Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഭൂരിപക്ഷ വിധി നടപ്പിലാക്കാൻ നിയമ നിർമ്മാണം ആവശ്യം ഇല്ലാത്തതിനാൽ മുത്തലാഖ് നിരോധന നിയമം കേന്ദ്രം കൊണ്ടുവരില്ല; ആരു പരാതി നൽകിയാലും ഇപ്പോൾ മുതൽ വിധിയെ നിയമമാക്കി കണക്കാക്കി നടപടി എടുക്കും; നിയമം നടപ്പിലാക്കേണ്ട ഉത്തരവാദിത്തം സംസ്ഥാനങ്ങൾക്ക്

ഭൂരിപക്ഷ വിധി നടപ്പിലാക്കാൻ നിയമ നിർമ്മാണം ആവശ്യം ഇല്ലാത്തതിനാൽ മുത്തലാഖ് നിരോധന നിയമം കേന്ദ്രം കൊണ്ടുവരില്ല; ആരു പരാതി നൽകിയാലും ഇപ്പോൾ മുതൽ വിധിയെ നിയമമാക്കി കണക്കാക്കി നടപടി എടുക്കും; നിയമം നടപ്പിലാക്കേണ്ട ഉത്തരവാദിത്തം സംസ്ഥാനങ്ങൾക്ക്

ന്യൂഡൽഹി: മുത്തലാഖ് ഭരണഘടനാ വിരുദ്ധമെന്ന സുപ്രീംകോടതി വിധിയിൽ നിയമനിർമ്മാണം നടത്താതെ കാര്യങ്ങൾ നീക്കാൻ കേന്ദ്രസർക്കാറിന്റെ നീക്കം. പുതിയ നിയമനിർമ്മാണം ഉദ്ദേശിക്കുന്നില്ലെന്നാണ് കേന്ദ്രം വിധിക്ക് പിന്നാലെ വ്യക്തമാക്കിയത്. കോടതി വിധി നടപ്പാക്കാൻ പുതിയ നിയമം ആവശ്യമില്ലെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ.

മുത്തലാഖ് ചൊല്ലുന്നവരെ ഗാർഹിക പീഡന നിരോധന നിയമത്തിന്റെ പരിധിയിൽ വിചാരണ ചെയ്യാനാകുമെന്നാണ് സർക്കാർ ഇതിന്റെ കാരണമായി പറയുന്നത്. വിവാഹ മോചനം നേടിയ മുസ്ലിം സ്ത്രീക്ക് ജീവനാംശം നൽകണമെന്ന 1986ലെ ഷബാനു കേസിലെ വിധി അട്ടിമറിക്കാൻ അന്നത്തെ കോൺഗ്രസ് സർക്കാർ നിയമം കൊണ്ടുവന്നിരുന്നു. എന്നാൽ, രാജീവ് ഗാന്ധിയുടെ കാലത്തെ സർക്കാരല്ല ഇപ്പോഴത്തെ മോദി സർക്കാരെന്ന് നിയമമന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു. സമത്വത്തിനും നീതിക്കും വേണ്ടി പോരാടിയ മുസ്ലിം സ്ത്രീകളുടെ ധാർമ്മിക വിജയമാണ് കോടതി വിധിയെന്നും അദ്ദേഹം വ്യക്തമാക്കി.

വിധി നടപ്പാക്കുന്നത് സംബന്ധിച്ച് കേന്ദ്രം സംസ്ഥാനങ്ങൾക്ക് ഉടൻ നിർദ്ദേശം നൽകിയേക്കും. പ്രത്യക്ഷത്തിൽ പ്രതിഷേധമോ സംഘർഷമോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും വിധിയിൽ അവ്യക്തതയുണ്ടെന്നും പ്രായോഗികമല്ലെന്നുമുള്ള പ്രചാരണം ഒരു വിഭാഗം മതസംഘടനകൾ നടത്തുന്നുണ്ട്. അതിനാൽ മുത്തലാഖ് സംബന്ധിച്ച പരാതികൾ ലഭിച്ചാൽ സ്വീകരിക്കേണ്ട കർശന നടപടികൾ വിശദമാക്കിയാകും ആഭ്യന്തരമന്ത്രാലയം നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുക. വിഷയത്തെ വൈകാരികമാക്കി നിലനിർത്താനുള്ള ശ്രമം നടക്കുന്നതിനാൽ കരുതലോടെയാണ് സർക്കാരും.

അധികാരത്തിലെത്തിയ അന്ന് മുതൽ നരേന്ദ്ര മോദി സർക്കാർ മുത്തലാഖിനെ എതിർക്കുന്ന നിലപാടാണ് സ്വീകരിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ പല വേദികളും മുത്തലാഖ് തീർത്തും സ്ത്രീവിരുദ്ധമാണെന്ന് പ്രസ്താവിച്ചു. ലിംഗസമത്വം കാത്തുസൂക്ഷിക്കുവാൻ തന്റെ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മുത്തലാഖ് വിഷയം ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞിരുന്നു. സംഘപരിവാറും ബിജെപിയും വളരെക്കാലം മുൻപേ തന്നെ മുത്തലാഖിനെതിരെ നിലപാട് സ്വീകരിച്ചിരുന്നു. ബിജെപി മുന്നോട്ട് വയ്ക്കുന്ന ഏക സിവിൽ കോഡ് എന്ന ആശയത്തിൽ മുത്തലാഖ് പോലെ മതപരമായ നിയമങ്ങൾക്ക് സാധുതയില്ല. വിവാഹം, വിവാഹമോചനം തുടങ്ങിയ വ്യക്തിനിയമങ്ങളിൽ രാജ്യത്തെ മുഴുവൻ പൗരന്മാർക്കും ഒരു നിയമം മതിയെന്നതാണ് ഏക സിവിൽകോഡിന്റെ അടിസ്ഥാന ആശയം. ഇതിലേക്ക് കാര്യങ്ങൾ അടുപ്പിക്കാൻ മുത്തലാഖ് വിഷയം ഉപയോഗിക്കാൻ പരിവാർ ശക്തികൾ ശ്രമിക്കുന്നതിനിടെയാണ് സുപ്രീംകോടതി ഇടപെടൽ ഉണ്ടാകുന്നത്.

മുസ്ലിം സ്ത്രീകളുടെ മൗലികാവകാശവും അന്തസ്സും ലംഘിക്കുന്നതാണോ മുത്തലാഖ് എന്ന സുപ്രീം കോടതി പരാമർശവും നിർണ്ണായകമാണ്. മുത്തലാഖ് അസാധുവും നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്നു ഭരണഘടനാ ബെഞ്ചിലെ ജസ്റ്റിസുമാരായ റോഹിന്റൺ ഫാലി നരിമാൻ, കുര്യൻ ജോസഫ്, യു.യു. ലളിത് എന്നിവർ വിധിയെഴുതിയപ്പോൾ ചീഫ് ജസ്റ്റിസ് ജെ.എസ്. കേഹാർ, ജസ്റ്റിസ് എസ്. അബ്ദുൽ നസീർ എന്നിവർ എതിർത്തു. ഖുറാന്റെ അടിസ്ഥാന തത്വങ്ങൾക്ക് എതിരാണ് മുത്തലാഖ് എന്ന് ജസ്റ്റിസുമാരായ റോഹിന്റൺ ഫാലി നരിമാൻ, കുര്യൻ ജോസഫ്, യു.യു. ലളിത് എന്നിവർ വ്യക്തമാക്കി. ഖുറാന് എതിരായതായതിനാൽ മുത്തലാഖ് അംഗീകരിക്കാനാകില്ല. പ്രത്യക്ഷമായി വസ്തുനിഷ്ഠമല്ലാത്തതും ഭരണഘടനാ വിരുദ്ധവുമായതിനാൽ മുത്തലാഖ് നിരോധിക്കണമെന്നും മൂവരും ആവശ്യപ്പെട്ടു. ഏകീകൃത സിവിൽ കോഡിനെ സ്വപ്നം കാണുന്ന മോദിക്ക് തന്നെയാണ് ഈ വിധി ഗുണകരമാകുന്നത്.

15 വർഷത്തെ വിവാഹ ബന്ധം ഭർത്താവ് ഫോണിലൂടെ മുത്തലാഖ് ചൊല്ലി അവസാനിപ്പിച്ച ഉത്തർപ്രദേശിൽ നിന്നുള്ള സൈറ ബാനു, കത്തു വഴി മൊഴിചൊല്ലപ്പെട്ട അഫ്രീൻ റഹ്മാൻ, മുദ്ര പത്രത്തിലൂടെ മൊഴി ചൊല്ലപ്പെട്ട ഗുൽഷൻ പ്രവീൺ, ഫോണിലൂടെ മോഴി ചൊല്ലപ്പെട്ട ഇസ്രത് ജഹാൻ, സ്പീഡ് പോസ്റ്റിലൂടെ മൊഴി ചൊല്ലപ്പെട്ട അതിയ സാബ്‌റി എന്നിവരുടെ ഹർജികൾ രാജ്യത്തിന്റെ മുഴുവൻ ശ്രദ്ധയും പിടിച്ചു പറ്റിയിരുന്നു. പല മുസ്ലിം വനിതാ സംഘടനകളും മുത്തലാഖിനെ എതിരെ പരസ്യമായി രംഗത്ത് വന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP