Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബന്ധുക്കളേയും അഭിഭാഷകനേയും കാണാനെത്തിയ കാരായി എന്തിന് സംഘാടക സമിതിയുടെ ബാഡ്ജ് അണിഞ്ഞു? സിനിമാ അവാർഡ് വിതരണ ചടങ്ങിൽ സി.പി.എം നേതാവെത്തിയത് ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് സിബിഐ; ഫസൽക്കേസിലെ പ്രതിയെ വീണ്ടും അഴിക്കുള്ളിലാക്കാൻ ഹൈക്കോടതിയെ സമീപിച്ച് കേന്ദ്ര അന്വേഷണ ഏജൻസി

ബന്ധുക്കളേയും അഭിഭാഷകനേയും കാണാനെത്തിയ കാരായി എന്തിന് സംഘാടക സമിതിയുടെ ബാഡ്ജ് അണിഞ്ഞു? സിനിമാ അവാർഡ് വിതരണ ചടങ്ങിൽ സി.പി.എം നേതാവെത്തിയത് ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് സിബിഐ; ഫസൽക്കേസിലെ പ്രതിയെ വീണ്ടും അഴിക്കുള്ളിലാക്കാൻ ഹൈക്കോടതിയെ സമീപിച്ച് കേന്ദ്ര അന്വേഷണ ഏജൻസി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ജാമ്യ വ്യവസ്ഥ മറികടന്ന് സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങിൽ പങ്കെടുത്ത കാരായി രാജന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിബിഐ ഹൈക്കോടതിയെ സമീപിച്ചു. കഴിഞ്ഞ ദിവസം തലശേരിയിൽ നടന്ന ചലച്ചിത്ര അവാർഡ് ദാന ചടങ്ങിലാണ് കാരായി രാജൻ പങ്കെടുത്തത്. മുഖ്യമന്ത്രിയുടെ സാന്നിധ്യമുള്ള ചടങ്ങായിരുന്നു ഇത്. അതിനിടെ സംഘാടക സമിതിയുടെ ബാഡ്ജ് ധരിച്ചാണ് കാരായി വേദിയിലിരുന്നതെന്ന് വ്യക്തമാക്കുന്ന ഫോട്ടോ മറുനാടന് ലഭിച്ചു.

കണ്ണൂർ ജില്ലയിൽ പ്രവേശിക്കരുതെന്ന കോടതി വിലക്കുള്ളപ്പോഴാണ് ചടങ്ങിൽ പങ്കെടുക്കുകയും രഹസ്യമായി പലരെയും കാണുകയും ചെയ്തതെന്നാണ് സിബിഐ പറയുന്നത് താൻ കോടതിയുടെ അനുമതിയോടെ ജില്ലാപഞ്ചായത്ത് യോഗത്തിനു വന്നതാണെന്നും ബന്ധുക്കളും തന്റെ അഭിഭാഷകനും അവാർഡ് ദാനച്ചടങ്ങിലുണ്ടെന്നറിഞ്ഞ് അവിടെ പോയതുമാണെന്നാണ് കാരായി രാജന്റെ വിശദീകരണം. എന്നാൽ ഇതു പച്ചക്കള്ളമാണെന്ന് സിബിഐ പറയുന്നു.

തലശേരി എംഎൽഎ എ.എൻ. ഷംസീറിന്റെ ക്ഷണമനുസരിച്ച് എത്തിയ കാരായി രാജൻ പരിപാടിക്ക് മണിക്കൂറുകൾ മുമ്പേ ചടങ്ങ് നടക്കുന്ന സ്റ്റേഡിയത്തിലെത്തി. സബ് ജയിൽ റോഡിൽ വാഹനത്തിലിരുന്ന് ഫസലിന്റെ ബന്ധുക്കളുമായും പാർട്ടി അഭിഭാഷകനുമായും ആശയവിനിമയം നടത്തിയതായും സിബിഐ സംശയിക്കുന്നു. ഈ സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിച്ചത്. കാരായി ബാഡ്ജ് ധരിച്ചിരിക്കുന്നത് ഇതിന് തെളിവാണെന്നും സിബിഐ പറയുന്നു.

ഫസൽ വധക്കേസിൽ പ്രതിയായ രാജന് കണ്ണൂർ ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്കുണ്ട്. ഈ ഉപാധിയോടെ ജാമ്യത്തിലിറങ്ങിയ രാജൻ ഇപ്പോൾ തിരുവനന്തപുരത്താണ് കഴിയുന്നത്. കണ്ണൂർ ജില്ലാപഞ്ചായത്ത് അംഗമാണ് രാജൻ. ജില്ലാപഞ്ചായത്ത് യോഗത്തിൽ പങ്കെടുക്കാനാണ് അദ്ദേഹം കണ്ണൂരിലെത്തിയതെന്നാണ് വിവരം. എന്നാൽ, പുരസ്‌കാരം സമ്മാനിക്കുന്ന ചടങ്ങിൽ പങ്കെടുക്കാൻ പ്രത്യേക അനുമതി ഇദ്ദേഹം കോടതിയിൽനിന്ന് വാങ്ങിയിരുന്നില്ല.

തലശ്ശേരിയിൽ എൻ.ഡി.എഫ്. പ്രവർത്തകനായ ഫസൽ കൊല്ലപ്പെട്ട കേസിലെ എട്ടാം പ്രതിയാണു കാരായി രാജൻ. കേസിൽ പ്രതിയായിരിക്കെ രാജൻ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിച്ച് കണ്ണൂർ ജില്ലാ പഞ്ചായത്തിലേക്കു വിജയിച്ചിരുന്നു. കഴിഞ്ഞ ജൂണിലാണ് കാരായി രാജന് എറണാകുളം ജില്ല വിട്ടുപോകാൻ സിബിഐ. പ്രത്യേക കോടതി താത്കാലിക അനുമതി നൽകിയത്. പാർട്ടിയുടെ നിയന്ത്രണത്തിലുള്ള അച്ചടിസ്ഥാപനത്തിൽ പ്രൂഫ് റീഡറായി ജോലി ലഭിച്ചതിനാൽ തിരുവനന്തപുരത്തു താമസിക്കാൻ അനുവാദം വേണമെന്നു കാരായി രാജൻ കോടതിയോട് അപേക്ഷിച്ചിരുന്നു.

സംഘാടകരിലൊരാളായി അവസാനം വരെ കാരായി അവാർഡ് ദാന വേദിയിൽ സജീവമായിരുന്നുവെന്ന് ബിജെപിയും ആരോപിച്ചിരുന്നു. അവാർഡ് ദാനചടങ്ങിന്റെ മുൻനിര സീറ്റിൽ സ്വാഗതസംഘം ബാഡ്ജുമണിഞ്ഞ് കാരായി രാജൻ ഇരിപ്പുറപ്പിച്ചു. എ.എൻ. ഷംസീർ എംഎൽഎ, നഗരസഭ ചെയർമാൻ സി.കെ.രമേശൻ, പുഞ്ചയിൽ നാണു തുടങ്ങിയ നേതാക്കളുമായും പ്രവർത്തകരുമായും സംസാരിച്ചുവെന്ന് ബിജിപി ആരോപിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP