Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഭാര്യയുമായുള്ള വിവാഹമോചനക്കേസ് കുരിശായി: ബന്ധം പിരിയുമ്പോൾ കൊടുക്കാനുള്ള നഷ്ടപരിഹാരത്തിനായി തട്ടിപ്പിനിറങ്ങി: ചെറിയ തുകയ്ക്ക് വിദേശജോലി വാഗ്ദാനം ചെയ്തപ്പോൾ എല്ലാവരും വിശ്വസിച്ചു: നാലുപേരിൽ നിന്ന് 4.25 ലക്ഷം തട്ടിയ വ്യത്യസ്തനായ തട്ടിപ്പുകാരന്റെ കഥ വായിക്കാം

ഭാര്യയുമായുള്ള വിവാഹമോചനക്കേസ് കുരിശായി: ബന്ധം പിരിയുമ്പോൾ കൊടുക്കാനുള്ള നഷ്ടപരിഹാരത്തിനായി തട്ടിപ്പിനിറങ്ങി: ചെറിയ തുകയ്ക്ക് വിദേശജോലി വാഗ്ദാനം ചെയ്തപ്പോൾ എല്ലാവരും വിശ്വസിച്ചു: നാലുപേരിൽ നിന്ന് 4.25 ലക്ഷം തട്ടിയ വ്യത്യസ്തനായ തട്ടിപ്പുകാരന്റെ കഥ വായിക്കാം

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: ജീവിത പ്രാരബ്ധം കള്ളനും തട്ടിപ്പുകാരനുമാക്കിയ നിരവധിപ്പേരുടെ കഥ നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ, ഭാര്യ നൽകിയ വിവാഹമോചന ഹർജിയിൽ നഷ്ടപരിഹാരം നൽകുന്നതിന് പണം കണ്ടെത്താൻ തട്ടിപ്പിന് ഇറങ്ങിയ ആളെക്കുറിച്ച് കേട്ടിട്ടുണ്ടോ? തട്ടിപ്പിൽ വ്യത്യസ്ത പരീക്ഷിച്ച ആ യുവാവിനെ നമുക്ക് പരിചയപ്പെടാം.

ഖത്തറിൽ ജോലി വാഗ്ദാനം ചെയ്ത് നാലുപേരിൽ നിന്ന് സമാഹരിച്ചത് 4.25 ലക്ഷമാണ്. പൊലീസിൽ പരാതി പോയപ്പോൾ തനിക്ക് ഇവരെയൊന്നും അറിയില്ലെന്ന് പറഞ്ഞ് മുങ്ങി. തിരുവൻവണ്ടൂർ തോപ്പിൽ വീട്ടിൽ ദിലീപ് തോമസി(43)നെയാണ് പെരുമ്പെട്ടി എസ്ഐ സിടി സഞ്ജയിന്റെ നേതൃത്വത്തിൽ മൊബൈൽ ടവർ ലൊക്കേഷൻ നോക്കി പിന്തുടർന്ന് അറസ്റ്റ് ചെയ്തത്. 2.25 മൂന്നുപേരിൽ നിന്നും തട്ടിയത് പെരുമ്പെട്ടി സ്റ്റേഷനിലും രണ്ടുലക്ഷം ഒരാളിൽ നിന്ന് തട്ടിയതിന് ചെങ്ങന്നൂർ സ്റ്റേഷനിലും ഇയാൾക്കെതിരേ കേസുണ്ട്.

ഡൽഹിയിൽ ഡ്രൈവറായിരുന്ന ദിലീപ് അടുത്ത കാലത്തായി സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്നു. അത് പരിഹരിക്കാൻ വാഹനദല്ലാളായും ജോലി ചെയ്തു. ഡൽഹിയിൽ നിന്ന് വിലകുറച്ച് സെക്കൻഡ് ഹാൻഡ് വാഹനങ്ങൾ വാങ്ങാനെത്തുന്നവർക്ക് ഇടനിലക്കാരനായിട്ടായിരുന്നു പ്രവർത്തനം. ഇതിനിടെയാണ് ഭാര്യ വിവാഹ മോചനത്തിന് കേസ് നൽകിയത്. വിവാഹ മോചനം അനുവദിക്കുമ്പോൾ വൻതുക നഷ്ടപരിഹാരം നൽകേണ്ടി വരുമെന്ന് കണ്ടാണ് തട്ടിപ്പിന് ഇറങ്ങിയതെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. 35,000 രൂപയ്ക്ക് ഖത്തറിൽ കൊണ്ടുപോകാമെന്നായിരുന്നു വാഗ്ദാനം. തുക കുറവായതാണ് ഉദ്യോഗാർഥികൾ ഇയാളെ വിശ്വാസത്തിലെടുക്കാൻ കാരണമായത്.

ആദ്യഗഡു കൈപ്പറ്റിക്കഴിഞ്ഞ് വീണ്ടും 40,000 രൂപ വീതം പല കാരണങ്ങൾ പറഞ്ഞ് കൈവശപ്പെടുത്തി. ഇൻഡസ് ഇൻഡ് ബാങ്കിന്റെ തിരുവല്ല ശാഖയിലെ അക്കൗണ്ടിലേക്കാണ് ഇയാൾ പണം വാങ്ങിയത്. പറഞ്ഞ സമയത്ത് ജോലി കിട്ടാതെ വന്നതോടെ ഉദ്യോഗാർഥികൾ ദിലീപിനെ വിളിച്ചു. ആദ്യമൊക്കെ അറ്റൻഡ് ചെയ്തിരുന്നുവെങ്കിലും പിന്നീട് ഫോൺ എടുക്കാതെയായി. ഇതോടെഉദ്യോഗാർഥികൾ പൊലീസിൽ പരാതി നൽകി. ഇതേപ്പറ്റി അന്വേഷിക്കാൻ ദിലീപിനെ വിളിച്ച എസ്ഐയോട് തനിക്ക് പരാതിക്കാരെ ആരെയും അറിയില്ലെന്നും അവർ കളവാണ് പറയുന്നത് എന്നുമാണ് ഇയാൾ പറഞ്ഞത്.

ഡൽഹിയിലായിരുന്ന പ്രതി ഫോൺ ഓഫ് ചെയ്ത് വച്ചതു കാരണം കണ്ടെത്താനും പൊലീസ് ബുദ്ധിമുട്ടി. ഇയാളുടെ നമ്പർ നിരന്തരം നിരീക്ഷിച്ചു വന്ന പൊലീസ് കഴിഞ്ഞ ദിവസം ഇയാൾ തിരുവൻവണ്ടൂരിലെ വീട്ടിലെത്തിയെന്ന് കണ്ടെത്തി. ഇവിടെയെത്തിയാണ് പൊലീസ് സംഘം കസ്റ്റഡിയിൽ എടുത്തത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. ജില്ലാ പൊലീസ് മേധാവി സതീഷ് ബിനോയുടെ നിർദേശപ്രകാരം തിരുവല്ല ഡിവൈ.എസ്‌പി ആർ ചന്ദ്രശേഖരപിള്ള, മല്ലപ്പള്ളി സിഐ കെ സലിം എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. സിവിൽ പൊലീസ് ഓഫീസർമാരായ ജേക്കബ്, രതീഷ്, അജാസ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP