Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രണ്ട് മാസമായി അഴിക്കുള്ളിൽ കഴിയുന്ന ദിലീപിന് ഒടുവിൽ പിതാവിന്റെ പേരിൽ മണിക്കൂറുകൾ മാത്രം പുറംലോകം കാണാം! അച്ഛന്റെ ശ്രാദ്ധത്തിൽ പങ്കെടുക്കാൻ അനുമതി നൽകി അങ്കമാലി മജിസ്‌ട്രേറ്റ് കോടതി; ആലുവ മണപ്പുറത്തും വീട്ടിലുമായി നടക്കുന്ന ചടങ്ങുകളിൽ പങ്കെടുക്കാൻ സാധിക്കുന്നത് താരത്തിന് ആശ്വാസമാകും; കോടതി അനുവദിച്ച മൂന്ന് മണിക്കൂർ സമയം മീനാക്ഷിക്ക് അച്ഛനെ കാണാനുള്ള അവസരമാകും

രണ്ട് മാസമായി അഴിക്കുള്ളിൽ കഴിയുന്ന ദിലീപിന് ഒടുവിൽ  പിതാവിന്റെ പേരിൽ മണിക്കൂറുകൾ മാത്രം പുറംലോകം കാണാം! അച്ഛന്റെ ശ്രാദ്ധത്തിൽ പങ്കെടുക്കാൻ അനുമതി നൽകി അങ്കമാലി മജിസ്‌ട്രേറ്റ് കോടതി; ആലുവ മണപ്പുറത്തും വീട്ടിലുമായി നടക്കുന്ന ചടങ്ങുകളിൽ പങ്കെടുക്കാൻ സാധിക്കുന്നത് താരത്തിന് ആശ്വാസമാകും; കോടതി അനുവദിച്ച മൂന്ന് മണിക്കൂർ സമയം മീനാക്ഷിക്ക് അച്ഛനെ കാണാനുള്ള അവസരമാകും

അർജുൻ സി വനജ്‌

കൊച്ചി: അച്ഛന്റെ ശ്രാദ്ധത്തിൽ പങ്കെടുക്കാൻ നടൻ ദീലീപിന് ഉപാധികളോടെ അനുമതി. ദിലീപിന്റ അപേക്ഷയ്ക്കെതിരെ പ്രോസിക്യൂഷൻ വാദിച്ചെങ്കിലും കോടതി അനുവദിച്ചില്ല. മൂന്നോ നാലോ മണിക്കൂർ മാത്രമാണ് ചടങ്ങിൽ പങ്കെടുക്കാൻ കോടതി അനുവദിച്ചത്. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയാണ് അടുത്ത ബുധനാഴ്ച ദിലീപിന് പുറത്തു പോകാൻ ഉപാധികളോടെ അനുമതി നല്കിയത്. ആലുവാ മണപ്പുറത്തും വീട്ടിലുമായാണ് ചടങ്ങുകൾ നടക്കുക.

നടിയെ ആക്രമിക്കാൻ ക്വട്ടേഷൻ നല്കിയ കേസിൽ ജൂലൈ 10നാണ് നടൻ ദിലീപ് അറസ്റ്റിലാവുന്നത്. അതിനു ശേഷം അറുപതു ദിവസത്തോളമായി ജയിലിൻ തന്നെയാണ് ദീലീപിന്റ വാസം. പുറത്ത് എത്താനുള്ള ശ്രമങ്ങൾ ഒന്നും വിജയിക്കാതെ വന്നപ്പോഴാണ് ഈ മാർഗ്ഗം കണ്ടെത്തിയത്.

ദിലീപിനെ ജയിലിന് പുറത്ത് വിടാൻ അനുവദിക്കരുതെന്ന് പ്രോസിക്യൂഷൻ കോടതിയെ വാദിച്ചിരുന്നു. കഴിഞ്ഞ വർഷവും ദിലീപ് അച്ഛന്റെ ശ്രാദ്ധത്തിന് പങ്കെടുക്കാൻ എത്തിയിരുന്നില്ല. വൈകിയ വേളയിൽ ഇത്തരത്തിലുള്ള ആവശ്യവുമായി രംഗത്തെത്തിയതിൽ ദുരൂഹതയുണ്ടെന്നുമായിരുന്നു പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നത്.

വരുന്ന ബുധനാഴ്ചയാണ് ദിലീപിന്റെ അച്ഛൻ പത്മനാഭൻ പിള്ളയുടെ ശ്രാദ്ധ ദിനം. അന്ന് രാവിലെ ഏഴ് മണിമുതൽ 11 വരെ വീട്ടിലു മണപ്പുറത്തും നടക്കുന്ന ചടങ്ങിൽ പങ്കെടുക്കാൻ അനുവദിക്കണമെന്നായിരുന്നു ദിലീപിന്റെ അപേക്ഷയിലെ ആവശ്യം. ഇത് അനുവദിച്ച കോടതി ദിലീപിന്റെ സുരക്ഷ പൊലീസിന്റ ചുമതലയാണന്നും നിർദ്ദേശിച്ചിട്ടുണ്ട്

നാലാം ഓണദിവസമാണ് ദിലീപ് പുറത്തിറങ്ങുക. ഇതോടെ ഓണദിനങ്ങളിൽ കുടുംബാംഗങ്ങളെ കാണാനുള്ള അവസരവും ദിലീപിന് കിട്ടുകയാണ്. ദിലീപിന്റെ ആലുവയിലെ വീട്ടിൽ നിന്ന് സബ് ജയിലിലേക്ക് ഒന്നര കിലോമീറ്ററാണ് ദൂരം. ഇവിടെയാണ് കഴിഞ്ഞ 50 ദിവസത്തിലേറെയായി ദിലീപിന്റെ വാസം. മകൾ കുടുംബവീട്ടിലും. പക്ഷേ അച്ഛനും മകളും തമ്മിൽ കണ്ടിട്ട് അൻപത് ദിവസത്തിലേറെയായി. അച്ഛനെ പിരിഞ്ഞ് ജീവിച്ച് ശീലമില്ലാത്ത മീനാക്ഷിക്ക് ഇനി പിടിച്ച് നിൽക്കാൻ കഴിയില്ല എന്ന അവസ്ഥയിൽ എത്തിയിരുന്നു. ജയിലിൽ പോയി അച്ഛനെ കാണണമെന്ന് വാശി പിടിക്കുകയാണ് മീനാക്ഷി. രണ്ടാഴ്ച മുമ്പ് ദിലീപിന്റെ അമ്മ മകനെ കാണാൻ ജയിലിലെത്തിയിരുന്നു. മകളെ കൊണ്ടു വരരുതെന്ന് ദിലീപ് നിർബന്ധം പിടിച്ചു. അതുകൊണ്ട് തന്നെ അച്ഛനെ കാണാനുള്ള ആഗ്രഹം നടക്കാതെ പോയി. ജാമ്യ ഹർജി തള്ളിയസ്ഥിതിക്ക് ജയിലിൽ പോയിട്ടങ്കിലും അച്ഛനെ കണ്ടേ പറ്റൂവെന്നാണ് മീനാക്ഷിയുടെ നിർബ്ബന്ധം. ഇതിന് പരിഹാരം കാണാനാണ് ദിലീപിന്റെ ശ്രമം. അഡ്വക്കേറ്റ് ബി രാമൻപിള്ളയുടെ പുതിയ ബുദ്ധിയാണ് ഇപ്പോൾ ഫലം കണ്ടത്.

കഴിഞ്ഞ ഏഴ് വർഷമായി സ്ഥിരമായി താൻ ചടങ്ങിൽ പങ്കെടുക്കുന്നുണ്ടെന്നും ദിലീപ് അപേക്ഷയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ദിലീപിന്റെ റിമാൻഡ് കാലാവധി തീരുന്ന സാഹചര്യത്തിൽ കൂടിയാണ് ഈ അപേക്ഷ എന്നതും പ്രസക്തമായിരുന്നു. ഇതിനെ എതിർത്തുകൊണ്ടാണ് പ്രോസിക്യൂഷൻ രംഗത്തെത്തിയത്. കഴിഞ്ഞ വർഷവും ദിലീപ് പങ്കെടുത്തിരുന്നില്ല. മൊബൈൽ ടവർ ലൊക്കേഷൻ രേഖകൾ ഉൾപ്പടെ തെളിവായി പ്രോസിക്യൂഷൻ ഹാജരാക്കിയിരുന്നു. ദിലീപിന്റ റിമാൻഡ് കാലാവധി അടുത്തമാസം 16 വരെയാക്കി പുതുക്കിയിട്ടുണ്ട്

സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി വിഡിയോ കോൺഫറൻസിലൂടെയായിരുന്നു കോടതി റിമാൻഡ് ഹർജി പരിഗണിച്ചത്. ഇതോടൊപ്പമാണ് ദിലീപിന്റ അപേക്ഷയും എത്തിയത്. ജാമ്യം കിട്ടിയാലോ വിചാരണ പൂർത്തിയായി കുറ്റവാളിയല്ലെന്ന് തെളിഞ്ഞാലോ മാത്രമേ നിലവിൽ ദിലീപിന് പുറത്തിങ്ങാൻ കഴിയൂവെന്നതാണ് വസ്തുത. ഈ സാഹചര്യത്തിലാണ് മകളെ കാണാനായി പുതിയ തന്ത്രം ദിലീപ് പയറ്റിയത്. അച്ഛന്റെ ശ്രാദ്ധത്തിന് പുറത്തെത്തിയാൽ മകളെ കാണാം. പൊലീസ് ബന്തവസിലാണെങ്കിലും മീനാക്ഷിയെ കാണുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ നീക്കം നടത്തിയത്.

കോടതി അനുമതി നല്കിയതോടെ ഫാൻസ് അസോസിയേഷനും ആഹ്‌ളാദത്തിലാണ് . സുരക്ഷാ കാരണങ്ങളാൽ ഇവരെയാരെയും പൊലീസ് അടുപ്പിക്കാനിടയില്ലെങ്കിലും പ്രിയതാരത്തെ കാണാനാവുന്ന ഒരവസരമായാണ് ഇത് മാറുക. ശ്രാദ്ധത്തിന് ദിലീപിനെ കൊണ്ടു പോകുന്നത് സുരക്ഷാ വിഷയമുണ്ടാക്കുമെന്ന് പൊലീസ് കോടതിയെ ബോധിപ്പിച്ചെങ്കിലും കോടതി മാനുഷിക പരിഗണന നല്കുകയായിരുന്നു. അച്ഛന്റെ മരണാനന്തര ചടങ്ങുകൾ എല്ലാ വർഷം ഉള്ളതാണ്. അതിന് വേണ്ടി പോകണമെന്ന് പറയുന്നത് അംഗീകരിക്കേണ്ടതി്ല്ലന്ന പൊലീസ് നിലപാട് കോടതി അംഗീകരിച്ചില്ല.

ദിലീപിന് അനുകൂലമായ വികാരമുണ്ടാക്കാനാണ് അച്ഛന്റെ ശ്രാദ്ധ ചടങ്ങ് രാമൻപിള്ള ഉയർത്തിയതെന്ന് പൊലീസിന് അറിയാം. ശ്രാദ്ധ ചടങ്ങുകൾ മാധ്യമശ്രദ്ധയിലും വരും. ഇതിലൂടെ ദിലീപിന് അനുകൂല വികാരം ഉയരും. ദിലീപിന്റെ പുതിയ സിനിമയായ രാമലീല പോലും ഇറങ്ങുന്നതിന് അനുകൂല സാഹചര്യമൊരുക്കുമെന്നും ദിലീപ് പക്ഷം കണക്കു കൂട്ടുന്നു.

അച്ഛന്റെ ശ്രാദ്ധത്തിനെന്ന് പറഞ്ഞ് പുറത്തിറങ്ങുന്ന നടൻ മാധ്യമങ്ങളോട് എന്തെങ്കിലും പറയുമോ എന്ന സംശയവും പൊലീസിനുണ്ട്. അതുകൊണ്ട് കൂടിയാണ് കരുതലോടെ പൊലീസിന്റെ നീക്കം. മകളെ കാണാൻ മാത്രമായി തന്നെയാണ് ദിലീപ് വീണ്ടും ജാമ്യത്തിനായി ശ്രമിച്ചു കൊണ്ടിരിക്കുന്നത്. മൂന്നാം ജാമ്യാപേക്ഷയും കോടതി തള്ളിയതോടെ ദിലീപിന്റെ പ്രതീക്ഷ മങ്ങിയിരുന്നു. ദിലീപിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ 90 ദിവസത്തിനുള്ളിൽ പ്രോസിക്യൂഷൻ കുറ്റപത്രം നൽകിയാൽ വിചാരണ കഴിഞ്ഞ് കുറ്റവാളി അല്ലെന്ന് തെളിഞ്ഞാൽ മാത്രമേ നടന് പുറത്തിറങ്ങാനാകൂ. അതുകൊണ്ടാണ് മീനാക്ഷിയെ കാണാൻ പുതിയ തന്ത്രം ദിലീപ് ഒരുക്കുന്നത്.

മകൾ മീനാക്ഷിയോടും ഭാര്യ കാവ്യാ മാധവനോടും ജയിലിൽ കാണാൻ വരരുതെന്ന് നിർബന്ധമായി പറഞ്ഞതിനാൽ ഇരുവർക്കും ഇതുവരെ കാണാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ ദിലീപിന്റെ അമ്മ ജയിലിൽ മകനെ കാണാനായി എത്തിയിരുന്നു. ജാമ്യം ലഭിച്ചിട്ട് ഭാര്യയെയും മകളെയും കാണുക എന്നത് എളുപ്പ മാർഗ്ഗമല്ലെന്ന് ദിലീപിന് മനസ്സിലായി. ഇതേ തുടർന്നാണ് അഛന്റെ ശ്രാദ്ധ ദിന ചടങ്ങുകളിൽ പങ്കെടുക്കാൻ അനുമതി തേടി ദിലീപ് കോടതിയെ സമീപിച്ചത്.

അന്ന് രാവിലെ ഏഴു മണി മുതൽ 11 വരെ വീട്ടിൽ നടക്കുന്ന ചടങ്ങിൽ പങ്കെടുക്കാനാണ് കോടതി അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ ഏഴു വർഷമായി സ്ഥിരമായി താൻ ചടങ്ങിൽ പങ്കെടുക്കുന്നുണ്ടെന്നും അപേക്ഷയിൽ പറയുന്നുണ്ട്. കാവ്യ വീണ്ടും വെണ്ണലയിലെത്തിയതോടെ വീണ്ടും ഏകാന്തത അനുഭവിക്കുന്ന മകൾ മീനാക്ഷിയെ സമാധാനിപ്പിക്കുക എന്നതാണ് ദിലീപിന്റെ പ്രധാന ആവശ്യം. വീട്ടിൽ വച്ചു തന്നെ മകളെ കാണാനും കഴിയും. ദിലീപിന്റെ വീട്ടിലായിരുന്നു കാവ്യ നിന്നിരുന്നത്. എന്നാൽ രണ്ട് ദിവസം മുമ്പ് കാവ്യ വെണ്ണലയിലെ വില്ലയിലേക്ക് പോയി. കാവ്യയാണ് മാഡമെന്ന് പൾസർ സുനി വെളിപ്പെടുത്തിയതിന് തൊട്ടു പിന്നാലെയായിരുന്നു അത്. ഇതോടെ മീനാക്ഷി വീട്ടിൽ തീർത്തും ഒറ്റപ്പെട്ടു. ഈ സാഹചര്യത്തിലാണ് പുതിയ നീക്കം.

ജയിലിന്റെ ഒന്നര കിലോമീറ്റർ മാത്രം അകലെയാണ് ദിലീപിന്റെ വീട്. ജയിലിൽ നിന്നും പൊലീസ് സംരക്ഷണത്തിൽ ദിലീപിനെ വീട്ടിൽ എത്തിക്കുകയും തിരിച്ച് ജയിലിൽ എത്തിക്കുകയും വേണം. അതുകൊണ്ട് തന്നെ സുരക്ഷയിൽ പൊലീസ് എടുക്കുന്ന നിലപാട് നിർണ്ണായകമാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP