Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലക്ഷങ്ങളുടെ കുടിശ്ശിക തീർക്കാതെ ഓക്‌സിജൻ വിതരണം ചെയ്യില്ലെന്ന് പറഞ്ഞപ്പോൾ റിസ്‌കിൽ ഡോക്ടർ എത്തിച്ചത് പതിനഞ്ച് സിലിണ്ടർ ഓക്സിജൻ; കുഞ്ഞുങ്ങളോട് ജീവൻ പൊലിഞ്ഞപ്പോൾ നെഞ്ചുപിടഞ്ഞ മനുഷ്യസ്‌നേഹി; ഗോരഖ് പൂരിലെ ദുരന്തത്തിനിടയിലും മനസാന്നിധ്യം നഷ്ടപ്പെടാതെ പ്രവർത്തിച്ച ഡോ.കഫീൽ ഖാന്റെ കഥ

ലക്ഷങ്ങളുടെ കുടിശ്ശിക തീർക്കാതെ ഓക്‌സിജൻ വിതരണം ചെയ്യില്ലെന്ന് പറഞ്ഞപ്പോൾ റിസ്‌കിൽ ഡോക്ടർ എത്തിച്ചത് പതിനഞ്ച് സിലിണ്ടർ ഓക്സിജൻ; കുഞ്ഞുങ്ങളോട് ജീവൻ പൊലിഞ്ഞപ്പോൾ നെഞ്ചുപിടഞ്ഞ മനുഷ്യസ്‌നേഹി; ഗോരഖ് പൂരിലെ ദുരന്തത്തിനിടയിലും മനസാന്നിധ്യം നഷ്ടപ്പെടാതെ പ്രവർത്തിച്ച ഡോ.കഫീൽ ഖാന്റെ കഥ

മറുനാടൻ ഡെസ്‌ക്

ലക്‌നൗ: ഉത്തർപ്രദേശിലെ ഗോരാഖ്പൂർ സർക്കാർ ആശുപത്രിയിൽ ഓക്സിജൻ കിട്ടാതെ മരിച്ച കുട്ടികളുടെ എണ്ണം 66 ആയി. ഈ വാർത്ത രാജ്യം കേട്ടത് ഞെട്ടലോടെയാണ്. വാർത്ത പുറത്ത് വന്നത് മുതൽ ഇതിന് പിന്നിലെ രാഷ്ട്രീയമാണ് കൂടുതലായും ചർച്ചയായത്. എന്നാൽ ദുരന്തം കൺമുന്നിൽ നടക്കുമ്പോൾ അതിൽ പതറാതെ തന്റെ മനസാന്നിധ്യം കൊണ്ട് പ്രവർത്തിച്ച ആശുപത്രിയിലെ ഡോക്ടർ കഫീൽ ഖാനാണ് ഉത്തർപ്രദേശിലെ പുതിയ താരം. കുടിശിക മുഴുവൻ നൽകാതെ ഓക്സിജൻ വിതരണം ചെയ്യില്ലെന്ന് ഏജൻസികൾ പറഞ്ഞപ്പോൾ സ്വന്തം റിസ്‌കിൽ സുഹ്യത്തുക്കളായ ഡോക്ടർമാരുടെ ആശുപത്രിയിൽ പോയി ഡോക്ടർ എത്തിച്ചത് പതിനഞ്ചോളം ഓക്സിജൻ സിലിണ്ടറുകളാണ്.

കുട്ടികളും നവജാത ശിശുക്കളുമായ അറുപതോളം മരണമാണ് ഓഗസ്റ്റ് പത്തിന് ഗൊരഖ്പൂർ സർക്കാർ ആശുപത്രിയിൽ സംഭവിച്ചത്. ആശുപത്രിയിലെ ഓക്സിജൻ പൈപ്പിൽ നിന്ന് അപായ മണി മുഴങ്ങാൻ തുടങ്ങി. ഓക്സിജന്റെ അളവ് കുറയുമ്പോഴാണ് ഇത്തരം ബീപ്പ് ശബ്ദമുണ്ടാകുക. കഫീൽ ഖാൻ ഉടൻ തന്നെ കാര്യം അന്വേഷിച്ചു. അപ്പോഴാണ് ഓക്സിജൻ വിതരണം മണിക്കൂറുകൾക്കുള്ളിൽ നിലക്കുമെന്ന ഞെട്ടിക്കുന്ന യാഥാർഥ്യം അദ്ദേഹം അറിയുന്നത്. ആശുപത്രിയിലെ തന്നെ അടിയന്തര സാഹചര്യങ്ങളിൽ ഉപയോഗിക്കാവുന്ന ഓക്സിജൻ സിലിണ്ടറിനാണെങ്കിൽ വിതരണം ചെയ്യാൻ കഴിയുക രണ്ടു മണിക്കൂർ മാത്രമാണെന്നും അദ്ദേഹം അറിഞ്ഞു.

അതു കഴിഞ്ഞാൽ ഗുരുതരാവസ്ഥയിലുള്ള കുഞ്ഞങ്ങൾക്ക് പ്രാണവായു എത്തിച്ചു നൽകാൻ എന്ത് ചെയ്യുമെന്ന കാര്യത്തിൽ ഡോക്ടർമാർക്കും അറിവുണ്ടായിരുന്നില്ല. വരാനിരിക്കുന്നത് വൻ ദുരന്തമാണെന്ന് അപ്പോഴേക്കും കഫീൽ ഖാൻ തിരിച്ചറിഞ്ഞിരുന്നു. പകച്ചുനിൽക്കാൻ അദ്ദേഹത്തിന് മുമ്പിൽ സമയമുണ്ടായിരുന്നില്ല. ഉടൻ തന്നെ അദ്ദേഹം ഓക്സിജൻ വിതരണം ചെയ്യുന്ന ഏജൻസിയെ ഫോണിൽ ബന്ധപ്പെട്ടു. എന്നാൽ കുടിശിക നൽകാതെ വിതരണം പുനഃസ്ഥാക്കില്ലെന്ന പിടിവാശിയിൽ ഏജൻസി ഉറച്ചുനിന്നു. ഇതോടെ മറ്റു ഡോക്ടർമാർ ഭയപ്പാടിലായി. എന്നാൽ പ്രതീക്ഷ കൈവിടാൻ കഫീൽ ഖാൻ ഒരുക്കമായിരുന്നില്ല.

രണ്ടു ജീവനക്കാരെയും ഒപ്പം വിളിച്ച് അദ്ദേഹം കാറുമായി തന്റെ സുഹൃത്തിന്റെ സ്വകാര്യ നഴ്സിങ് ഹോമിലേക്ക് പറന്നു. മൂന്നു ഓക്സിജൻ സിലിണ്ടറുമായാണ് അദ്ദേഹം ബിഡിആർ ആശുപത്രിയിലേക്ക് തിരിച്ചെത്തിയത്. ഓക്സിജൻ കഴിഞ്ഞാൽ ആംബു ബാഗുകൾ പമ്പ് ചെയ്തു കൊണ്ടിരിക്കണമെന്ന് ജൂനിയർ ഡോക്ടർമാർക്ക് നിർദ്ദേശം നൽകിയ ശേഷമായിരുന്ന അദ്ദേഹം ആശുപത്രിയിൽ നിന്ന് പോയത്. കഫീൽ ഖാൻ കടംവാങ്ങിക്കൊണ്ടുവന്ന മൂന്നു സിലിണ്ടറുകൾക്കും അരമണിക്കൂറിലേറെ ഓക്സിജൻ വിതരണം ചെയ്യാൻ ശേഷിയില്ലായിരുന്നു.

അപ്പോഴേക്കും സമയം പുലർച്ച ആറു മണി. ഓക്സിജൻ കുറവായതോടെ ഗുരുതരാവസ്ഥയിലുള്ള കുഞ്ഞുങ്ങൾ അസ്വസ്ഥ പ്രകടിപ്പിച്ചു തുടങ്ങിയിരുന്നു. ഇതോടെ അദ്ദേഹം വീണ്ടും ആശുപത്രിയിൽ നിന്ന് പരിചയമുള്ള മറ്റു നഴ്സിങ് ഹോമിലേക്ക് കാറുമായി പാഞ്ഞു. ഒടുവിൽ തിരിച്ചെത്തിയത് 12 ഓക്സിജൻ സിലിണ്ടറുകളുമായി ആയിരുന്നു. നാലു തവണയായാണ് അദ്ദേഹം തന്റെ സ്വന്തം കാറിലായി ഈ സിലിണ്ടറുകൾ ആശുപത്രിയിൽ എത്തിച്ചത്.

അപ്പോഴേക്കും പ്രാദേശിക വിതരണക്കാരൻ അദ്ദേഹത്തെ ഫോണിൽ ബന്ധപ്പെട്ടു. പണം തന്നാൽ സിലിണ്ടറുകൾ എത്തിക്കാമെന്ന് ഉറപ്പുനൽകി. പിന്നെയൊന്നും കഫീൽ ഖാന് ചിന്തിക്കാനുണ്ടായിരുന്നില്ല. ആശുപത്രി ജീവനക്കാരിൽ ഒരാളെ വിളിച്ച് അദ്ദേഹം തന്റെ എടിഎം കാർഡ് നൽകി. പതിനായിരം രൂപ എടുത്തു വരാനായിരുന്നു നിർദ്ദേശം. ഈ പണം നൽകിയാണ് അദ്ദേഹം കൂടുതൽ ഓക്സിജൻ സിലിണ്ടറുകൾ ആശുപത്രിയിൽ എത്തിച്ചത്. അപ്പോഴേക്കും നില മെച്ചപ്പെട്ടിരുന്നു. മനസാന്നിധ്യം വെടിയാതെ തക്കസമയത്ത് കാരുണ്യത്തിന്റെ പ്രതിരൂപമായി മാറാൻ കഫീൽ ഖാന് കഴിഞ്ഞപ്പോൾ രക്ഷപെട്ടത് നിരവധി ജീവനുകളായിരുന്നു.

ഒരു ഡോക്ടറുടെ ജോലിയായിരുന്നില്ല കഫീൽ ഖാൻ ചെയ്തത്. ഏതൊരു മനുഷ്യസ്നേഹിയും ചെയ്യുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രയത്നം. തിരഞ്ഞെടുപ്പ് വാഗ്ദാനം നൽകി കബളിപ്പിക്കുന്ന ഭരണവർഗം, കഫീൽ ഖാൻ കാണിച്ച ജാഗ്രതയുടെ പകുതി പ്രകടിപ്പിച്ചിരുന്നെങ്കിൽ ആ കുരുന്നുകളുടെ ജീവൻ രക്ഷിക്കാമായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP