Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഓച്ചിറക്ഷേത്രത്തിലെ അഗതികളെ തെണ്ടികളെന്ന് ആക്ഷേപിച്ചതായി പരാതി ; പരബ്രഹ്മക്ഷേത്രത്തെ കുറിച്ച് തയ്യാറാക്കിയ പരിപാടിയുടെ പേര് തെണ്ടികളുടെ ദൈവം; കൈരളി ടിവി ചാനലിനും സംവിധായകനുമെതിരെ വ്യാപക പ്രതിഷേധം; തനിക്ക് സംഘപരിവാർ ഭീഷണിയെന്ന് സംവിധായകൻ

ഓച്ചിറക്ഷേത്രത്തിലെ അഗതികളെ തെണ്ടികളെന്ന് ആക്ഷേപിച്ചതായി പരാതി ; പരബ്രഹ്മക്ഷേത്രത്തെ കുറിച്ച് തയ്യാറാക്കിയ പരിപാടിയുടെ പേര് തെണ്ടികളുടെ ദൈവം; കൈരളി ടിവി ചാനലിനും സംവിധായകനുമെതിരെ വ്യാപക പ്രതിഷേധം; തനിക്ക് സംഘപരിവാർ ഭീഷണിയെന്ന് സംവിധായകൻ

കൊല്ലം:അമ്പലവും പ്രതിഷ്ഠയുമില്ലാത്ത ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തെകുറിച്ചുള്ള പരിപാടി സംപ്രേഷണം ചെയ്ത കൈരളി ചാനലിനും സംവിധായകൻ ബിജു മത്തത്തിക്കുമെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക പ്രതിഷേധം.കൈരളി ചാനലിലെ പ്രതിവാര പരിപാടിയായ കേരള എക്സ്‌പ്രസിലായിരുന്നു അഗതികൾക്ക് അഭയം കൊടുക്കുന്ന അഗതി മന്ദിരമായാണ് ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തെ പരിപാടിയിൽ അവതരിപ്പിച്ചത്. എന്നാൽ പരിപാടിക്ക് തെണ്ടികളുടെ ദൈവം എന്ന പേരാണ് നൽകിയത്.

അശരണരുടെയും ആലംബഹീനരുടെയും അഭയകേന്ദ്രമാണ് ഓച്ചിറ പരബ്രഹ്മ ക്ഷേത്രം. ജീവിത സാഹചര്യങ്ങൾ കൊണ്ടോ വിധിയുടെ വിളയാട്ടം കൊണ്ടോ അനാഥരായോ വൈകല്യമുള്ളവരായോ അവിടെ എത്തിപ്പെട്ടു ഭജനം പാർക്കുന്ന അഗതികളെ തെണ്ടികൾ എന്നു വിശേഷിപ്പിച്ചതിലാണ് ശക്തമായ പ്രതിഷേധം സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടത്.

'കേരളത്തിലെ വളരെ പഴയ ബുദ്ധമത കേന്ദ്രമായിരുന്നു ഓച്ചിറ. ക്ഷേത്രവും പ്രതിഷ്ഠയുമില്ലാത്ത ആരാധനാ സങ്കൽപ്പം. അത് ഓങ്കാര മൂർത്തിയായ പരബ്രഹ്മമോ പരമശിവനോ ആയത് പിൽക്കാല ചരിത്രപരിണാമമാണ്. കുടിൽകെട്ടി ഭജനംപാർപ്പാണ് ഓച്ചിറയിലെ പ്രധാന പ്രാർത്ഥന'. ഓച്ചിറ അമ്പലത്തിന്റെ ഈ ചരിത്രം പറഞ്ഞ പരിപാടിയുടെ പേര് ' തെണ്ടികളുടെ ദൈവം' എന്നായിരുന്നു. ഇതിനെതിരെയാണ് പ്രതിഷേധം രൂക്ഷമായത്. പ്രതിഷേധം ശക്തമായതോടെ സംഘപരിവാറും രംഗത്തെത്തി.

ഹിന്ദുമതത്തെ അപമാനിച്ചെന്നും ഓച്ചിറ പരബ്രഹ്മത്തെ അവഹേളിച്ചെന്നുമാണ് സംഘപരിവാറിന്റെ ആരോപണം. ഇവ ഉന്നയിച്ച് തനിക്ക് സംഘപരിവാറിന്റെ ഭീഷണിയുണ്ടെന്ന് പരിപാടിയുടെ സംവിധായകനായ ബിജു മുത്താത്തി മറുനാടൻ മലയാളിയോട് പറഞ്ഞു. അതേസമയം തെണ്ടി എന്നത് തെറിപ്രയോഗമല്ലെന്നും എല്ലാ മനുഷ്യരുടേയും അവസാനത്തെ അവസ്ഥയാണിതെന്നും അത് ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിൽ നിന്നും മനസിലാകുമെന്നും ബിജു വ്യക്തമാക്കുന്നു.

മോഹൻലാൽ നായകായ പാദമുദ്ര എന്ന ചിത്രത്തിൽ ഓച്ചിറയിലെ പ്രതിഷ്ടയില്ലാത്ത അമ്പലത്തെ കുറിച്ച് പറയുന്ന ഡയലോഗിൽ നിന്നുമാണ് പരിപാടിക്ക് ഈ പേര് സ്വീകരിച്ചതെന്നും അതല്ലാതെ ക്ഷേത്രത്തേയോ ഹിന്ദുമതത്തേയോ അപമാനിക്കാൻ ശ്രമിച്ചിട്ടില്ലെന്നും അത്തരം ആരോപണങ്ങൾ പരിപാടി കാണാത്തവരാണ് നടത്തുന്നതെന്നും അദ്ദേഹം പറയുന്നു..

സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയാണ് ക്ഷേത്രത്തിലെത്തുന്ന അഗതികൾക്ക് വേണ്ട ഭക്ഷണവും ചികിത്സയും നൽകുന്നത്. കാലങ്ങളായി ക്ഷേത്രത്തിന്റെ നടത്തിപ്പിലേക്ക് കടന്നു ചെല്ലാൻ സംഘപരിവാറിന് കഴിഞ്ഞിരുന്നില്ല. അതിനാൽ സി.പി.എം നേതൃത്വം പാർട്ടി ചാനലിലൂടെ ക്ഷേത്രത്തേയും ഹിന്ദുമതത്തേയും അപമാനിച്ചുവെന്ന് വരുത്തി തീർക്കാനും അതുവഴി ക്ഷേത്രത്തിന്റെ നടത്തിപ്പ് അവകാശം കൈയാളാനുമാണ് ശ്രമിക്കുന്നതെന്നും ബിജു ആരോപിക്കുന്നു.

പരിപാടി ഇന്നലെ സംപ്രേഷണം ചെയ്തതിന് പിന്നാലെ നിരവധി സംഘപരിവാർ ഗ്രൂപ്പുകളിൽ നിന്നും മറ്റുമായി ബിജുവിനെതിരെ വധഭീഷണിയടക്കം വന്നു കൊണ്ടിരിക്കുകയാണ്.

ഓച്ചിറയിലെ പ്രതിഷ്ടയില്ലാത്ത ക്ഷേത്രത്തെ പരിപാടിയിൽ അവഹേളിച്ച് കാണിക്കുന്നില്ലെന്നതാണ് വാസ്തവം. ഓച്ചിറ ആൽത്തറയിലെ മനുഷ്യരും അനാഥത്വത്തിന്റെയും അതിലൂടെയുള്ള ഈശ്വര അന്വേഷണങ്ങളുടേയും ജീവിത കഥകളാണ് പരിപാടിയിൽ പറയുന്നത്. രണ്ട് ആൽത്തറകളും ഏതാണ്ട് അൻപത് ഏക്കറോളം വരുന്ന മൈതാനവുമാണ് ക്ഷേത്രം. ക്ഷേത്രത്തിനു ശ്രീകോവിലില്ല, പ്രതിഷ്ഠയില്ല. ലോകത്തെവിടെയും തെണ്ടിത്തിരിയാൻ ഭാഗ്യമോ ശാപമോ കിട്ടിയ മനുഷ്യർക്കുള്ളതാണ് ഇവിടമെന്നാണ് ക്ഷേത്രത്തെ കുറിച്ച് പറയുന്നത്.

മലയാളിയുടെ അവസാനത്തെ അഭയകേന്ദ്രങ്ങളാണ് അഗതി മന്ദിരങ്ങൾ. അവിടെ പണ്ഡിതനെന്നോ പാമരനെന്നോ ഭേദമില്ലാതെ, ധനികനെന്നോ ദരിദ്രനെന്നോ ഭേദമില്ലാതെ അനാഥത്വത്തിലേയ്ക്ക് വലിച്ചെറിയപ്പെടുന്ന മലയാളി ഏറ്റവും അവസാനം വിളിക്കുന്ന ദൈവത്തിന്റെ പേരാണ് ഓച്ചിറ പരബ്രഹ്മ മൂർത്തി. കേരളമിന്ന് അനാഥ മന്ദിരങ്ങളും അഗതി മന്ദിരങ്ങളും കൊണ്ട് നിറയുമ്പോൾ ഓച്ചിറയിലെ കാരുണ്യമൂർത്തിയുടെ തട്ടകം ഓച്ചിറ വിട്ട് കേരളം മുഴുവൻ പരക്കുമെന്നും പരിപാടിയിൽ പറയുന്നു.

തെണ്ടിയെന്നത് ഒരിക്കലും ഒരു തെറിപ്രയോഗമല്ല. എല്ലാ മനുഷ്യരുടേയും ഒടുവിലത്തെ ജീവിതാവസ്ഥയുടെ പേരാണതെന്ന് പറഞ്ഞു തരും ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിന്റെ വിശാലമായ ഈ മൈതാനം' കേരള എക്സ്‌പ്രസിൽ ബിജു വ്യക്തമാക്കുന്നുണ്ട്.

അനു ലക്ഷ്മി എന്ന പ്രൊഫൈലിൽ നിന്നാണ് പ്രചാരണത്തിന് തുടക്കമിട്ടത്. ഇതിലൂടെയാണ് ബിജുവിന്റെ ഫോൺനമ്പർ പുറത്തു വിട്ടത്. എല്ലാ ഹിന്ദുക്കളും പ്രതികരിക്കണം എന്ന ആഹ്വാനവുമുണ്ട്. 'ഇത് മനഃപൂർവ്വം ഹിന്ദു സമൂഹത്തെ അവഹേളിക്കുന്നതിനു വേണ്ടി നല്കിയ പേരാണ്, ക്ഷേത്രത്തിൽ നിരവധി അഗതികളുണ്ട്, അത് എല്ലാവർക്കും അറിയാവുന്നതാണ്, 'അഗതികളുടെ അമ്പലം' എന്നും പറയാറുണ്ട്, 'തെണ്ടികളുടെ ദൈവം' എന്ന് ഇതുവരെ ആരും പറഞ്ഞിട്ടില്ല, മദർ തേരേസയെ 'അഗതികളുടെ അമ്മ' എന്നാണ് ലോകം വാഴ്‌ത്തുന്നത്, ഒരിക്കലും 'തെണ്ടികളുടെ അമ്മ' എന് ആരും മനസിൽ പോലും ചിന്തിച്ചിട്ടില്ല'' എന്നാണ് ആഹ്വാനം.

സംഘപരിവാർ ആഹ്വാനം മൂലം ഇന്നലെ മുതൽ ബിജുവിന്റെ ഫോണിലേയ്ക്ക് നിരന്തരം ഭീഷണി കോളുകൾ വരുകയാണ്. സംഘപരിവാർ പ്രചാരകർ മുഴക്കുന്ന ആരോപണം വസ്തുതാ വിരുദ്ധമാണ് എന്നു തെളിയിക്കുന്നതാണ് പരിപാടി. 'ജീവിതത്തിൽ ഒരാശ്രയവുമില്ലാത്ത മനുഷ്യർക്ക് ഇവിടെയിപ്പോൾ ആശ്രയമായി ഒരു ക്ഷേത്ര നടയുണ്ട്. ഭൂമിയിലെ സകല ജരാനരകളും പേറി കുറേ മനുഷ്യരിവിടെ വയോധികരും രോഗികളും യാചകരുമായി തമ്പടിക്കുമ്പോൾ അതേ ദുഃഖങ്ങളോടും വേദനകളോടും സംവദിക്കുന്ന കരുണാമൂർത്തിയായ ഒരു ദൈവവും ദേവസങ്കൽപ്പവുമുണ്ടെങ്കിൽ അതേക്കാൾ ആരാധ്യമായി മറ്റെന്ത് വിശ്വാസമാണുള്ളത്' എന്ന ചോദ്യം ചോദിച്ചാണ് ബിജു 350 എപ്പിസോഡ് പിന്നിട്ട പരിപാടി അവതരിപ്പിച്ചു തുടങ്ങുന്നത്.

കേരളത്തിൽ ഇങ്ങനെയൊരു ക്ഷേത്രം വേറെയില്ല. അമ്പലമില്ലാതെ ആൽത്തറയിൽ വാഴുന്നതു മാത്രമല്ല ഇത്രയും ആലംബമറ്റ മനുഷ്യരെ, ദരിദ്രരെ, രോഗികളെ, ആലംബമറ്റവരെ ദൈവത്തെ പോലെ ക്ഷേത്രം ഉൾക്കൊള്ളുന്നു എന്നതാണ് മഹത്വം. എങ്ങോട്ടും പോകാനില്ലാതെ വഴിമുട്ടി പോകുന്ന മനുഷ്യർക്ക് ഇത്രയും ആത്മാർത്ഥമായ സവിധം വേറെയേതുണ്ട്' തെണ്ടികളുടെ ദൈവത്തിൽ ബിജു ചോദിക്കുന്നുണ്ട്.

യാചന ഇവിടെ ഒരു കുറ്റമല്ല, വലിയ സൗഭാഗ്യം ലഭിച്ചവർ ജീവിതം നീട്ടിക്കിട്ടാൻ യാചിക്കുന്നു. നിർഭാഗ്യവാന്മാർ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ യാചിക്കുന്നു. നമ്മുടെ അച്ഛനമ്മമാരോ നമ്മൾ തന്നെയോ ആകാം ഓച്ചിറ ക്ഷേത്രത്തിലെ അടുത്ത അന്തേവാസികൾ' എന്ന ആശയമാണ് പരിപാടി ഉയർത്തിപ്പിടിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP