Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കാനഡയിൽ പോയ കാർത്തികേയൻ എന്തുകൊണ്ട് പ്രതിയായില്ല? മുഖ്യമന്ത്രിയായിരുന്ന ഇ.കെ. നായനാരല്ലേ ഒന്നാം പ്രതിയാകേണ്ടത്? സിബിഐ കുറ്റപത്രത്തിലെ പിഴവുകൾ ചൂണ്ടിയ സാൽവേയുടെ ചോദ്യങ്ങൾ കുറിക്കു തന്നെ കൊണ്ടു; വൈദ്യുതി പ്രതിസന്ധി ഇല്ലാതാക്കിയ പ്രഗത്ഭ മന്ത്രിയായും പിണറായിയെ അവതരിപ്പിച്ചു: ഹൈക്കോടതിയിൽ 'പിണറായി വിജയം' വന്ന വാദങ്ങൾ ഇങ്ങനെ

കാനഡയിൽ പോയ കാർത്തികേയൻ എന്തുകൊണ്ട് പ്രതിയായില്ല?  മുഖ്യമന്ത്രിയായിരുന്ന ഇ.കെ. നായനാരല്ലേ ഒന്നാം പ്രതിയാകേണ്ടത്? സിബിഐ കുറ്റപത്രത്തിലെ പിഴവുകൾ ചൂണ്ടിയ സാൽവേയുടെ ചോദ്യങ്ങൾ കുറിക്കു തന്നെ കൊണ്ടു; വൈദ്യുതി പ്രതിസന്ധി ഇല്ലാതാക്കിയ പ്രഗത്ഭ മന്ത്രിയായും പിണറായിയെ അവതരിപ്പിച്ചു: ഹൈക്കോടതിയിൽ 'പിണറായി വിജയം' വന്ന വാദങ്ങൾ ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കേരള മുഖ്യമന്ത്രി സ്ഥാനത്ത് ഉറച്ചിരിക്കാൻ പിണറായി വിജയന് അവസരം ഒരുക്കുന്ന കോടതി വിധിയാണ് ഇന്ന് ഹൈക്കോടതിയിൽ നിന്നും ഉണ്ടായത്. കേസിൽ പിണറായി വിചാരണ നേരിടേണ്ട എന്ന കോടതി വിധി പുറത്തുവന്നത് സി.പി.എം ആശ്വാസത്തോടെയാണ് ശ്രവിച്ചത്. കേസിൽ പിണറായി വിജയനെ രക്ഷിച്ചത് ഇന്ത്യയുടെ പ്രഗത്ഭനായ അഭിഭാഷകനായ ഹരീഷ് സാൽവേയുടെ വാദങ്ങൾ തന്നെയായിരുന്നു. സാൽവേയുടെ വാദങ്ങളാണ് വിധിയ സ്വാധീനിച്ചതെന്നാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്.

സിബിഐ കേസിൽ പിണറായിയെ എങ്ങനെ പ്രതിയാക്കി എന്ന ചോദ്യമാണ് സാൽവേ മുന്നോട്ടു വെച്ചത്. അന്നത്തെ വൈദ്യുതി മന്ത്രി എന്ന നിലയിലാണ് പിണറായി പ്രതിയായത് എന്നതായിരുന്നു പ്രോസിക്യൂഷന്റെ വാദം. അങ്ങനെയാണെങ്കിൽ ഈ സംഭവത്തിൽ ഒന്നാം പ്രതിയാകേണ്ടിയിരുന്നത് അന്ന് മുഖ്യമന്ത്രിയായിരുന്ന ഇ കെ നായനാർ ആയിരുന്നില്ലേയെന്ന വാദമാണ് സാൽവേ ചൂണ്ടിക്കാട്ടിയത്. ഈ ചോദ്യമാണ് കേസിൽ നിർണായകമായി മാറിയത്. ഇതോടെ സിബിഐ പിണറായിയെ പ്രതിചേർത്തത് 'പിക്ക് ആൻഡ് ചൂസ്' നടപടി ആയെന്ന് വ്യക്തമായി. അതുകൊണ്ട് തന്നെയാണ് ജസ്റ്റിസ് പി ഉബൈദ് വിധിയിൽ ഈ വാക്ക് ഉപയോഗിച്ചതും.

ലാവലിൻ കരാർ നടപ്പിലാക്കിയത് അന്നത്തെ മുഖ്യമന്ത്രിയും ധനമന്ത്രിയുമൊക്കെ ഫയൽ അംഗീകരിച്ചായിരുന്നനു. തീരുമാനവുമായി ബന്ധപ്പെട്ട രേഖകളിൽ ഒപ്പുവച്ചവരും അംഗീകാരം നൽകിയവരുമായ എല്ലാവരും പ്രതികളല്ലേ എന്ന ചോദ്യമായിരുന്നു സാൽവേയുടേത്. പിണറായിയെ പ്രതിയാക്കിയതിലെ അനൗചിത്യം മുഴുവൻ വ്യക്തമാക്കുന്നതായിരുന്നു ഈ ചോദ്യം. ഇത് മാത്രമായിരുന്നില്ല സാൽവേ ചൂണ്ടിക്കാട്ടിയ മറ്റ് ലൂപ്പ്‌ഹോളുകൾ.

പദ്ധതിയുടെ നടത്തിപ്പിൽ പല ഘട്ടങ്ങളിലായി പങ്കാളികളായത് മറ്റ് വ്യക്തികളും ഉണ്ടെന്ന കാര്യമാണ് അദ്ദേഹം മുന്നോട്ടുവെച്ചത്. പദ്ധതിയുടെ ആദ്യ ധാരണാ പത്രം ഒപ്പുവച്ചത് 1995ലാണെന്നിരിക്കെ 1996ൽ മന്ത്രിയായി രണ്ടു വർഷത്തിനുള്ളിൽ പദവി ഒഴിഞ്ഞ പിണറായി എങ്ങനെ ഗൂഢാലോചനയിൽ ഉൾപ്പെട്ടു എന്നാണ് സാൽവേ ചോദിച്ചത്. 1995 ഓഗസ്റ്റ് 10ന് ധാരണാപത്രം ഒപ്പുവച്ചതിൽ കെഎസ്ഇബി ചെയർമാന് ഉത്തരവാദിത്തമുണ്ട്. അന്നു ജി. കാർത്തികേയനാണു മന്ത്രിയെന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് കൂടാതെ ലാവലിൻ കമ്പനിയുടെ ആസ്ഥാനമായ കാനഡയിൽ പോയത് യുഡിഎഫ് മന്ത്രിയായിരുന്നു എന്നത് അടക്കം സാൽവേ എടുത്തിട്ടു. എന്നാൽ, സിബിഐ അന്വേഷണത്തിൽ അദ്ദേഹം പ്രതിയായില്ല. ഇത് തന്നെ അന്വേഷണത്തിലെ പക്ഷപാതിത്തമാണ് വ്യക്തമാക്കുന്നതെന്നും സാൽവേ ശക്തമായി വാദിച്ചു. ആ വാദങ്ങളെ അംഗീകരിക്കുന്നതായി കോടതി വിധി.

അതേസമയം തന്നെ ഉദ്യോഗസ്ഥരുടെ ഇടപെടലും എടുത്തുകാണിച്ചു. പ്രധാന തീരുമാനങ്ങളിൽ കെഎസ്ഇബി ചെയർമാൻ വി. രാജഗോപാൽ കക്ഷിയാണെങ്കിലും പ്രതി ചേർത്തിട്ടില്ല. വൈദ്യുതി മന്ത്രിയെക്കാൾ കൂടുതൽ അറിയുന്നതു ബോർഡ് ചെയർമാനാണ്. ചെയർമാൻ തെറ്റുകാരനല്ലെങ്കിൽ മറ്റുള്ളവർ എങ്ങനെ തെറ്റുകാരാകും? എന്ന നിർണായക ചോദ്യവും ഉന്നയിച്ചു. ടെൻഡർ നടപടിക്രമങ്ങൾ മറികടന്ന് ഒപ്പിട്ടു എന്നു സിബിഐ പറയുന്നതു കെട്ടുകഥയാണെന്നും ശക്തമായി വാദിച്ചതോടെ സിബിഐക്ക് കനത്ത തിരിച്ചടിയായി മാറി.

പിണറായി വിജയനെ കേരളത്തെ കടുത്ത വൈദ്യുതി പ്രതിസന്ധിയിൽ നിന്നും രക്ഷിച്ച പ്രഗത്ഭ മന്ത്രിയായി അവതരിപ്പിക്കുകയും ചെയ്തു. സംസ്ഥാനം അതിരൂക്ഷമായ വൈദ്യുതിപ്രതിസന്ധി നേരിട്ട ഘട്ടത്തിൽ പിണറായിയുടെ ഇടപെടൽ ശ്രദ്ധേയമായിരുന്നു എന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. വൈദ്യുതി പ്രതിസന്ധി നേരിടുന്ന ഘട്ടമായതിനാൽ പന്നിയാർ, ചെങ്കുളം, പള്ളിവാസൽ പദ്ധതികളുടെ നവീകരണം അനിവാര്യമായിരുന്നു. മികച്ച ട്രാക്ക് റെക്കോർഡ് ഉള്ള കമ്പനിയാണ് ലാവ്ലിൻ. അതുകൊണ്ട് തന്നെയാണ് ഇവിടെ കരാർ അവരെ ഏൽപ്പിച്ചത്.

കാരുണ്യ പദ്ധതിയെന്ന നിലയ്ക്കു മലബാർ കാൻസർ സെന്ററിനു (എംസിസി) ഗ്രാന്റ് ലഭ്യമാക്കാൻ ധാരണയുണ്ടാക്കിയതു കെഎസ്ഇബിയല്ല, സർക്കാരാണ്. പിണറായി കാനഡ സന്ദർശിക്കുന്നത് 1996 ഒക്ടോബറിലാണ്. എന്നാൽ, കരാറുകളുടെ അടിസ്ഥാനത്തിൽ 1996 ഫെബ്രുവരിയിൽ തന്നെ കമ്പനിയുടെ പ്രവർത്തനങ്ങൾ ഇവിടെ തുടങ്ങിയിരുന്നു. പദ്ധതിയുടെ സാധ്യതാ പഠനം നടത്തിയില്ലെന്ന ആരോപണം തെറ്റാണ്. ഈ വിഷയത്തിൽ ഉന്നതോദ്യോഗസ്ഥർ തയാറാക്കിയ സാധ്യതാ റിപ്പോർട്ടും സാങ്കേതിക റിപ്പോർട്ടും ഉണ്ടായിരുന്നു. കുറ്റ്യാടി പദ്ധതിയുടെ കാര്യത്തിലും സമാന കരാർ ആണെങ്കിലും അതിൽ ആരും തെറ്റു കണ്ടെത്തിയില്ല.

പദ്ധതി സംബന്ധിച്ച കൂടുതൽ ചർച്ചകൾക്കു വേണ്ടിയാണ് പിണറായി കാനഡയിൽ പോയത്. ലാവ്ലിൻ കമ്പനിയുമായി ചേർന്ന് ഗൂഢാലോചന നടത്തിയെന്നാണു കുറ്റപത്രത്തിൽ പറയുന്നത്. ഗൂഢാലോചനയിലെ പങ്കാളികൾ തമ്മിൽ വിലപേശലോ സന്ധി സംഭാഷണമോ നടത്തേണ്ടതില്ലല്ലോ? ലോകബാങ്ക് വായ്പ സാധ്യമാവില്ലെന്നു വന്നതിനാലാണു കനേഡിയൻ ഏജൻസിയെ ഫണ്ടിനു സമീപിച്ചതെന്നും അദ്ദേഹം പറഞ്ഞു. എത്രരൂപ നഷ്ടം വന്നു എന്ന ചോദ്യവും സാൽവേ ഉന്നയിച്ചു. ഈ വാദങ്ങളെല്ലാം ശക്തമായി ഉന്നയിച്ചതിന്റെ ആനുകൂല്യമാണ് വിധിയിൽ ഉണ്ടായത്.

ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനാണ് സിബിഐ നീക്കം. എന്നിരുന്നാലും ഈ വിധി സിപിഎമ്മിനു പകർന്നു നൽകുന്ന ഊർജം ചെറുതല്ല. സാൽവെ തന്നെയാകും പിണറായിക്ക് വേണ്ടി സുപ്രീംകോടതിയിൽ ഹാജരാകുക. ഗൂഢാലോചനയിൽ മുഖ്യമന്ത്രി പിണറായി വിജയനു പങ്കുണ്ടെന്ന ആരോപണം തെളിയിക്കാനുള്ള വസ്തുതകൾ സിബിഐയുടെ കുറ്റപത്രത്തിൽ ഇല്ലെന്നു സാൽവേ വീണ്ടും വാദിക്കും.

എം കെ ദാമോദരൻ വാദിച്ചിരുന്ന കേസ് പൂർത്തിയാക്കാൻ അവസാന നിമിഷണാണഅ ഹരീഷ് സാൽവെ എത്തിയത്. 30 ലക്ഷം രൂപയാണ് ഹരീഷ് സാൽവെയുടെ വക്കീൽ ഫീസ്. ഇന്ത്യയിലെ ഒന്നാം നമ്പർ അഭിഭാഷകനാണ് അദ്ദേഹം. കോർപ്പറേറ്റുകളുടെ സ്വന്തം വക്കീൽ എന്ന നിലയിലാണ് ഹരീഷ് സാൽവെ ശ്രദ്ധിക്കപ്പെടുന്നത്. കോർപ്പറേറ്റുകൾക്കും ശതകോടീശ്വരന്മാർക്കും മറ്റ് പ്രമുഖ രാഷ്ട്രീയക്കാർക്കും വേണ്ടിയാണ് അദ്ദേഹം ഹാജരാകാര്. മുകേഷ് അംബാനിയുടെ വരെ അഭിഭാഷകനായിരുന്ന സാൽവെയുടെ സാന്നിധ്യം സുപ്രീം കോടതിയിലും തുണയാകുമെന്നാണ് സി.പി.എം അണികൾ കരുതുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP