Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ദിലീപും പൊലീസും പറയുന്നത് ശരിയെന്ന് ഡിജിപി! ബ്ലാക് മെയിലിങ് കഴിഞ്ഞ ഉടൻ ഡിജിപിയെ വിവരം അറിയിച്ചു എന്ന ദിലീപിന്റെ വാദം പരോക്ഷമായി ശരിവച്ച് ലോക്‌നാഥ് ബെഹ്‌റ; എല്ലാം ഒതുക്കി തീർക്കുന്നതിന്റെ ഭാഗമാണോ ഈ ഒത്തുകളിയെന്ന സംശയം ബലപ്പെടുന്നു

ദിലീപും പൊലീസും പറയുന്നത് ശരിയെന്ന് ഡിജിപി! ബ്ലാക് മെയിലിങ് കഴിഞ്ഞ ഉടൻ ഡിജിപിയെ വിവരം അറിയിച്ചു എന്ന ദിലീപിന്റെ വാദം പരോക്ഷമായി ശരിവച്ച് ലോക്‌നാഥ് ബെഹ്‌റ; എല്ലാം ഒതുക്കി തീർക്കുന്നതിന്റെ ഭാഗമാണോ ഈ ഒത്തുകളിയെന്ന സംശയം ബലപ്പെടുന്നു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ട്വിസ്റ്റുകളിലൂടെയാണ് നടിയെ ആക്രമിച്ച കേസിന്റെ യാത്ര. നടൻ ദിലീപ് അറസ്റ്റിലായതോടെ ക്ലൈമാക്‌സ് കഴിഞ്ഞുവെന്ന് ഏവരും കരുതി. എന്നാൽ ഒന്നും അവസാനിക്കുന്നില്ല. ഒരു മാസത്തിലധികമായി നടൻ അഴിക്കുള്ളിലാണ്. ജാമ്യം പോലും കിട്ടിയില്ല. അതിനിടെ പുതിയ ജാമ്യ ഹർജിയിൽ ശക്തമായ വാദങ്ങൾ ദിലീപ് ഉയർത്തി. ഇത് ശരിയാണെങ്കിൽ പൊലീസും വെട്ടിലാകും. ജാമ്യം കിട്ടാനുള്ള സാധ്യതയും തെളിയും. അ

അതായത് നടിയെ തട്ടിക്കൊണ്ടുപോയ പൾസർ സുനി തനിക്കു ജയിലിൽ നിന്നു കത്തയച്ച കാര്യം അന്നു തന്നെ ഡിജിപി ബെഹ്‌റയെ ഫോണിലൂടെയും വാട്‌സാപ്പിലൂടെയും അറിയിച്ചെന്നും രണ്ടു ദിവസം കഴിഞ്ഞു രേഖാമൂലം പരാതി നൽകിയെന്നുമാണു ദിലീപ് കോടതിയെ അറിയിച്ചത്. എന്നാൽ സംഭവം നടന്ന് 20 ദിവസം കഴിഞ്ഞാണു പരാതിപ്പെട്ടത് എന്നായിരുന്നു പൊലീസിന്റെ വാദം. ഇത് ശരിയാണെന്ന് പരോക്ഷമായി സമ്മതിക്കുകയാണ് ഡിജിപിയും. ഇതോടെ കേസ് വീണ്ടും സങ്കീർണ്ണമാകും. നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി നടൻ ദിലീപും പൊലീസും പറയുന്നതു ശരിയാണെന്നു സംസ്ഥാന പൊലീസ് മേധാവി പറയുന്നു.

ആരു പറയുന്നതാണു കൂടുതൽ ശരിയെന്നു പരസ്യമായി പറയാനാകില്ല. കേസ് കോടതിയുടെ പരിഗണനയിലാണ്. അതിനാൽ അതു കോടതിയലക്ഷ്യമാകും. എന്നാൽ സംഭവം വിശദമാക്കി പൊലീസ് ഉടൻ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകുമെന്നും ബെഹ്‌റ പറയുന്നു. ജാമ്യാപേക്ഷയിൽ പൊലീസ് എടുക്കുന്ന നിലപാട് നിർണ്ണായകമാണ്. അതിനിടെ ബെഹ്‌റയും ദിലീപും സുഹൃത്തുക്കളാണെന്നും കേസ് ഒതുക്കാനാണ് നീക്കമെന്നും ആരോപണവും സജീവമാണ്. ഡിജിപിയുടെ വാക്കുകളിലും അത് കാണാമെന്ന വിലയിരുത്തലുമുണ്ട്.

നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് നിരീക്ഷണത്തിലായിരുന്നു. അങ്ങനെയുള്ള ഒരാളിൽ നിന്നു പരാതി ലഭിച്ചാൽ അതു സംബന്ധിച്ച പല കാര്യങ്ങളും പൊലീസിന് അന്വേഷിക്കേണ്ടതുണ്ട്. എന്തെങ്കിലും കാര്യങ്ങളിൽ സംശയം തോന്നിയാൽ പലതും കൂടുതൽ അന്വേഷിക്കേണ്ടി വരും. അതും പൊലീസ് ചെയ്തിട്ടുണ്ട്. ഏതായാലും ഇക്കാര്യത്തിൽ കൂടുതൽ പ്രതികരണത്തിനില്ലെന്നു ബെഹ്‌റ വ്യക്തമാക്കി. ഇതു പറയുമ്പോഴും പരാതി ദിലീപ് അയച്ചുവെന്നത് സമ്മതിക്കുന്നിടത്താണ് പ്രശ്‌നം. താൻ നൽകിയ പരാതിയിൽ പൊലീസ് നടപടിയെടുത്തില്ലെന്ന വാദമാണ് ദിലീപ് സജീവമാക്കുന്നത്.

പൊലീസിനെയും രാഷ്ട്രീയനേതാക്കളെയും മാധ്യമങ്ങളെയും സ്വാധീനിക്കാൻ കഴിയുന്ന സിനിമാ വ്യവസായവുമായി ബന്ധപ്പെട്ട ചെറിയൊരു വിഭാഗത്തിന്റെ വൻ ഗൂഢാലോചനയാണു തന്നെ കുടുക്കിയതെന്നും ദുഷ്ടലാക്കോടെ വ്യാജകഥകൾ പ്രചരിപ്പിക്കുകയാണെന്നും ജാമ്യ ഹർജിയിൽ ദിലീപ് ആരോപിക്കുന്നു. കേസുമായി ബന്ധപ്പെട്ടു സിനിമാ മേഖലയിലെ ചിലർ തനിക്കെതിരെ നീങ്ങുന്നുണ്ടെന്നും അവർ ഒന്നാംപ്രതി പൾസർ സുനി സമീപിച്ചുവെന്നും അറിയിച്ചു വിഷ്ണു എന്നയാൾ തന്റെ സുഹൃത്ത് നാദിർഷായ്ക്ക് 2017 ഏപ്രിൽ 10നു ഫോൺ ചെയ്ത കാര്യം അന്നു തന്നെ ഡിജിപി ലോക്‌നാഥ് ബഹ്‌റയെ അറിയിച്ചതാണെന്നു ഹർജിയിൽ പറയുന്നുത്. ശബ്ദരേഖയും കോൾ വന്ന ഫോൺ നമ്പറും നൽകി. സുനിലിനെ തനിക്കറിയില്ല, ഒരിക്കൽ പോലും കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. ഒന്നര കോടി രൂപയ്ക്കു താൻ ക്വട്ടേഷൻ നൽകിയെന്നു സുനിൽ പറയുന്നതു സാങ്കൽപികമാണെന്നും ദിലീപ് പറയുന്നു. ഇതാണ് പരോക്ഷമായി ബെഹ്‌റ സമ്മതിക്കുന്നത്.

കേസിൽ ഏഴു പ്രതികൾക്കെതിരെ മൂന്നു മാസം മുൻപു കുറ്റപത്രം നൽകിയതാണ്. തന്റെ പങ്കിനെക്കുറിച്ചു പരാതിക്കാരിയോ സാക്ഷികളോ ഒന്നും പറഞ്ഞിട്ടില്ല. മുൻപു ഹൈക്കോടതി ജാമ്യം തള്ളിയ സാഹചര്യമല്ല ഇപ്പോൾ. നേരത്തേ, തന്റെ ഡ്രൈവറായ അപ്പുണ്ണി ഒളിവിലാണെന്നും ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ കണ്ടെടുത്തിട്ടില്ലെന്നുമാണു പറഞ്ഞത്. അപ്പുണ്ണി ഹാജരായി ചോദ്യം ചെയ്യലിനു വിധേയനായി. ഫോൺ നശിപ്പിച്ചു എന്നു മൊഴി നൽകിയതായി പറയപ്പെടുന്ന രണ്ട് അഭിഭാഷകരെ പ്രതി ചേർത്തിട്ടുണ്ട്. മൊബൈൽ ഫോൺ കണ്ടെടുക്കുന്നതിൽ അന്വേഷകരുടെ കഴിവുകേട് തന്റെ തടവു തുടരാൻ കാരണമല്ല. സാക്ഷികളെ ചോദ്യം ചെയ്തു കഴിഞ്ഞു. അന്വേഷണം ഏറെക്കുറെ പൂർത്തിയായി. സിനിമാ മേഖലയുമായി ബന്ധപ്പെട്ടു താൻ വ്യക്തമായ നിലപാടുകൾ എടുത്തതിൽ എതിർപ്പുള്ളവരുണ്ട്.

2016 ഡിസംബറിൽ കേരള ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷൻ നേതൃത്വത്തിൽ തിയറ്റർ ഉടമകൾ നടത്തിയ സമരത്തിൽ സിനിമാ മേഖല പ്രതിസന്ധിയിലായപ്പോൾ താൻ പ്രസിഡന്റായി പുതിയ സംഘടനയുണ്ടാക്കിയതിൽ ശത്രുതയുള്ളവരുണ്ട്. ഫെഡറേഷൻ നേതൃത്വത്തിലുള്ള വ്യക്തിക്കു ഭരണ മുന്നണിയിലെ ചില ഉന്നതരുമായി ബന്ധമുണ്ട്. നടി ഉപദ്രവിക്കപ്പെട്ട സംഭവത്തിന്റെ ഗുഢാലോചന അന്വേഷിക്കണമെന്ന് ആദ്യം പരസ്യമായി പറഞ്ഞ നടിക്ക് കേസ് അന്വേഷിക്കുന്ന എഡിജിപിയുമായി അടുപ്പമുണ്ട്. തന്നെ കുടുക്കാൻ ലക്ഷ്യമിടുന്ന ചില പൊലീസുദ്യോഗസ്ഥരുടെയും മാധ്യമ പ്രചാരണത്തിന്റെയും ഇരയാണു താൻ. ചോദ്യം ചെയ്യൽ ഗിന്നസ് ബുക്കിൽ ഇടം പിടിക്കാനാവരുതെന്നതുൾപ്പെടെ അന്വേഷണത്തെക്കുറിച്ചു മുൻ ഡിജിപി പറഞ്ഞ അഭിപ്രായങ്ങൾ പ്രസക്തമാണെന്നും ജാമ്യ ഹർജിയിൽ ദിലീപ് പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP