Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കാത്തു സൂക്ഷിച്ച സ്ഥാന മോഹങ്ങളൊക്കെ എവിടെനിന്നോ വരുന്നവർ തട്ടിയെടുക്കുന്നു; കേരളത്തിലെ ബിജെപി നേതാക്കൾക്ക് ഇരിക്കപ്പൊറുതിയില്ല: കേന്ദ്ര നേതാക്കളെ അതൃപ്തി അറിയിച്ച് കേരള ഘടകം: ഗ്രൂപ്പ് മറന്ന് ഇനി കേരളത്തിലെ ബിജെപി നേതാക്കൾ ഒരുമിച്ച് നീങ്ങും

കാത്തു സൂക്ഷിച്ച സ്ഥാന മോഹങ്ങളൊക്കെ എവിടെനിന്നോ വരുന്നവർ തട്ടിയെടുക്കുന്നു; കേരളത്തിലെ ബിജെപി നേതാക്കൾക്ക് ഇരിക്കപ്പൊറുതിയില്ല: കേന്ദ്ര നേതാക്കളെ അതൃപ്തി അറിയിച്ച് കേരള ഘടകം: ഗ്രൂപ്പ് മറന്ന് ഇനി കേരളത്തിലെ ബിജെപി നേതാക്കൾ ഒരുമിച്ച് നീങ്ങും

കോഴിക്കോട്: കേരളത്തിലെ ബിജെപി നേതാക്കൾ ഇനി ഒരുമിച്ച് നീങ്ങും. ആഗ്രഹിച്ച സ്ഥാനമാനങ്ങൾ എല്ലാം കൈവിട്ടു പോകുന്നതിൽ കടുത്ത അതൃപ്തിയാണ് കേരളത്തിലെ ബിജെപി ഘടകത്തിനുള്ളത്. കേരള നേതാക്കൾ മനസ്സിൽ പോലും വിചാരിക്കാത്ത സമയത്താണ് സുരേഷ് ഗോപി എംപിയായതും ഇടിവെട്ടേറ്റവന്റെ തലയിൽ പാമ്പുകടിച്ചെന്ന പോലെ അൽഫോൻസ് കണ്ണന്താനം കേന്ദ്ര മന്ത്രിയായതും. ഇനി എങ്കിലും തങ്ങൾക്ക് അർഹതപ്പെട്ടത് തങ്ങൾക്ക് തന്നെ കിട്ടണം എന്ന് ഉറപ്പിച്ച് ഗ്രൂപ്പ് മറന്ന് ഒരുമിച്ച് നീങ്ങാനാണ് കേരളത്തിലെ ബിജെപി ഘടകത്തിന്റെ തീരുമാനം.

കേരളത്തിൽ ഏഴു ശതമാനമായിരുന്ന ബിജെപി വോട്ടുകൾ 15 ശതമാനത്തിൽ എത്തിച്ചതു കേരള നേതാക്കളുടെ അധ്വാനമാണെന്നും ഇതു പരിഗണിക്കാതെ പോകുന്നത് അനീതിയാണെന്നും അവർ കേന്ദ്രത്തിൽ പരാതി അറിയിച്ചുകഴിഞ്ഞു. എന്നാൽ, പ്രധാനമന്ത്രിയോടോ അമിത്ഷായോടോ പരാതി പറയാൻ ഒരാൾക്കും ധൈര്യമില്ല. കേരള നേതാക്കൾക്ക് അടുപ്പമുള്ള ചില കേന്ദ്ര നേതാക്കളെയാണ് പരാതി അറിയിച്ചത്.

ശക്തി തെളിയിക്കാൻ ഗ്രൂപ്പു മറന്ന് ഒന്നിക്കണമെന്ന സന്ദേശം നേതാക്കൾ പരസ്പരം കൈമാറി. പൊതുസമ്മതർ എന്ന നിലയിൽ എ.എൻ.രാധാകൃഷ്ണനും പി.എസ്.ശ്രീധരൻപിള്ളയുമാണ് ഐക്യ നീക്കത്തിനു മുൻകൈ എടുക്കുന്നതെന്നാണ് വിവരം. വിശ്വഹിന്ദു പരിഷത്തിന്റെ ഹിന്ദു ഹെൽപ് ലൈൻ അഖിലേന്ത്യാ ജോയിന്റ് കൺവീനർ പ്രജീഷ് വിശ്വനാഥ്, തന്ത്രികുടുംബത്തിലെ ഇളമുറക്കാരൻ രാഹുൽ ഈശ്വർ, ബിജെപി ഇന്റലക്ച്വൽ സെൽ കൺവീനർ ആർ.ബാലശങ്കർ എന്നിവരാണ് ബിജെപിയുടെ പ്രധാന പദവികളിലേക്കു പരിഗണിക്കപ്പെടുന്നത്. ഇതിൽ രാഹുൽ ഈശ്വറും ബാലശങ്കറും വക്താക്കളാകുമെന്നും പ്രജീഷ് വിശ്വനാഥ് സെക്രട്ടറി പദവിയിലേക്കു പരിഗണിക്കപ്പെടുമെന്നും ആണു സൂചന.

കുമ്മനം രാജശേഖരന് ഉറപ്പിച്ച കേന്ദ്രമന്ത്രി സ്ഥാനം അൽഫോൻസ് കണ്ണന്താനം കൊണ്ടു പോയതിനു പിന്നിൽ കേരള ഘടകത്തിലെ ഗ്രൂപ്പു പോരും അഴിമതി ആരോപണങ്ങളുമാണ്. കേരള നേതാക്കളെ കാഴ്ചക്കാരായി നിർത്തി മറ്റു ചില മലയാളി നേതാക്കളും ബിജെപിയുടെ പ്രധാന നേതൃത്വത്തിലേക്കു വരുന്നെന്ന വാർത്തയാണ് സംസ്ഥാന നേതാക്കളുടെ സമാധാനം കെടുത്തുന്നത്. ഈ നീക്കത്തിൽ കേരള നേതാക്കൾക്കുള്ള കടുത്ത നിരാശ താഴേത്തട്ടിലും പ്രതിഫലിച്ചു തുടങ്ങി.

കേരളത്തിനൊരു കേന്ദ്രമന്ത്രിയെ കിട്ടിയിട്ടും കാര്യമായ ചലനങ്ങൾ താഴേത്തട്ടിൽ ഉണ്ടായില്ല. അഭിവാദ്യം അർപ്പിക്കുന്ന പോസ്റ്ററുകൾ കോട്ടയം ജില്ലയ്ക്കപ്പുറം ഉണ്ടായില്ല. കേരളത്തിന്റെ വലിയ നേട്ടമായി ഉയർത്തിക്കാട്ടേണ്ട മന്ത്രിപദവിയെക്കുറിച്ചു നേതാക്കൾ കാര്യമായൊന്നും മിണ്ടാത്തതു പാർട്ടിക്കുള്ളിലെ അമർഷത്തിന്റെ സൂചനയാണ്. പരാതി പരിഹരിക്കുന്നതിന്റെ ഭാഗമായി കേരളത്തിലെ ചില നേതാക്കളെ ഉയർന്ന പദവികളിലേക്കു പരിഗണിക്കുമെന്ന സൂചന നിലനിൽക്കുന്നതിനാൽ പരസ്യ നിലപാടുകൾ വേണ്ടെന്നാണ് ഇവർക്കിടയിലെ പൊതുധാരണ. ഗവർണർ പദവികളിൽ വരെ പരിഗണിക്കപ്പെടാനുള്ള സാഹചര്യം ഇല്ലാതാക്കേണ്ടെന്നാണ് പൊതു അഭിപ്രായം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP