Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സീസറുടെ ഭാര്യ സംശയത്തിന് അതീതയാവണം എന്ന് കോടതി പറഞ്ഞപ്പോൾ മാണിയുടെ രാജിക്കായി മുറവിളി കൂട്ടിയവർക്ക് ശൈലജയുടെ കാര്യത്തിൽ മിണ്ടാട്ടമില്ല; ഇഷ്ടക്കാരനെ നിയമിക്കാനുള്ള മന്ത്രിയുടെ ഇടപെടൽ സദുദ്ദേശ്യത്തോടെയല്ലെന്ന കോടതി വിമർശനം വളരെ കടുത്തത്; രാജി ആവശ്യം ശക്തമാക്കി വെട്ടിലാക്കാൻ പ്രതിപക്ഷം; സർക്കാരിന്റെ പ്രതിച്ഛായാനഷ്ടം പരിഹരിക്കാൻ ശൈലജയ്ക്കും തോമസ്ചാണ്ടിക്കും കസേര വിടേണ്ടിവരുമോ ?

സീസറുടെ ഭാര്യ സംശയത്തിന് അതീതയാവണം എന്ന് കോടതി പറഞ്ഞപ്പോൾ മാണിയുടെ രാജിക്കായി മുറവിളി കൂട്ടിയവർക്ക് ശൈലജയുടെ കാര്യത്തിൽ മിണ്ടാട്ടമില്ല; ഇഷ്ടക്കാരനെ നിയമിക്കാനുള്ള മന്ത്രിയുടെ ഇടപെടൽ സദുദ്ദേശ്യത്തോടെയല്ലെന്ന കോടതി വിമർശനം വളരെ കടുത്തത്; രാജി ആവശ്യം ശക്തമാക്കി വെട്ടിലാക്കാൻ പ്രതിപക്ഷം; സർക്കാരിന്റെ പ്രതിച്ഛായാനഷ്ടം പരിഹരിക്കാൻ ശൈലജയ്ക്കും തോമസ്ചാണ്ടിക്കും കസേര വിടേണ്ടിവരുമോ ?

തിരുവനന്തപുരം: വയനാട് ബാലാവകാശ കമ്മീഷൻ അംഗത്തിന്റെ നിയമനവുമായി ബന്ധപ്പെട്ട് സാമൂഹ്യനീതിവകുപ്പ് മന്ത്രി കെ. കെ ശൈലജ രാജിവയ്ക്കണമെന്ന ആവശ്യം അതിശക്തമായി. ഇഷ്ടക്കാർക്കായി ചട്ടലംഘനം നടത്തിയെന്ന് തെളിഞ്ഞിട്ടും രാജിവയ്ക്കാതെ തുടരുന്ന മന്ത്രിയോടുള്ള പ്രതിഷേധം സത്യഗ്രഹത്തിലൂടെ വ്യാപകമാക്കുകയാണ് പ്രതിപക്ഷം. അതേസമയം, കോടതിയുടെ പരാമർശം അംഗീകരിക്കുന്നെങ്കിലും കോടതി അങ്ങിനെ ഉദ്ദേശിച്ചിട്ടില്ലെന്ന ന്യായീകരണമാണ് മുഖ്യമന്ത്രി സഭയിൽ നടത്തിയത്. മന്ത്രിയുടെ വാദം കൂടി കേൾക്കണമെന്ന ആവശ്യവുമായി് സർക്കാർ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.

പിണറായി സർക്കാരിനെതിരേ സ്വജനതാത്പര്യത്തിൽ ഇതാദ്യമായല്ല ആരോപണം ഉയരുന്നത്. എന്നാൽ ഒരു മന്ത്രി നടത്തിയ ഇടപെടൽ സദുദ്ദേശ്യത്തോടെയല്ല എന്ന വളരെ വ്യക്തമായ കോടതി വിധി ആദ്യമായാണ് ഉണ്ടാവുന്നത്. മന്ത്രിമാരുടെ രാജിയിൽ കലാശിച്ച എല്ലാ കോടതി ഇടപെടലും അതിന്റെ ആദ്യ ഘട്ടങ്ങളിൽ ആയിരുന്നു. സീസറുടെ ഭാര്യ സംശയത്തിന് അതീതയായവണം എന്ന കോടതി പരാമർശത്തിൽ മാണിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാനം സ്തംഭിപ്പിച്ചവർ ഇപ്പോൾ നിശ്ശബ്ദരാണ്. പാർട്ടി അംഗീകാരത്തോടെയാണ് നിയമനമെങ്കിലും കോടതി പരാമർശത്തി്ൽ ആ ന്യായങ്ങൾ തകർന്നു പോകുന്നു.

ഇ പി ജയരാജൻ എന്ന ശക്തനായ മന്ത്രി രാജിവച്ചപ്പോൾ ഉയർത്തിയ പ്രതിച്ഛായാ വാദവും ഇപ്പോൾ സൗകര്യപൂർവ്വം സി.പി.എം മറക്കുന്നു. ബന്ധുത്വനിയമനത്തിൽ മാത്രമല്ല ശൈലജയ്‌ക്കെതിരേ ആരോപണം ഉയർന്നത്. പനിമരണത്തിൽ സർക്കാരിന് ഉത്തരമല്ലാതെ ഒളിച്ചു കളിക്കേണ്ടി വന്നതും സ്വാശ്രയമെഡിക്കൽ രംഗം കുളമാക്കിയതും മന്ത്രിയുടെ പിടിപ്പു കേടാണെന്ന അഭിപ്രായം ഇപ്പോൾ പാർട്ടിയിലെ നിഷ്പക്ഷർക്കു പോലുമുണ്ട്. സ്വാശ്രയക്കേസുകളിൽ തുടരെത്തുടരെയുള്ള തോൽവിയും കോടതിയുടെ വിമർശനവും മന്ത്രിസഭയിൽ തന്നെ ചർച്ചാവിഷയമായിരുന്നു. എല്ലാം ശരിയാക്കാമെന്ന തെരഞ്ഞടുപ്പു പ്രചരണം തന്നെയാണ് ഇപ്പോൾ പാർട്ടിയ്‌ക്കെതിരായ പ്രധാന വിമർശനം.

കെ കെ ശൈലജയുടെ വകുപ്പുകളിൽ നിയമസഭയിലുണ്ടായ ചർച്ചകളിൽ അക്ഷരാർത്ഥത്തിൽ പ്രതിപക്ഷം സർക്കാരിനെ പ്രതിരോധത്തിലാക്കി. പ്രതിപക്ഷത്തിന്റെ യുവരക്തം തിളച്ചപ്പോൾ ആവിയായത് ഭരണപക്ഷത്തിന്റെ ആത്മവിശ്വാസമായിരുന്നു. ചോദ്യോത്തരവേളയിൽ പോലും ഉത്തർ പ്രദേശിലെ ശിശുമരണവും കേന്ദ്രവിമർശനവും ഉയർത്തി രക്ഷപ്പെടുകയായിരുന്നു. തോമസ്് ചാണ്ടിക്കും അൻവർ എം എൽ എയ്ക്കും എതിരേ വൻ അഴിമതിയും കൈയേറ്റവും ഉയർന്നതും സർക്കാരിന്റെ മാനം കെടുത്തി. വൻ മാധ്യമവിചാരണയാണ് ഇടതു സർക്കാരിന്റെ പ്രതിനിധികൾക്ക് നേരിടേണ്ടിവന്നത്. കൂടാതെ വി എസ് അച്യുതാനന്ദന്റെ നിലപാടുകളും സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്നതായിരുന്നു. സി പിഎം കേന്ദ്രകമ്മിററിയിൽ പോലും വി എസിന്റെ വാദങ്ങൾക്ക് പിന്തുണ കിട്ടിയെന്നോർക്കുക. മുൻ സർക്കാറിന്റെ കാലത്ത് അഴിമിതിക്കെതിരെ എൽ.ഡി.എഫും സിപിഎമ്മും സ്വീകരിച്ച നിലപാടുകളിൽനിന്ന് പിന്നാക്കം പോകേണ്ടിവന്നത് അണികളിലും വലിയ വിമർശമുണ്ടാക്കി. പ്രതിച്ഛായ തിരിച്ചു പിടിക്കാൻ പിണറായി വിജയന് എന്തെങ്കിലും കടുത്ത നടപടി ചെയ്‌തേ പറ്റൂ എന്ന സ്ഥിതി.

വയനാട് ബാലാവകാശ കമ്മീഷൻ അംഗങ്ങളുടെ നിയമനവുമായി ബന്ധപ്പെട്ട് ഹൈക്കോടതി വിധിയാണ് മന്ത്രി ശൈലജയെ കുടുക്കിയിരിക്കുന്നത്. ടി ബി സുരേഷിന്റെ നിയമനവുമായി ബന്ധപ്പെട്ട് സാമൂഹ്യനീതിവകുപ്പിന്റെ ചുമതലവഹിക്കുന്ന മന്ത്രി സദുദ്ദേശത്തോടെയല്ലാതെ ഇടപ്പെട്ടെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. സി.പി.എം അനുഭാവിയായ സുരേഷിന്റെയും കാസർഗോഡ് ബാലാവകാശ കമ്മീഷൻ അംഗം ശ്യാമളാദേവിയുടെയും നിയമനം ഹൈക്കോടതി റദ്ദാക്കുകയും ചെയ്തിരുന്നു. അപേക്ഷാത്തീയതി നീട്ടാൻ മന്ത്രി ഇറക്കിയ ഉത്തരവ് ഉത്തമവിശ്വാസത്തോടെയല്ലെന്ന് കോടതി വിലയിരുത്തി. തീയതിനീട്ടി വീണ്ടും അപേക്ഷ സ്വീകരിക്കാനുള്ള കാരണം ഫയലുകളിൽനിന്ന് വ്യക്തമല്ല. ഭരണത്തിലുള്ള സിപിഎമ്മിന്റെ സജീവപ്രവർത്തകനായ ടി.ബി. സുരേഷിനെ നിയമിക്കാനാണ് തീയതി നീട്ടിയത് എന്നേ കരുതാനാവൂ എന്നും കോടതി വ്യക്തമാക്കി.

സർക്കാരിന് താത്പര്യമുള്ളവരെ ഉൾപ്പെടുത്താനാണ് തീയതി നീട്ടി വീണ്ടും അപേക്ഷ ക്ഷണിച്ചതെന്നായിരുന്നു ഹർജിക്കാരിയായ കോട്ടയം സ്വദേശിനി ഡോ. ജാസ്മിൻ അലക്‌സ് വാദിച്ചത്. ഒഴിവ് മുൻകൂട്ടിക്കണ്ട് 2016 ജൂൺ 29-നുതന്നെ നിയമനനടപടി തുടങ്ങിയിരുന്നു. നവംബർ 30 ആയിരുന്നു അപേക്ഷിക്കാനുള്ള അവസാനതീയതി. എന്നാൽ 2017 ജനുവരി 10-ന് മന്ത്രി കെ.കെ. ശൈലജയുടെ നിർദേശപ്രകാരം തീയതിനീട്ടി വീണ്ടും വിജ്ഞാപനം ഇറക്കിയതായും ഹർജിയിൽ പറയുന്നു. 2017 ജനുവരി 12 വരെയാണ് അപേക്ഷിക്കാൻ തീയതി നീട്ടിനൽകിയത്. വ്യക്തമായി കാരണം കാണിക്കാതെയുള്ള നടപടി സദുദ്ദേശ്യത്തോടെയാണെന്ന് കരുതാനാവില്ല. നിയമനത്തിന് എല്ലാ ജില്ലയിൽനിന്നുമുള്ള അംഗങ്ങൾ വേണമെന്ന് വ്യവസ്ഥയില്ലെന്നും കോടതി വിലയിരുത്തി.

മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് മുസ്ലിം ലീഗ് എംഎൽഎ എൻ ഷംസുദീൻ, ടി വി ഇബ്രാഹിം, കോൺഗ്രസ് എംഎൽഎമാരായ റോജി എം ജോൺ, ഷാഫി പറമ്പിൽ, എൽദോസ് കുന്നപ്പള്ളി എന്നിവരാണ് സത്യാഗ്രഹം നടത്തുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉൾപ്പെടെ പ്രമുഖ നേതാക്കളുടെ പിന്തുണയും സമരത്തിനുണ്ട്.

പ്രതിപക്ഷത്തിന്റെ സമരം നിയമസഭയിലെ ഇനിയുള്ള ദിവസങ്ങൾ കലുഷിതമാക്കുമെന്നതിൽ സംശയമില്ല. ഒട്ടേറെ ആരോപണങ്ങളിൽ പെട്ട സർക്കാരിന് ഇനിയുള്ള ദിനങ്ങൾ അഗ്നിപരീക്ഷയുടേതായിരിക്കും. ബാലാവകാശ കമ്മീഷനിൽ രാഷ്ട്രീയക്കാരെ നിയമിക്കുന്നതിൽ എന്താണ് തെറ്റ് എന്നു ചോദിച്ച മുഖ്യമന്ത്രി പിണറായി വിജയന് ഹൈക്കോടതി അധികം വൈകാതെ ഉത്തരം നലകുമെന്നു പ്രതീക്ഷിക്കാം. അതുവരെ ഈ വിവാദവും പ്രതിഷേധവും നീണ്ടു നിൽക്കാനാണ് സാദ്ധ്യത. അത് പ്രതികൂലമായാൽ മന്ത്രിസഭയിൽ സമൂലമായ ഒരു ഇളക്കി മറിക്കൽ പ്രതീക്ഷിക്കാം. തോമസ്്ചാണ്ടിയും മികവു കാട്ടാത്ത പലരും അതിലൂടെ മാന്യമായി പടിയിറങ്ങേണ്ടി വന്നേക്കാം. എന്തായാലും ഒരിക്കൽ കൂടി രാഷ്ട്രീയകാരണങ്ങളാൽ കോടതി ഉത്തരവുകൾക്ക് കാതോർക്കുകയാണ് കേരളം

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP