Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശ്രീവത്സം ഗ്രൂപ്പ് പത്തനംതിട്ടയിൽ വസ്ത്രവ്യാപാര സ്ഥാപനം കെട്ടിപ്പൊക്കിയത് നിയമങ്ങൾ കാറ്റിൽ പറത്തി; പൊതുമരാമത്ത് നിയമവും നഗരസഭ കെട്ടിട നിർമ്മാണ നിയമം ലംഘിച്ചതിൽ അന്വേഷണം നടക്കുമ്പോൾ സ്റ്റോപ് മെമ്മൊ നൽകാതെ പത്തനംതിട്ട നഗരസഭയും അഴിമതിക്ക് കൂട്ടു നിന്നു

ശ്രീവത്സം ഗ്രൂപ്പ് പത്തനംതിട്ടയിൽ വസ്ത്രവ്യാപാര സ്ഥാപനം കെട്ടിപ്പൊക്കിയത് നിയമങ്ങൾ കാറ്റിൽ പറത്തി; പൊതുമരാമത്ത് നിയമവും നഗരസഭ കെട്ടിട നിർമ്മാണ നിയമം ലംഘിച്ചതിൽ അന്വേഷണം നടക്കുമ്പോൾ സ്റ്റോപ് മെമ്മൊ നൽകാതെ പത്തനംതിട്ട നഗരസഭയും അഴിമതിക്ക് കൂട്ടു നിന്നു

പത്തനംതിട്ട : നാഗാലാൻഡിൽ അഡീഷണൽ എസ് പിയായിരുന്ന എം കെ രാജേന്ദ്രൻ പിള്ള കേരളത്തിലെ വൻ വ്യവസായിയായി വളർന്നത് ഭീകരവാദം ഇല്ലാതാക്കാനുള്ള ഫണ്ട് ഉപയോഗിച്ചെന്ന ആരോപണം നില നിൽക്കെ ഇപ്പോൾ പുറത്ത് വരുന്നത് ശ്രീവത്സം ഗ്രൂപ്പ് പത്തനംതിട്ടയിൽ ആരംഭിച്ച വസ്ത്രവ്യാപാര സ്ഥാപനം കെട്ടിപ്പൊക്കിയത് നിയമങ്ങൾ കാറ്റിൽ പറത്തി. അനധികൃത സ്വത്ത് കേസിൽ ആദായ നികുതി വകുപ്പിന്റെ അന്വേഷണങ്ങൾ നടന്നു കൊണ്ടിരിക്കുന്നതിന് പിന്നാലെയാണ് രാജേന്ഗ്രൻപിള്ളയും കുടുംബവുംപുതിയ വിവാദത്തിൽ പെട്ടിരിക്കുന്നത്.

കോടികളുടെ സ്വത്തിന്റെ ഉടമയായ രാജേന്ദ്രൻ പിള്ള കാശ് വാരി എറിഞ്ഞ് നിയമങ്ങൾ തനിക്കൊപ്പമാക്കി മാറ്റുകയായിരുന്നെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ട്. പൊതുമരാമത്ത് നിയമവും നഗരസഭ കെട്ടിട നിർമ്മാണ നിയമവും ലംഘിച്ചാണ് ശ്രീവത്സം ഗ്രൂപ്പ് പത്തനംതിട്ടയിൽ പണിതുകൊണ്ടിരിക്കുന്ന വസ്ത്ര വ്യാപാര സ്ഥാപനം പൂർത്തീകരിക്കുന്നത്.

കെട്ടിടത്തിന് കഴിഞ്ഞ സർക്കാറിന്റെ കാലത്ത് നിർമ്മാണ അനുമതി നൽകിയതിൽ നിലവിൽ വിജിലൻസ് അന്വേഷണം നടക്കുമ്പോൾ സ്റ്റോപ് മെമ്മൊ നൽകാതെ പത്തനംതിട്ട നഗരസഭയും നിയമ ലംഘനത്തിന് കൂട്ടുനിൽക്കുകയാണ്.

ശ്രീവത്സം ഗ്രൂപ്പ് പത്തനംതിട്ടയിൽ പണിതുകൊണ്ടിരിക്കുന്ന വസ്ത്ര വ്യാപാര സ്ഥാപനത്തിന്റെ ഉദ്ഘാടനം അടുത്തമാസമാണ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്. പൊതുമരാമത്ത് നിയമവും നഗരസഭ കെട്ടിട നിർമ്മാണ നിയമവും ലംഘിച്ച് ശ്രീവൽസം ഗ്രൂപ്പിന് പത്തനംതിട്ട റിങ് റോഡ് സൈഡിൽ 40 സെന്റ് സ്ഥലം നികത്തി കെട്ടിടം പണിക്ക് കഴിഞ്ഞ യു.ഡി.എഫ് സർക്കാറിന്റെ കാലത്ത് അനുമതി നൽകിയിരുന്നത് വലിയ പരാതിയായിരുന്നു.

എന്നാൽ വിവാദ തീരുമാനത്തിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച് നഗരസഭ തടിയൂരി. അതിനിടയിൽ അനുവാദം നൽകിയ ഫയൽ കാണാതാവുകയും ഈ സംഭവത്തിൽ പൊലീസ് അന്വേഷണം നടക്കുകയുമാണ്. ശ്രീവൽസം സമർപ്പിച്ച രേഖകൾക്ക് പോലും ആധികാരികത ഉണ്ടോ എന്ന കാര്യത്തിൽ പോലും സംശയം നിലനിൽക്കുന്നുണ്ട്.

വിജിലൻസ് അന്വേഷണം നടക്കുമ്പോൾ കെട്ടിട നിർമ്മാണത്തിന് സ്റ്റോപ് മെമോ നൽകാതെ നിലവിലെ നഗരസഭ കൗൺസിലും ശ്രീവത്സം ഗ്രൂപ്പിന് വഴിവിട്ട സഹായം തന്നെയാണ് ചെയ്തു കൊടുത്തിരിക്കുന്നത്. ഈ തീരുമാനത്തിലൂടെ നഗരസഭയിലെ പല ഉന്നതർക്കും സാമ്പത്തിക ലാഭമുണ്ടായിട്ടുണ്ടെന്നും ആക്ഷേപം ഉയരുന്നുണ്ട്.

അടുത്തിടെ രാജേന്ദ്രൻപിള്ളയുടെ ഉടമസ്ഥതയിലുള്ള ശ്രീവത്സം ഗ്രൂപ്പിന്റെ ജൂവലറികളിലും വസ്ത്രവ്യാപാര സ്ഥാപനങ്ങളിലും ഉൾപ്പെടെ ആദായ നികുതി ഉദ്യോഗസ്ഥർ പരിശോധന നടത്തിയിരുന്നു. നൂറുകോടിയുടെ അനധികൃത സ്വത്തിന്റെ വിവരങ്ങൾ ലഭിച്ചുതായാണ് വിവരം.

അഞ്ഞൂറ് കോടിയിൽപ്പരം രൂപയുടെ ആസ്തികൾ രാജേന്ദ്രൻപിള്ളയ്ക്കും മക്കൾക്കുമായി രാജ്യത്തൊട്ടാകെ ഉണ്ടെന്ന പ്രാഥമിക കണ്ടെത്തലാണ് ആദായ നികുതി ഉദ്യോഗസ്ഥർ നടത്തിയിട്ടുള്ളത്. കേരളത്തിൽ മാത്രം 250 കോടിയിൽപ്പരം രൂപയുടെ വസ്തുവകകൾ ഇവരുടെ ഉടമസ്ഥതയിലും ശ്രീവൽസം ഗ്രൂപ്പിന്റെ പേരിലും ഉള്ളതായും കണ്ടെത്തിയിട്ടുണ്ട്. രാജ്യത്താകമാനമായി അഞ്ഞൂറ് കോടിയിൽ പരം രൂപയുടെ ആസ്തികളും ഉണ്ടെന്നാണ് സൂചന. പൊലീസ് എഎസ്‌പി മാത്രമായിരുന്ന രാജേന്ദ്രൻപിള്ള എങ്ങനെ ഇത്രമാത്രം ആസ്തികളുള്ള ഒരു ഗ്രൂപ്പിന്റെ ഉടമയായി എന്ന അന്വേഷണം നടക്കുകയാണ്.

നാഗാലാൻഡിൽ അഡീഷണൽ എസ്‌പിയായി സേവനം അനുഷ്ഠിച്ചുവന്ന പന്തളം പനങ്ങാട് സ്വദേശിയായ രാജേന്ദ്രൻ പിള്ളയ്ക്ക് രാഷ്ട്രീയ നേതൃത്വങ്ങളുമായി വൻ ബന്ധമാണുള്ളത്. രാജേന്ദ്രൻ പിള്ളയുടേയും കുടുംബാംഗങ്ങളുടേയും പേരിലാണ് ശ്രീവൽസം ഗ്രൂപ്പിന്റെ സ്ഥാപനങ്ങൾ. ഇന്നലെയാണ് ശ്രീവത്സം ഗ്രൂപ്പിന്റെ ഉടമയുടെ വീടുകളിലും ജൂവലറികളിലും ഇതര സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്.

പന്തളം പനങ്ങാട്ടെ രാജവത്സം എന്ന വീട്ടിലും കോന്നി, പന്തളം തുടങ്ങി ആറ് സ്ഥലങ്ങളിലെ ജുവലറികളിലുമാണ് പരിശോധന. ഇവിടെനിന്നെല്ലാമായി സംസ്ഥാനത്തും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുമുള്ള ആസ്തികളുടെ വിവരങ്ങൾ ശേഖരിക്കുകയും രേഖകൾ പിടിച്ചെടുക്കുകയും ചെയ്തു. ജുവലറി, ബാർ, പണമിടപാട് സ്ഥാപനങ്ങൾ, ടെക്സ്‌റ്റൈൽസ് തുടങ്ങി വൻ ബിസിനസ് ശൃംഖലയുണ്ട് ശ്രീവൽസം ഗ്രൂപ്പിന്. പന്തളത്താണ് വസ്ത്രാലയം, കുളനടയിൽ ബാറുമുണ്ട്. രാജേന്ദ്രൻപിള്ളയുടെ മക്കളായ വരുൺരാജ്, അരുൺരാജ് എന്നിവർക്കാണ് സ്ഥാപനങ്ങളുടെ മേൽനോട്ടം.

സർവീസിൽ നിന്ന് വിരമിച്ചശേഷം നാഗാലാൻഡിൽ തന്നെ സർക്കാരിന്റെ ഉപദേശകനായി തുടരുകയാണ് രാജേന്ദ്രൻപിള്ളയെന്നാണ് വിവരങ്ങൾ. ഇവിടെ സേവനം അനുഷ്ഠിച്ച കാലം മുതൽ ഭീകരവിരുദ്ധ പ്രവർത്തനങ്ങൾക്കായി സംസ്ഥാനത്തിന് അനുവദിക്കുന്ന ഫണ്ട് വൻതോതിൽ വെട്ടിക്കപ്പെട്ടുവെന്ന സംശയത്തിന്റെ പേരിലാണ് ശ്രീവൽസം ഗ്രൂപ്പിന്റെ ആസ്തിയെപ്പറ്റി അന്വേഷണം ആരംഭിക്കുന്നത്. ഇതിൽ കഴമ്പുണ്ടെന്ന് വ്യക്തമായതോടെയാണ് ഇന്നലെ മുതൽ റെയ്ഡ് ആരംഭിച്ചതെന്നാണ് സൂചന.

സംസ്ഥാനത്തിന് പുറത്ത് ബാംഗ്ളൂർ, ഡൽഹി, നാഗാലാൻഡ് എന്നിവിടങ്ങളിലും ഇവർക്ക് ആസ്തികളുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. മൊത്തം അഞ്ഞൂറു കോടിയിലേറെ രൂപയുടെ ആസ്തിയുണ്ടെന്നാണ് പ്രാഥമിക വിവരം. ഈ സ്വത്ത് സമ്പാദിച്ചതെങ്ങനെയെന്ന വിവരമാണ് പരിശോധിക്കുന്നത്. മക്കൾക്കെതിരെ അനധികൃത സ്വത്തുസമ്പാദനത്തിന് കേസെടുത്തതായ വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. സംശയാസ്പദമായ ഇടപാടുകളെ സംബന്ധിച്ച് വിശദീകരണം തേടിയിട്ടുണ്ട്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP