Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അറസ്റ്റ് തടയണമെന്ന നാദിർഷായുടെ ആവശ്യം കോടതി അംഗീകരിച്ചില്ല; ജാമ്യഹർജി പരിഗണിക്കുന്നത് 13ലേക്ക് മാറ്റി; ദിലീപിന്റെ സുഹൃത്ത് ആശുപത്രിയിൽ നിന്നിറങ്ങിയാൽ പൊലീസ് ചോദ്യം ചെയ്‌തേയ്ക്കും; നടിയെ ആക്രമിച്ച കേസിൽ നാദിർഷക്ക് പങ്കുണ്ടോയെന്നത് വി ഐ പി പറയട്ടെയെന്ന് പൾസർ സുനി; സത്യം വിചാരണ കോടതിയിൽ പറയുമെന്നും വെളിപ്പെടുത്തൽ

അറസ്റ്റ് തടയണമെന്ന നാദിർഷായുടെ ആവശ്യം കോടതി അംഗീകരിച്ചില്ല; ജാമ്യഹർജി പരിഗണിക്കുന്നത് 13ലേക്ക് മാറ്റി; ദിലീപിന്റെ സുഹൃത്ത് ആശുപത്രിയിൽ നിന്നിറങ്ങിയാൽ പൊലീസ് ചോദ്യം ചെയ്‌തേയ്ക്കും; നടിയെ ആക്രമിച്ച കേസിൽ നാദിർഷക്ക് പങ്കുണ്ടോയെന്നത് വി ഐ പി പറയട്ടെയെന്ന് പൾസർ സുനി; സത്യം വിചാരണ കോടതിയിൽ പറയുമെന്നും വെളിപ്പെടുത്തൽ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അറസ്റ്റ് തടയണമെന്ന സംവിധായകൻ നാദിർഷായുടെ ആവശ്യം ഹൈക്കോടതി തള്ളി. അതേസമയം, മുൻകൂർ ജാമ്യാപേക്ഷ 13നു പരിഗണിക്കാൻ വേണ്ടി മാറ്റി. മുൻകൂർ ജാമ്യം നൽകുന്നതിനെ ശക്തമായി എതിർക്കുമെന്ന് പ്രോസിക്യൂഷൻ അറിയിച്ചിട്ടുണ്ട്. അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിനു പിന്നാലെ ചികിത്സ തേടിയ നാദിർഷ ഇപ്പോഴും ആശുപത്രിയിൽ തന്നെയാണ്.

അതിനിടെ കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ നാദിർഷക്ക് പങ്കുണ്ടോയെന്നത് വി ഐ പി പറയട്ടെ എന്ന് പൾസർ സുനി മാധ്യമങ്ങളോട് പറഞ്ഞു. വി ഐ പി പറഞ്ഞില്ലെങ്കിൽ വിചാരണ കോടതിയിൽ താൻ പറയുമെന്നും പൾസർ സുനി പറഞ്ഞു. 2011 ൽ നടിയെ തട്ടിക്കൊണ്ട് പോയ കേസിൽ പൾസർ സുനിയുടെ റിമാൻഡ് കാലാവധി ഈ മാസം 22 വരെ എറണാകുളം മജിസ്‌ട്രേട്ട് നീട്ടി. വിയ്യൂർ ജയിലിൽ നിന്ന് മാറ്റണമെന്ന പൾസർ സുനിയുടെ അപേക്ഷയും ജാമ്യാപേക്ഷയും ഈ മാസം പതിനാലിന് പരിഗണിക്കും.

നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ 13 മണിക്കൂർ ചോദ്യം ചെയ്തതിനൊപ്പംതന്നെയാണു നാദിർഷായുടെയും വിശദമായ മൊഴി രേഖപ്പെടുത്തിയത്. വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിനു പിന്നാലെയാണു വ്യാഴാഴ്ച രാവിലെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയത്. ഇതിനൊപ്പം തന്നെ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യത്തിനായി ശ്രമവും തുടങ്ങി. അറസ്റ്റ് ഒഴിവാക്കുകയായിരുന്നു ലക്ഷ്യം. ഇത് കോടതി അനുവദിക്കാത്തത് നാദിർഷായ്ക്ക് തിരിച്ചടിയാണ്. ഈ സാഹചര്യത്തിൽ നാദിർഷായെ പൊലീസിന് കസ്റ്റഡിയിൽ എടുക്കാനാകും. എന്നാൽ ഇക്കാര്യത്തിൽ പൊലീസ് തീരുമാനം എടുത്തിട്ടില്ല. ജാമ്യ ഹർജി പരിഗണിക്കും വരെ പൊലീസ് കാത്തിരിക്കാനും സാധ്യതയുണ്ട്.

ദിലീപിന്റെ അറസ്റ്റോടെ കേസിന്റെ ഒരു ഘട്ടമേ പൂർത്തിയായിട്ടുള്ളൂ. അന്വേഷണം ഇനിയും മുന്നോട്ടുപോകേണ്ടതുണ്ടെന്നും അതിനാൽ നാദിർഷായെ ചോദ്യം ചെയ്തു വിവരം ശേഖരിച്ചേ മതിയാകൂ എന്നും ഹൈക്കോടതിയെ അറിയിക്കും. എന്നാൽ താൻ നിരപരാധിയാണെന്നും നേരത്തെ ചോദ്യം ചെയ്തപ്പോൾ തന്നെ അറിയാവുന്ന കാര്യങ്ങളെല്ലാം അന്വേഷണ സംഘത്തോടു പറഞ്ഞു കഴിഞ്ഞുവെന്നുമാണു നാദിർഷാ ജാമ്യാപേക്ഷയിൽ ബോധിപ്പിക്കുന്നത്. ഇനിയും അന്വേഷണവുമായി ഏതുവിധത്തിലും സഹകരിക്കാൻ തയാറാണെന്നും ജാമ്യം അനുവദിച്ചാലും പൊലീസ് ആവശ്യപ്പെട്ടാൽ ഹാജരാകാൻ തയാറാണെന്നും പറയുന്നു.

അതേസമയം നടിയെ ആക്രമിച്ച കേസിന്റെ വസ്തുതകൾ മറച്ചുവയ്ക്കാൻ നാദിർഷാ ശ്രമിച്ചിട്ടുണ്ട് എന്നുതന്നെയാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഇതു ഫലത്തിൽ അന്വേഷണം പരാജയപ്പെടുത്താനും ദിലീപിനെ രക്ഷിക്കാനുമുള്ള ശ്രമമായിരുന്നുവെന്നും പൊലീസ് കണക്കുകൂട്ടുന്നു. അതുകൊണ്ടുതന്നെ ദിലീപിനൊപ്പം നാദിർഷായെ പ്രതിചേർത്തേക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. ഇതിനിടെയാണ് കോടതിക്ക് മുമ്പിൽ എല്ലാം പറയുമെന്ന നിലപാട് പൾസർ വീണ്ടുമെടുക്കുന്നത്. നേരത്തെ പൊലീസ് മർദ്ദിക്കുന്നുവെന്നും മറ്റും കാട്ടി പൾസർ കോടതിയെ സമീപിച്ചിരുന്നു. ഇതേ തുടർന്നാണ് പൾസറിനെ വിയ്യൂരിലേക്ക് മാറ്റിയത്.

എന്നാൽ നാടകീയമായി വിയ്യൂർ സബ്ജയിലിൽ നിന്നും എറണാകുളം ജില്ലയിലെ ഏതെങ്കിലും ജയിലിലേയ്ക്ക് മാറ്റണമെന്നാണ് ആവശ്യം വീണ്ടും പൾസർ ഉന്നയിക്കുന്നു. വിയ്യൂരിൽ മതിയായ ചികിത്സാ സൗകര്യം പോലും കിട്ടുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുനിലിന്റെ അഭിഭാഷകൻ എറണാകുളം സിജെ.എം കോടതിയെ സമീപിച്ചിരിക്കുന്നത്. നടി ആക്രമിക്കപ്പെട്ട കേസിൽ പിടിയിലായ സുനിയെ കാക്കനാട് സബ് ജയിലിലാണ് ആദ്യം പാർപ്പിച്ചിരുന്നത്. ഇവിടെ നിന്നും സുനിയുടെ ആവശ്യപ്രകാരമാണ് അങ്കമാലി മജിസ്ട്രേറ്റ് കോടതി വിയ്യൂർ സെൻട്രൽ ജയിലിലേയ്ക്ക് മാറ്റിയത്.

കാക്കനാട് ജയിലിൽ തനിക്ക് ചിലരിൽ നിന്നും ഉപദ്രവമുണ്ടായെന്ന് പൾസർ സുനി കോടതിയെ അറിയിച്ചതിനെ തുടർന്നായിരുന്നു ആദ്യ ജയിൽ മാറ്റമെന്നായിരുന്നു റിപ്പോർട്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP