Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

രണ്ട് വർഷം മുമ്പ് കള്ളസ്വാമി ദൈവത്തിന്റെ സ്വന്തം നാട്ടിൽ പദ്ധതിയിട്ടത് 6000 കോടിയുടെ റിയൽ എസ്‌റ്റേറ്റ് നിക്ഷേപം; ഇസഡ് കാറ്റഗറി സുരക്ഷയോടെ സ്വാമി സന്ദർശിച്ചത് വൻ വിവാദമായി; പ്രമുഖ നടനെ അനുയായിയാക്കി കച്ചവടം കൊഴുപ്പിക്കാനും ശ്രമിച്ചു; മംഗളം-മറുനാടൻ വാർത്തകൾ സോഷ്യൽ മീഡിയ ഏറ്റെടുത്തതോടെ കളം മാറ്റി ചവിട്ടി

രണ്ട് വർഷം മുമ്പ് കള്ളസ്വാമി ദൈവത്തിന്റെ സ്വന്തം നാട്ടിൽ പദ്ധതിയിട്ടത് 6000 കോടിയുടെ റിയൽ എസ്‌റ്റേറ്റ് നിക്ഷേപം; ഇസഡ് കാറ്റഗറി സുരക്ഷയോടെ സ്വാമി സന്ദർശിച്ചത് വൻ വിവാദമായി; പ്രമുഖ നടനെ അനുയായിയാക്കി കച്ചവടം കൊഴുപ്പിക്കാനും ശ്രമിച്ചു; മംഗളം-മറുനാടൻ വാർത്തകൾ സോഷ്യൽ മീഡിയ ഏറ്റെടുത്തതോടെ കളം മാറ്റി ചവിട്ടി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ദേശീയ ഗെയിംസ് വേദിയിൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കൊപ്പമിരുന്നാണ് ഹരിയാന-പഞ്ചാബ് താരങ്ങളെ വിവാദ സ്വാമി പ്രോത്സാഹിപ്പിച്ചത്. ഇസഡ് പ്ലസ് കാറ്റഗറിയിൽ എത്തിയ സ്വാമി ഏതോ വമ്പനാണെന്ന് ഉമ്മൻ ചാണ്ടി കരുതി. എന്നാൽ പീഡനക്കേസിലെ പ്രതിയാണ് സ്വാമിയെന്ന് അറിഞ്ഞപ്പോൾ വിവാദവുമായി. അങ്ങനെ കേരളത്തിലും കണ്ണുള്ള സ്വാമിയായിരുന്നു ഗുർമീത് റാം റഹിം സിങ്. പീഡനക്കേസിൽ കുറ്റക്കാരനെന്നു സിബിഐ പ്രത്യേക കോടതി കണ്ടെത്തിയ ഗുർമീത് റാം റഹിം സിങ് കേരളത്തിൽ 6000 കോടി രൂപയുടെ റിയൽ എസ്റ്റേറ്റ് നിക്ഷേപത്തിനു 2015ൽ നീക്കം നടത്തിയതായി രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് ചെയ്തിരുന്നു. മലയാളത്തിൽ ഒരു 'സ്പിരിച്വൽ മ്യൂസിക്' സ്വകാര്യ ചാനൽ തുടങ്ങാനും അദ്ദേഹം പദ്ധതിയിട്ടു. ഗുർമീതിന്റെ ശിഷ്യത്വം സ്വീകരിക്കാൻ ഒരു മലയാള നടനു വൻതുക വാഗ്ദാനം ചെയ്തതായും റിപ്പോർട്ടുകളുണ്ടായിരുന്നു. മറുനാടൻ മലയാളിയും മംഗളവും മാത്രമാണ് ഈ സ്വാമിയുടെ കള്ള ഇടപാടുകളെ അന്ന് തുറന്ന് കാട്ടിയത്. അതു കൊണ്ട് മാത്രം കേരളത്തിൽ സ്വാമിക്ക് ഇടപെടൽ നടത്താനാവാതെയായി.

മൂന്നുവർഷം മുൻപ് ഹരിയാന പൊലീസ് സേനയുടെ വലയത്തിൽ അദ്ദേഹം നടത്തിയ കേരള സന്ദർശനം വിവാദമായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥർ ആരെല്ലാമാണെന്ന കേരളത്തിന്റെ ചോദ്യത്തിനു ഹരിയാന പൊലീസ് മറുപടി നൽകിയില്ല. ഇതേക്കുറിച്ചു കേരള സർക്കാർ കേന്ദ്ര ആഭ്യന്തരവകുപ്പിനു കത്തയച്ചിരുന്നു. സ്വകാര്യ ബിസിനസ് താൽപര്യങ്ങൾക്കു വേണ്ടി സന്ദർശനം നടത്തുന്നവർക്കു സുരക്ഷ ഒരുക്കാൻ സംസ്ഥാന പൊലീസിനെ നിയോഗിക്കാൻ കഴിയില്ലെന്നു കേന്ദ്രത്തെയും കേരള സർക്കാർ അറിയിച്ചു. ഇതര സംസ്ഥാന സേനകളുടെയോ സ്വകാര്യ സുരക്ഷാ ഏജൻസികളുടെയോ വലയത്തിൽ കേരളം സന്ദർശിച്ചാൽ ഗുർമീത് സിങ്ങിനൊപ്പമുള്ളവരുടെ മുഴുവൻ വിവരങ്ങളും കേരളത്തിനു മുൻകൂട്ടി നൽകണമെന്നും നിർദ്ദേശിച്ചിരുന്നു.കൊച്ചിയിൽ രാജ്യാന്തര സ്റ്റേഡിയത്തിൽ 'മ്യൂസിക് ഷോ' നടത്താനും ഗുർമീതിനു പദ്ധതിയുണ്ടായിരുന്നു. ഇതെല്ലാം പൊളിച്ചത് സോഷ്യൽ മീഡിയയുടെ ഇടപെടലായിരുന്നു. വിശ്രമത്തിനും ആത്മീയകാര്യങ്ങൾക്കുമായാണ് ഗുർമീത് കേരളത്തിലേക്ക് വരുന്നതെന്നാണ് വിശദീകരിക്കപ്പെടുന്നതെങ്കിലും റിയൽ എസ്റ്റേറ്റ് കച്ചവടം അടക്കം ദുരൂഹമായ പല താത്പര്യങ്ങളും കേരളത്തിലേക്കുള്ള ഇയാളുടെ വരവിലുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. എന്നാൽ ഈ ഇടപാടുകളുടെ വിശദാംശങ്ങൾ ആർക്കും അറിയില്ല.

സംസ്ഥാനത്ത് ഉന്നത രാഷ്ട്രീയ-സാമുദായിക ബന്ധങ്ങളുണ്ടെന്നു കരുതുന്ന ഗുർമീത് പലവട്ടം കേരളത്തിലെത്തിയിട്ടുണ്ട്. വയനാട്ടിലും വാഗമണിലുമായിരുന്നു ഗുർമീതിന്റെ സന്ദർശനം. മുഖ്യമന്ത്രിമാർക്കു നൽകുന്ന െസഡ് പ്ലസ് സുരക്ഷയാണ് മൂന്നുവട്ടവും കേരളാ പൊലീസ് ഒരുക്കിയത്. അകാലികളുടെ ഭീഷണിയുള്ളതിനാലാണ് കർശന സുരക്ഷയൊരുക്കുന്നതെന്നായിരുന്നു പൊലീസ് വാദം. വാഗമണിൽ ആശ്രമം തുടങ്ങാനും ഗുർമീത് പദ്ധതിയിട്ടിരുന്നു. ഇതിനായി പല സ്ഥലങ്ങളും കാണുകയും ചെയ്തു. ആദ്യവട്ടം വാഗമണിലെത്തിയ ഗുർമീത് ഒരാഴ്ചയ്ക്കുശേഷം മടങ്ങി. ഒരു മാസത്തിനുശേഷം സ്ത്രീകൾ ഉൾെപ്പടെ നൂറുപേരടങ്ങുന്ന സംഘവുമായി രണ്ടാംവട്ടവും വാഗമണിലെത്തി. ഈ വരവിൽ വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിൽ ഇവരിൽനിന്ന് എട്ടുകോടി രൂപയോളം പിടിച്ചെടുത്തതു വിവാദമായിരുന്നു.

റോക് സ്റ്റാർ സ്വാമിക്ക് കേരളത്തിലും നിഗൂഡ ബന്ധങ്ങൾ

റോക്ക്സ്റ്റാർ സ്വാമി എന്നറിയപ്പെടുന്ന ആത്മീയഗുരു ഗുർമീത് റാം റഹീം സിങ്ങിന് പല സംസ്ഥാനങ്ങളിലും ലക്ഷക്കണക്കിന് അനുയായികളുണ്ട്. കേരളത്തിലും അദ്ദേഹത്തിന് അനുയായികളുണ്ട്. അവരുടെ ക്ഷണം സ്വീകരിച്ച് അനവധി തവണ ഗുർമീത് കേരളം സന്ദർശിച്ചിട്ടുണ്ട് സംസ്ഥാനത്തിന്റെ പലഭാഗത്തും ഗുർമീതിന് സ്വന്തമായി ഭൂമിയുണ്ടെന്നാണ് പറയുന്നത്. 2010ൽ മൂന്നാറിലെത്തിയ ഗുർമീതും സംഘവും രണ്ട് ദിവസം അവിടെ ചെലവിട്ട ശേഷം കൊച്ചിയിലെത്തി. എന്നാൽ മൂന്നാറിൽ വച്ചും പിന്നീട് മൂന്നാറിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടയിലും ഗുർമീതിന്റെ അകമ്പടി വാഹനമിടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു. രണ്ട് തവണയും ഇടിച്ച വാഹനങ്ങൾ നിർത്താതെ ഓടിച്ചു പോയി. ഇതെല്ലാം വിവാദമായി.

മൂന്നാറിനടുത്ത് പോതമേട് കവലയിൽ വച്ച് റിസോർട്ട് ജീവനക്കാരനായ റഷീദിനെയാണ് അകമ്പടി വാഹനം ആദ്യമിടിച്ചത്. ഇടിയുടെ ആഘാതത്തിൽ വലതുകാൽ ഒടിഞ്ഞ് ഇയാൾ ആശുപത്രിയിലായി. അപകടശേഷം നിർത്താതെ പോയ വാഹനത്തെ നാട്ടുകാർ പിന്തുടർന്ന് പിടികൂടി. വാഹനം വിട്ടുകൊടുക്കാൻ നാട്ടുകാർ തയ്യാറാവാതെ വന്നതോടെ പ്രവർത്തകർ ആശുപത്രിയിലെത്തുകയും റഷീദിനെ എറണാകുളത്തുകൊണ്ട് പോയി വിദഗ്ദ്ധ ചികിത്സാ നൽകാമെന്നും ചെലവ് വഹിച്ചോളാമെന്ന് അറിയിക്കുകയും ചെയ്തു. അങ്ങനെ പൊലീസിൽ പരാതി നൽകാതെ ആ പ്രശ്നം ഒത്തുതീർപ്പാക്കി. കട്ടപ്പനയിൽ ശശീധരൻ എന്നയാളെ ഇടിച്ചിട്ട ഗുർമീതിന്റെ അകമ്പടി വാഹനം നിർത്താതെ ഓടിച്ചു പോയി. ഇതിൽ ക്ഷുഭിതരായ നാട്ടുകാർ കുമളി-മൂന്നാർ റോഡ് ഉപരോധിച്ചു. പിന്നീട് അപകടമുണ്ടാക്കിയ വാഹനം വണ്ടന്മേട് പൊലീസ് കസ്റ്റഡിയിലെടുക്കുകയും വാഹനത്തിന്റെ ഡ്രൈവർക്കെതിരെ കേസെടുത്ത ശേഷം വാഹനം വിട്ടു കൊടുക്കുകയും ചെയ്തു.

2012ൽ വയനാട്ടിൽ സുഖചികിത്സയും വിശ്രമമവും കഴിഞ്ഞ് കോഴിക്കോടേക്ക് വന്ന ഗുർമീത് നഗരത്തെ നിശ്ചലമാക്കി. റാം മോഹൻ റോഡിലേയും മാവൂർ റോഡിലേയും വ്യാപാരസ്ഥാപനങ്ങളിലും നഗരത്തിലെ ചില മാളുകളിലും അദ്ദേഹം അന്ന് സന്ദർശനം നടത്തി. 2014ൽ വാഗമണിൽ സംഘടിപ്പിച്ച ഒരു മെഡിറ്റേഷൻ ക്യാംപിൽ സംസാരിക്കവേ കേരളത്തിൽ മദ്യപാനം കൂടുന്നതായി അദ്ദേഹം പറഞ്ഞിരുന്നു. തനിക്ക് രാജ്യത്തൊട്ടാകെ അഞ്ച് കോടി അനുയായികളുണ്ടെന്നും ഇതിൽ 90 ശതമാനം പേരും മദ്യത്തിൽ നിന്ന് മുക്തി നേടിയവരാണെന്നും ഗുർമിത് സിങ് അന്ന് അവകാശപ്പെട്ടു.

വയനാട്ടിലും ഇടുക്കിയിലും ഗൂഡലക്ഷ്യങ്ങൾ 

ഇടുക്കിയിലെ സന്ദർശനത്തിനിടെ ആഡംബര സൗകര്യങ്ങളുള്ള 30 റിസോർട്ടുകളാണ് ഇവിടെ ബുക്ക് ചെയ്തിരുന്നത്. ഓരോ റിസോർട്ടിലും മാറി മാറിയായിരുന്നു താമസം. ഇവിടേക്കു മറ്റാർക്കും പ്രവേശനവും ഉണ്ടായിരുന്നില്ല. ആളുകളെ വിളിച്ചുചേർത്ത് രണ്ടുസ്ഥലങ്ങളിലും യോഗങ്ങളും സംഘടിപ്പിച്ചിരുന്നു. യോഗവിവരങ്ങളൊന്നും പുറത്തുവിട്ടിരുന്നുമില്ല. ഗുർമീതിനായി റിസോർട്ടുകാർ പുതിയ ടെലിവിഷനും ബഗികാറും വരുത്തിയതായും വാർത്തയുണ്ടായിരുന്നു. പല ഉന്നതരും ഇവിടെയെത്തി ഗുർമീതുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.

2012 ജൂൺ ഒമ്പതിന് വയനാട്ടിലെത്തിയ ഗുർമീത് 18 വരെ താമസിച്ചത് വൈത്തിരിയിലെ പ്രമുഖ റിസോർട്ടിലായിരുന്നു. 19ന് അവിടെനിന്നു താമസം മാറ്റി വൈത്തിരിയിലെ മറ്റൊരു റിസോർട്ടിൽ. 27വരെ അവിടെത്തങ്ങി. ഇതിനിടെ വയനാട്ടിലെ പ്രമുഖ പ്രഫഷണൽ വിദ്യാഭ്യാസ സ്ഥാപനത്തിൽ ആത്മീയ പ്രഭാഷണവും നടത്തി. 2013 ജൂൺ 13നാണ് ഗുർമീത് പിന്നീട് വയനാട്ടിലെത്തിയത്. 21 വരെ വൈത്തിരിയിലെ ആഡംബര റിസോർട്ടിൽ തങ്ങി. രണ്ടു തവണത്തെ സന്ദർശനത്തിനിടയിൽ വൈത്തിരി പഞ്ചായത്തിലെ ചാരിറ്റിയിൽ 42 ഏക്കർ സ്ഥലം ഗുർമീത് സ്വന്തം പേരിലാക്കി. ആശ്രമം പണിയാനെന്ന വ്യാജേന ഇവിടെ മരങ്ങൾ വ്യാപകമായി വെട്ടിവീഴ്‌ത്തിയത് വാർത്തയായി. പാരിസ്ഥിതിക പ്രധാന്യമുള്ള സ്ഥലത്ത് മുൻകൂർ അനുമതിയില്ലാതെ മരംമുറിച്ചതിന് വനംവകുപ്പ് കേസ് രജിസ്റ്റർ ചെയ്തതോടെ നിർമ്മാണം നിലച്ചു. സുധാകരൻ എന്നയാളാണ് ഈ സ്ഥലം നോക്കി നടത്തുന്നത്. ബംഗളുരുവിൽനിന്ന് ഗുർമീതിന്റെ അടുപ്പക്കാരിലൊരാൾ ഇടയ്ക്ക് ഇവിടെ എത്താറുണ്ടെന്നാണു വിവരം.

വയനാട്ടിൽ എത്തിയ അവസരത്തിൽ ഗുർമീതിന്റെ വാഹനവ്യൂഹത്തിനു പോകാൻ മണിക്കൂറുകളോളം ദേശീയപാത ഉൾപ്പെടെയുള്ള നിരത്തുകളിൽ മറ്റുവാഹനങ്ങളെ പൊലീസിനു തടയേണ്ടി വന്നിരുന്നു. ഗുർമീതിന്റെയും സംഘത്തിന്റെയും വാഹനങ്ങളെ ഉൾക്കൊള്ളാനുള്ള ശേഷി കൽപ്പറ്റ ടൗണിനുണ്ടായിരുന്നില്ല. സ്ഥാപനവും പരിസരവും പൂർണമായി കമാൻഡോകളുടെയും പൊലീസിന്റെയും നിയന്ത്രണത്തിലായതോടെ കുടുങ്ങിപ്പോയ ജനം അന്നു ഗുർമീതിനുനേരേ അസഭ്യവർഷവും നടത്തി. വയനാട് ചുരത്തിൽ മറ്റു വാഹനങ്ങൾ തടഞ്ഞിട്ടാണ് ഗുർമീതിന്റെ വാഹനവ്യൂഹം പൊലീസ് കടത്തിവിട്ടത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP