Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തനിക്കെതിരെ ഗൂഢാലോചന നടത്തിയത് മലയാളസിനിമയിലെപ്രമുഖർ; സർക്കാരിനെയും പൊലീസിനെയും സ്വാധീനിച്ച് തന്നെ കുടുക്കിയത് വെള്ളിത്തിരയിലെ പ്രബലരായ ചിലർ; പൾസർ സുനിയെ മുഖ പരിചയം പോലുമില്ല: ദിലീപിന് വേണ്ടിയുള്ള അഡ്വക്കേറ്റ് രാമൻ പിള്ളയുടെ ജാമ്യ ഹർജിയിൽ നിറയുന്നത് സിനിമയിലെ തമ്മിൽ തല്ലിന്റെ സൂചനകൾ

തനിക്കെതിരെ ഗൂഢാലോചന നടത്തിയത് മലയാളസിനിമയിലെപ്രമുഖർ; സർക്കാരിനെയും പൊലീസിനെയും സ്വാധീനിച്ച് തന്നെ കുടുക്കിയത് വെള്ളിത്തിരയിലെ പ്രബലരായ ചിലർ; പൾസർ സുനിയെ മുഖ പരിചയം പോലുമില്ല: ദിലീപിന് വേണ്ടിയുള്ള അഡ്വക്കേറ്റ് രാമൻ പിള്ളയുടെ ജാമ്യ ഹർജിയിൽ നിറയുന്നത് സിനിമയിലെ തമ്മിൽ തല്ലിന്റെ സൂചനകൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നടിയെ ആക്രമിച്ചകേസിൽ ദിലീപ് വീണ്ടൂം ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകി. തനിക്ക് പൾസർ സുനിയുമായി യാതൊരു മുഖപരിചയം പോലുമില്ലെന്നും ദിലീപ് സമർപ്പിച്ച ജാമ്യാപേക്ഷയിൽ പറയുന്നു. അഡ്വക്കേറ്റ് രാമൻ പിള്ള മുഖേന സമർപ്പിച്ച ഹർജിയിൽ സിനിമാ മേഖലയെ വെട്ടിലാക്കുന്ന ഗുരുതര ആരോപണങ്ങളാണ് ദിലീപ് ഉന്നയിച്ചിരിക്കുന്നത്.

നടി ആക്രമിക്കപ്പെട്ട കേസിൽ അറസ്റ്റിലായ പൾസർ സുനിയുമായി തനിക്ക് മുഖ പരിചയം പോലുമില്ലെന്ന് പറയുന്ന ദിലീപ് ഇപ്പോൾ നടക്കുന്നതെല്ലാം കെട്ടി ചമച്ച കഥകളാണെന്നാണ് പറയുന്നത്. തനിക്കെതിരെ മലയാള സിനിമയിൽ നടന്ന വമ്പൻ ഗൂഢാലോചനയുടെ ഭാഗമാണ് അറസ്റ്റ് എന്നും ദിലീപ് ആരോപിക്കുന്നു. തനിക്കെതിരെ ഗൂഢാലോചന നടത്തിയത് മലയാളസിനിമയിലെ പ്രമുഖരാണെന്നും അഡ്വക്കേറ്റ് രാമൻ പിള്ള നൽകിയ ഹർജിയിൽ പറയുന്നു. ഇവർ മാധ്യമങ്ങളെയും രാഷ്ട്രീയക്കാരെയും പൊലീസിനെയും വരെ അതിനായി സ്വാധീനിച്ചതായും ദിലീപ് പറയുമ്പോൾ രാമൻ പിള്ള മുഖേന സമർപ്പിച്ച ഹർജിയിൽ നിറയുന്നത് മുഴുവൻ മലയാള സിനിമയിലെ തുറന്ന പോരാണ്.

താൻ ജയിലിൽ ആയതോടെ ഷൂട്ടിങ് കഴിഞ്ഞതും വരാനിരിക്കുന്നതുമായ നിരവധി സിനിമകൾ പ്രതിസന്ധിയിലാണ്. 50 കോടിയോളം സിനിമകൾ ഇതിനായി മുടക്കിയിട്ടുണ്ട്. പൊലീസ് നടത്തിയ അന്വേഷണവുമായിതാൻ താൻ പൂർണ്ണമായി സഹകരിച്ചു. ഈ അവസരത്തിൽ തനിക്ക് ജാമ്യം നൽകണമെന്നും ഹർജിയിൽ പറയുന്നു.

അതിനിടെ, ദിലീപ് ജയിലിലായിട്ട് വ്യാഴാഴ്ച ഒരു മാസം തികഞ്ഞു. അപ്രതീക്ഷിതമായിട്ടായിരുന്നു കഴിഞ്ഞ മാസം പത്തിന് രാത്രി താരം അഴിക്കകത്തായത്. കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടതിനു പിന്നിലെ ഗൂഢാലോചനയുടെ സൂത്രധാരൻ ദിലീപാണെന്നറിഞ്ഞ മലയാളികൾക്ക് വിശ്വസിക്കാവുന്നതിനപ്പുറമായിരുന്നു ആ വാർത്ത. ഇതോടെ ദിലീപിന് വേണ്ടിജയ് വിളിച്ച ജനം ഒന്നടങ്കം താരത്തിനെ കൂവുന്ന കാഴ്‌ച്ചയായിരുന്നു.

ദിലീപ് നേരത്തെയും സിനിമാതാരങ്ങൾ തനിക്കെതിരെ ഗൂഢാലോചന നടത്തിയതായി ആരോപിച്ചിരുന്നു. പൃഥ്വിരാജ്, പൂർണിമാ ഇന്ദ്രജിത്ത്, ആന്റണി പെരുമ്പാവൂർ എന്നിവർക്ക് നേരെയാണ് ദിലീപ് അന്ന് വിരൽ ചൂണ്ടിയത്. ഇവർ തന്നെ സിനിമയിൽ നിന്ന് പുരത്താക്കാൻ പലകളികളും കളിച്ചു എന്നായിരുന്നു ദിലീപ് അന്നു പറഞ്ഞത്. അന്വേഷണവുമായി താൻ സഹകരിച്ചെങ്കിലും തന്റെ ഭാഗം കേൾക്കാൻ പൊലീസ് ഒരിക്കലും തയ്യാറായില്ല.

നേരത്തെ ദിലീപിനെതിരെ വ്യക്തമായ തിരിക്കഥ രചിക്കപ്പെട്ടുവെന്നും ഇതിന് പിന്നിൽ തിരുവനന്തപുരം ലോബിയാണെന്ന ആരോപണവും സജീവമായിരുന്നു. ഹൈക്കോടതിയിൽ നേരത്തെ ജാമ്യ ഹർജി സമർപ്പിച്ചപ്പോൾ പൾസർ സുനി ജയിലിൽ നിന്ന് നടത്തിയ ഗൂഢാലോചനയിൽ പങ്കെടുത്തതായി ആരോപിക്കപ്പെടുന്ന സിനിമാ പ്രവർത്തകരെക്കുറിച്ച് അന്വേഷിക്കാത്തത് എന്തുകൊണ്ടാണെന്ന് ദിലീപിന്റെ അഭിഭാഷകൻ ഹൈക്കോടതിയിൽ ചോദിച്ചിരുന്നു.

പൾസർ സുനി സഹതടവുകാരൻ വിഷ്ണുവിന്റെ പേരിൽ നാദിർഷയേയും ദിലീപിന്റെ മാനേജർ അപ്പുണ്ണിയേയും വിളിച്ച ഫോൺ കോളിലാണ് ചില പ്രമുഖ സിനിമാ പ്രവർത്തകരുടെ പേര് പരാമർശിക്കുന്നത്. ഒന്നര കോടി രൂപ നൽകിയില്ലെങ്കിൽ ദിലീപിന്റെ പേര് പറയാൻ രണ്ടര കോടി രൂപ നൽകാൻ സിനിമാ രംഗത്ത് ആളുണ്ടെന്നായിരുന്നു ഭീഷണി. ജാമ്യാപേക്ഷയുമായി രണ്ടാം വട്ടവും കോടതിയിൽ എത്തിയപ്പോഴും ഗൂഡാനോചന നടന്നു എന്ന വാദത്തിൽ ദിലീപ് ഉറച്ച് നിൽക്കുകയാണ്. നടൻ പൃഥ്വിരാജ്, നടി പൂർണ്ണിമ ഇന്ദ്രജിത്ത്, നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ എന്നിവരുടെ പേരുകളാണ് പൾസർ സുനിയുടെ കോളിൽ പരാമർശിച്ചിരുന്നതെന്നും ദിലീപ് പറയുന്നു.

ഈ ഫോൺ കോളിന്റെ റെക്കോർഡിങ് സഹിതമാണ് ദിലീപ് ഡിജിപിക്ക് പരാതി നൽകിയിരുന്നത്. കോളിൽ പരാമർശിക്കുന്ന ഇവരുടെ മൊഴിയെടുക്കാൻ പോലും പൊലീസ് തയ്യാറായിട്ടില്ലല്ലെന്നും ദിലീപ് ആരോപിച്ചിരുന്നു. അതേസമയം ഈ കോൾ ദിലീപ് തന്നെ കെട്ടിച്ചമച്ചതാണെന്നായിരുന്നു പൊലീസിന്റെ ആരോപണം.

പൾസർ സുനി ജയിലിൽ നിന്നും ബ്ലാക്ക്‌മെയ്ൽ ചെയ്തുവെന്ന ദിലീപിന്റെ പരാതി വ്യാജമാണെന്നും പൊലീസ് ആരോപിക്കുന്നു. പരാതി വ്യാജമാണെന്ന നിഗമനത്തെ തുടർന്ന് ദിലീപിന്റെ പരാതിയിൽ പൊലീസ് കേസെടുത്തിരുന്നില്ല. അതുകൊണ്ടാണ് നടൻ പൃഥ്വിരാജ്, നടി പൂർണ്ണിമ ഇന്ദ്രജിത്ത്, നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ എന്നിവരുടെ മൊഴി എടുക്കാത്തതെന്നാണ് പൊലീസ് വാദം. ഈ സാഹചര്യത്തിലാണ് തനിക്കെതിരെ മാധ്യമ പ്രവർത്തകരും പൊലീസും സിനിമാ താരങ്ങളും ചേർന്ന് നടത്തിയ ഗൂഢാലോചനയാണെന്ന് ദിലീപ് പറയുന്നത്.

അമ്മയുടെ യോഗത്തിൽ ദിലീപിനെതിരെ ശക്തമായ നിലപാട് എടുത്തത് പൃഥ്വി രാജാണ്. നടി ആക്രമിക്കപ്പെട്ട കേസിൽ ജയിലിലായ ദിലീപിനെ അമ്മയിൽ നിന്ന് പുറത്താക്കി. ദിലീപിന്റെ ഹസോദരനായ ഇന്ദ്രജിത്തിന്റെ ഭാര്യയാണ് പൂർണ്ണിമ. പൂർണ്ണിമയുടെ മഞ്ജു വാര്യരും അടുത്ത സുഹൃത്തുക്കളാണ്. ആക്രമിക്കപ്പെട്ട നടിയുമായും ബന്ധമുണ്ട്. ആന്റണി പെരുമ്പാവൂർ മോഹൻലാലിന്റെ വിശ്വസ്തനും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP