Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കടപ്പുറത്ത് ജനിച്ച് വളർന്ന് യാദൃശ്ചികമായി രാഷ്ട്രീയത്തിൽ എത്തി കോൺഗ്രസിന്റെ സിറ്റിങ് സീറ്റിൽ കാവിക്കൊടി പാറിച്ചു; നിയമസഭയിലേക്ക് അങ്കം കുറിച്ചിട്ടും കുടുംബം രക്ഷിക്കാൻ ഷാർജയ്ക്ക് പോയി; ഇന്നലെ യുഎഇയിൽ അപകടത്തിൽപ്പെട്ട് മരിച്ച ബിജെപി വനിതാ നേതാവ് പരിചയപ്പെട്ടവർക്കെല്ലാം മറക്കാനാവാത്ത വ്യക്തിത്വം

കടപ്പുറത്ത് ജനിച്ച് വളർന്ന് യാദൃശ്ചികമായി രാഷ്ട്രീയത്തിൽ എത്തി കോൺഗ്രസിന്റെ സിറ്റിങ് സീറ്റിൽ കാവിക്കൊടി പാറിച്ചു; നിയമസഭയിലേക്ക് അങ്കം കുറിച്ചിട്ടും കുടുംബം രക്ഷിക്കാൻ ഷാർജയ്ക്ക് പോയി; ഇന്നലെ യുഎഇയിൽ അപകടത്തിൽപ്പെട്ട് മരിച്ച ബിജെപി വനിതാ നേതാവ് പരിചയപ്പെട്ടവർക്കെല്ലാം മറക്കാനാവാത്ത വ്യക്തിത്വം

രഞ്ജിത് ബാബു

കാസർഗോഡ്: മത്സ്യത്തൊഴിലാളി കുടുംബത്തിൽ നിന്നും ഉയർന്നു വന്ന രാഷ്ട്രീയ പ്രവർത്തക. പെരുമാറ്റത്തിലും പ്രവർത്തനത്തിലും മികവ് പ്രകടിപ്പിച്ചതോടെ അടുക്കത്ത് വയൽ കടലോരത്തെ ബിജെപി.യുടെ മഹിളാ നേതാവായി ഉയർന്നു.

കോൺഗ്രസ്സിന്റെ സിറ്റിങ് സീറ്റായ 37 ാം വാർഡിൽ നിന്നും മത്സരിച്ച് ജയിച്ചതോടെ വിജയശ്രീയാവുകയും ചെയ്തു. 2005 വരെ അഞ്ച് വർഷക്കാലം നഗരസഭയിലെ താരവുമായി. ഇന്നലെ ഷാർജയിലുണ്ടായ വാഹനാപകടത്തിൽ മരിച്ച നെല്ലിക്കുന്ന് കൂറുമ്പ ഭഗവതി ക്ഷേത്രത്തിനടുത്ത മണ്ണിക്കാമ ഹൗസിലെ പ്രശാന്തിന്റെ ഭാര്യ സുനിത പൊതു രംഗത്ത് തിളങ്ങിയ വ്യക്തിത്വത്തിനുടമയായിരുന്നു. കടപ്പുറത്തെ ഇടത്തരം മത്സ്യത്തൊഴിലാളി കുടുംബമായ ബാലന്റേയും ലക്ഷ്മിയുടേയും മകളാണ് അപകടത്തിൽ മരിച്ച സുനിത.

കടപ്പുറത്തെ കോൺഗ്രസ്സിന്റെ കുത്തക സീറ്റിൽ വിജയം നേടിയതോടെ സുനിത രാഷ്ട്രീയത്തിൽ കൂടുതൽ സജീവമായി. മത്സ്യത്തൊഴിലാളി മേഖലയിൽ നടപ്പാക്കേണ്ടുന്ന വികസന പ്രവർത്തനങ്ങൾക്ക് നഗരസഭാ യോഗങ്ങളിൽ ഘോരഘോരം ശബ്ദമുയർത്തി അതു നേടിയെടുക്കാൻ സുനിതക്ക് കഴിഞ്ഞിരുന്നു. അതുകൊണ്ട് തന്നെ ജനപ്രീതിയുടെ കാര്യത്തിൽ അവർക്ക് എ.പ്ലസ് ആയിരുന്നു.

അതിനിടെ തന്നെ ബ്യൂട്ടീഷ്യൻ കോഴ്‌സ് വിജയകരമായി പൂർത്തിയാക്കിയതിനാൽ അതിലേക്ക് തിരിച്ച് വരാൻ അവർ ഒരുങ്ങിയിരുന്നു. എന്നാൽ 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഉദുമ നിയമസഭാ മണ്ഡലത്തിൽ സ്ഥാനാർത്ഥിയായി ബിജെപി. തീരുമാനിച്ചത് സുനിതയെ ആയിരുന്നു. അങ്ങിനെ ആ നിയമസഭാ തിരഞ്ഞെടുപ്പിൽ വമ്പന്മാർക്കൊപ്പം മത്സരിച്ചത് സുനിതയായിരുന്നു.

അതിനു ശേഷം വിദേശത്ത് ജോലി ചെയ്യുന്ന ബന്ധുക്കൾ സുനിതയിലെ മികവുള്ള ബ്യൂട്ടീഷ്യനെ അവിടെ എത്തിക്കാൻ ശ്രമിച്ചു. അങ്ങിനെയാണ് ബ്യൂട്ടീഷൻ ജോലിക്കായി അവർ ഷാർജയിലെത്തിയത്. അവിടേയും സുനിതയുടെ പ്രകടനം വിജയകരമായി. ഒടുവിൽ മാസങ്ങൾക്കു മുമ്പ് ഭർത്താവ് പ്രശാന്തിനേയും അവർ ഷാർജയിലേക്ക് ക്ഷണിച്ചു. അതു പ്രകാരം അയാളും അവിടെ കഴിയുകയായിരുന്നു. കാസർഗോട്ടെ ഒരു മെഡിക്കൽ ഷാപ്പിൽ ജോലി ചെയ്യുകയായിരുന്നു പ്രശാന്ത്. സുനിതയുടെ സഹോദരനും അമ്മാവനുമെല്ലാം ഇപ്പോൾ ഗൾഫിലുണ്ട്.

ചൊവ്വാഴ്ച രാത്രി 11 മണിയോടെയായിരുന്നു അപകടം. താമസിക്കുന്ന ഫ്‌ളാറ്റിൽ കീടനാശിനി തളിച്ചതിനാൽ രാത്രി സ്ഥാപനമടച്ച് മറ്റൊരിടത്തേക്ക് താമസിക്കാൻ സ്ഥാപന ഉടമ സൂസനും മറ്റൊരു ജീവനക്കാരിക്കുമൊപ്പം കാറിൽ യാത്ര ചെയ്യുകയായിരുന്നു സുനിത. യാത്രക്കിടെ കാറിന്റെ ഡോർ തുറന്ന് സുനിത പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു. അതിനിടെ ഇലക്ട്രിക് പോസ്റ്റിൽ തലയിടിച്ചാണ് സുനിത തൽക്ഷണം മരിച്ചത്.

ഈ സംഭവം അറിഞ്ഞ ഉടൻ നിർത്താൻ ശ്രമിച്ച കാർ ഡിവൈഡറിൽ ഇടിച്ച് സലൂൺ ഉടമ സൂസനും കൂടെയുണ്ടായിരുന്ന ഒരു നേപ്പാളി യുവതിക്കും പരിക്കേറ്റിരുന്നു. മൃതദേഹം നിയമനടപടികൾക്കു ശേഷം നാട്ടിലേക്ക് കൊണ്ടു വരുമെന്ന് ബന്ധുക്കൾ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP