Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഉത്തമഗീതങ്ങൾ

ഉത്തമഗീതങ്ങൾ

ഷാജി ജേക്കബ്

'Love has no other desire but to fulfill itself'

- Kahlil Gibran

അതിശയോക്തി കലർത്തി പറഞ്ഞാൽ, മലയാളത്തിന്റെ ഖലീൽ ജിബ്രാനാണ് ബോബി ജോസ് കട്ടികാട്. ലോകമെങ്ങും മിസ്റ്റിസിസത്തിന്റെ കാവ്യഭാവന ചിറകടിച്ചു പറന്ന കഴിഞ്ഞ നൂറ്റാണ്ടിന്റെ ഒന്നാം പകുതിയിൽ, മനുഷ്യചരിത്രം സാക്ഷ്യം വഹിച്ച എക്കാലത്തെയും വലിയ പ്രത്യയശാസ്ത്ര-വംശ-സർവാധിപത്യ ഹിംസകളുടെ നരകകാലത്ത്, കാല്പനികതയും യാഥാർഥ്യവും; ആത്മീയതയും ഭൗതികതയും; സൗന്ദര്യാത്മകതയം മാനവികതയും; രാഷ്ട്രീയവും കലയും കലർത്തിയെഴുതിയ ഭാവനയുടെ രക്തരേഖകളായിരുന്നു ഖലീൽ ജിബ്രാന്റെ രചനകൾ. അമേരിക്കയിൽ നിന്നു കണ്ടെഴുതിയ ലെബനോന്റെ ഖേദപുസ്തകം. അറേബ്യയുടെ നഷ്ടജാതകം. സ്‌നേഹത്തിന്റെ ഹൃദയസങ്കീർത്തനം. പ്രണയത്തിന്റെ കലോപനിഷത്ത്.

നിശ്ചയമായും ജിബ്രാന്റെ ഭാവനയിൽനിന്ന് മഹാസമുദ്രദൂരങ്ങൾ തന്നെയുണ്ട് ബോബിയുടെ ഭാവനയിലേക്ക്. ജിബ്രാനെ അപേക്ഷിച്ച് കൂടുതൽ മതാത്മകവും അധിഭൗതികവും ചരിത്രനിരപേക്ഷവുമാണ് ബോബിയുടെ കാഴ്ചപ്പാടുകൾ. 'ആത്മീയലേഖനങ്ങൾ' എന്ന അവകാശവാദം തന്നെയാണ് ഈ പുസ്തകത്തിന്റെ പ്രാഥമിക സ്വത്വവും സ്വരൂപവും (നിശ്ചയമായും പരിമിതിയും).

ഒറ്റയ്ക്കും കൂട്ടായും ജീവിക്കുന്ന മനുഷ്യരുടെ ജൈവികവും നൈസർഗികവുമായ അടിസ്ഥാനപ്രകൃതങ്ങളെയും വാസനകളെയും ചോദനകളെയും കുറിച്ചുള്ള എഴുത്തുകളുടെ ലോകം മലയാളത്തിൽ തീർത്തും ശുഷ്‌കമാണ്. ഇവയെ മുൻനിർത്തിയുള്ള ചിന്തകളും എഴുത്തുകളും പ്രഭാഷണങ്ങളും മറ്റും കുറെയെങ്കിലും കാര്യഗൗരവത്തോടെയും മാനുഷികമായും അവതരിപ്പിച്ചിട്ടുള്ളത് നിത്യചൈതന്യയതി മാത്രമാണ്. ലോകസാഹിത്യത്തിലാകട്ടെ മനഃശാസ്ത്രജ്ഞരും ദൈവശാസ്ത്രജ്ഞരും സാമൂഹ്യശാസ്ത്രജ്ഞരും ലൈംഗികശാസ്ത്രജ്ഞരുമൊക്കെയായ എത്രയെങ്കിലും പേരുടെ ബെസ്റ്റ് സെല്ലറുകൾ നിരവധിയുണ്ട്- ഇന്ത്യക്കാരുൾപ്പെടെ. എന്തായാലും മനുഷ്യചോദനകളുടെ ആനുഭവികവും മൂല്യപരവുമായ വികാര-വിചാരമണ്ഡലങ്ങളെക്കുറിച്ച് നിരന്തരമെഴുതുന്നതിൽ ബോബി ജോസ് പ്രകടിപ്പിക്കുന്ന താൽപര്യം അസാധാരണമായ ഒന്നാണ്; മലയാളത്തിൽ അപൂർവവും. ഖലീൽ ജിബ്രാന്റെ 'The prophet'ന്റെ തർജ്ജമയുൾപ്പെടെ ഇതിനകം പ്രസിദ്ധീകരിച്ച ഏഴു പുസ്തകങ്ങളിലും നിന്നു വ്യത്യസ്തമാണ് ബോബിയുടെ ഏറ്റവും ഒടുവിൽ പുറത്തുവന്ന പുസ്തകം, 'കൂട്ട്'. ഒരുവർഷത്തിനുള്ളിൽതന്നെ പതിനയ്യായിരത്തിലധികം കോപ്പികൾ വിറ്റഴിഞ്ഞ കൂട്ടിന്റെ രസക്കൂട്ടെന്താണ്?

സ്‌നേഹത്തിന്റെ ദൈവശാസ്ത്രമാകുന്നു, സംഗ്രഹിച്ചുപറഞ്ഞാൽ, കൂട്ട്. സ്‌നേഹത്തിന്റെ നാലുധ്രുവലോകങ്ങളെക്കുറിച്ചെഴുതിയ ഉത്തമഗീതങ്ങൾ. മർത്യായുസ്സിനു കൂട്ടുചെല്ലുന്ന, അർത്ഥം ചമയ്ക്കുന്ന പ്രണയം, പരിണയം, നൽകൽ, സൗഹൃദം എന്നിവയാണ് ആ ലോകങ്ങൾ. നാലുതലങ്ങളിലൂന്നിനിന്നാണ് ഈ ഓരോ ജീവിതാനുഭൂതിയെയും (മനുഷ്യാവകാശത്തെയും) കുറിച്ചുള്ള തന്റെ നിരീക്ഷണങ്ങൾ ബോബി അവതരിപ്പിക്കുന്നത്.

മിസ്റ്റിസിസം, ദൈവശാസ്ത്രം, സാമൂഹ്യശാസ്ത്രം, സൗന്ദര്യശാസ്ത്രം എന്നിവ തുടങ്ങി ലൈംഗികമനഃശാസ്ത്രം വരെയുള്ളവ ഒരുക്കുന്ന വഴിവെളിച്ചങ്ങളുടേതാണ് ഒന്നാമത്തെ തലം.

ക്രിസ്തു, ഫ്രാൻസിസ്, റൂമി, ഖലീൽ ജിബ്രാൻ, ഗാന്ധി, ടാഗോർ, ഓഷോ, കസാൻദ്‌സാക്കീസ് എന്നിവർ തൊട്ട് ആധുനികരും സമകാലികരുമായ എഴുത്തുകാരും കലാകാരന്മാരും വരെയുള്ളവരുടെ കാഴ്ചപ്പാടുകൾ നൽകുന്ന പ്രചോദനമാണ് രണ്ടാമത്തെ തലം.

പുസ്തകങ്ങൾ, ചിന്തകൾ, സിനിമ, സാഹിത്യം, കല, ചരിത്രം, പാട്ടുകൾ, കഥകൾ, വാർത്തകൾ, യാത്രകൾ, അനുഭവങ്ങൾ എന്നിവതൊട്ട് കത്തുകൾ വരെയുള്ളവ നടത്തുന്ന അർഥപൂരണങ്ങളുടേതാണ് മൂന്നാമത്തെ തലം.

സ്‌നേഹത്തിന്റെ മൂർത്തരൂപകങ്ങളായി പരിണമിക്കുന്ന രതിയും ലൈംഗികതയും സ്പർശവും കാഴ്ചയും കേൾവിയും കരുണയും ശ്രദ്ധയും മുതൽ സ്‌നേഹമില്ലായ്മയുടെ ക്രൂരസാന്നിധ്യങ്ങളായി വെളിപ്പെടുന്ന ഹിംസയും പകയും വെറിയും യുദ്ധവും വിപ്ലവവും വരെയുള്ളവ പങ്കിടുന്ന (നിശ്ചയമായും ഇവയ്ക്കു രണ്ടിനുമിടയിലെ തമോഗർത്തമായ ബ്രഹ്മചര്യവും) ശരീരത്തിന്റെയും ആത്മാവിന്റെയും ജീവിതാനുഭൂതികളുടേതാണ് നാലാമത്തെ തലം.

ഖലീൽ ജിബ്രാന്റെ 'പ്രവാചകനി'ൽനിന്നുള്ള ഓരോ ഭാഗം ആമുഖമായി നൽകിയാണ് ബോബി തന്റെ നാലു സ്‌നേഹലോകങ്ങളിലേക്കുമുള്ള വാതിൽ തുറക്കുന്നത്. ഓരോ ഭാഗത്തും ആറുമുതൽ പതിനഞ്ചുവരെ ലേഖനങ്ങൾ. ഇതിനുപുറമെ പുസ്തകത്തിനു മൊത്തമായുള്ള ഒരാമുഖവും ഉപസംഹാരവും. ഒട്ടാകെ നാല്പതിലധികം ലേഖനങ്ങൾ. ഓരോന്നിനും തുടക്കത്തിൽ വിശ്വവിഖ്യാതമായ സ്‌നേഹവാക്യങ്ങൾ. ഒടുക്കത്തിൽ മലയാളിയുടെ അസ്തിത്വാശങ്കകളെ കുത്തിപ്പൊട്ടിക്കുന്ന ബോബിയുടെ സ്വന്തം ഫലിതങ്ങളും. കൂട്ടിന്റെ ഘടന ഇതാണ്. ഈ രസത്തിന്റെ ഘടന തിരിച്ചറിയുന്ന ടോം ജെ. മങ്ങാട്ടിന്റെ മുഖവുര, ജീവിതത്തിൽ ഒറ്റയായി പോകുന്ന മനുഷ്യരുടെ കാതിൽ വീഴുന്ന സ്‌നേഹത്തിന്റെ ഗിരിപ്രഭാഷണങ്ങളായി ഈ പുസ്തകത്തെ ഒന്നടങ്കം ചേർത്തുപിടിക്കുന്നു.

'സൗഹൃദമായൊരു സൗഹൃദമേ' എന്ന ആമുഖം 'കൂട്ടി''ന്റെ ആന്തരലോകത്തേക്കുള്ള സൂചിക്കുഴയാണ്. പ്രണയവും പരിണയവും നൽകലുമുണ്ടെങ്കിലും ചങ്ങാത്തത്തിനാണ് ഈ പുസ്തകത്തിലെ ഊന്നൽ. അഥവാ ഒരാൾക്കു മറ്റൊരാൾ കൂട്ടായിത്തീരേണ്ടവയാണ് സൗഹൃദമെന്നപോലെ മറ്റുമൂന്നവസ്ഥകളും എന്ന ചിന്തയാണ് കൂട്ടിന്റെ കാതൽ. സിനിമയിലും സാഹിത്യത്തിലും ചരിത്രത്തിലും പുരാണത്തിലും കഥയിലും ഭാവനയിലും നിന്നുള്ള സന്ദർഭങ്ങളുദാഹരിച്ച് ബോബി ജീവിതത്തിൽ സൗഹൃദത്തിനുള്ള അനന്തസാധ്യതകൾ ചൂണ്ടിക്കാണിക്കുന്നു. ജിബ്രാനും എറിക് ഫ്രോമും ഒന്നിക്കുന്ന മൂർത്ത മണ്ഡലങ്ങളിലൊന്ന്.

'പ്രണയം' എന്ന ഒന്നാം ഖണ്ഡം നോക്കുക. എട്ടുലേഖനങ്ങളുണ്ടിവിടെ. പ്രണയത്തെക്കുറിച്ചുള്ള രമ്യോപന്യാസങ്ങൾ. സ്‌നേഹത്തെക്കുറിച്ചുള്ള കാല്പനിക സങ്കല്പങ്ങളിൽ നിന്നല്ല ബോബിയുടെ തുടക്കം. കയ്ക്കുന്ന യാഥാർഥ്യങ്ങളിൽ നിന്നാണ്. കണ്ണീരും ചോരയും വാർന്ന് തനിക്കു ചുറ്റും വിലപിക്കുന്നവരെ സാക്ഷിനിർത്തി ബോബി പ്രണയത്തിന്റെ സാധ്യതകളും അസാധ്യതകളും വിശകലനം ചെയ്യുന്നു.

'സന്ദേഹങ്ങളുടെ കൊടുങ്കാറ്റിൽ പെട്ട പാഴ്മരമാണ് സ്‌നേഹിക്കുന്നവർ. ഒടിഞ്ഞുവീഴാതിരിക്കാൻ അവർക്ക് വല്ലാതെ ക്ലേശിക്കേണ്ടിവരുന്നു. ക്ലിനിക്കുകൾക്കു പുറത്ത്, സംശയരോഗമാണെന്ന് അടക്കം പറയുന്നതുകേട്ട് പുഴുവിനെപ്പോലെ ചുരുണ്ടുകൂടി ഇരിക്കേണ്ടതായും മൊബൈൽ ഇടയ്ക്കിടെ ചിലയ്ക്കുമ്പോൾ ചന്ദ്രേട്ടൻ എവിടെയാണെന്ന സഹപ്രവർത്തകരുടെ അപഹാസം കേൾക്കേണ്ടതായും വരുന്നു. ഒരു നുള്ള് ഒഥല്ലോ എല്ലാവരുടെയും ചങ്കിലുണ്ട്. ചിലരതിനെ ബുദ്ധിപൂർവം നേരിടുമ്പോൾ വേറെ ചിലർ അടി തെറ്റിയും അലമുറയിട്ടും പിഴുതെറിയാനാവാത്ത വിധത്തിൽ സംശയങ്ങളുടെ വേരുകളിൽ പിണഞ്ഞാണ് എല്ലാ പ്രണയമരങ്ങളുടെയും നിലനില്പ്. സംശയത്തിന്റെ നിഴലുകളിൽ കുരുങ്ങുന്ന ഡസ്ഡിമോണയെ കൊലപ്പെടുത്തുമ്പോൾ അയാൾ അയാളെത്തന്നെയാണ് ഇല്ലാതെയാക്കുന്നത്'.

വിക്ടർയൂഗോവിന്റെ നോവലും റൂമിയുടെ കവിതയും ഫ്രാൻസിസിന്റെ പരീക്ഷണങ്ങളും കീസ്‌ലോവ്‌സ്‌കിയുടെ സിനിമയും മാധവിക്കുട്ടിയുടെ കഥയും ഗാന്ധിയുടെ ആത്മകഥയും രമണമഹർഷിയുടെ സംവാദങ്ങളും ബൈബിളിലെ ഉദാഹരണങ്ങളും മുൻനിർത്തി ബോബി പ്രണയത്തിന്റെ അന്തഃസംഘർഷങ്ങളവതരിപ്പിക്കുന്നു. മനുഷ്യചരിത്രം പ്രണയസാക്ഷാത്കാരത്തിലൂടെ മുന്നോട്ടു സഞ്ചരിച്ചതിന്റെയും പ്രണയഭംഗങ്ങളിൽ തട്ടിവീണതിന്റെയും പ്രണയികൾ പരസ്പരം ജീവിതം പൂരിപ്പിച്ചതിന്റെയും കഥകളാണിവ. ഉത്തമഗീതത്തിന്റെ സത്തയെ പുണർന്നുകൊണ്ട് ബോബി എഴുതുന്നു:

'പ്രണയം പോലെ ദൈർഘ്യമേറിയ ഒരു കിനാവില്ലെന്ന് ആർക്കാണ് അറിയാത്തത്. അപ്പോഴാണ് ഓരോ ഇന്ദ്രിയവും ഓരോ വാതിലാവുന്നത്. മിഴിപ്പാളികൾ അടയ്ക്കുമ്പോൾ അതിലൂടെ പ്രവേശിച്ച അതിഥകളുടെ സംഘനൃത്തമാരംഭിക്കുന്നു. ഒറ്റനോട്ടത്തിൽ ഒരു കൗതുകവും ഉണർത്താത്ത മനുഷ്യശരീരമെന്ന ഉണക്കമരം ആ കിനാവിൽ പൂത്തുലയുന്നു. പ്രിയയുടേതായതുകൊണ്ട് നഖശിഖാന്തമുള്ള മൂല്യമുണ്ടാകുന്നു. കണ്ണുകൾ ഇണപ്രാവുകളായി, കപോലങ്ങൾ വൈഡൂര്യക്കല്ലിന്റെ ശോഭയേറ്റു തുടുക്കുന്നു. കണ്ഠം മരതകത്തൂണാകുന്നു, മാറ് ഇരട്ടപെറ്റ മാൻകുരുന്നുകളാവുന്നു, നാഭി ചഷകമാകുന്നു.... സൗന്ദര്യലഹരി നിനവിൽ വരുന്നു. തരിശുനിലങ്ങളെ പൂപ്പാടങ്ങളാക്കാനുള്ള മാന്ത്രികവടി ദൈവം പ്രണയികൾക്ക് മാത്രമേ സമ്മാനിച്ചിട്ടുള്ളു.'

പ്രണയത്തിൽ ശരീരത്തിനും കാമനകൾക്കുമുള്ള പങ്കിനെക്കുറിച്ചുള്ള സത്യാന്വേഷണങ്ങളാണ് ബോബിയുടെ കാഴ്ചപ്പാടുകളെ ആർജ്ജവമുള്ളതാക്കുന്നത്. കാപട്യമില്ലാത്ത സാരോപദേശങ്ങളായി അവ മാറുന്നത് അതുവഴിയാണ്. ആത്മീയത ദേവാലയങ്ങളുടെയും പുരോഹിതരുടെയും കുത്തകയല്ല. ഉടലിന്റെ ശത്രുവല്ല ആത്മാവ് - ബോബി പറയും, വായിക്കു:

'കലഹത്തിൽ മാത്രമല്ല, പ്രണയത്തിലും നമ്മളൊളിപ്പിച്ച ആരണ്യങ്ങളും ഹിംസയും പുറത്തുവരുന്നു. ഒരു പൂവിതൾ അടരുന്നതുപോലെയോ, ഒരു മഴത്തുള്ളി പതിക്കുന്നതുപോലെയോ അല്ല ചുംബനം. ഒരു വേട്ടമൃഗം ഇരയിൽ നഖമോടിച്ച് അതിന്റെ അവകാശം ഉറപ്പിക്കുന്നതുപോലെ; അത് താങ്ങാനാവാതെ ഒരു കൂട്ടുകാരി തണുത്തുറഞ്ഞ് മഞ്ഞുപ്രതിമയായി! ജിബ്രാന്റെ കവിതയിലെന്നപോലെ ഓർമ്മയുടെ സായന്തനവെളിച്ചത്തിൽ നമ്മൾ ഒരുവട്ടം കൂടി കണ്ടുമുട്ടിയാൾ അന്ന് കൂടുതൽ സംസാരിക്കും; അന്ന് കൂടുതൽ സാന്ദ്രമായൊരു ഗാനം നീയെനിക്ക് പാടിത്തരും. നൈർമല്യത്തിന്റെ ആ പറുദീസയിൽ വസ്ത്രങ്ങളുലയാതെ ഒരാൾ അയാളുടെ സ്‌നേഹിതയെ ചുംബിക്കും. അങ്ങനെ ശരീരത്തിന്റെ കുന്തിരിക്കഗന്ധങ്ങൾ വീണ്ടെടുക്കും.

ആത്മാവിനെക്കുറിച്ച് പഠിപ്പിക്കുവാൻ നമ്മുടെ ദേവാലയങ്ങൾ ഇനിയും പരുവപ്പെട്ടിട്ടില്ലെന്ന് ഞാൻ കരുതുന്നു. ഗുരുക്കന്മാരോട് എനിക്കൊരു സങ്കടം പറയാനുണ്ട്. ഉടലാണ് ഏറ്റവും പുരാതനമായ ദേവാലയമെന്ന് ഇളംപ്രായത്തിലേ നിങ്ങൾ ഞങ്ങളോട് പറഞ്ഞുതരാഞ്ഞതെന്താണ്? ദൈവം മണ്ണുകൊണ്ട് മനുഷ്യനെ മെനഞ്ഞുണ്ടാക്കി, അവന്റെ നാസാരന്ധ്രങ്ങളിൽ നിശ്വസിച്ചുവെന്ന് ബൈബിൾ. ദൈവത്തിന്റെ നിശ്വാസമെന്നാൽ ദൈവത്തിന്റെ സാന്നിദ്ധ്യമെന്നുതന്നെയർത്ഥം. ഉടൽദേവാലയത്തിലെ ചൈതന്യപ്രതിഷ്ഠയാണ് ആത്മാവ്. ദേവാലയത്തിലേക്കുപോലും പ്രവേശിക്കാത്ത ദൈവാന്വേഷണമാണ് ശരീരത്തെ മറന്നുള്ള നമ്മുടെ ആത്മീയത.

നിർമ്മലമായ ശരീരബോധം രൂപപ്പെട്ട രണ്ടുപേരുടെ ഉപമ കസൻദ്‌സാക്കിസ് എഴുതുന്നുണ്ട്. ഫ്രാൻസിസും ക്ലാരയുമായിരുന്നു അത്. ക്ലാരയുടെ ആവൃതിയിലേക്കു പോകാൻ വിമുഖത കാട്ടിയ ഫ്രാൻസിസിനെ സ്‌നേഹപൂർവ്വം ശകാരിക്കുന്ന സിൽവസ്റ്റർ അച്ചൻ. അതിന് ഫ്രാൻസിസ് ഇങ്ങനെ മറുപടി പറഞ്ഞു: പോകാം, എന്റെ കുടിലിനും അവളുടെ ഗൃഹത്തിനും ഇടയിലെ ദീർഘമായ വീഥികളിൽ നിറയെ വെള്ളപ്പൂക്കൾ വിരിയുന്ന കാലത്തിൽ. അതിന്റെ അർത്ഥം ഒരിക്കലും പോകില്ലെന്ന് - സിൽവസ്റ്റർ അച്ചൻ സംഗ്രഹിച്ചു.

ലിയോ പുറത്തേക്കു നടന്നു. നേരം വെളുത്തുവരുന്നു. പുറത്ത് നല്ല മഞ്ഞുണ്ടാവണം. എന്നാൽ, അയാൾക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. വഴിയിലും ഇരുവശത്തുമുള്ള വേലികളിലും കല്ല്, മണ്ണ് എല്ലാത്തിനും മീതെ വെള്ളപ്പൂക്കൾ വിരിഞ്ഞു നിൽക്കുന്നു! നിറയെ വെള്ളപ്പൂക്കൾ വിരിയിട്ട വീഥിയിലൂടെ വേണം നല്ല ചങ്ങാതിമാർ സഞ്ചരിക്കേണ്ടത് എന്ന് ഇപ്പോൾ എനിക്കറിയാം'.

'പരിണയം' എന്ന രണ്ടാം ഖണ്ഡത്തിൽ പതിനൊന്നു രചനകൾ. അപർണാസെന്നിന്റെ 'ജാപ്പനീസ് വൈഫ്' എന്ന സിനിമയിലാണ് തുടക്കം. കാഞ്ചനമാലയിലൂടെ മുന്നേറി അത് ഇവാബ്രൗണിലും ഓഷോയിലും ഫ്രാൻസിസിലും ജിബ്രാനിലും ക്രിസ്തുവിലും മാധവിക്കുട്ടിയിലും താരാശങ്കർ ബാനർജിയിലും വാൾട്ട് വിറ്റ്മാനിലും ഇബ്‌സനിലും ഗാന്ധിയിലും കൂടി സ്ത്രീ-പുരുഷ സംയോഗത്തിന്റെ അർഥാന്തരങ്ങളന്വേഷിക്കുന്നു. ബ്രഹ്മചര്യത്തിന് വിശേഷാൽ ഒരു മഹത്വവും കല്പിച്ചുകൊടുക്കാൻ ബോബി തയ്യാറല്ല. ക്രിസ്തു മുതൽ ഓഷോ വരെയുള്ളവരെ മുൻനിർത്തി ശരീരത്തിലും ആത്മാവിലും ഒരേപോലെ അധിഷ്ഠിതമായ രതിയുടെ ആനന്ദതീർത്ഥങ്ങളെക്കുറിച്ച് ബോബി എഴുതുന്നു:

'ചരിത്രത്തിൽ വിക്ടോറിയൻയുഗമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഒരു കാലമുണ്ട്. നഗ്നമായ കാലുകൾ പ്രദർശിപ്പിക്കപ്പെടുകയെന്നതായിരുന്നു ആ കാലത്തിന്റെ ഏറ്റവും വലിയ പാപം. കാലുകൾ എന്നു പറഞ്ഞാൽ സർവ്വവിധമായ കാലുകളും വസ്ത്രം കൊണ്ട് അക്കാലത്ത് മറയ്ക്കുമായിരുന്നു; മേശക്കാലുകളും കസേരക്കാലുകളുമുൾപ്പെടെ. ആധുനികപഠനങ്ങൾ ഇപ്പോൾ പറയുന്നു, ഏറ്റവും കൂടുതൽ ലൈംഗിക അരാജകത്വം നിലവിലുണ്ടായിരുന്നത് കോൺവെന്റ് സ്‌കൂൾ പോലെ ചിട്ടപ്പെടുത്തിയ ഈ സമൂഹത്തിലായിരുന്നുവെന്ന്.

ഓഷോയെന്ന ഒരു മൗലികചിന്തകൻ, സർവ്വമതങ്ങൾക്കും അനഭിമതനായതിങ്ങനെയാണ്; അയാൾ ഇത്തരം ദുഃശാഠ്യങ്ങളുടെ കാപട്യങ്ങളെ പരിഹാസപൂർവ്വം വെളിപ്പെടുത്തിക്കൊടുത്തതിന്റെ ശിക്ഷയായി. പ്രണയത്തിനും രതിക്കും ഓഷോ വിശുദ്ധമായ കുറേ മാനങ്ങൾ നൽകി. പ്രണയത്തിന്റെ അഗാധമായ സമലയനങ്ങളെ ധ്യാനമായിട്ടുതന്നെ കരുതി; ശരീരത്തെ കണ്ടു കണ്ണുനിറഞ്ഞത്. അതു സ്വാഭാവികമായൊരു പൂവിടൽ തന്നെയായതുകൊണ്ട് വ്യതിയാനങ്ങൾക്കിടമില്ലാതായി. ലൈംഗികതയുടെ അന്ധമായ നിരാസത്തിലൂടെ അതിനോടുതന്നെ കൂടുതൽ കൂടുതൽ അടിമപ്പെട്ടു കഴിയുന്നതിലുള്ള ദുരവസ്ഥയെക്കുറിച്ച് ഓർമ്മിപ്പിക്കുന്ന പ്രബോധനങ്ങളായിരുന്നു ഓഷോയുടേത്.

രതിയിൽ എന്താണിത്ര അവിശുദ്ധമായിട്ടുള്ളത്? മതവീക്ഷണങ്ങൾ കുറേക്കൂടി സന്തുലിതമാകേണ്ടിയിരിക്കുന്നു. രതിയുടെ വിശുദ്ധിയേക്കുറിച്ചുള്ള ഉൾക്കാഴ്ചകളാവും വർദ്ധിച്ചുവരുന്ന രതിവ്യതിയാനങ്ങൾക്കുള്ള ഔഷധം. സോളമന്റെ 'പാട്ടുകളുടെ പാട്ടിൽ' വരച്ചിടുന്നതുപോലെ, താനെ സംഭവിക്കേണ്ട ഒരു സ്‌നേഹപ്രവാഹമായി രതിയെ മനസ്സിലാക്കുവാൻ കഴിയുമ്പോൾ കവർന്നെടുക്കലുകൾക്കും തല്ലിക്കൊല്ലിച്ചകൾക്കും മനസ്സിൽ ഇടമില്ലാതെയാവുന്നു.

ശുദ്ധതയും ബ്രഹ്മചര്യവുമൊക്കെ സ്‌നേഹത്തിന്റെ മിഴികളിലൂടെയാവണം വെളിപ്പെട്ടുകിട്ടേണ്ടത്; സപ്രഷനായിട്ടല്ല. ഉപവാസവും വിരുന്നും ഒരുപോലെ മനോഹരമാണെന്ന് 'ക്രിസ്ത്വാനുകരണ'ത്തിൽ വായിച്ചുകേൾക്കുന്നതുപോലെ, രതിയും ബ്രഹ്മചര്യവും ഒരുപോലെ സുന്ദരമാണെന്നും വിശുദ്ധമാണെന്നുമുള്ള പാഠങ്ങളാണാവശ്യം. ലൈംഗികതയെ ഉടലിന്റെ തരംഗവ്യതിയാനങ്ങളായി മനസ്സിലാക്കിയതാണ് തെറ്റ്.

ശരീരത്തിന്റെ അർച്ചനകൾ ആത്മാവിന്റെ അർച്ചനകളാവണം. പരസ്പരം അകറ്റുന്ന ഉടലെന്ന മാധ്യമത്തെ അതിജീവിക്കാനുള്ള പ്രാർത്ഥനയായി സ്‌നേഹാദരവുകളോടെ രതിയെ കാണുവാൻ കഴിഞ്ഞിരുന്നെങ്കിൽ... അധരങ്ങളെ ചുംബിക്കുമ്പോൾ ആത്മാവിന്റെ വ്യഥകൾ കൂടിയറിയാൻ കഴിഞ്ഞെങ്കിൽ.... 'ശരീരം ദൈവത്തിന്റെ പുത്രിയാണ്. ആത്മാവിന്റെ സൗന്ദര്യമുള്ള സഹോദരി' '.

ശരീരത്തെയും ലോകത്തെയും പിശാചിന്റെ ഇരിപ്പിടമായി കാണുന്ന വ്യാജപുരോഹിതരുടെ അതിഭയങ്ങളിൽ നിന്നുയിർകൊണ്ട സദാചാരപ്പൊലീസിംഗിന്റെ അയുക്തികൾക്കെതിരെയാണ് ബോബിയുടെ മനുഷ്യവിചാരങ്ങൾ.

'നൽകൽ' എന്ന മൂന്നാം ഖണ്ഡം മനുഷ്യബന്ധങ്ങൾക്കിടയിലെ അന്യോന്യമുള്ള തിരിച്ചറിവിന്റെയും അംഗീകാരത്തിന്റെയും കഥകളാണു പറയുന്നത്. സമ്മാനമാകാം, ശ്രദ്ധയാകാം, പരിഗണനയാകാം, കണ്ണും കാതും കരവുമാകാം, സ്പർശമാകാം, കരുണയാകാം, സമയമോ സ്ഥലമോ ആകാം.... മറ്റുള്ളവർക്കു മനസ്സറിഞ്ഞു നൽകുക എന്നതിനപ്പുറത്ത് സ്‌നേഹത്തിനു വലിയ ഉദാഹരണങ്ങളൊന്നുമില്ല. ശരീരത്തിൽ അതിസമ്പന്നനായ ഒരാൾ എങ്ങനെ ആത്മാവിൽ അതീവ ദരിദ്രനാകും എന്നതിന്റെ അസാധാരണമായ ഗുണപാഠകഥകളാകുന്നു, ഈ ഖണ്ഡം നിറയെ. ബഷീറിന്റെ വിഖ്യാതമായ പൂവിന്റെ (അതെന്റെ ഹൃദയമായിരുന്നു....) കഥയിൽ തുടങ്ങി, സാമ്രാജ്യങ്ങളും രാജ്യങ്ങളും വംശങ്ങളും മതങ്ങളും കടന്നുപോന്ന മനുഷ്യാനുഭവങ്ങളുടെ ഏറ്റവും സ്‌നേഹസമ്പന്നമായ പങ്കുവയ്ക്കലുകളിലൂടെയും സ്‌നേഹരഹിതമായ ഒറ്റപ്പെടലുകളിലൂടെയും ഈ കുറിപ്പുകൾ മുന്നേറുന്നു.

സ്പർശത്തിന്റെയും കേൾവിയുടെയും കരുണയുടെയും കാഴ്ചയുടെയും കരുത്തുകൊണ്ട് മലകളെ മാറ്റുന്ന മാന്ത്രികാനുഭവങ്ങളെക്കുറിച്ചാണ് ഓരോന്നും. ദസ്തയവ്‌സ്‌കിയും കീറ്റ്‌സും യതിയും വൈലോപ്പിള്ളിയും പറഞ്ഞ കഥകൾകൊണ്ട് ബോബി പങ്കുവയ്ക്കലിന്റെയും പകർന്നുനൽകലിന്റെയും മർത്യാനുഭവങ്ങൾക്കു വിലയിടുന്നു. ഇന്ദ്രിയങ്ങളെ സാമൂഹ്യനിഷ്ഠമായവതരിപ്പിക്കാൻ പോലും ബോബി ഇവിടെ തയ്യാറാകുന്നുണ്ട്.

'ചങ്ങാത്ത'ത്തെക്കുറിച്ചുള്ള നാലാം ഖണ്ഡം പതിനഞ്ചു ലേഖനങ്ങളുൾക്കൊള്ളുന്നു. പ്രണയവും പരിണയവും പോലെയല്ല സൗഹൃദം. ഒരുപക്ഷെ മനുഷ്യർ കണ്ടെത്തിയ വികാരാനുഭൂതികളിൽ ഏറ്റവും ജനാധിപത്യപരമായത് സൗഹൃദമായിരിക്കും. Feo hokensâ വാക്കുകൾ ബോബി ഉദ്ധരിക്കുന്നു: 'Friendship marks a life ev-en more deeply than lov-e. Lov-e risks degenerating into obsession, friendship is nev-er anything but sharing'.

ബൊളീവിയൻ കാടുകളിൽ കൊല്ലപ്പെട്ട ഏണസ്റ്റോ ചെഗുവേര സൂക്ഷിച്ച സൗഹൃദത്തിന്റെ ഇതിഹാസചരിത്രം മുതൽ വെർണർ ഹെർസോഗിന്റെ ആത്മകഥയിൽനിന്നുള്ള ഏടുവരെ ഉദാഹരിച്ച് ബോബി സൗഹൃദത്തിന്റെ കടംകഥകൾ പരാവർത്തനം ചെയ്യുന്നു.

'ഒരു സൗഹൃദത്തിന്റെ ഭൂപടത്തിലൂടെ ഒരു മോട്ടോർസൈക്കിൾ ഇരമ്പിമറിയുന്നു. എങ്ങനെയാണ് ആ ചങ്ങാതികളെ മറക്കുക? അവരുടെ യാത്രകളുടെ ദിനസരി, 'ദ് മോട്ടോർസൈക്കിൾ ഡയറീസി'നെക്കുറിച്ചാണ് പറഞ്ഞുവരുന്നത്.

ക്യൂബൻവിപ്ലവങ്ങളിൽ പങ്കാളിയായി, ബൊളീവിയൻ കാടുകളിൽ വച്ച് കൊല്ലപ്പെട്ട, അപ്പോഴും കണ്ണുകൾ തുറന്നുപിടിച്ച, ഏർനെസ്റ്റോ ചെ ഗവാരയുടെയും സുഹൃത്തായ ആൽബെർത്തോ ഗ്രനാദോ എന്ന ഡോക്ടറുടെയും കൗമാരയൗവനകാലങ്ങളാണ് ചിത്രത്തിന്റെ പശ്ചാത്തലം. നിശ്ശബ്ദതയോടു പോരുവിളിച്ച് മോട്ടോർസൈക്കിളിൽ തെക്കേ അമേരിക്ക മുഴുവൻ യാത്രചെയ്യുവാൻ ചെ ഗവാരയ്ക്ക് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഗ്രനാദോയായിരുന്നു. ചെറുമുറക്കാരായ രണ്ട് അപ്പോത്തിക്കിരികൾ ഊരു ചുറ്റുമ്പോൾ അവരുടെ ഉള്ളിൽ പതിഞ്ഞത് മനുഷ്യൻ എന്ന പദവും അവൻ നടന്നുപോന്ന യാതനകളുമായിരുന്നു. യാത്ര അവർക്ക് വേദനയുടെ ജ്ഞാനസ്‌നാനമായി.

1952-ൽ ആ യാത്ര അവസാനിക്കുമ്പോൾ രണ്ടു ലക്ഷ്യങ്ങളിലേക്ക് അവർ പറന്നുപോയി. മനുഷ്യസേവനത്തിനു വേണ്ടിയുള്ള മാർഗങ്ങളിൽ സൗഹൃദത്തിന്റെ അദൃശ്യരാഖി കൈത്തണ്ടയിൽ കെട്ടി മരണത്തോളം അവർ പരസ്പരം ചേർന്നുനിന്നു. ആ യാത്രയ്ക്കു ശേഷം പിന്നീടൊരിക്കലും അവർ കാണുന്നേയില്ല. അല്ലെങ്കിൽത്തന്നെ, ചങ്ങാതിമാർ എന്തിനാണു കാണുന്നത്! വെറുതേ കണ്ണു പൊത്തിയിരുന്നാൽ മതി. അകത്തുള്ളയാൾ മിണ്ടിത്തുടങ്ങുന്നു. ചെറുപ്പത്തിലേ ചെ കടന്നുപോയി. വയോധികനായ ഗ്രനാദോയുടെ ഓർമ്മകളിൽ ഒരു ചെറുബിന്ദുവായി ആകാശത്തിലേക്ക് മാഞ്ഞുപോകുന്ന ഒരു വിമാനം മാത്രം!

വെർണർ ഹെർസോഗ് എന്ന ചലച്ചിത്രകലയിലെ അസാധാരണനായ പ്രതിഭാശാലി ലോട്ടെ ഐസ്‌നർ എന്ന സ്‌നേഹിതയ്ക്കു വേണ്ടി ഒരു യാത്ര നടത്തിയത് ഓർമ്മ വരുന്നു. മരണത്തിന്റെ വിളുമ്പിലാണവൾ. അവരെ കാണാനായി ഫ്‌ളൈറ്റ് ബുക്ക് ചെയ്യാൻ ഫോൺ ഡയൽ ചെയ്തുതുടങ്ങിയതാണ് അയാൾ. പിന്നെ ഓർത്തു; വേണ്ട, ഞാനവരെ നടന്നുതന്നെ പോയി കാണും.

തൊള്ളായിരത്തോളം കിലോമീറ്റർ മഞ്ഞുറഞ്ഞുകിടക്കുന്ന വഴികളിലൂടെ മ്യൂണിക്കിൽ നിന്ന് പാരിസിലേക്ക്! അവിടെയെത്തുമ്പോൾ സ്‌നേഹിത ആരോഗ്യവതിയായി ഇരിപ്പുണ്ട്. സ്‌നേഹത്തിന്റെ ചുവടുകളിൽ കാതങ്ങൾ താണ്ടിയ ഹെർസോഗിന്റെ കാൽനടയാത്രയെക്കുറിച്ചുള്ള കേട്ടറിവ് ലോട്ടെ ഐസ്‌നറെ വീണ്ടും ജീവിതത്തിലേക്ക് എഴുന്നേൽപ്പിച്ചിരുത്തി. അയാളുടെ യാത്ര തിരികെ പിടിച്ച ജീവിതമായിട്ടാണ് ശിഷ്ടജീവിതത്തെ ആ സ്ത്രീ ഗണിച്ചിരുന്നത്'.

മറ്റു മൂന്നു ഖണ്ഡങ്ങളിലുമെന്നപോലെ ഇവിടെയും ക്രിസ്തുവിന്റെ ജീവിതമാണ് ബോബിക്ക് സ്‌നേഹത്തിന്റെ പരമമായ മാതൃകയും പാഠവും. ഒപ്പം, ചാർലിചാപ്ലിനും ആന്തണി ഡിമെല്ലോയും കമീലാ തൊറസും ഖലീൽ ജിബ്രാനും ബീറ്റിൽസ്ഗായകരും ശ്രീനിവാസൻ രാമാനുജനും ഷെർലക്‌ഹോംസും എറിക്‌ഫ്രോമും വേർഡ്‌സ്‌വർത്തും അനുഭവിച്ച കൂട്ടിന്റെയും ഏകാന്തതയുടെയും അപാരതീരങ്ങളെക്കുറിച്ചുള്ള ആഖ്യാനങ്ങളും.

അസാമാന്യമായ ഉൾക്കാഴ്ചയോടെ മനുഷ്യജീവിതത്തിലെ വികാരസന്ദർഭങ്ങളെയും വിചാരമണ്ഡലങ്ങളെയും കൂട്ടിയിണക്കി ബോബി ജോസ് അവതരിപ്പിക്കുന്ന കൂട്ടിന്റെ രസതന്ത്രങ്ങൾ ഇതൊക്കെയാണ്. ഖലീൽ ജിബ്രാൻ, ആൽബർ കാമു, ഓർസൺ വെല്ലസ്, മാർസൽ പ്രൂസ്റ്റ്, എമേഴ്‌സൺ, ടാഗോർ, മരിലിന്മൺറോ, ടെന്നിസൺ, വെർജിനിയ വുൾഫ്, മുറകാമി, ടോണിമോറിസൺ, ഹോമർ, അരിസ്റ്റോട്ടിൽ, ഓഷോ, ഷേക്‌സ്പിയർ, തോമസ് അക്വിനാസ്, വാൾട്ട് വിറ്റ്മാൻ, നീഷെ, ഫോർഡ്, മുഹമ്മദാലി, ഗാന്ധി, ഷ്വെറ്റ്‌സർ, എഡിസൺ, റിൽക്കെ, ബുദ്ധൻ, ഡാർവിൻ, ബോബ്മാർലി, മാക്കിയവെല്ലി, ലിങ്കൺ, ദലൈലാമ.... എന്നിവരുടെയൊക്കെ സ്‌നേഹവാക്യങ്ങൾ ബോബി തന്റെ പുസ്തകത്തിൽ സമാഹരിക്കുന്നു, സയുക്തികം സ്ഥാപിക്കുന്നു.

പുറപ്പാടും കാത്തിരിപ്പും ഒറ്റപ്പെടലും ഏകാന്തതയും വിരഹവും പശ്ചാത്താപവും കുറ്റബോധവും ഹിംസയും നിറഞ്ഞ മനുഷ്യരുടെ ആത്മസംഘർഷങ്ങൾക്കുമേൽ എഴുതപ്പെട്ട സഞ്ചാരകഥകളാണ് 'കൂട്ട്'. തുമ്പോളിയിലെ കടപ്പുറത്ത് തന്റെ സഹചരരായ മുക്കുവരനുഭവിക്കുന്ന ജീവിതം മുതൽ ലോകമെങ്ങും അസ്വസ്ഥരായലയുന്ന മനുഷ്യരനുഭവിക്കുന്ന ആത്മാവിന്റെ യാതനകൾ വരെയുള്ളവ പൊള്ളുന്ന കാലടികളുമായുള്ള ബോബിയുടെ സഞ്ചാരങ്ങൾക്ക് മുൾപ്പാതയൊരുക്കുന്നു. മലയാളം ബൈബിളിന്റെ ഭാഷാപരവും ഭാഷണപരവുമായ സ്വാധീനം 'കൂട്ടി'ന്റെ ആഖ്യാനകലയെ പൂരിപ്പിക്കുകയും ചെയ്യുന്നു, കാഥികൻ എന്ന നിലയിൽ ബോബി ബൈബിളിലെ മഹാഗുരുക്കന്മാരുടെ ആഖ്യാനപാരമ്പര്യം പിന്തുടരുകയും തന്റെ കാലത്തിന്റെ സാമാന്യവൽക്കരിക്കപ്പെട്ട മൂല്യബോധങ്ങൾക്ക് മുറിവേല്പിക്കുകയും ചെയ്യുന്നു.

നിറസൗഹൃദങ്ങൾക്കും പ്രണയസാക്ഷാത്കാരങ്ങൾക്കും വേണ്ടി എഴുതപ്പെട്ട ഉത്തമഗീതങ്ങളെന്നനിലയിൽ സ്‌നേഹത്തിന്റെ നാനാർഥങ്ങൾ സ്വാംശീകരിച്ചവതരിപ്പിക്കപ്പെടുന്ന ശ്രദ്ധേയമായൊരു പുസ്തകമാണ് 'കൂട്ട്'.

പുസ്തകത്തിൽനിന്ന്

'നിനയ്ക്കാതെ പെയ്ത മഴയിൽ ഒരു മാത്ര കേറി നില്ക്കാനുള്ള ശീലക്കുടയല്ല ചങ്ങാതി. ഋതുഭേദങ്ങളുടെ നൈരന്തര്യങ്ങളിൽ വിണ്ടുകീറിയ പാദങ്ങളും വിഴുപ്പ് വസ്ത്രങ്ങളുമായി നിങ്ങളെ അനുഗമിക്കുന്ന പൊടിപുരണ്ട ഒരാത്മാവ്. യാത്രയുടെ ഒടുവിൽ നിങ്ങളെക്കാൾ പരിക്ഷീണിതനായി.... അയാളോളം ആരും നിന്ദിക്കപ്പെട്ടിട്ടില്ല.

ആത്മനിന്ദയുടെ ചില കാണാക്കയങ്ങളിൽപ്പെട്ടു പോകുമ്പോൾ സങ്കടത്തെ നിർമമതയുടെ ദുപ്പട്ടകൊണ്ട് മറച്ച് വേണമെങ്കിൽ യേശുവിനെക്കണക്ക് നിങ്ങൾക്കും അത് ചോദിക്കാം: നിനക്കും എന്നെ വിട്ടുപോകണമോ? അപ്പോൾ അയാൾ ആ വലിയ മുക്കുവനെപ്പോലെ വിവേകിയാവുന്നു. നിന്നെ വിട്ട് ഞാൻ എങ്ങോട്ടു പോകാൻ?

ജീവിതം ഒരുവനായി കരുതിവയ്ക്കുന്ന അനന്യമായ കരുണയുടെ പേരാണ് കൂട്ട്. അതിന്റെ അഭാവത്തിൽ നിങ്ങൾ ഈ ഭൂമിക്കു മീതെയുള്ള ആരെക്കാളും ഓട്ടക്കയ്യനാകുന്നു. 'ഷട്ടർ' എന്ന ചിത്രം നന്നായിട്ടു തോന്നി. ഒരു രാത്രിയുടെ ഭ്രമങ്ങളിലേക്ക് ഒറ്റാലിലെന്നോണം കയറിപ്പോയൊരാൾ. ആ പ്രതിസന്ധിയെ പരിഹരിക്കേണ്ട ബാദ്ധ്യതയുളല ആ ചെറുപ്പക്കാരനോട് ഒരു കഥാപാത്രം 'വിളിക്ക് നിന്റെ ചങ്ങാതിമാരെ ആരെയെങ്കിലു'മെന്ന് പറയുമ്പോൾ ഹൃദയഭാരത്തോടെ അയാൾ 'എനിക്ക് അങ്ങനെയൊരു ചങ്ങാതിയില്ല' എന്നു നെടുവീർപ്പിടുന്നുണ്ട്.

ധ്യാനാത്മകമെന്നോ ലാവണ്യമുള്ളതെന്നോ ഒക്കെ പറഞ്ഞാലും മരണത്തെക്കാൾ തണുത്ത അനുഭവമാണ് ഏകാന്തതയെന്ന് ആർക്കാണ് അറിയാത്തത്. മഹാഭാരതത്തിലെ ഉപകഥയായ നളോപാഖ്യാനത്തിൽ സാദ്ധ്യതകൾ പാർത്തുകിടക്കുന്ന കഥാപാത്രങ്ങളെല്ലാം വികസിക്കുന്നത് ഉണ്ണായിവാര്യരുടെ നളചരിതം ആട്ടക്കഥയിലാണ്. നളദമയന്തിമാരുടെ പ്രണയത്തിന്റെ അധീരതകളെയും ആകുലതകളെയും കണ്ടറിയുന്ന ഹംസം എന്ന അമാനുഷികദൂതിയിൽ തെളിയുന്നത് കന്മഷമില്ലാത്ത സൗഹൃദമാണ്. ഒരാളുടെ മനസ്സിന്റെ ഇടനാഴിയിലൂടെ യാത്ര ചെയ്യാൻ സാധിക്കുക, തന്റെ തന്നെ കണ്ണാടിക്കാഴ്ചയാണ് അയാൾ എന്നും തിരിച്ചറിയുക ഇതൊക്കെയാണ് ഹംസം ചെയ്തത്. നളചരിതം രണ്ടാം ദിവസം നളദമയന്തിമാരുടെ മധുവിധുകാലത്ത് നളൻ കൃതജ്ഞതയോടെ ഓർമിച്ചെടുക്കുന്നത് ഹംസം എന്ന ചങ്ങാതിയെയാണ് - സൗവർണഹംസം ചെയ്തത് 'സൗഹൃദമായൊരു സൗഹൃദമേ' എന്ന് ധ്വന്യാത്മകമായി സൗഹൃദത്തെ ആവർത്തിക്കുന്നുണ്ട്.

ഏകാന്തത എന്ന കൊടിയ ശിക്ഷയെ കുറുകെ കടക്കാനാണ് സൗഹൃദമെന്ന പാലം ഒരാൾ പണിയുന്നത്. ഒരു ഡയറിക്കുറിപ്പിൽ പോലും അദൃശ്യനായ ഒരു ചങ്ങാതിയെത്തേടിയുള്ള തിരച്ചിലുണ്ട്. ആൻ ഫ്രാങ്ക് ആരെയാണ് അഭിസംബോധന ചെയ്യുന്നത്? പങ്കുവയ്ക്കലുകളും സംവാദങ്ങളുമില്ലാത്ത, തനിച്ചാകുന്ന കാലത്താണ് മനുഷ്യർ ഡയറിയെഴുതി തുടങ്ങുന്നത്. നന്ദിതയുടെ ഡയറിക്കുറിപ്പുകൾ ആത്മഹത്യയ്ക്കു ശേഷം കണ്ടെടുക്കുമ്പോൾ അതിന്റെ മുഖമൊഴിയായി കൊടുത്തിരുന്നത് കൂട്ടില്ലാത്തതിന്റെ വ്യഥകളായിരുന്നു.

ഒരിക്കലും വരാത്ത ഒരു കൂട്ട് - അതോടെ ഒരാളുടെ ജീവിതത്തിന്റെ വിനാഴികകൾ അവസാനിച്ചുപോകുകയാണ്. 'മതിലുകളി'ൽ ബഷീർ പറയുന്നു, ആർക്കുവേണം സ്വാതന്ത്ര്യം? കൂട്ട് നഷ്ടപ്പെടുത്തിക്കൊണ്ട് ജയിൽ മോചിതനാകുവാൻ അയാൾ ആഗ്രഹിക്കുന്നില്ല. ആത്മാവിന്റെ തടവറയിൽ, കൂട്ടിന്റെ കുടുസ്സുമുറിയിൽ നിത്യകാലം കഴിയുവാൻ അയാൾ ആഗ്രഹിക്കുന്നു. ആവശ്യത്തിലേറെ അപഹസിക്കപ്പെട്ടവനായി അലയുമ്പോൾ പി. കുഞ്ഞിരാമൻ നായരെന്ന 'സമസ്തകേരളം' കവി തേടിയത് സങ്കല്പത്തിലെ കൂട്ടായിരുന്നു. 'നിത്യകന്യക' ഒരിക്കലും അയാളുടെ ചാരത്തു വരാതിരുന്ന നിർമലസൗഹൃദം തന്നെയായിരുന്നു.

നിരന്തരമായ അലച്ചിലുകൾ തനിച്ചാകാൻ ആഗ്രഹിക്കുകയും ശൂന്യത സഹിക്കാനാവാതെ ഒരു ചങ്ങാതിയുടെ സാന്നിദ്ധ്യത്തിനും സ്‌നേഹത്തിനും വേണ്ടി കൊതിക്കുകയും ചെയ്ത ഫ്രാൻസ് കാഫ്കയുടെ ഡയറിക്കുറിപ്പുകളിൽ ഇങ്ങനെയെഴുതി കാണുന്നു. ഏകാന്തതയ്ക്കും സൗഹൃദത്തിനുമിടയിലുള്ള അതിർത്തി മുറിച്ചു കടക്കുവാൻ എനിക്ക് ഒരിക്കലുമായിട്ടില്ല. പ്രണയം പോലെ സൗഹൃദവും ഇന്റൻസ് പാഷൻ ഉള്ള അനുഭവമാണ്. ശാരീരികമായ പങ്കുവയ്ക്കലൊഴിച്ചു നിർത്തിയാൽ രണ്ടും ഒന്നുതന്നെയാണ്. ജീവിതത്തോടുള്ള മമതപൂർണമായ അഭിരതിയാണ് പ്രണയമെങ്കിൽ ജീവിതത്തെ നിലനിർത്തുന്ന സൗഹൃദത്തിന്റെ വഴികളിൽ തിളച്ചുമറിയുന്ന പ്രണയമുണ്ട്.

ഓർമ-സൗഹൃദം-പ്രണയം ഇവ പരസ്പരപൂരകങ്ങളാണ്. മിലൻ കുന്ദേരയുടെ 'ഇമ്മോർട്ടാലിറ്റി'യിലെ കഥാപാത്രങ്ങളായ ആഗ്നസ്, ലോറ എന്നിവരേക്കുറിച്ചുള്ള വിവരണങ്ങളിൽ കാണുന്നത്. ഇങ്ങനെയാണ്: നിങ്ങളുടെ മനസ്സിൽ ഞാൻ ഇല്ലെങ്കിൽ പിന്നെയെന്തിനാണ് ജീവിതം? മറ്റൊരാളുടെ ഹൃദയത്തില് വസിക്കാനുള്ള അവകാശത്തിനു വേണ്ടിയാണ് ഞാൻ ജീവിക്കുന്നത്. കേവലമായ ഹോർമോൺ പ്രശ്‌നങ്ങൾ മാത്രമല്ല സ്വവർഗാനുരാഗത്തിൽ പ്രണയത്തിലോ ദാമ്പത്യത്തിലോ ഒരാൾ അനുഭവിക്കാതെ പോകുന്ന സൗഹൃദമായിരിക്കുമോ അതിന്റെ പ്രേരണകളിലൊന്ന്?

ഇതിഹാസങ്ങളിലും മിത്തുകളിലും ദൈവങ്ങൾക്കുപോലും തോഴരെ ആവശ്യമുണ്ടെന്ന് ആർക്കാണ് അറിയാത്തത്. ഒരു പിടി അവിലുമായി തന്നെത്തേടിയെത്തിയ കുചേലനേക്കാൾ അഗാധമായ സൗഹൃദങ്ങൾ ഉണ്ടായിരുന്നു കൃഷ്ണഭഗവാന്. ഉദ്ധവൻ അതിലൊരാളാണ്. യാദവകുലത്തിന്റെ അന്ത്യമടുക്കാറായി. ദ്വാരക കടലിൽ മുങ്ങുമെന്ന മുന്നറിയിപ്പ് കൃഷ്ണൻ യാദവർക്ക് നല്കുന്നു. എല്ലാവരോടും രക്ഷപെടാൻ പറയുന്നു. എന്നാൽ, അയാൾ എങ്ങോട്ടും പോകുന്നില്ല. 'അങ്ങില്ലാതെ ഞാൻ എവിടേക്കാണ് പോകുന്നത്. ഇരിക്കുമ്പോഴും നടക്കുമ്പോഴും കുളിക്കുമ്പോഴും ഉണ്ണുമ്പോഴും സദാ അവിടുത്തോട് ഒന്നിച്ച കഴിഞ്ഞുകൊണ്ടിരിക്കുന്നു. എനിക്ക് അങ്ങയെക്കൂടാതെ ഒരു ജീവിതത്തെക്കുറിച്ച് സങ്കല്പിക്കാനേ ആകുന്നില്ല... അതിനാൽ അവിടുന്ന് എഴുന്നള്ളുന്ന ലോകത്തിലേക്ക് എന്നെയും കൊണ്ടുപോകാൻ കനിയണമേ'.

കൂട്ടിനെ ഗൗരവമായെടുത്തൊരാൾ നസ്രത്തിലെ ആ തച്ചനായിരുന്നു. ബുദ്ധപാരമ്പര്യങ്ങളിലെ മൈത്രേയൻ എന്ന പദം അയാൾക്കു നന്നായി വഴങ്ങും. ഭൂമിയുടെ അതിരുകളിലേക്ക് തന്റെ സാർത്ഥവാഹകസംഘത്തെ അയയ്ക്കുമ്പോൾ രണ്ടുപേർ വീതം പോകണമെന്ന് നിഷ്‌കർഷിച്ചു. പ്രായോഗികമായി ചിന്തിക്കുമ്പോൾ അതങ്ങനെയല്ല വേണ്ടത്. എഴുപതിടങ്ങളിലേക്കു പോകേണ്ടവർ മുപ്പത്തഞ്ചിടങ്ങളിലേക്ക് ചുരുങ്ങുകയാണ്. നേട്ടം, വിജയം എന്നിവയേക്കാൾ പ്രധാനമാണ് ഒരാൾക്കു കൂട്ടുണ്ടായിരിക്കുകയെന്നത് എന്ന് ആ തച്ചനറിയാം. ജീവിതത്തിന്റെ മുഴുവൻ ശ്രദ്ധ കൂട്ടില്ലാത്തവരോടൊപ്പമായിരുന്നു. അങ്ങനെയാണ് ചുങ്കക്കാരുടെയും ഗണികകളുടെയും കൂട്ടുകാരനെന്ന ചീത്തപ്പേരുണ്ടായത്'.

കൂട്ട്
ബോബി ജോസ് കട്ടികാട്
ഇന്ദുലേഖ.കോം
2016, വില: 195 രൂപ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP