Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വോട്ട് ചെയ്യാൻ പോലും അറിയാത്ത എംപിമാർക്കിടയിൽ എല്ലാം തികഞ്ഞവർക്ക് അവസരം നിഷേധിക്കുന്നത് എന്തുകൊണ്ട്? പി രാജീവിന് ശേഷം രാജ്യസഭ ഒന്നാകെ ഒരവസരം കൂടി നൽകണമെന്ന് ആവശ്യപ്പെട്ടത് യെച്ചൂരിക്ക് വേണ്ടി; സി.പി.എം ഭരണഘടന തിരുത്തിയും യെച്ചൂരിയെ നിലനിർത്തണമെന്ന് നിരവധി അംഗങ്ങൾ

വോട്ട് ചെയ്യാൻ പോലും അറിയാത്ത എംപിമാർക്കിടയിൽ എല്ലാം തികഞ്ഞവർക്ക് അവസരം നിഷേധിക്കുന്നത് എന്തുകൊണ്ട്? പി രാജീവിന് ശേഷം രാജ്യസഭ ഒന്നാകെ ഒരവസരം കൂടി നൽകണമെന്ന് ആവശ്യപ്പെട്ടത് യെച്ചൂരിക്ക് വേണ്ടി; സി.പി.എം ഭരണഘടന തിരുത്തിയും യെച്ചൂരിയെ നിലനിർത്തണമെന്ന് നിരവധി അംഗങ്ങൾ

ന്യൂഡൽഹി: രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ വോട്ട് അസാധുവാക്കിയ എംപിമാർ പോലും രാജ്യസഭയിലുണ്ട്. എന്താണ് ചെയ്യേണ്ടതെന്ന് അറിയാത്ത പാർലമെന്റ് അംഗങ്ങൾ. ഇവർക്കിടയിലേക്ക് ചിലപ്പോൾ വ്യത്യസ്തരെത്തും. അവർ ചർച്ചകളിൽ കത്തി കയറും. പ്രതിപക്ഷത്ത് ഇരുന്ന് സർക്കാരിനെ കൊണ്ട് തെറ്റുകൾ തിരുത്തിക്കും. അങ്ങനെയുള്ളവർ സഭയിൽ നിന്ന് പോകുമ്പോൾ ചർച്ചയിൽ അത് പ്രതിഫലിക്കുകയും ചെയ്യും. മലയാളിയായ സി.പി.എം നേതാവ് പി രാജീവിനുള്ള യാത്ര അയപ്പ് അങ്ങനെ ചർച്ച ചെയ്തതാണ്. രാജീവിനെ വീണ്ടും സഭയിലേക്ക് അയക്കണമെന്ന് സിപിഎമ്മിനോട് അംഗങ്ങൾ ഒന്നടങ്കം ആവശ്യപ്പെട്ടു. എന്നാൽ രാജീവിനെ സി.പി.എം പിന്നീട് പരിഗണിച്ചതു പോലുമില്ല.

സിപിഎമ്മിന്റെ ദേശീയ ജനറൽ സെക്രട്ടറിയാണ് സീതാറാം യെച്ചൂരി. അതുകൊണ്ട് തന്നെ രാജീവിനെ പോലെയാകില്ല യെച്ചൂരിയെന്ന് കരുതിയവരും ഉണ്ട്. എന്നാൽ രാജീവിന് സംഭവിച്ചതു തന്നെ യെച്ചൂരിക്കും ഉണ്ടായി. രണ്ട് തവണ തുടർച്ചയായി എംപിയായ യെച്ചൂരിക്ക് മൂന്നാം ടേം ഇല്ല. പാർട്ടി ഭരണഘടന അനുവദിക്കുന്നില്ലെന്ന് സി.പി.എം പറയുന്നു. ഈ സാഹചര്യത്തിലാണ് രാജ്യസഭയിൽ കാലവധി പൂർത്തിയാക്കിയ യെച്ചൂരിക്ക് സഭയിൽ നൽകിയ യാത്രയയപ്പിൽ വൈകാരികരംഗങ്ങൾ ഉണ്ടായത്. യെച്ചൂരിക്ക് രാജ്യസഭയിൽ ഒരു അവസരംകൂടി നൽകാത്ത സി.പി.എം. നിലപാടിനെ ചില അംഗങ്ങൾ പരോക്ഷമായി ചോദ്യംചെയ്യുകയും ചെയ്തു.

ഭരണപ്രതിപക്ഷ ഭേദമെന്യേ അംഗങ്ങൾ സഭാംഗം എന്നനിലയിൽ യെച്ചൂരിയുടെ സേവനങ്ങളെയും അദ്ദേഹത്തിന്റെ മികവിനെയും പ്രകീർത്തിച്ചു. സഭയിൽ കാലാവധി പൂർത്തിയാക്കിയ മൂന്ന് അംഗങ്ങൾക്കാണ് സഭാംഗങ്ങൾ ആശംസകൾ നേർന്നത്. പ്രതിപക്ഷത്ത് മുൻനിരയിൽ യെച്ചൂരിക്ക് തൊട്ടടുത്തിരിക്കുന്ന എസ്‌പി. നേതാവ് രാംഗോപാൽ യാദവ് വികാരാധീനനായപ്പോൾ യെച്ചൂരിതന്നെ ആശ്വസിപ്പിക്കാനെത്തി. പാർലമെന്ററികാര്യ സഹമന്ത്രി മുഖ്താർ അബ്ബാസ് നഖ്വിയും യാദവിനെ ആശ്വസിപ്പിച്ചു. യെച്ചൂരിക്ക് വീണ്ടും അവസരം നൽകാത്തതിനെ രാംഗോപാൽ യാദവ് കുറ്റപ്പെടുത്തി. യെച്ചൂരി സഭയിലുണ്ടാകണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നു. അദ്ദേഹത്തിന്റെ പാർട്ടിയുടെ ഭരണഘടനപ്രകാരം അതു പറ്റില്ലെന്നാണ് പറയുന്നത്. ഇന്ത്യൻ ഭരണഘടനതന്നെ എത്രയോതവണ ഭേദഗതിചെയ്തു. പാർട്ടി ഭരണഘടന എന്തുകൊണ്ട് ഭേദഗതിചെയ്തുകൂടാ. കമ്യൂണിസ്റ്റ് പാർട്ടി നേതാവായിരുന്ന ഭൂപേഷ് ഗുപ്ത പലതവണയായി ദീർഘകാലം സഭാംഗമായിരുന്നത് ഓർമിപ്പിച്ചുകൊണ്ട് രാംഗോപാൽ യാദവ് ചോദിച്ചു.

ചരിത്രപരമായ വിഡ്ഡിത്തം വീണ്ടും ആവർത്തിക്കുന്നുവെന്നായിരുന്നു അകാലിദൾ അംഗം നരേഷ് ഗുജ്റാളിന്റെ പരാമർശം. കമ്യൂണിസ്റ്റ് സാന്നിധ്യം സഭയിൽ ചുരുങ്ങിച്ചുരുങ്ങിവരികയാണെന്നും അദ്ദേഹം പറഞ്ഞു. ഒരിക്കലും സർക്കാരിൽ പങ്കാളികളാകാത്തതിനാൽ ആശയപരമായി നല്ലതും എന്നാൽ, നടപ്പാക്കാൻ ബുദ്ധിമുട്ടുള്ളതുമായ നിരവധി നിർദേശങ്ങൾ മുന്നോട്ടുവയ്ക്കാൻ യെച്ചൂരിക്ക് സ്വാതന്ത്ര്യമുണ്ടെന്ന മന്ത്രി ജെയ്റ്റ്ലിയുടെ പരാമർശം സഭയിൽ ചിരിപടർത്തി. യെച്ചൂരിയുടെ പങ്കാളിത്തം ചർച്ചകളുടെ നിലവാരമുയർത്തിയതായും അദ്ദേഹം പറഞ്ഞു. രാജ്യത്തിന് മുഴുവൻ അവകാശപ്പെട്ട നേതാവാണ് യെച്ചൂരിയെന്ന് പ്രതിപക്ഷനേതാവ് ഗുലാംനബി ആസാദ് പറഞ്ഞു.

വൈവിധ്യങ്ങൾക്കിടയിൽ നിലനിൽക്കുന്ന ജനങ്ങളുടെ ബന്ധവും ഐക്യവും ശക്തിപ്പെട്ടാൽ മാത്രമേ രാജ്യം ശക്തിപ്പെടുകയുള്ളൂവെന്ന് സീതാറാം യെച്ചൂരി വിടവാങ്ങൽ പ്രസംഗത്തിൽ പറഞ്ഞു. വൈവിധ്യത്തിനുമേൽ മതപരമോ ഭാഷാപരമോ സാസ്‌കാരികമോ ആയ അടിച്ചേൽപ്പിക്കലുകൾ പാടില്ല. അങ്ങനെവന്നാൽ പൊട്ടിത്തെറിയായിരിക്കും ഫലം -യെച്ചൂരി പറഞ്ഞു. സ്വാമി വിവേകാനന്ദൻ ഇസ്ലാമികശരീരത്തിലെ വേദാന്തമനസ്സിനെക്കുറിച്ച് പറഞ്ഞു. അതാണ് ഇന്ത്യയുടെ ഭാവി -യെച്ചൂരി പറഞ്ഞു. പുറത്തുനിന്നുനൽകുന്ന പിന്തുണയ്ക്കുള്ള ബൗദ്ധികസ്വത്തവകാശം തന്റെ പാർട്ടിക്കുള്ളതാണെന്ന യെച്ചൂരിയുടെ പരാമർശവും ശ്രദ്ധിക്കപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP