Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വേങ്ങരയിൽ കെപിഎ മജീദിനെ പിൻഗാമിയാക്കാൻ ഉറച്ച് കുഞ്ഞാലിക്കുട്ടി; പികെ ഫിറോസിനെ വെട്ടാൻ പാർട്ടിയുടെ ദളിത് മുഖമായ യുസി രാമനെ ഉയർത്തി മുനീറും ഷാജിയും; രണ്ടത്താണിയും ഖാദറും പ്രവാസി നേതാവും ചരട് വലികളുമായി അണിയറയിൽ; ഉപതെരഞ്ഞെടുപ്പിൽ ലീഗ് സ്ഥാനാർത്ഥിയാകാൻ പോര് ശക്തം

വേങ്ങരയിൽ കെപിഎ മജീദിനെ പിൻഗാമിയാക്കാൻ ഉറച്ച് കുഞ്ഞാലിക്കുട്ടി; പികെ ഫിറോസിനെ വെട്ടാൻ പാർട്ടിയുടെ ദളിത് മുഖമായ യുസി രാമനെ ഉയർത്തി മുനീറും ഷാജിയും; രണ്ടത്താണിയും ഖാദറും പ്രവാസി നേതാവും ചരട് വലികളുമായി അണിയറയിൽ; ഉപതെരഞ്ഞെടുപ്പിൽ ലീഗ് സ്ഥാനാർത്ഥിയാകാൻ പോര് ശക്തം

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: പികെ കുഞ്ഞാലിക്കുട്ടി ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ ഒഴിവുവന്ന വേങ്ങരയിൽ ഇനി ആരെന്നതു സംബന്ധിച്ച് മുസ്ലിംലീഗിൽ അന്തിമ ചർച്ചകൾ സജീവമായി. മത്സരരംഗത്ത് നിന്ന് പിന്മാറിയ കെ.പി.എ മജീദിനെ രംഗത്തിറക്കാൻ സമ്മർദം ചെലുത്തിയും ഫിറോസിനെ ഒഴിവാക്കുന്നതിനായി യു.സി രാമനെ കൊണ്ടുവരാനുള്ള അണിയറ നീക്കങ്ങളും സജീവമായി.

മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പുകാലത്തു തന്നെ കുഞ്ഞാലിക്കുട്ടിയുടെ പകരക്കാരനായി വേങ്ങരയിലേക്ക് നിരവധി പേരുകൾ ഉയർന്നു വന്നിരുന്നു. എന്നാൽ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് നേതൃത്വം ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ല. കഴിഞ്ഞ മാസം ചേർന്ന മുസ്ലിംലീഗ് യോഗം ഹൈദരലി തങ്ങളെ സ്ഥാനാർത്ഥി നിർണയത്തിന് ചുമതലപ്പെടുത്തിയിരുന്നു. തെരഞ്ഞെടുപ്പ് വിജ്ഞാപനം ഉടൻ ഉണ്ടാകുമെന്നാണ് ലീഗ് നേതൃത്വം കണക്കുകൂട്ടുന്നത്. അതിനാൽ ഈ ആഴ്ചയിൽ തന്നെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന.

മുസ്ലിം ലീഗിന്റെ ഉറച്ച കോട്ടയായ വേങ്ങര സീറ്റിനായി അവസാനഘട്ടത്തിലും ചരടുവലികൾ ശക്തമാണ്. ലീഗിന്റെ വിവിധ പോഷക സംഘടനകളും അവകാശവാദവുമായി രംഗത്തെത്തിയിട്ടുണ്ട്. മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദിനാണ് ഏറെ സാധ്യത കൽപിക്കപ്പെട്ടിരിക്കുന്നത്. എന്നാൽ മത്സര രംഗത്തേക്കില്ലെന്ന് മജീദ് നേതൃത്വത്തെ അറിയിച്ചതായാണ് വിവരം. ഇത് അംഗീകരിച്ചാൽ അടുത്ത സാധ്യത യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.കെ ഫിറോസിനാണ്. എന്നാൽ ഫിറോസിന്റെ വരവ് തടയാൻ എം.കെ മുനീർ, കെ.എം ഷാജി എന്നിവരുടെ നേതൃത്വത്തിലുള്ള ഒരു വിഭാഗം സജീവമായി രംഗത്തുണ്ട്. ഫിറോസിനു വേണ്ടി എം.എസ്.എഫ്, യൂത്ത് ലീഗ് നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. യുവനിരയുടെ ആവശ്യം നേതൃത്വം തള്ളിക്കളയാൻ ഇടയില്ലെന്നാണ് സൂചന.

കെ.പി.എ മജീദ് മത്സരിക്കാൻ തയാറായില്ലെങ്കിൽ ഫിറോസിന് നറുക്ക് വീഴും. ഇതിനിടെ ഫിറോസിനെ വെട്ടാൻ യു സി രാമനെ കൊണ്ടുവരാനുള്ള നീക്കവുമുണ്ട്. നേരത്തെ ചിത്രത്തിൽ ഇല്ലാതിരുന്ന ദളിത് ലീഗ് നേതാവ് യു സി രാമൻ അവസാന ഘട്ടത്തിലാണ് പരിഗണനാ പട്ടികയിൽ ഇടം പിടിച്ചത്. നിലവിലെ സാഹചര്യത്തിൽ മുസ്ലിം, ദളിത് കൂട്ടായ്മ ശക്തിപ്പെടുത്തുന്നതിനും ദളിത് ലീഗ് പ്രതിനിധിയെ നിയമസഭയിൽ എത്തിക്കുന്നതിനുമാണ് ഈ നീക്കം. 2011 ൽ കുന്ദമംഗലത്തും 2016ൽ ബാലുശേരിയിലും പരാജയപ്പെട്ട യു സി രാമന് വേണ്ടി സംസ്ഥാന കമ്മിറ്റിയിലെ ഒരു വിഭാഗം നേതാക്കളാണ് രംഗത്തുള്ളത്. ഈ ആവശ്യവും നേതൃത്വം തള്ളിയിട്ടില്ല.

ലീഗ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി കെ.എൻ.എ ഖാദർ, മുൻ എംഎ‍ൽഎ അബ്ദുറഹിമാൻ രണ്ടത്താണി, സംസ്ഥാന സെക്രട്ടറി സിപി ബാവഹാജി എന്നീ പേരുകളും നേതൃത്വത്തിന് മുന്നിൽ ഉണ്ട്. ഇതിനിടെ കെഎംസിസി നേതാവിനു വേണ്ടി ഉന്നത നേതാക്കൾ മുഖേനയുള്ള ചരടുവലിയും ശക്തമാണ്. കെഎംസിസി യു.എ.ഇ നാഷണൽ കമ്മിറ്റി ഭാരവാഹി പുത്തൂർ റഹ്മാനെയാണ് ഇവർ ഉയർത്തി കാട്ടുന്നത്.

എംഎൽഎമാരും നേതാക്കളും മുഖേന ശക്തമായ സമ്മർദം നടത്തുന്നുണ്ട്. വിവിധ കെഎംസിസി ഘടകങ്ങളെ അണിനിരത്തി സീറ്റ് പിടിച്ചെടുക്കാനുള്ള ശ്രമമാണ് കെഎംസിസി നേതാക്കൾ ഇപ്പോൾ പയറ്റുന്നത്. പ്രാദേശിക വാദമുയർത്തി കുഞ്ഞാലിക്കുട്ടിയുടെ സഹോദര പുത്രനും വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ പി.കെ അസ് ലു, യൂത്ത് ലീഗ് നേതാവ് ഷരീഫ് കുറ്റൂർ എന്നിവരെ പരിഗണിക്കണമെന്ന ആവശ്യവും സജീവമാണ്.

പാർട്ടിയുടെ ഉരുക്കുകോട്ടയായ വേങ്ങരയിൽ ഒരു വോട്ടുപോേലും ഇടിവ് ഉണ്ടാകുന്നത് പോലും തിരിച്ചടിയായാണ് ലീഗ് വിലയിരുത്തുന്നത്. 2016-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ജില്ലയിൽ ഇടതുപക്ഷത്തിന് വലിയ തോതിൽ വോട്ടു വർധനവുണ്ടായിട്ടും വേങ്ങരയിൽ 38,057 വോട്ടുകളുടെ ഭൂരിപക്ഷം കുഞ്ഞാലിക്കുട്ടി നേടിയിരുന്നു.

മലപ്പുറം ഉപതെരഞ്ഞെടുപ്പിൽ കുഞ്ഞാലിക്കുട്ടിക്ക് വേങ്ങരയിൽ നിന്ന് കിട്ടിയ ലീഡ് 40,529 ആയി വീണ്ടും ഉയർന്നു. ഈ ഭൂരിപക്ഷം നിലനിർത്തൽ മുസ്ലിംലീഗിന് അഭിമാന പ്രശ്നമാണ്. ഫിറോസിനെ പോലുള്ള യുവ നേതാവിന് ഇത് മറികടക്കാനാകുമെന്നാണ് നേതൃത്വം പ്രതീക്ഷിക്കുന്നത്. അതേസമയം മജീദിന് ആത്മവിശ്വാസം നൽകി പാർട്ടി മണ്ഡലത്തിൽ സജീവമാക്കിയതായും റിപ്പോർട്ടുകളുണ്ട്. മണ്ഡലത്തിലെ പൊതുപരിപാടികളിൽ സജീവമാണ് കെ.പി.എ മജീദ്. വേങ്ങര നിയോജക മണ്ഡലം ഉപതെരഞ്ഞെടുപ്പ് സ്ഥാനാർത്ഥി നിർണയം സംബന്ധിച്ച് ചർച്ചകൾ ചൂടു പിടിക്കുമ്പോൾ ലീഗിനുള്ളിലെ ഗ്രൂപ്പ് സമവാക്യങ്ങളും സജീവമാകുകയാണ്.

സ്ഥാനാർത്ഥി പ്രഖ്യാപനം ഒരാഴ്ചക്കകം ഉണ്ടാകുമെന്നാണ് അറിയുന്നത്. പാണാക്കാട് നിന്നുള്ള സ്ഥാനാർത്ഥി പ്രഖ്യാപനമുണ്ടായാൽ തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങാൻ കാത്തിരിക്കുകയാണ് അണികൾ. ഇ. അഹമ്മദിന്റെ നിര്യാണത്തെ തുടർന്ന് മലപ്പുറം ലോക്സഭ മണ്ഡലത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പി.കെ. കുഞ്ഞാലിക്കുട്ടി രാജിവച്ചതോടെയാണ് വേങ്ങരയിൽ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP