Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'പിക്ക് ആൻഡ് ചൂസ്' പ്രയോഗം സിബിഐ പ്രതീക്ഷിക്കാത്ത പ്രഹരം: അഴിമതി നടന്നിട്ടില്ലെന്ന കണ്ടെത്തൽ ഗുണകരമെന്നും വിലയിരുത്തൽ; കരാറിന് പിന്നിൽ പിണറായിയുടെ പ്രത്യേക താൽപ്പര്യം എന്ന വാദത്തിൽ ഉറച്ചു നിൽക്കും; ജസ്റ്റീസ് ഉബൈദിന്റെ വിധിയെ സുപ്രീം കാടതിയിൽ ചോദ്യം ചെയ്യാൻ ഉറച്ച് കേന്ദ്ര അന്വേഷണ ഏജൻസി; ലാവ് ലിനിൽ നിയമ പോരാട്ടം ഇനി ഡൽഹിയിൽ

'പിക്ക് ആൻഡ് ചൂസ്' പ്രയോഗം സിബിഐ പ്രതീക്ഷിക്കാത്ത പ്രഹരം: അഴിമതി നടന്നിട്ടില്ലെന്ന കണ്ടെത്തൽ ഗുണകരമെന്നും വിലയിരുത്തൽ; കരാറിന് പിന്നിൽ പിണറായിയുടെ പ്രത്യേക താൽപ്പര്യം എന്ന വാദത്തിൽ ഉറച്ചു നിൽക്കും; ജസ്റ്റീസ് ഉബൈദിന്റെ വിധിയെ സുപ്രീം കാടതിയിൽ ചോദ്യം ചെയ്യാൻ ഉറച്ച് കേന്ദ്ര അന്വേഷണ ഏജൻസി; ലാവ് ലിനിൽ നിയമ പോരാട്ടം ഇനി ഡൽഹിയിൽ

ബി രഘുരാജ്‌

കൊച്ചി: ലാവ്‌ലിൻ കേസിൽ പിണറായി വിജയനെ തെരഞ്ഞെടുത്ത് പ്രതിയാക്കുകയായിരുന്നു സിബിഐ ചെയ്തതെന്നാണ് ഹൈക്കോടതിയുടെ നിരീക്ഷണം. ഇതിനായി 'പിക്ക് ആൻഡ് ചൂസ്' (തിരഞ്ഞെടുത്ത് പ്രതിയാക്കുക) എന്ന വാക്ക് ഉപയോഗിച്ചാണ് കോടതി സിബിഐയെ രൂക്ഷമായി വിമർശിച്ചത്. ഇത്തരത്തിലൊരു വിമർശനം സിബിഐ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. തിരുവനന്തപുരത്തെ സിബിഐ കോടതി ലാവ്‌ലിൻ അഴിമതിക്കേസിലെ വിചാരണ പൂർണ്ണമായും റദ്ദാക്കുകയായിരുന്നു. ഇത് സിബിഐയ്ക്ക് വലിയ തിരിച്ചടിയുമായിരുന്നു. എന്നാൽ ഹൈക്കോടതിയിൽ അഴിമതി നടന്നുവെന്ന് തെളിയിക്കാനും മൂന്ന് പ്രതികൾക്കെതിരെ വിചാരണയ്ക്ക് അനുമതി വാങ്ങാനും സിബിഐയ്ക്ക് സാധിച്ചു. അതുകൊണ്ട് തന്നെ ലാവ്‌ലിൻ എന്നത് അഴിമതിയായി കോടതിക്ക് മുന്നിൽ ഇനിയും തെളിയും. വിചാരണയ്ക്ക് പോലും യോഗ്യതയില്ലാത്ത ആരോപണങ്ങളാണ് പിണറായി വിജയനെതിരെയുള്ളതെന്ന വാദമാണ് ഇതിനിടെയിലും സിബിഐയെ പ്രതിക്കൂട്ടിലാക്കുന്നത്.

സിബിഐ പറയുന്ന തെളിവുകളൊന്നും കേസിൽ നിലനിൽക്കുന്നതല്ല. ഉദ്യോഗസ്ഥ തലത്തിൽ നടന്ന ഒരു കരാർ മാത്രമാണിത്. കെ.എസ്.ഇബി ബോർഡ് എടുത്ത തീരുമാനം മാത്രമാണിത്. ഈ കരാറിന്റെ വിശദാംശങ്ങളോ ഇതിൽ ആർക്കെങ്കിലും ലാഭമുണ്ടായോ എന്നുള്ളത് 1,7,8 പ്രതികൾക്കൊന്നും അറിയില്ലായിരുന്നു. ക്യാബിനറ്റിൽ ഈ സംഭവവുമായി ബന്ധപ്പെട്ട് യാതൊരു തരത്തിലുമുള്ള മൂടിവെക്കലും നടന്നിട്ടില്ല. സിബിഐയുടെ പക്കൽ ഇവർ ലാഭമുണ്ടാക്കി എന്നതിന് ഒരു തെളിവുമില്ലെന്നും കോടതി പറഞ്ഞു. കമ്പനിയുമായി ബോർഡ് ഉണ്ടാക്കിയ കരാർ മന്ത്രിസഭാ യോഗത്തിൽ വെക്കുകമാത്രമാണ് ഉണ്ടായത്. കമ്പനി ഏതെങ്കിലും തരത്തിൽ കരാർ ലംഘനം നടത്തിയിട്ടുണ്ടെങ്കിൽ അത് പിണറായി അടക്കമുള്ളവരിൽ അടിച്ചേൽപ്പിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. ഈ പരാമർശങ്ങളോട് സിബിഐ യോജിക്കുന്നില്ല. അതുകൊണ്ട് തന്നെ സുപ്രീംകോടതിയിൽ അപ്പീൽ നൽകാനാണ് തീരുമാനം. എന്നാൽ സിബിഐ ഡയറക്ടറാകും ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക.

സിബിഐ കൂട്ടിടച്ച തത്തയാണെന്നും രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കാറുണ്ടെന്ന വാദം ശരിവയ്ക്കുന്നതാണ് ഹൈക്കോടതിയുടെ നിരീക്ഷണങ്ങൾ. അതുകൊണ്ട് കൂടിയാണ് ജസ്റ്റീസ് ഉബൈദിന്റെ വിധിക്കെതിരെ സുപ്രീംകോടതിയിൽ ഉടൻ അപ്പീൽ നൽകാനുള്ള തീരുമാനം. കേരള ഹൈക്കോടതിയിൽ അഴിമതി നടന്നുവെന്ന് തെളിയിക്കാനായി. അതുകൊണ്ട് തന്നെ വിചാരണയ്ക്ക് അനുമതി കിട്ടി. ഉന്നത നീതിപീഠത്തെ കാര്യങ്ങൾ ബോധിപ്പിച്ച് പിണറായിയ്‌ക്കെതിരേയും വിചാരണ നടത്താനാകുമെന്നാണ് സിബിഐയുടെ വിലയിരുത്തൽ. ഇതിനുള്ള നിയമപരമായ ഉപദേശം സിബിഐ തേടും. ഗൂഢാലോചനയിൽ തെളിവുണ്ടെന്ന് സുപ്രീംകോടതിയെ ബോധിപ്പിക്കാനാകും ശ്രമിക്കുക. അതുകൊണ്ട് തന്നെ ലാവ്‌ലിൻ കുരുക്കിൽ നിന്നും പിണറായി ഉടനൊന്നും മുക്തമാകില്ല. ഇക്കാര്യത്തിൽ അന്തിമ തീരുമാനം സുപ്രീംകോടതിയുടേതാകും. അത് കഴിഞ്ഞാൽ മാത്രമേ പിണറായിക്ക് പൂർണ്ണമായും ആശ്വസിക്കാൻ കഴിയൂ.

ഗൂഢാലോചനയിൽ മുഖ്യമന്ത്രി പിണറായി വിജയനു പങ്കുണ്ടെന്ന ആരോപണം തെളിയിക്കാനുള്ള വസ്തുതകൾ സിബിഐയുടെ കുറ്റപത്രത്തിൽ ഇല്ലെന്നാണ് പിണറായിക്കു വേണ്ടി ഹാജരായ അഭിഭാഷകൻ ഹരീഷ് സാൽവേ വാദിച്ചത്. ഇടപാടിൽ ആരും അനർഹമായ നേട്ടമുണ്ടാക്കാത്ത നിലയ്ക്കു ക്രമക്കേടില്ലെന്നും അഴിമതി നിരോധന നിയമം ബാധകമാവില്ലെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ഇതാണ് ജസ്റ്റീസ് ഉബൈദ് അംഗീകരിച്ചത്. എന്നാൽ 350 കോടിയുടെ അഴിമതി രാഷ്ട്രീയ നേതൃത്വത്തിന്റെ പിന്തുണയില്ലാതെ എങ്ങനെ നടത്താനാകുമെന്ന ചോദ്യമാണ് സിബിഐ ഇനി ഉയർത്തുക. കേസിൽ കെ എസ് ഇ ബി ഉദ്യോഗസ്ഥർക്കെതിരെ വിചാരണ തുടരാൻ ഹൈക്കോടതി ആവശ്യപ്പെട്ടതാണ് ഇത്തരമൊരു വാദം ഉയർത്താൻ സിബിഐയ്ക്ക് കരുത്താകുന്നത്. അതുകൊണ്ട് തന്നെ സുപ്രീംകോടതി നിലപാട് നിർണ്ണായകമാകും. കുറ്റപത്രം സമർപ്പിച്ച കേസുകളിൽ വിചാരണ നടക്കണമെന്ന് പലഘട്ടത്തിലും സുപ്രീംകോടതി വിധി പുറപ്പെടുവിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ സിബിഐ സുപ്രീംകോടതിയിലേക്ക് പോകുന്നത് പിണറായിക്ക് കടുത്ത വെല്ലുവിളിയുമാകും.

പിണറായി വിജയൻ ലാവ്ലിൻ ഇടപാടിൽനിന്ന് സാമ്പത്തിക നേട്ടമുണ്ടാക്കിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സിബിഐ പ്രത്യേക കോടതി വിധി ഹൈക്കോടതി ശരിവച്ചത്. സിബിഐ പിണറായി വിജയനെ കുടുക്കാൻ ശ്രമിച്ചുവെന്ന ഗുരുതരമായ പരാമർശവും വിധി പ്രസ്താവിച്ച ജസ്റ്റിസ് പി.ഉബൈദ് നടത്തി. പിണറായി വിജയനെ കുറ്റവിമുക്തനാക്കിയെങ്കിലും ലാവ്ലിൻ കേസ് തുടരും. കെ.വി. രാജഗോപാൽ, കസ്തൂരിരംഗ അയ്യർ, ആർ. ശിവദാസൻ എന്നിവർ വിചാരണ നേരിടണമെന്നും വിധിയിലുണ്ട്. കേസുമായി ബന്ധപ്പെട്ട് പലർക്കും രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നും അതു ശരിയല്ലെന്നും കോടതി നിരീക്ഷിച്ചു. സിബിഐ സമർപ്പിച്ച കുറ്റപത്രത്തിലെ കണ്ടെത്തലുകൾ അപൂർണമാണെന്നു വ്യക്തമാക്കിയാണ് പിണറായി വിജയനടക്കം ഏഴു പേരെ സിബിഐ പ്രത്യേക കോടതി പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കിയത്. തുടർന്ന് റിവിഷൻ ഹർജിയുമായി സിബിഐ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇതിൽ വിചാരണ തുടരാമെന്ന് ഹൈക്കോടതി പറയുന്നത് സിബിഐയ്ക്ക് ആശ്വാസവുമാണ്.

പള്ളിവാസൽ, ചെങ്കുളം, പന്നിയാർ ജലവൈദ്യുത പദ്ധതികളുടെ പുനരുദ്ധാരണത്തിന്, കനേഡിയൻ കമ്പനിയായ എസ്എൻസി ലാവ്ലിനുമായി ഒപ്പിട്ട കരാറുകളുമായി ബന്ധപ്പെട്ട വ്യവസ്ഥാ ലംഘനങ്ങളാണ് കേസിനു കാരണം. ഈ കരാർ ലാവ്ലിൻ കമ്പനിക്ക് നൽകുന്നതിന് പ്രത്യേക താൽപര്യം കാണിച്ചതിലൂടെ സംസ്ഥാനത്തിന് 374 കോടി രൂപയുടെ നഷ്ടമുണ്ടായെന്നുമാണ് ആരോപണം. യുഡിഎഫിന്റെ കാലത്താണ് പദ്ധതി കൊണ്ടുവന്നതെങ്കിലും അന്തിമ കരാർ ഒപ്പിട്ടത് പിന്നീട് വന്ന ഇ.കെ.നായനാർ മന്ത്രിസഭയിലെ വൈദ്യുതിമന്ത്രി ആയിരുന്ന പിണറായി വിജയനായിരുന്നു. വിചാരണപോലും നടത്താതെ പ്രതികളെ കുറ്റവിമുക്തരാക്കിയ സിബിഐ പ്രത്യേക കോടതി വിധി വസ്തുതകൾ ശരിയായി വിലയിരുത്താതെയാണെന്നും വിധി നിലനിൽക്കില്ലെന്നുമാണു സിബിഐയുടെ വാദം. ലാവ്ലിൻ ഇടപാടിന്റെ പല ഘട്ടങ്ങളിലും ഗൂഢാലോചന നടന്നതിനു തെളിവുണ്ട്. പ്രതികളിൽ ആരൊക്കെ എന്തൊക്കെ പങ്കുവഹിച്ചു എന്നറിയാൻ വിചാരണ അനിവാര്യമാണെന്നുമാണു സിബിഐയുടെ നിലപാട്.

ലാവ്ലിൻ കേസിൽ സിബിഐയുടെ കുറ്റപത്രം ഭാവനയിൽനിന്ന് ഉരുത്തിരിഞ്ഞതും അബദ്ധങ്ങൾ നിറഞ്ഞതുമാണെന്ന ഹരീഷ് സാൽവെയുടെ വാദമാണ് ഹൈക്കോടതി അംഗീകരിച്ചത്. ഇടപാടിൽ ആരും അനർഹമായ നേട്ടമുണ്ടാക്കാത്ത നിലയ്ക്ക് ക്രമക്കേടില്ല, അതിനാൽ അഴിമതി നിരോധന നിയമം ബാധകമാവില്ല., പിണറായി വിജയൻ ഏതെങ്കിലും തരത്തിൽ സാമ്പത്തിക നേട്ടമുണ്ടാക്കിയതായി ആരോപണമില്ല, സിബിഐ പറയുന്നതാണു കേസ് എങ്കിൽ അന്നത്തെ മുഖ്യമന്ത്രി ഇ.കെ. നായനാർ ഒന്നാംപ്രതിയായേനെ എന്നും ഹരീഷ് സാൽവെ വാദിച്ചിരുന്നു. അന്നത്തെ മുഖ്യമന്ത്രിയും ധനമന്ത്രിയുമൊക്കെ ഫയൽ അംഗീകരിച്ചതാണ്. തീരുമാനവുമായി ബന്ധപ്പെട്ട രേഖകളിൽ ഒപ്പുവച്ചവരും അംഗീകാരം നൽകിയവരുമായ എല്ലാവരും പ്രതികളല്ല. തോന്നുംപടി ചിലരെ മാത്രം ഉൾപ്പെടുത്തിയെന്ന വാദവും അംഗീകരിച്ചു. പിക്ക് ആൻഡ് ചൂസ് പ്രയോഗം ഹൈക്കോടതി നടത്തിയതും ഈ സാഹചര്യത്തിലാണ്. ലാവലിൻ കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെ സിബിഐ വേട്ടയാടിയെന്ന് ഹൈക്കോടതി പറഞ്ഞുവച്ചു. സിബിഐ പിണറായിയെ തിരഞ്ഞുപിടിച്ച് വേട്ടയാടുകയായിരുന്നു. കേസിൽ പലർക്കും രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നും ജസ്റ്റിസ് പി.ഉബൈദ് തന്റെ വിധി പ്രസ്താവത്തിനിടെ നിരീക്ഷിച്ചു. അതുകൊണ്ട് തന്നെ സിബിഐ സുപ്രീംകോടതിയിലേക്ക് പോകുമെന്ന് ഉറപ്പാണെന്ന് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നു.

അതുകൊണ്ട് തന്നെ 20 വർഷം വിടാതെ പിന്തുടർന്ന ലാവലിൻ കേസിൽ നിന്ന് പിണറായിക്ക് മുക്തി നേടാൻ ഇനിയും കാത്തിരിക്കേണ്ടി വരും.. ലാവലിൻ അഴിമതിക്കേസ് ആദ്യം അന്വേഷിക്കാൻ തുടങ്ങിയത് സംസ്ഥാന വിജിലൻസാണ്. 20 വർഷങ്ങൾക്ക് മുമ്പ്. അന്ന് ഇലക്ട്രിസിറ്റി ബോർഡ് ഉദ്യോഗസ്ഥർ മാത്രമായിരുന്നു പ്രതികൾ. വിജിലൻസ് കോടതിയിലാണ് പ്രഥമവിവര റിപ്പോർട്ട് നൽകിയിരുന്നത്. മുൻ വൈദ്യുതി മന്ത്രി പിണറായി വിജയൻ അന്ന് കേസിൽ പ്രതിയായിരുന്നില്ല. ഇലക്ട്രിസിറ്റി ബോർഡിലെ മുൻ ചെയർമാന്മാരിൽ മോഹനചന്ദ്രൻ, സിദ്ധാർത്ഥമേനോൻ, ശിവദാസൻ തുടങ്ങിയവരും ഉദ്യോഗസ്ഥരും ഉൾപ്പെടെ ഒമ്പത് പേർ പ്രതികളായിരുന്നു. വിജിലൻസ് അന്വേഷണത്തിന് ഒട്ടും പുരോഗതി ഉണ്ടാവാത്തതിനെ തുടർന്ന് മൂന്നോളം പൊതുതാത്പര്യ ഹർജികൾ അന്വേഷണം സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിക്ക് മുന്നിലെത്തി. സിഎജി യുടെ റിപ്പോർട്ട് പ്രകാരം ലാവലിൻ കേസിൽ 375 കോടിയുടെ നഷ്ടം സംസ്ഥാന സർക്കാറിന് ഉണ്ടായിട്ടുണ്ടെന്ന കാര്യം ഹൈക്കോടതി പരിശോധിച്ചു. ഈ കണ്ടെത്തലിനെ മുൻനിർത്തി സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. പിന്നീട് 2007-ലാണ് പിണറായിയെ സിബിഐ ലാവലിൻ കേസിൽ പ്രതിയാക്കുന്നത്.

അന്ന് അദ്ദേഹം മന്ത്രിയായിരുന്നില്ല യുഡിഎഫ് സർക്കായിരുന്നു അധികാരത്തിൽ. ഒന്നരവർഷത്തിന് ശേഷം പിണറായി വിജയനെ പ്രതിയാക്കി സിബിഐ പ്രത്യേക കോടതിയിൽ സിബിഐ കുറ്റപത്രം നൽകി. കുറ്റപത്രം റദ്ദാക്കിക്കിട്ടാൻ പിണറായി വിജയൻ സുപ്രീം കോടതിയെ നേരിട്ട് സമീപിച്ചുവെങ്കിലും സുപ്രീം കോടതി അത് നിരസിച്ചു. പിണറായി വിജയന് വേണ്ടി സീനിയർ അഡ്വ.എഫ്.എസ്. നരിമാൻ ആണ് അന്ന് കോടതിയിൽ ഹാജരായത്. കേസിൽ വിചാരണ വേണമെന്നുള്ള സിബിഐയുടെ ആവശ്യം സുപ്രീം കോടതിയിൽ പറഞ്ഞിരുന്നു. തിരുവനന്തപുരത്ത് സിബിഐ പ്രത്യേക കോടതി പ്രവർത്തനം ആരംഭിച്ചപ്പോൾ എറണാകുളത്ത് നിന്ന് കേസ് തിരുവനന്തപുരത്തേക്ക് മാറ്റി. ഈ ഘട്ടത്തിലാണ് പ്രതിസ്ഥാനത്ത് നിന്നും തന്നെ ഒഴിവാക്കാൻ ആവശ്യപ്പെട്ട് പിണറായിയും മറ്റും തിരുവനന്തപുരം കോടതിയിൽ ഹർജി നൽകിയത്.

വിചാരണ തുടങ്ങുന്നതിന് മുമ്പ് അങ്ങനെയുള്ള ഹർജി നൽകാൻ വ്യവസ്ഥയുണ്ട്. അതിൽ വാദം കേട്ടുകൊണ്ട് പിണറായി വിജയനേയും മറ്റ് ഏഴ് പ്രതികളെയും ഒഴിവാക്കിക്കൊണ്ട് തിരുവനന്തപുരം കോടതി 2013 ൽ ഉത്തരവിട്ടു. ഇതിനാണ് നാല് കൊല്ലത്തിന് ശേഷം ഹൈക്കോടതിയും അംഗീകാരം നൽകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP