Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വെടിയുണ്ടകളേറ്റു തൊണ്ട തുളഞ്ഞാൽ അവരുടെ ശബ്ദം നിലയ്ക്കുമോ? വാക്കുകളും അർത്ഥങ്ങളും ഇല്ലാതാകുമോ? കൊല്ലപ്പെടുന്നവർക്കാണ് കൊല്ലുന്നവരേക്കാൾ ദീർഘായുസ്സ്; അവർ പിന്നെയും പിന്നെയും ഉയിർത്തെഴുന്നേറ്റുകൊണ്ടിരിക്കും; മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിൽ പ്രതിഷേധസ്വരവുമായി കെ.ആർ മീര എഴുതുന്നു

വെടിയുണ്ടകളേറ്റു തൊണ്ട തുളഞ്ഞാൽ അവരുടെ ശബ്ദം നിലയ്ക്കുമോ? വാക്കുകളും അർത്ഥങ്ങളും ഇല്ലാതാകുമോ? കൊല്ലപ്പെടുന്നവർക്കാണ് കൊല്ലുന്നവരേക്കാൾ ദീർഘായുസ്സ്; അവർ പിന്നെയും പിന്നെയും ഉയിർത്തെഴുന്നേറ്റുകൊണ്ടിരിക്കും; മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിൽ പ്രതിഷേധസ്വരവുമായി കെ.ആർ മീര എഴുതുന്നു

നമ്മുടെ സ്വാതന്ത്ര്യത്തിന്റെ ഏഴു പതിറ്റാണ്ടുകൾ എത്ര വ്യർത്ഥവും നിഷ്ഫലവുമായിത്തീർന്നിരിക്കുന്നു എന്നു വിളിച്ചു പറയുന്ന ഒരു രാത്രിയാണിത്.

'ഭഗവാന്റെ മരണം' എന്ന കഥ ഡോ. കെ. എസ്. ഭഗവാൻ കന്നഡയിലേക്കു പരിഭാഷപ്പെടുത്തിയപ്പോൾ അതു പ്രസിദ്ധീകരിച്ചത് ഗൗരി ലങ്കേഷ് ആയിരുന്നു.

കഥ വായിച്ച് ഗൗരി ലങ്കേഷ് ആവേശഭരിതയായെന്നും ഇതുപോലെ ഒരു കഥ കന്നഡയിൽ ആരും എഴുതിയില്ലല്ലോ എന്നു നിരാശ പ്രകടിപ്പിച്ചെന്നും ഡോ. ഭഗവാൻ പറഞ്ഞറിഞ്ഞതുമുതൽ അവരെ കാണാൻ ആഗ്രഹിച്ചിരുന്നതാണ്. ബാംഗ്ലൂർ ഫെസ്റ്റിവലിനു പോയപ്പോൾ മറ്റു തിരക്കുകൾ മൂലം, അതു സാധിച്ചില്ല.

ഇനി സാധിക്കുകയുമില്ല.

കാരണം, ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടിരിക്കുന്നു. അമ്പത്തിയഞ്ചാം വയസ്സിൽ.

എഴുപത്തേഴുകാരനായിരുന്ന ഡോ. കൽബുർഗി കൊല്ലപ്പെട്ട അതേ വിധം.

രാത്രി എട്ടുമണിക്ക് ഓഫിസിൽനിന്നു തിരികെയെത്തി ഗേറ്റു തുറക്കുകയായിരുന്നു. അപ്പോഴാണ് ആക്രമണമുണ്ടായത്. മോട്ടോർസൈക്കിളിൽ എത്തിയ മൂന്നു പേർ വെടിവയ്ക്കുകയായിരുന്നു. അവർ ഏഴു റൗണ്ട് വെടിവച്ചു. മൂന്നു വെടിയുണ്ടകൾ ഗൗരി ലങ്കേഷിന്റെ ശരീരത്തെ തുളച്ചു. ഒന്ന് നെറ്റിയിൽ, ഒന്ന് കഴുത്തിൽ, ഒന്ന് നെഞ്ചിൽ. നാലു വെടിയുണ്ടകൾ ലക്ഷ്യം തെറ്റി ഭിത്തിയിൽ തറച്ചു.

' ഈ നാട്ടിൽ യു.ആർ. അനന്തമൂർത്തിയും ഡോ. കൽബുർഗിയും എന്റെ പിതാവ് പി. ലങ്കേഷും പൂർണ ചന്ദ്ര തേജസ്വിയും ഒക്കെയുണ്ടായിരുന്നതാണ്. അവരൊക്കെ ജവഹർലാൽ നെഹ്‌റുവിനെയും ഇന്ദിരാ ഗാന്ധിയെയും രാജീവ് ഗാന്ധിയെയും ഒക്കെ നിശിതമായി വിമർശിച്ചിട്ടുള്ളവരുമാണ്. പക്ഷേ അതിന്റെ പേരിൽ അവർ ശാരീരികമായി ആക്രമിക്കപ്പെട്ടിരുന്നില്ല. കൊല്ലപ്പെട്ടിരുന്നില്ല, അവർക്കു വധഭീഷണികൾ ലഭിച്ചിരുന്നില്ല ' എന്നു ഗൗരി ലങ്കേഷ് പറഞ്ഞിട്ട് അധികം നാളുകൾ കഴിഞ്ഞിട്ടില്ല.

'എന്റെ രാജ്യത്തെ ഭരണഘടന എന്നെ പഠിപ്പിക്കുന്നത് മതനിരപേക്ഷത പാലിക്കുന്ന പൗരനാകാനാണ്. അല്ലാതെ വർഗീയ വാദിയാകാനല്ല. അതുകൊണ്ട്, വർഗീയവാദികളെ എതിർക്കേണ്ടത് എന്റെ കടമയാണെന്നു ഞാൻ കരുതുന്നു ' എന്ന് ഉറക്കെപ്പറയാൻ അവർ അധൈര്യപ്പെട്ടിട്ടില്ല.

തളംകെട്ടി നിൽക്കുന്ന രക്തത്തിൽ വീണു കിടക്കുന്ന മെലിഞ്ഞ ശരീരം.

തുളഞ്ഞു പോയ ഒരു കണ്ഠം, ഹൃദയം, മസ്തിഷ്‌കം.

അതുകൊണ്ട്?

വെടിയുണ്ടകളേറ്റു തൊണ്ട തുളഞ്ഞാൽ അവരുടെ ശബ്ദം നിലയ്ക്കുമോ? വാക്കുകളും അർത്ഥങ്ങളും ഇല്ലാതാകുമോ?

കൊല്ലപ്പെടുന്നവർക്കാണ് കൊല്ലുന്നവരേക്കാൾ ദീർഘായുസ്സ്. അവർ പിന്നെയും പിന്നെയും ഉയിർത്തെഴുന്നേറ്റുകൊണ്ടിരിക്കും.

നിത്യമായി ഉയിർക്കുക, ഗൗരി ലങ്കേഷ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP