Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജയിൽ സന്ദർശിച്ച് പൊട്ടിത്തെറിക്കുന്ന താരങ്ങൾ 'വില്ലന്മാർ'; കാവ്യ മാധവന്റെ ഹർജിയിൽ ബിനീഷ് കോടിയേരിക്ക് എതിരായ ആരോപണങ്ങൾ സിപിഎമ്മിന്റെ അനുകമ്പയും അകറ്റി; ഏതറ്റം വരെ പോയാലും താരരാജാവിനെ അഴിക്കുള്ളിൽ നിന്ന് പുറത്തിറക്കാൻ 'അമ്മ'യുടെ പ്രത്യേക ദൗത്യസംഘം; ഗണേശും മുകേഷും സിദ്ദിഖും ടീമിലെ പ്രധാനികൾ; സ്ത്രീവേഷം കെട്ടി 'സരിത'യെ കണ്ട പ്രദീപും സജീവം

ജയിൽ സന്ദർശിച്ച് പൊട്ടിത്തെറിക്കുന്ന താരങ്ങൾ 'വില്ലന്മാർ'; കാവ്യ മാധവന്റെ ഹർജിയിൽ ബിനീഷ് കോടിയേരിക്ക് എതിരായ ആരോപണങ്ങൾ സിപിഎമ്മിന്റെ അനുകമ്പയും അകറ്റി; ഏതറ്റം വരെ പോയാലും താരരാജാവിനെ അഴിക്കുള്ളിൽ നിന്ന് പുറത്തിറക്കാൻ 'അമ്മ'യുടെ പ്രത്യേക ദൗത്യസംഘം; ഗണേശും മുകേഷും സിദ്ദിഖും ടീമിലെ പ്രധാനികൾ; സ്ത്രീവേഷം കെട്ടി 'സരിത'യെ കണ്ട പ്രദീപും സജീവം

അർജുൻ സി വനജ്

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ റിമാന്റിൽ കഴിയുന്ന നടൻ ദിലീപിനെ രക്ഷിക്കാനായി താരസംഘടനയായ അമ്മയുടെ പ്രത്യേക ടീം പ്രവർത്തിക്കുന്നതായി സൂചന. രണ്ട് ഭരണകക്ഷി എംഎൽഎ മാരായ കെബി ഗണേശ് കുമാറും മുകേഷും സിദ്ദീഖും നേതൃത്വം കൊടുക്കുന്ന ടീമിൽ മറ്റ് പല പ്രബല താരങ്ങളും ഉണ്ടെന്നാണ് സിനിമ ചില വിശ്വസനീയമായ സിനിമ കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം. എന്നാൽ ഈ സംഘത്തിന്റെ ഇടപെടൽ പരിധി വിടുന്നുണ്ടോ എന്നും സശയം സജീവാണ്. അതിനിടെ താരങ്ങളുടെ ജയിൽ സന്ദർശനം ദിലീപിന്റെ പുറത്തിറങ്ങാനുള്ള ശ്രമത്തിന് തിരിച്ചടിയകുമെന്നാണ് അഡ്വക്കേറ്റ് രാം കുമാറിന്റെ വിലയിരുത്തൽ. ഗണേശ് കുമാറിന്റെ ജയിൽ സന്ദർശനം ദിലീപിന്റെ കാര്യം കഷ്ടത്തിലാക്കിയെന്നാണ് നിഗമനം.

അമ്മയിലെ മുതിർന്ന അംഗങ്ങളുടെ നിർദ്ദേശ പ്രകാരമാണ് ഗണേശ് കുമാറും മുകേഷും സിദ്ദീഖും ദിലീപിനായി ചരടു വലികൾ നടത്തുന്നത്. ഇതിനിടെ കാവ്യയുടെ ജാമ്യ ഹർജിയിൽ കോടിയേരിയുടെ മകൻ ബിനീഷിനെതിരെ പരോക്ഷ പരാമർശമെത്തിയത് ശ്രമങ്ങൾക്ക് തിരിച്ചടിയാണ്. സിപിഎമ്മിനെ സ്വാധീനിച്ച് കാര്യങ്ങൾ നേടിയെടുക്കാനുള്ള ശ്രമം ഇതോടെ പാളിയെന്ന് നിഗമനത്തിലാണ് മുകേഷ്. അതുകൊണ്ട് തന്നെ നിയമ പോരാട്ടം ശക്തമാക്കും. സുപ്രീംകോടതിയിലേക്ക് കാര്യങ്ങളെത്തിക്കാനാണ് ഈ സംഘത്തിന്റെ തീരുമാനം.

അഡ്വ രാമൻപിള്ളയെ വിശ്വാസത്തിലെടുക്കുന്ന ഈ സംഘം എന്നാൽ സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷക സംഘവുമായി കഴിഞ്ഞ ആഴ്ച വീണ്ടും ഡൽഹി പാർലമെന്റ് സ്ട്രീറ്റിലെ അദ്ദേഹത്തിന്റെ ഓഫീസിലെത്തി ചർച്ച നടത്തിയെന്നാണ് വിവരം. കേസ് ശരിയായ ദിശയിലാണ് മുന്നോട്ട് നീങ്ങുന്നതെന്ന് രാംജട്ട് മലാനിയുടെ മകൻ മഹേഷ് ജഡ് മലാനി അറിയിച്ചു. കുറ്റപത്രം സമർപ്പിക്കുന്നത് വരെ കാത്തിരിക്കാനാണ് ഈ സംഘത്തിന് മഹേഷ് ജട്ട് മലാനി നൽകിയിരിക്കുന്ന നിയമോപദേശം.

കേസിന്റെ ഇപ്പോഴത്തെ നടത്തിപ്പിനായി പണമൊഴുക്കുന്നത് ഈ സംഘം തന്നെയാണ്. അച്ഛന്റെ ശ്രദ്ധത്തിനായി ദിലീപിനെ പുറത്തിറക്കി സഹാനുഭൂതി സൃഷ്ടിച്ചതിന് പിന്നിലും ഇവരുടെ നീക്കങ്ങൾ തന്നെയാണെന്നാണ് വിവരം. അഡ്വ രാമൻപിള്ളയെ ഏൽപ്പിക്കാനിരുന്ന നാദിർഷയുടെ വക്കാലത്ത് മറ്റൊരു അഭിഭാഷകനെ ഏൽപ്പിച്ചതിന് പിന്നിലും ഗണേശ് കുമാറിന്റെ നീക്കങ്ങളാണെന്നാണ് സൂചന. അഡ്വ രാജീവ് ഗണേശ് കുമാറുമായി അടുത്ത ബന്ധം പുലർത്തുന്ന ആളാണ്.

കഴിഞ്ഞ ദിവസം ജസ്റ്റിസ്സ് ഉബൈദിന്റെ ബഞ്ചിന് മുന്നിൽ നാദിർഷയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണനയ്ക്ക് വന്നപ്പോൾ, അന്വേഷണ സംഘത്തിനെതിരെ കോടതി വിമർശനം ഉന്നയിച്ചതും ഈ സംഘത്തിന്റെ വിജയമായിട്ടാണ് ഇവർ കണക്കാക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി കാവ്യമാധവന്റെ മുൻകൂർ ജാമ്യാപേക്ഷയും അഡ്വ രാജീവിനെ ഏൽപ്പിക്കാമെന്നാണ് ഗണേശ് കുമാറിന്റെ സംഘം ആവശ്യപ്പെട്ടത്. എന്നാൽ അനൂപ് രാമൻപിള്ള അസോസിയേറ്റ്‌സിനെ വിശ്വാസത്തിലെടുക്കുകയായിരുന്നു.

എന്നാൽ ദിലീപിനെ നടന്മാർ നിരന്തരം ജയിലിൽ പോയി സന്ദർശിക്കുന്നത് കേസിന് തിരിച്ചടിയാകുമെന്നാണ് രാമൻപിള്ള അസോസിയേറ്റ്‌സിന്റെ വിലയിരുത്തൽ. ഇക്കാര്യം ദിലീപിന്റെ സഹോദരൻ അനൂപിന്റെ അടുത്ത രാമൻപിള്ള തന്നെ പല തവണ ആവർത്തിച്ചതാണ്. എന്നാൽ അനൂപിനോട് പോലും ആലോചിക്കാതെയാണ് പലരും നടനെ ജയിൽ കാണാനായി അപേക്ഷ സമർപ്പിക്കുന്നത്. ഇക്കാര്യത്തിൽ അനൂപ് ചില താരങ്ങളോട് കടുപ്പിച്ച് സംസാരിച്ചതായും വിവരമുണ്ട്. മിക്ക ദിവസങ്ങളിലും രാത്രി വളരെവൈകിയും അഡ്വ രാമൻപിള്ളയുടെ ഓഫീസിൽ നടി ആക്രമിക്കപ്പെട്ട കേസിന്റെ പഠനങ്ങളാണ് നടക്കുന്നത്. ചില ദിവസങ്ങളിൽ അനൂപും ഇവിടെ രാത്രി വൈകുന്നത് വരെ ചിലവഴിക്കാറുണ്ട്.

കേസുമായി ബന്ധപ്പെട്ട് ചില നിർണ്ണായക തീരുമാനങ്ങളെടുക്കാനാണ് ദിലീപിനെ ആലുവ സബ് ജയിലിൽ ഗണേശ് കുമാർ കണ്ടെതെന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്. ഗണേശ് കുമാറിന്റെ പേഴ്‌സണൽ അസിസ്റ്റന്റ് പ്രദീപാണ് കേസിന്റെ നടത്തിപ്പ് ഇപ്പോൾ നേരിട്ട് വഹിക്കുന്നതെന്നുമാണ് ചില സിനിമ കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം. നടിയെ ആക്രമിച്ച കേസിലെ കോടതി നടപടികൾ നടക്കുന്ന മിക്ക അവസരങ്ങളിലും ഇദ്ദേഹവും കോടതി മുറിക്കുള്ളിൽ എത്താറുള്ളതായി കൊച്ചിയിലെ മുതിർന്ന മാധ്യമപ്രവർത്തകരും സാക്ഷ്യപ്പെടുത്തുന്നു.

സോളാർ കേസുമായി ബന്ധപ്പെട്ട് ഗണേശ് കുമാറിന്റെ കേസ് നടത്തിപ്പിന്റെ ചുമതല പ്രദീപിനായിരുന്നു. പ്രദീപ് സ്ത്രീ വേഷം കെട്ടി സരിത എസ് നായരെ അട്ടക്കുളങ്ങര ജയിലിലെത്തി കണ്ടതായും അക്കാലത്ത് വാർത്തകളുണ്ടായിരുന്നു. സരിതയുടെ അമ്മയ്‌ക്കൊപ്പമാണ് ഇയാൾ സ്ത്രീവേഷത്തിൽ പോയത്. 22 പേജുള്ള സരിതയുടെ കത്തിൽ നിന്ന് ചില പേരുകൾ ഒഴിവാക്കണെന്ന് പ്രദീപ് ആവശ്യപ്പെട്ടതനുസരിച്ചാണ് കത്ത് പിന്നീട് 4 പേജായി ചുരുങ്ങിയതെന്നും ആരോപണങ്ങളുണ്ടായിരുന്നു. വിഷയത്തിൽ സോളാർ കമ്മീഷന് മുമ്പാകെ 2015 ജൂലൈ പത്ത് മൊഴി നൽകിയിരുന്നു.

കേസിൽ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവൻ ഇപ്പോൾ പ്രതിയല്ലെന്ന് പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ ബോധിപ്പിച്ചിട്ടുണ്ട്. തുടർന്ന് കേസിൽ കാവ്യയ്‌ക്കെതിരായ ആരോപണങ്ങൾ സംബന്ധിച്ച വിശദീകരണം നൽകാൻ നിർദ്ദേശിച്ച് ഹൈക്കോടതി ഹർജി സെപ്റ്റംബർ 25 ലേക്ക് മാറ്റി. കാവ്യാ മാധവൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് പ്രോസിക്യൂഷൻ ഇക്കാര്യം സംബന്ധിച്ച് കോടതിയിൽ അറിയിച്ചത്. കാവ്യാമാധവൻ കേസിൽ സാക്ഷിയാണോയെന്ന കോടതിയുടെ ചോദ്യത്തിന് ഇവരെ ചോദ്യം ചെയ്തിരുന്നെന്നും ഈ ഘട്ടത്തിൽ അക്കാര്യം തീരുമാനിച്ചിട്ടില്ലെന്നും പ്രോസിക്യൂഷൻ വിശദീകരിച്ചു.

ദിലീപിനെ കേസിൽ കുടുക്കിയതുപോലെ തന്നെയും പൊലീസ് കേസിൽ പ്രതിയാക്കാനിടയുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് കാവ്യ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. അന്വേഷണ ഉദ്യോഗസ്ഥർ കാക്കനാട്ടെ സഹോദരന്റെ വസ്ത്രശാലയിലും മാതാപിതാക്കളുടെ വെണ്ണലയിലെ വീട്ടിലുമെത്തി ഭീഷണിപ്പെടുത്തിയെന്നും കാവ്യയുടെ ഹർജിയിൽ പറയുന്നുണ്ട്. ഇതിനൊപ്പമാണ് ബിനീഷ് കോടിയേരിക്കെതിരെ ആരോപണം ഉയർത്തിയത്. ഈ നീക്കം പാളിയെന്നാണ് സിനിമാക്കാരുടെ നിലപാട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP