കൃഷ്ണ മണി പോലെ കാത്തു സൂക്ഷിച്ചു. ഇവർ പട്ടേലിനെ കൈവിട്ടില്ല. ഓരോ വോട്ടിന്റെ പ്രാധാന്യം അറിയാമായിരുന്ന അഹമ്മദ് പട്ടേൽ ബിജെപി പക്ഷത്ത് നിന്ന് ഒരാളെ ആരും അറിയാതെ ഒപ്പം കൂട്ടി. അങ്ങനെ അമിത് ഷായ്ക്ക് പണിയും കൊടുത്തു. അവസാനം വോട്ട് എണ്ണുമ്പോൾ പരാജയം അമിത് ഷായ്ക്കാണ്. വിജയി പട്ടേലും.

ബിജെപിയുടെ ദേശീയ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട് മൂന്നുവർഷം തികയുമ്പോൾ അമിത് ഷായ്ക്ക് കീഴിൽ ബിജെപി. കൈവരിച്ച നേട്ടങ്ങൾ ഏറെയാണ്. അതിൽ കരിനിഴൽ വീഴത്തുന്നതാണ് ഗുജറാത്തിലെ സംഭവ വികാസങ്ങൾ. ഇന്ത്യയിൽ 18 സംസ്ഥാനങ്ങളിൽ ബിജെപി നേരിട്ടോ പങ്കാളിത്തത്തോടെയോ അധികാരത്തിലുണ്ട്. പാർട്ടിയുടെ അംഗസംഖ്യ ഇക്കാലയളവിനിടെ പത്തുകോടി പിന്നിട്ടു. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എ്ന്നിവർ ആർഎസ്എസ്സുകാർ. ലോക്സഭയിലും രാജ്യസഭയിലും ഭൂരിപക്ഷം. മറ്റൊരു പാർട്ടിയുടെയും ദേശീയ അധ്യക്ഷന് ഇത്തരമൊരു നേട്ടം അവകാശപ്പെടാനില്ല. ബിജെപിക്കുപോലും ഇത്രയേറെ വളർച്ച മറ്റൊരു നേതാവിനുകീഴിലും ഉണ്ടായിട്ടില്ല. ഈ സൽപ്പേരാണ് ഗുജറാത്തിലെ രാഷ്ട്രീയ പോരിൽ നഷ്ടമാകുന്നത്.

മൂന്നുവർഷത്തിനിടെ അദ്ദേഹം സഞ്ചരിച്ചത് ഇന്ത്യയിലാകെ 560,000 കിലോമീറ്ററാണ്. രാജ്യത്തെ 680 ജില്ലകളിൽ 315 എണ്ണത്തിലും ഒരുതവണയെങ്കിലും അദ്ദേഹമെത്തിയിട്ടുണ്ട്. പ്രാദേശിക നേതൃത്വത്തോട് കർശന നിലപാട് സ്വീകരിച്ച് ഭരിക്കുകയെന്ന അമിത് ഷാ ശൈലിയാണ് പാർട്ടിയെ ഈ വളർച്ചയിലേക്ക് നയിച്ചതെന്ന് വ്യക്തം. അമിത് ഷായുടെ നേതൃപാടവത്തിന് ഏറ്റവും വലിയ ഉദാഹരണമാണ് ഉത്തർപ്രദേശിൽ പാർട്ടി കൈവരിച്ച വിജയം. ജാതിയും ദളിത് രാഷ്ട്രീയവും കൊടികുത്തിവാണിരുന്ന യുപിയിൽ ബിജെപി എന്നും സവർണരുടെ പാർട്ടിയായിരുന്നു. എന്നാൽ, ലോക്സഭാ തിരഞ്ഞെടുപ്പിൽ 71 സീറ്റുകൾ നേടിയ ബിജെപി, നിയമസഭാ തിരഞ്ഞെടുപ്പിൽ 403 സീറ്റിൽ 312-ഉം നേടി അധികാരത്തിലെത്തി. ഇക്കൊല്ലം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ 3.44 കോടി വോട്ടുകളാണ് ബിജെപി ഉത്തർപ്രദേശിൽ സ്വന്തമാക്കിയത്. 2012-ൽ 1.13 കോടി വോട്ടുകൾ നേടിയ സ്ഥാനത്താണിത്. ഈ തന്ത്രങ്ങളൊന്നും അഹമ്മദ് പട്ടേലിനെതിരെ വിജയിച്ചില്ല. ബിഹാറിൽ മഹാസഖ്യം പിളർത്തി നിതീഷ് കുമാറിനെ കൂടെക്കൂട്ടിയതോടെ, പ്രതിപക്ഷത്തെ മുമ്പെന്നത്തേക്കാളും ദുർബലമാക്കാനും അമിത് ഷായിലെ രാഷ്ട്രീയ ചാണക്യന് സാധിച്ചു. ഗുജറാത്തിലെ തിരിച്ചടി ഈ നേട്ടത്തിന്റെ തിളക്കവും കുറയ്ക്കുന്നു.

അഹമ്മദ് പട്ടേലിനെ പരാജയപ്പെടുത്താനായി ബിജെപിയും അമിത് ഷായും നരേന്ദ്ര മോദിയും കഴിയുന്നത്ര ശ്രമിച്ചു. കോൺഗ്രസ്സ് എംഎൽ എമാരെ ചാക്കിടാൻ പണവും ഭരണവും അധികാരവും പ്രയോഗിച്ചു. എന്നാൽ ആ പ്രലോഭനങ്ങളെയെല്ലാം ചെറുത്തു തോൽപ്പിക്കാൻ കോൺഗ്രസിനു കഴിഞ്ഞത് അവർക്കു തന്നെ അവിശ്വസനീയമായാണ് തോന്നുന്നത്. അഹമ്മദ് പട്ടേലിനെ പരാജയപ്പെടുത്തിയാൽ അത് കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിക്ക് നൽകാവുന്ന ഏറ്റവും വലിയ തിരിച്ചടിയാകുമെന്ന് ബിജെപി കണക്കുകൂട്ടി. ബിജെപിയുടെ പ്രലോഭനങ്ങളിൽനിന്ന് എംഎൽഎമാരെ രക്ഷിക്കാൻ അവരെ കർണാടകത്തിലേക്ക് കോൺഗ്രസ്സിന് മാറ്റേണ്ടി വന്നു. കർണ്ണാടകയിൽ മന്ത്രി ശിവകുമാറിനെതിരെ റെയ്ഡ് നടത്തി ഒരു ശ്രമം കൂടി ബിജെപി നടത്തി. ഇതൊന്നും പലം കണ്ടില്ല. കർണ്ണാടകം പട്ടേലിനെ തുണച്ചു. അങ്ങനെ ബിജെപി വീണു.

തിരഞ്ഞെടുപ്പു കമ്മിഷൻ ഇക്കാര്യത്തിൽ തികച്ചും നീതിപൂർവമായ നിലപാടെടുത്തു. കേന്ദ്രമന്ത്രിമാരുടെ ഒരു പട തന്നെ വന്നു സമ്മർദം ചെലുത്തിയെങ്കിലും മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണർ അചൽ കുമാർ ജോതി വഴങ്ങിയില്ല. 2016 ജൺ 11-ന് ഹരിയാനയിൽ രാജ്യസഭാ തിരഞ്ഞെടുപ്പിനു തത്തുല്യമായ സാഹചര്യത്തിൽ രൺധീപ് സിങ് സുർജേവാലയുടെ വോട്ട് അസാധുവാക്കിയ അതേ ചട്ടം തന്നെ ഇവിടെയും കൈക്കൊണ്ടു. കേന്ദ്ര നിയമമന്ത്രി തന്നെ തിരഞ്ഞെടുപ്പു കമ്മിഷനു മുന്നിലെത്തി ഒരു നിലപാട് എടുക്കാൻ സമ്മർദം ചെലുത്തുന്നത് പതിവില്ലാത്തതാണ്. ബിജെപിയുടെ മുതിർന്ന ഭാരവാഹികളെ അയയ്ക്കാമെന്നിരിക്കേ കേന്ദ്രമന്ത്രിമാരെത്തന്നെ രംഗത്തിറക്കാനാണ് ബിജെപി തുനിഞ്ഞത്. നരേന്ദ്ര മോദി- അമിത് ഷാ കൂട്ടുകെട്ടിനെതിരെ പോരാടാൻ കോൺഗ്രസിനു കഴിയില്ല എന്ന ധാരണയും മാറി.

കോൺഗ്രസിൽ പട്ടേലിനോട് ചോദിക്കാതെ സോണിയ ഒരു തീരുമാനവുമെടുക്കാറില്ലെന്നത് പകൽപോലെ പരസ്യമായ രഹസ്യമാണ്. കോൺഗ്രസിൽ സോണിയയ്ക്കും രാഹുലിനും ശേഷം ഒരു അധികാരകേന്ദ്രമുണ്ടെങ്കിൽ അത് അഹമ്മദ് പട്ടേൽ തന്നെയാണ്. സോണിയയുടെ നിഴൽ എന്നറിയപ്പെടാനായിരിക്കും പട്ടേലിന് താൽപര്യം. രണ്ട് യുപിഎ മന്ത്രി സഭകളിലും പട്ടേലിന് സുപ്രധാന മന്ത്രി സ്ഥാനങ്ങൾ ഒരു താലത്തിലെന്ന പോലെ മന്മോഹൻസിങ് വെച്ചു നീട്ടിയതായിരുന്നു. പക്ഷേ, അണിയറയിലെ കളികളിലായിരുന്നു താൽപ്പര്യം. അതുകൊണ്ട് തന്നെ പട്ടേൽ സോണിയയ്‌ക്കൊപ്പം നിന്നു. ഇത്തരത്തിലെ ഒരു രാഷ്ട്രീയ ചാണക്യനോടായിരുന്നു അമിത് ഷാ പോരിനിറങ്ങിയത്. എല്ലാ കളികളും പയറ്റി. പക്ഷേ കരുത്ത് കാട്ടിയത് ഉരുക്ക് പട്ടേലാണ്. അങ്ങനെ കോൺഗ്രസിന് ഗുജറാത്തിൽ പുതു ജീവൻ കിട്ടുന്നു. ഇനി നിയമസഭാ തെരഞ്ഞെടുപ്പിൽ അഹമ്മദ് പട്ടേലിന്റെ നേതൃത്വത്തിൽ മത്സരിക്കാം.

കോൺഗ്രസിന്റെ ഫണ്ട്റെയ്സർ പട്ടേലാണ്. പട്ടേൽ തോൽക്കുക എന്ന് പറഞ്ഞാൽ അത് സോണിയയുടെ തോൽവിയാണ്. നെഹ്രു കുടുംബത്തിനും കോൺഗ്രസിനും ഈ തോൽവിയുടെ ആഘാതത്തിൽ നിന്നും അങ്ങിനെയങ്ങ് കരകയറാനാവില്ല. അതുകൊണ്ടുതന്നെ രണ്ടും കൽപിച്ചുള്ള കളിയാണ് കോൺഗ്രസ് ഗുജറാത്തിൽ കളിക്കുന്നത്. അധികാരവും പണവുമാണ് അമിത്ഷാ - പട്ടേൽ പോരാട്ടത്തെ വിലയിരുത്തിയത്. ഈ പോരാട്ടമാണ് പട്ടേൽ വിജയിച്ചത്. കർണ്ണാടകയിൽ നിന്നാണ് പട്ടേൽ ഈ വിജയത്തിന് ഊർജ്ജം കണ്ടെത്തിയത്. കർണ്ണാടകയിൽ നിന്നുള്ള പണമാണ് പട്ടേലിന്റെ വിജയത്തിന് കാരണമായതും.

ഇതിനിടെ പട്ടേൽ സമുദായത്തോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് ബിജെപി. എംഎ‍ൽഎ. നളിൻ കൊട്ടാടിയ കൂറുമാറി അഹമ്മദ് പട്ടേലിനു വോട്ടുരേഖപ്പെടുത്തി. രാത്രി വൈകി ഫേസ്‌ബുക്കിലൂടെയാണ് കൊട്ടാടിയ ഇക്കാര്യം വ്യക്തമാക്കിയത്. കൊട്ടാടിയയുടെ കൂറുമാറ്റവും രണ്ട് വോട്ടുകൾ അസാധുവാക്കപ്പെടുകയും ചെയ്തതോടെയാണ് പട്ടേലിന്റെ ജയം. 182 അംഗ നിയമസഭയിൽ നിലവിലുള്ള 176 എംഎ‍ൽഎമാരും വോട്ടു രേഖപ്പെടുത്തിയതായി സംസ്ഥാന തെരഞ്ഞെടുപ്പു കമ്മിഷൻ നേരത്തേ അറിയിച്ചിരുന്നു. രാവിലെ 10 ന് ആരംഭിച്ച വോട്ടെടുപ്പ് ഉച്ചകഴിഞ്ഞു രണ്ടരയോടെ അവസാനിച്ചു.

ഗുജറാത്തിൽ ഒഴിവുള്ള മൂന്നു സീറ്റിൽ നാലു പേരാണു മത്സരിച്ചത്. അമിത് ഷാ, സ്മൃതി ഇറാനി എന്നിവരെ കൂടാതെ മുൻ കോൺഗ്രസുകാരൻ കൂടിയായ ബൽവന്ത്സിങ് രജ്പുത്താണു ബിജെപിക്കു വേണ്ടി അങ്കത്തട്ടിലിറങ്ങിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP