Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മെഴുക് പുരട്ടിയ ആപ്പിൾ കഴിച്ചാൽ ആരോഗ്യം ക്ഷയിക്കുമോ? ആപ്പിളിൽ മാത്രമേ മെഴുക് പുരട്ടുന്നുള്ളോ? പ്രചരണവും വസ്തുതയും എന്ത്? സുരേഷ് പിള്ള എഴുതുന്നു

മെഴുക് പുരട്ടിയ ആപ്പിൾ കഴിച്ചാൽ ആരോഗ്യം ക്ഷയിക്കുമോ? ആപ്പിളിൽ മാത്രമേ മെഴുക് പുരട്ടുന്നുള്ളോ? പ്രചരണവും വസ്തുതയും എന്ത്? സുരേഷ് പിള്ള എഴുതുന്നു

സുരേഷ് പിള്ള

കുറച്ചു മാസങ്ങൾക്കു മുൻപാണ്, ആ വാർത്ത കണ്ടത്. ആപ്പിളിൽ മെഴുകു പുരട്ടിയത് കണ്ടത്തിയതിനെത്തുടർന്ന് കച്ചവടക്കാരനെ മർദ്ദിച്ചുവത്രേ. പാവം, കുടുംബം പുലർത്താനായി ആപ്പിൾ വിൽക്കാൻ ഇറങ്ങിയതാണ്. മെഴുകു പുരട്ടുന്നുവോ, അതെന്തിനാണെന്നോ ഒന്നും ആ പാവത്തിന് അറിയാൻ വഴിയില്ല. അപ്പോൾ ആപ്പിളിൽ മെഴുകു പുരട്ടാറുണ്ടോ?ഉണ്ട്, എന്നാണ് പെട്ടന്നുള്ള ഉത്തരം.

അതിനു മുൻപേ ആപ്പിളിൽ ഉള്ള സ്വാഭാവികമായ മെഴുകിനെ ക്കുറിച്ചു നോക്കാം.ആപ്പിൾ, പെയർ, പ്ലം, ചെറി തുടങ്ങിയ പല പഴങ്ങളുടെയും തൊലിയിൽ സ്വാഭാവികമായ മെഴുക് ഉണ്ട്. പഴങ്ങളിലെ ജലാംശം നഷ്ടപ്പെടാതെ ഇരിക്കുവാനും, പഴങ്ങൾ കൂടുതൽ ആകർഷകം ആകാനും, കൂടാതെ കൂടുതൽ കാലം കേടു കൂടാതെ ഇരിക്കുവാനും തൊലിപ്പുറമെയുള്ള മെഴുകു സഹായിക്കും.വെള്ളരിക്കാ ഒരു ഉദാഹരണമാണ്.

എന്റെ ചെറുപ്പത്തിൽ കറുകച്ചാലിലെ വീട്ടിൽ വെള്ളരികൃഷി ഉണ്ടായിരുന്നു. കൂടുതൽ വിളവെടുപ്പുള്ളപ്പോൾ, മിച്ചം വരുന്ന വെള്ളരിക്ക കൾ അച്ഛൻ ഓലക്കാലിൽ കെട്ടി ഓരോന്നായി വീടിന്റെ ഉത്തരത്തിൽ തൂക്കിയിടും. ഇത് ആഴ്ചകളോളം കേടു കൂടാതെ ഇരിക്കുമായിരുന്നു. കട്ടിയുള്ള തൊലിയും, അതിന്റെ പുറമെയുള്ള ചെറിയ പ്രകൃത്യാ ഉള്ള മെഴുകും ആണ് വെള്ളരിക്ക കേടു കൂടാതെ ആഴ്ചകളോളം ഇരിക്കുവാൻ കാരണം.

താഴെ വച്ചിരുന്നാൽ പരസ്പരം ഉരയുന്നതുകൊണ്ടുള്ള ഘർഷണം കൊണ്ട് തൊലിയിലുള്ള മെഴുകിന്റെ ആവരണം പോകുവാനും, ജലാംശം നഷ്ടപ്പെടുവാനും അതു മൂലം വെള്ളരി ചീത്ത ആവാതെ ഇരിക്കുവാനും ആണ് ഉത്തരത്തിൽ തൂക്കിയിരുന്നത്. ധമെഴുക് ആവരണം സൂക്ഷമാണുക്കൾ ആയ ബാക്ടീരിയ ഉള്ളിലേക്ക് കടക്കാതെയും പഴങ്ങളെ സംരക്ഷിക്കും. അപ്പോൾ ആപ്പിൾ എത്രകാലം കേടു കൂടാതെ ഇരിക്കും? മുറിക്കാത്ത, ആപ്പിളുകളുടെ സാധാരണ ഷെൽഫ് ലൈഫ് (കേടു കൂടാതെ ഇരിക്കുന്ന കാലയളവ്) ഒരു മാസം വരെയാണ്. ഫ്രിഡ്ജിൽ വച്ചാൽ ചിലപ്പോൾ രണ്ടു മാസം വരെ ഇരിക്കും.

കൂടാതെ ഇപ്പോൾ ഞാൻ താമസിക്കുന്ന അയർലണ്ടിലെ വീട്ടിൽ ആപ്പിൾ മരമുണ്ട്. മരത്തിൽ നിന്ന് നേരിട്ടു പറിച്ച ആപ്പിളുകൾ ആഴ്ചകളോളം കേടു കൂടാതെ ഇരിക്കാറുണ്ട്. ഇത് നേരിട്ടുള്ള അനുഭവം കൂടി ആണ്. അപ്പോൾ മേടിച്ചിട്ട് രണ്ടാഴ്ച കഴിഞ്ഞിട്ടും കേടായില്ല, കെമിക്കൽ അടിച്ചു വരുന്നതാണ് എന്നൊക്കയുള്ള വാർത്തകൾ തെറ്റിദ്ധരിപ്പിക്കുന്നതാണ് എന്ന് പറയേണ്ടതില്ലല്ലോ? അതുപോട്ടെ, എന്തിനാണ് മെഴുക് പുരട്ടുന്നത് എന്ന് പറഞ്ഞില്ലല്ലോ? കൂടുതൽ കാലം കേടു കൂടാതെ ഇരിക്കുവാനാണ് എന്ന് ലളിതമായി പറയാം.

കൂടാതെ ആപ്പിളുകൾ മരത്തിൽ നിന്നും പറിച്ചു പാക്ക് ചെയ്യുന്നതിനും മുൻപേ അവയിൽ ഉള്ള ചെളിയും, പൊടിയും ഒക്കെ കളയുവാനായി പായ്ക്ക് ചെയ്യുന്നതിനും മുൻപേ, കഴുകാറുണ്ട്. ഇങ്ങനെ കഴുകുമ്പോൾ ആപ്പിളുകളിൽ ഉള്ള സ്വാഭാവിക മെഴുക് നഷ്ട്ടപ്പെടും. അപ്പോൾ ഇവ പെട്ടെന്ന് കേടാകാനുള്ള സാദ്ധ്യത ഉണ്ട്. അതിനാലാണ് മെഴുക് പുറമെനിന്ന് ചേർക്കേണ്ടി വരുന്നത്. കൂടാതെ ഇങ്ങനെ ചെയ്താൽ സ്വാഭാവികമായുള്ള ഷെൽഫ് ലൈഫ് കുറച്ചു കൂടി കൂട്ടുവാനും പറ്റും.

എന്താണ് മെഴുക്? ഇത് വിഷമല്ലേ?

മെഴുകുകൾ രണ്ടു തരമുണ്ട്. പ്രകൃതിയിൽ നിന്നും വരുന്ന സ്വാഭാവിക മെഴുകും; ഫാക്ടറികളിൽ ഉണ്ടാക്കുന്ന മെഴുകും. രണ്ടുതരം മെഴുകുകളും ഓർഗാനിക് സംയുക്തങ്ങൾ ആണ്. നീണ്ട alkyl (CnH2nപ്ലസ് വൺ) ചെയിൻ ഉള്ള കാര്ബണ്മിശ്രണങ്ങള് ആണ് മെഴുകുകൾ. തേൻ ഈച്ച ഉണ്ടാക്കുന്ന മെഴുകും, മരങ്ങളിൽ നിന്നും വരുന്ന മെഴുകുകളും ഉദാഹരണങ്ങൾ ആണ്. മെഴുകു തിരയിൽ ഉപയോഗിക്കുന്ന Paraffin wax, പെട്രോളിയത്തിൽ നിന്നും ഉൽപ്പാദിപ്പിക്കുന്നതാണ്. മെഴുക് സാധാരണ 37 C മുതൽ 40 C യിൽ ഉരുകും. ലാറ്റിനിൽ parum (lacking) + affinis (reactivity) അതായത് Paraffin എന്നാൽ 'lacking reactivity' എന്നാണ്.

ഇവ സാധാരണ ഗതിയിൽ മറ്റുള്ള കെമിക്കലുകളുമായി രാസപ്രവർത്തനം നടത്തില്ല. കൂടാതെ ഇവയെ നമ്മുടെ ദഹന പ്രക്രിയകൾ കൊണ്ട് വിഘടിപ്പിക്കാനും പറ്റില്ല. ചുരുക്കിപ്പറഞ്ഞാൽ ഇവ ദഹിക്കില്ല. അതായത് വിസർജ്ജ്യങ്ങളുടെ കൂടെ മെഴുകും പുറത്തു പോകും. മെഴുകുകൾ വിഷമല്ല. [ORAL (LD50): Acute: >5000 mg/kg (Rat)]. കൂടാതെ ആപ്പിൾ, പെയർ തുടങ്ങിയ പഴങ്ങളിൽ വളരെ ചെറിയ അളവേ ചേർക്കാറുള്ളൂ (ഒരു പഴത്തിന് ഏകദേശം ഒരു ചെറിയ തുള്ളി). അരക്കിലോ മെഴുക് കൊണ്ട് ഏകദേശം 160,000 ആപ്പിളുകൾ ക്ക് മെഴുക് ആവരണം ഉണ്ടാക്കാം എന്ന് റിപ്പോർട്ടുകൾ ഉണ്ട്.

കൂടാതെ പഴങ്ങളിൽ 'food-grade waxes' ആണ് ചേർക്കാറുള്ളത്. ഇത്രയും കേട്ടിട്ടും എനിക്ക് ഈ മെഴുകു മാറ്റിയേ കഴിക്കാൻ തോന്നുന്നുള്ളൂ, എന്തു ചെയ്യും? മെഴുക് വെള്ളത്തിൽ ലയിക്കില്ല എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ? കാരണം വെള്ളം പോളാർ (ധ്രുവാഭിമുഖത ഉള്ള) ലായകം ആണ്. മെഴുക് ലയിപ്പിക്കണമെങ്കിൽ non-polar organic solvent കൾ വേണം. ആൽക്കഹോൾ നല്ല ഉദാഹരണമാണ് (The ethyl (C2H5) group in ethanol is non-polar. Therefore, ethanol can dissolve h polar and non-polar substances including wax). ആൽക്കഹോൾ ഇല്ലെങ്കിൽ Vinegar (വിനാഗിരി) ഇട്ടു തൂത്താലും മെഴുക് ഒരു പരിധി വരെ കളയാം. അപ്പോൾ ഇനി മെഴുകിനെ പേടിക്കാതെ ആപ്പിൾ കഴിക്കാമല്ലോ?

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP