Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഫാദർ ഉഴുന്നാൽ റോമിൽ എത്തി; വത്തിക്കാനിലെ ചികിത്സകൾക്കു ശേഷം നാട്ടിലെത്തും;ഫാ. ഉഴുന്നാലിന്റെ മോചനത്തിൽ അവകാശവാദം ഉന്നയിച്ച് നേതാക്കളും രാഷ്ട്രീയപ്പാർട്ടികളും; ഒമാൻ സർക്കാരിന്റേയും വത്തിക്കാൻ പങ്കിനേയും പ്രകീർത്തിച്ച് സി.പി.എം -കോൺഗ്രസ് നേതാക്കൾ; നരേന്ദ്ര മോദി സർക്കാരിന്റെ നേട്ടമെന്ന് ബി ജെപി; ഫാദർ ഉഴുന്നാലിന്റെ മോചനത്തിൽ സുഷമാ സ്വരാജിന്റെ പങ്കിന് നന്ദിയെന്ന് പുരോഹിതർ; മോചനത്തിന് ശ്രമിച്ചവർക്കെല്ലാം നന്ദിയെന്ന് നാട്ടുകാരും ബന്ധുക്കളും

ഫാദർ ഉഴുന്നാൽ റോമിൽ എത്തി; വത്തിക്കാനിലെ ചികിത്സകൾക്കു ശേഷം നാട്ടിലെത്തും;ഫാ. ഉഴുന്നാലിന്റെ മോചനത്തിൽ അവകാശവാദം ഉന്നയിച്ച് നേതാക്കളും രാഷ്ട്രീയപ്പാർട്ടികളും; ഒമാൻ സർക്കാരിന്റേയും വത്തിക്കാൻ പങ്കിനേയും പ്രകീർത്തിച്ച് സി.പി.എം -കോൺഗ്രസ് നേതാക്കൾ; നരേന്ദ്ര മോദി സർക്കാരിന്റെ നേട്ടമെന്ന് ബി ജെപി; ഫാദർ ഉഴുന്നാലിന്റെ മോചനത്തിൽ സുഷമാ സ്വരാജിന്റെ പങ്കിന് നന്ദിയെന്ന് പുരോഹിതർ; മോചനത്തിന് ശ്രമിച്ചവർക്കെല്ലാം നന്ദിയെന്ന് നാട്ടുകാരും ബന്ധുക്കളും

മറുനാടൻ മലയാളി ബ്യൂറോ

ഒമാനിൽ മോചിതനായ ഫാദർ ഉഴുന്നാലിനെ കൊണ്ടുപോയത് റോമിലേയ്ക്കാണെന്ന് സഭ അറിയിച്ചു. വത്തിക്കാനിൽ ചികിത്സകൾക്കു ശേഷമായിരിക്കും അദ്ദേഹം നാട്ടിലെത്തുക

ഭീകരരുടെ പിടിയിൽ അകപ്പെട്ട ശേഷം ഫാ. ഉഴുന്നാലിന്റെ മോചനം അനിശ്ചിതമായി തുടരുന്നതിൽ ആശഹങ്കപ്പെട്ടവരാണ് രാജ്യത്തെ എല്ലാവരും. അപ്രതീക്ഷിത മോചനം സാദ്ധ്യമായപ്പോൾ അതിനു പിന്നിലെ നയതന്ത്രബുദ്ധിയുടെ അവകാശം തേടുയാണ് ഇപ്പോൾ പലരും. ഉഴുന്നാലിന്റെ മോചനത്തിനായി നിരന്തരമായി ശ്രമിച്ച കേന്ദ്രസർക്കാരിനും സഭയ്ക്കും ഇതിൽ അഭിമാനിക്കാം. നയതന്ത്രബന്ധം പോലുമില്ലാത്ത രാജ്യത്തു നടന്ന ഇടപാടിന്റെ കൂടുതൽ വിവരങ്ങൾ അറിവാകുന്നതേയുള്ളൂ എങ്കിലും മോചനത്തിന്റെ ക്രെഡിറ്റ് അവകാശപ്പെടുന്നവർ ഏറെയാണ്.

മസ്‌കറ്റ് കേന്ദ്രീകരിച്ചു നടന്ന നതന്ത്രമാണ് വിജയിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. മോചനവാർത്ത് ആദ്യമായി ലോകത്തെ അറിയിച്ചതും ഒമാൻ മാധ്യമങ്ങളാണ്. എന്നാൽ ഇതിലൊന്നിലും ഇന്ത്യൻ വിദേശകാര്യവകുപ്പിന്റെ പങ്കിനെ കുറിച്ച് വിശദീകരമില്ല. ഒമാനു ശേഷം തുർക്കി മാധ്യമങ്ങളും ഈ വാർത്ത പ്രസിദ്ധീകരിച്ചു. അതിനും ശേഷമാണ് ഇന്ത്യയുടേതായ സ്ഥിരീകരണം വരുന്നത്. മോചനത്തിൽ സന്തോഷമുണ്ടെന്ന കേന്ദ്രമന്ത്രി സുഷമാ സ്വരാജിന്റെ ട്വീറ്റുകൾ മാത്രമായിരുന്നു അത്. വിശദാംശങ്ങൾ കിട്ടാതായതോടെ ഉഴുന്നാലിന്റെ മോചനം ഇന്ത്യൻ വിദേശകാര്യമന്ത്രാലയം അറിയാതെയാണെന്ന ധാരണ പരന്നു. മോചനം സംബനധിച്ച വിശദാംശങ്ങളൊന്നും തന്നെ ഒമാനോ ഇന്ത്യയോ സഭയോ പുറത്തു വിട്ടിട്ടില്ല. ഇതാണ് മോചനത്തിൽ അവകാശവാദവുമായി എത്താൻ നേതാക്കൾക്കും ഇടനല്കിയത്.

യെമനിൽ നിന്ന് ഭീകരർ തട്ടിക്കൊണ്ടുപോയ മലയാളി വൈദികൻ ടോം ഉഴുന്നാലിന്റെ മോചനം ഏറെ സന്തോഷകരമാണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ആദ്യം തന്നെ പ്രതികരിച്ചത്. ഇത് ഒമാന്റെ ഇടപെടലാണെന്നും അദ്ദേഹം പറഞ്ഞു വച്ചു. ഇതാണ് പിന്നീട് ദേശീയ തലത്തിലും റിപ്പോർട്ടു ചെയ്യപ്പെട്ടത്. കേന്ദ്രസർക്കാരിന്റ ശ്രമങ്ങളെ പറ്റി അദ്ദേഹം മിണ്ടാതിരുന്നത് യാദൃശ്ചികമായിട്ടല്ല. മലയാളിയായ പുരോഹിതന്റെ മോചനത്തിന്റെ ക്രെഡിറ്റ് ബിജെപി നയിക്കുന്ന കേന്ദ്രസർക്കാരിന് പോകരുതെന്ന് സി.പി.എം നേതാവായ മുഖ്യമന്ത്രിക്ക് തോന്നുക സ്വാഭാവികം. ഫാദറിന്റെ സുരക്ഷിതമായ മടങ്ങി വരവിൽ വിശ്വാസ സമൂഹത്തിന്റെയും പൊതു സമൂഹത്തിന്റെയും ആഹ്ലാദത്തിൽ പങ്കുചേരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

ഇസ്ലാമിക ഭീകരവാദികൾ തട്ടിക്കൊണ്ടുപോയി തടവിൽ പാർപ്പിച്ചിരുന്ന മലയാളി വൈദികൻ ഫാദർ ടോം ഉഴുന്നാലിനെ മോചിപ്പിച്ചതിൽ ഉള്ള സന്തോഷത്തിൽ കേരളത്തിലെ മുഴുവൻ ജനങ്ങളോടൊപ്പം പങ്കു ചേരുന്നതായാണ് ബിജെപി സംസ്ഥാന നേതൃത്വം അറിയിച്ചത്. നരേന്ദ്ര മോദി സർക്കാരിന്റെ പ്രത്യേകിച്ച് വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ ആത്മാർഥമായ ശ്രമങ്ങളുടെ ഫലമാണ് ഫാദർ ഉഴുന്നാലിന്റെ മോചനമെന്നും ബിജെപിയുടെ പ്രസ്താവനയിൽ പറയുന്നു. ഫാദർ ഉഴുന്നാലിന്റെ മോചനത്തിന് ദീർഘനാളത്ത പ്രയത്‌നം വേണ്ടിവന്നത് അവിടുത്തെ പ്രത്യേക സാഹചര്യം മൂലമാണെന്ന് കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനവവും പ്രതികരിച്ചു. മോദി സർക്കാരിന്റ ആത്മാർത്ഥമായ സമീപനമാണ് ഇക്കാര്യത്തിൽ ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു

ഭീകരരുടെ പിടിയിൽ നിന്നും ഫാദർ ഉഴുന്നാലിനെ മോചിപ്പിക്കണം എന്നാവശ്യപ്പെട്ട് കേന്ദ്രസർക്കാരിൽ പലതവണ കോൺഗ്രസ് സമ്മർദ്ദം ചൊലുത്തിവരുകയായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പ്രണബ് മുഖർജി രാഷ്ട്രപതിയായിരുന്ന കാലത്ത് അദ്ദേഹത്തിന് നിവേദനം നൽകിയത് കൂടാതെ പലതവണ വിദേശകാര്യമന്ത്രി സുഷമാസ്വരാജിനോട് താൻ നേരിട്ട് സംസാരിക്കുകയും ചെയ്തിരുന്നതായും രമേശ് ചെന്നിത്തല പറഞ്ഞു. ഇടുക്കി ഡിസിസി പ്രസിഡന്റ് ഇബ്രാഹിം കുട്ടികല്ലാറിന്റെ നേതൃത്വത്തിൽ ഒരുലക്ഷം ഒപ്പിട്ട ഭീമ ഹർജി ഫാ. ടോം ഉഴുന്നാലിന്റെ രാമപുരത്തെ വസതിയിൽ വച്ച് താൻ ഏറ്റുവാങ്ങി പ്രധാനമന്ത്രിക്ക് കൈമാറുകയും ചെയ്തിരുന്നുവെന്നും രമേശ് ചെന്നിത്തല ഓർമ്മിപ്പിക്കുന്നുണ്ട്. ഒമാൻ മാധ്യമങ്ങളാണ് ആശ്വാസവാർത്ത ലോകത്തെ അറിയിച്ചിരിക്കുന്നതെന്നും മോചനത്തിന് ഇടപെട്ട ഒമാൻ സർക്കാരിനും വത്തിക്കാനും അദ്ദേഹം നന്ദിപറയുന്നുമുണ്ട്. കോൺഗ്രസ് നേതാവായ അദ്ദേഹവും കേന്ദ്രസർക്കാരിന്ഞറെ ശ്രമങ്ങളെ 'ബോധപൂർവ്വം' മറന്നു. ഉഴുന്നാലിന്റ മോചനത്തിനുള്ള ശ്രമങ്ങൾ ഫലവത്തായതിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും സന്തുഷ്ടി പ്രകടിപ്പിച്ചു. അതി കഠിനമായ ദിവസങ്ങളിലൂടെയാണ് ഫാദർ ഉഴുന്നാൽ കടന്നുപോയത്. താൻ കൂടി പങ്കാളിയായ മോചനശ്രമങ്ങൾ ഫലം കണ്ടതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഫാദർ ടോം ഉഴുന്നാലിനെ മോചിതനാക്കിയതിൽ ആശ്വാസവും സന്തോഷവുമുണ്ടെന്ന് കെ.എം.മാണി പറഞ്ഞു. ഫാദറിന്റെ മോചനത്തിനായി നിയമസഭയിൽ അവതരിപ്പിച്ച പ്രമേയങ്ങളെ പറ്റിയും കേന്ദ്രത്തിൽ നടത്തിയ സമ്മർദ്ദത്തെ പറ്റിയും അദ്ദേഹം ഓർത്തെടുക്കുന്നുണ്ട്. വത്തിക്കാനിൽ പോയപ്പോൾ ഫാദറിനോടൊപ്പം യെമനിൽ ദുരന്തത്തിൽ പെട്ട കന്യാസ്്ത്രീയ കേന്ദ്രമന്ത്രി സുഷമാ സ്വരാജുമായി ബന്ധപ്പെടുത്തിയ സംഭവം ജോസ് കെ മാണി എം പിയും വിശദീകരിക്കുന്നു. ലോക്‌സഭയിൽ നടത്തിയ പോരാട്ടങ്ങളും അദ്ദേഹവും ഓർമ്മിപ്പിക്കുന്നു

എന്നാൽ ഇത്തരം രാഷ്ട്രീയക്കളിയൊന്നും സഭ പ്രകടിപ്പിച്ചില്ല. ടോമച്ചൻ മോചിപ്പിക്കപ്പെട്ടതിൽ ദൈവത്തിന് നന്ദി പറയുന്നതായി കർദ്ദിനാൾ മാർ ക്‌ളിമിസ് പറഞ്ഞു. ഇതിൽ ഇടപെട്ട വിദേശമന്ത്രാലയത്തിന് അദ്ദേഹം പ്രത്യക നന്ദിയും പറയുന്നു. സഭാനേതൃത്വത്തിന്റേയും ബനധുക്കളുടേയും പരാതികൾ സുഷമാ സ്വരാജ് വളര കാര്യമായാണ് കേട്ടതെന്നും അദ്ദേഹം പ്രതികരിച്ചു. നേതൃത്വത്തിന്റ വിശദീകരണത്തിനായി കാത്തിരിക്കുകയാണ് കേരളത്തിലെ സഭയെന്നും അദ്ദേഹം പറയുന്നു.

പ്രാർത്ഥനകൾക്ക് ഫലമുണ്ടായതായാണ് ബന്ധുക്കൾ കോട്ടയം രാമപുരത്ത് പ്രതികരിച്ചത്. അച്ചനെ കാണാതായതുമുതൽ തുടങ്ങിയ പ്രാർത്ഥന ഒരുദിവസം പോലും മുടക്കിയില്ല. ഭീകരരുടെ മനസ്സു മാറിയതിൽ ദൈവത്തിന് നന്ദി പറയുന്നതായയും അവർ പറഞ്ഞു. ജന്മനാട്ടില്ലെത്തുന്ന ടോമച്ചന്് ഗംഭീരമായ സ്വീകരണം നല്കുമെന്നും ഇവർ പറയുന്നു.

വിദേശത്ത് നടന്ന ഇടപാടിന്റ വിശദാംശങ്ങൾ ഒരു പക്ഷേ ഒരിക്കലും പുറത്തു വരാനിടയില്ലെന്നാണ് വിദേശകാര്യ വിദഗ്ദ്ധർ പറയുന്നത്. കാരണം അന്താരാഷ്ട്രതലത്തിൽ ഭീകരരുമായി നടത്തിയ ഇടപാടാണ്. അതിൽ പണം ഇടപാട് നടന്നിട്ടുണ്ടോ എന്നു പോലും വ്യക്തമാക്കാനിടയില്ല. പണം യഥാർത്ഥത്തിൽ കൊടുത്തിട്ടുണ്ടൈങ്കിൽ പോലും ഒരു രാജ്യമോ സഭയോ ഇതു പുറത്തുവിടില്ല. ചർച്ച നടത്തിയ കക്ഷികൾ ആരൊക്കൈ എന്നു പോലും വെളിപ്പെടുത്താൻ അവർ ഒരു പക്ഷേ ആഗ്രഹിക്കുന്നുണ്ടാവില്ല. ഇതൊക്കെ ഇത്തരം അന്താരാഷ്ട്ര സംഭവങ്ങളിൽ നയതന്ത്രതലത്തിൽ പതിവാണൈന്നും അവർ പറയുന്നു. മറ്റെല്ലാം കേവലം രാഷ്ട്രീയ നേട്ടങ്ങൾക്കു വേണ്ടിയുള്ള അവകാശവാദമായി കണ്ടാൽ മതിയാവും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP