Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സ്വർഗത്തിൽ ആകെയുള്ള 1,44,000 സീറ്റുകൾ ലഭിക്കാൻ സ്വത്തുക്കൾ എല്ലാം വിറ്റ് മൂരിയോട് പെട്ടകത്തിൽ താമസിച്ചിരുന്നവർ ഒടുവിൽ പ്രതീക്ഷ നഷ്ടപ്പെട്ട് മടങ്ങുന്നു; ദൈവത്തിന്റെ ഏജന്റ് ആസ്റ്റർ മെഡിസിറ്റിയിൽ വെച്ച് മരണമടഞ്ഞതോടെ സ്വർഗത്തിൽ പോകാൻ ബുക്ക് ചെയ്ത് കാത്തിരുന്നവർക്കിടയിൽ കടുത്ത ഭിന്നത; സ്ഥാപകനായ ഡ്രോയിങ് മാഷ് മരിച്ചതോടെ എംപറർ ഇമ്മാനുവൽ ചർച്ച് പിളർപ്പിലേക്ക്

സ്വർഗത്തിൽ ആകെയുള്ള 1,44,000 സീറ്റുകൾ ലഭിക്കാൻ സ്വത്തുക്കൾ എല്ലാം വിറ്റ് മൂരിയോട് പെട്ടകത്തിൽ താമസിച്ചിരുന്നവർ ഒടുവിൽ പ്രതീക്ഷ നഷ്ടപ്പെട്ട് മടങ്ങുന്നു; ദൈവത്തിന്റെ ഏജന്റ് ആസ്റ്റർ മെഡിസിറ്റിയിൽ വെച്ച് മരണമടഞ്ഞതോടെ സ്വർഗത്തിൽ പോകാൻ ബുക്ക് ചെയ്ത് കാത്തിരുന്നവർക്കിടയിൽ കടുത്ത ഭിന്നത; സ്ഥാപകനായ ഡ്രോയിങ് മാഷ് മരിച്ചതോടെ എംപറർ ഇമ്മാനുവൽ ചർച്ച് പിളർപ്പിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

 തൃശൂർ: ദൈവത്തിന്റെ ഏജന്റ് ദുരൂഹസാഹചര്യത്തിൽ മരണമടഞ്ഞതോടെ സ്വർഗത്തിലേക്കു പോകാൻ കാത്തിരുന്ന വിശ്വാസികൾ പലവഴിയിലായി. സ്വർഗത്തിൽ ആകെയുള്ള 1,44,000 സീറ്റുകൾ ലഭിക്കാൻ സ്വത്തുക്കൾ എല്ലാം വിറ്റ് മൂരിയോട് പെട്ടകത്തിൽ താമസിച്ചിരുന്നവർ ഒടുവിൽ പ്രതീക്ഷ നഷ്ടപ്പെട്ട് മടങ്ങുകയാണ്. ബഹുഭൂരിപക്ഷവും മാതൃസഭകളിലേക്കാണ് മടങ്ങുന്നത്. ദൈവത്തിന്റെ ഏജന്റായ ഡ്രോയിങ് മാഷ് മരിച്ചതോടെ എംപറർ ഇമ്മാനുവൽ ചർച്ച് പിളർപ്പിലേക്ക് നീങ്ങുകയാണ്.

ക്രൈസ്തവ വിശ്വാസത്തിന്റെ മറവിൽ സ്വർഗീയ വഴികാണിക്കാൻ രംഗത്തെത്തിയ സഭാ നേതൃത്വമാണ് തൃശ്ശൂർ ജില്ലയിലെ ഇരിങ്ങാലക്കുടയ്ക്ക് സമീപം മൂരിയാടുള്ള എംപറർ ഇമ്മാനുവൽ സഭ. സ്വർഗത്തിലേക്കുള്ള വേക്കൻസികൾ ഫില്ല് ചെയ്യാൻ കരാറെടുത്തവരാണ് തങ്ങൾ എന്ന് അവകാശപ്പെട്ട് രംഗത്തെത്തിയ ജോസഫ് പൊന്നാറ എന്ന കട്ടപ്പനയിലെ ഡ്രോയിങ് മാഷാണ് എംപറർ ഇമ്മാനുവൽ എന്ന പ്രസ്ഥാനം തുടങ്ങിയത്. ലോകത്ത് സ്വർഗ്ഗത്തിലേക്ക് പോകാൻ രണ്ട് വഴികളേ ഉള്ളൂവെന്നും ആ രണ്ട് വഴികളിൽ ഒന്ന് ജെറുസലേമിൽ ആണെങ്കിൽ മറ്റേത് മൂരിയാടുള്ള എംപറർ ഇമ്മാനുവൽ ആണെന്ന് പറഞ്ഞാണ് ജോസഫ് പൊന്നാറ തന്റെ ആത്മീയ വ്യാപാരം നടത്തിവന്നത്. ഇങ്ങനെ സ്വർഗത്തിൽ എത്താൻ ആഗ്രഹമുള്ളവർക്കായി 'പേടകം' തയ്യാറാക്കി ഇരിക്കുന്നവരെ നിരാശരാക്കിയാണ് സ്വർഗ്ഗത്തിലേക്കുള്ള വഴികാട്ടിയായ പൊന്നാറ മൂന്നുമാസം മുമ്പു കൊച്ചിയിലെ ആസ്റ്റർ മെഡ്സിറ്റിയിൽ മരണമടഞ്ഞത്.

സഭയുടെ നാഥൻ മരിച്ചു പോയതോടെ ഇനി എങ്ങനെ തങ്ങൾ സ്വർഗത്തിലെത്തുമെന്ന ആശങ്കയിലായിരുന്നു ഇവിടുത്തെ അന്തേവാസികൾ. സ്വർഗത്തിലേക്കുള്ള ഒഴിവുകൾ നികത്താൻ കരാറെടുത്തവരാണു തങ്ങളെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയ ജോസഫ് പൊന്നാറ എന്ന കട്ടപ്പനയിലെ റോയിക്ക് ചുരുങ്ങിയ കാലംകൊണ്ട് ആയിരക്കണക്കിനു വിശ്വാസികളെ ആകർഷിക്കാൻ കഴിഞ്ഞു. കോട്ടയം വിജയപുരം രൂപത കേന്ദ്രീകരിച്ചാണു പ്രസ്ഥാനം തുടങ്ങിയതെങ്കിലും നാട്ടുകാരുടെയും കത്തോലിക്കാ യുവജനപ്രസ്ഥാനങ്ങളുടെയും എതിർപ്പിനേത്തുടർന്ന് ഇരിങ്ങാലക്കുട രൂപതയിലെ മുരിയാട് പാടശേഖരത്തിൽ 'കൂടാരം' സ്ഥാപിക്കുകയായിരുന്നു.

സഭാസ്ഥാപകന്റെ ദുരൂഹമരണത്തിനു പിന്നാലെ നടക്കുന്ന അധികാര വടംവലിയിൽ മനംമടുത്താണ് ബഹുഭൂരിപക്ഷം വിശ്വാസികളും കേന്ദ്രകാര്യാലയമായ മുരിയാട് സീയോൻ ഭവനിൽനിന്നും മടങ്ങുന്നത്. വിശ്വാസികളുടെ എതിർപ്പിനേത്തുടർന്ന് സഭാനേതൃത്വത്തിലുള്ള ട്രസ്റ്റ് ഭാരവാഹികൾ രാജിവച്ചു. ചെയർമാൻ ബിജു ഫിലിപ്പ്, സെക്രട്ടറി ഷാജൻ പയ്യപ്പിള്ളി, ഖജാൻജി എം.ജി. ആന്റണി എന്നിവർ രാജിവെച്ചിരുന്നു. എംപറർ ഇമ്മാനുവൽ സഭയിൽ ആകൃഷ്ടരായി വിവിധ ക്രൈസ്തവസഭകളിൽ നിന്നും നിരവധിപേർ വിശ്വാസികളായി മുരിയാട് പ്രവർത്തിച്ചു വരികയായിരുന്നു. ഇങ്ങനെ ആളുകളുടെ പണവും സ്വത്തുക്കളും സ്വന്തമാക്കി കോടികളുടെ ബിസിനസുകാരനായി മാറുകയായിരുന്നു ജോസഫ് പൊന്നാറ.

പൊന്നാറയുടെ വാക്കുകൾ വിശ്വസിച്ച് നിരവധി പേരാണു സ്വത്തുവകകൾ വിറ്റുപെറുക്കി മുരിയാട് കൂടാരം അധികൃതരെ പണമേൽപ്പിച്ച് അവിടെ താമസം തുടങ്ങിയത്. സ്വർഗത്തിൽ 1,44,000 'സീറ്റുകൾ' മാത്രം ഒഴിഞ്ഞുകിടക്കുന്നുവെന്നാണ് ഇവർ വിശ്വാസികളെ ധരിപ്പിച്ചിരുന്നത്. അയ്യായിരത്തോളം കുടുംബങ്ങളാണ് ഇതും വിശ്വസിച്ച് എംപറർ ഇമ്മാനുവൽ സഭയിലെത്തിയത്. ലോകാവസാനമാകുമ്പോൾ രക്ഷപ്പെടാൻ നോഹയുടെ പേടകം എന്ന വിധത്തിലായിരുന്നു ഈ കെട്ടിടങ്ങളുടെ നിർമ്മാണം. കെട്ടിടത്തിന്റെ ഡിസൈൻ പോലും കർത്താവ് നേരിട്ട് തയ്യാറാക്കിയെന്നായിരുന്നു ഇവരുടെ അവകാശവാദം.

ലോകാവസാനം സംഭവിക്കാൻ ഇനി അധികനാളുകൾ ശേഷിക്കുന്നില്ലെന്നാണ് ഈ സിയോൺസഭ വിശ്വാസികളെ ധരിപ്പിക്കുന്നത്. എന്നാൽ, ലോകാവസാനമുണ്ടാകുമ്പോൽ സ്വർഗത്തിൽ എത്തണമെങ്കിൽ അതിനുള്ള ഒരേയൊരു മാർഗ്ഗം സഭയിൽ ചേരുക എന്നതുമാണ്. ഇങ്ങനെ സ്വന്തം നാടുപേക്ഷിച്ചുവന്ന 700ഓളം കുടുംബങ്ങൾ മൂരിയാടും പരിസരത്തുമായി കഴിയുന്നുണ്ട്. ദൈവരാജ്യത്തിന്റെ രഹസ്യങ്ങൾ വെളിപ്പെട്ടുകിട്ടുകയും കാലത്തിന്റെ അടയാളങ്ങൾ ഗ്രഹിക്കുകയും ചെയ്യുന്നവരാണ് തങ്ങളെന്ന് ഇവർ അവകാശപ്പെടുന്നു. പ്രകൃതിദുരന്തങ്ങളാണ് കാലത്തിന്റെ അടയാളങ്ങളായി ഇവർ ചൂണ്ടിക്കാട്ടുന്നത്.

കേരളത്തിൽ മാത്രം 150 പ്രാദേശിക സഭകൾ എംപറർ ഇമ്മാനുവൽ സഭയ്ക്കുണ്ടെന്നാണ് ഈ വിശ്വാസികൾ പറയുന്നത്. ഇതിനു പുറമെ ചില അയൽസംസ്ഥാനങ്ങളിലും ഏതാനും വിദേശരാജ്യങ്ങളിലും സഭയുടെ പ്രാദേശിക ഘടകങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നും ഇവർ അവകാശപ്പെടുന്നു. പുറംലോകവുമായി ഏറെ അടുപ്പമൊന്നും സിയോൺ വിശ്വാസികൾ ഇഷ്ടപ്പെടുന്നില്ലെന്നതാണ് വാസ്തവം. മറ്റാരെയും സ്‌നേഹിക്കരുതെന്നാണ് ദൈവം പറഞ്ഞതെന്നും അങ്ങനെയെങ്കിൽ ദൈവത്തോടു സ്‌നേഹം കുറയുമെന്നും മറ്റും പറഞ്ഞാണ് ഇവരുടെ ആശയ പ്രചരണം. ഇത്തരം പ്രചരണങ്ങളുടെ പേരിൽ വിദ്വേഷ പ്രചരണങ്ങൾക്ക് എതിരെ പരാതിയും ഉയർന്നിരുന്നു.

കത്തോലിക്കാ സഭയുമായി ബന്ധം ഉപേക്ഷിച്ചവരും നിരവധിയായിരുന്നു. ഇരിങ്ങാലക്കുടയിലേക്ക് പ്രവർത്തനം വ്യാപിപ്പിച്ചതോടെ ഇരിങ്ങാലക്കുട രൂപതാ മെത്രാൻ ഇടയലേഖനം വരെ ഇവർക്കെതിരെ പുറപ്പെടുവിച്ചിരുന്നു. എംപറർ ഇമ്മാനുവൽ ട്രസ്റ്റിലെ ധ്യാന കേന്ദ്രത്തിന് രൂപതയുമായി യാതൊരു ബന്ധവും അംഗീകാരവും ഇല്ലെന്നാണ് മെത്രാൻ ഇടയലേഖനത്തിൽ വ്യക്തമാക്കിയത്. ഇവരുടെ പ്രാർത്ഥനാ ചടങ്ങകളിൽ പങ്കെടുക്കരുതെന്ന നിർദേശവും നൽകിയിരുന്നു.

ബൈബിളിനെ ദുർവ്യാഖ്യാനം ചെയ്ത്, ലോകാവസാനം അടുത്തിരിക്കുന്നുവെന്നും ഇമ്മാനുവേൽ എന്ന രക്ഷൻ പിറന്നിരിക്കുന്നുവെന്നും തങ്ങളുടെ സ്വത്തുക്കളെല്ലാം കൂടാരത്തിന് അടിയറവ് വയ്ക്കണമെന്നും അങ്ങനെ പുതിയ ജീവിതരീതി സ്വീകരിക്കണമെന്നും പ്രചരിപ്പിച്ചാണ് ഇവർ ആളുകളെ കൂടെക്കൂട്ടിയത്. ഇതുവഴി നിരവധി കുടുംബങ്ങളിൽ അന്തഃഛിദ്രവും കുടുംബത്തകർച്ചയും വഴക്കും കേസുകളും ഉണ്ടായി. വിവാഹമോചനങ്ങൾ വർധിച്ചു. കൂടാരത്തിനു പുറത്തുള്ള ക്രൈസ്തവരും മറ്റു മതസ്ഥരും സാത്താന്റെ സന്തതികളാണെന്നും അവരൊക്കെ നശിക്കുവാൻ വിധിക്കപ്പെട്ടവരാണെന്നും കൂടാരത്തിലെ 'ധ്യാന'ങ്ങളിലും അവർ നടത്തുന്ന 'കൂട്ടായ്മ'കളിലും വ്യാപകമായ പ്രചാരണം നടത്തിയാണ് പലരെയും കെണിയിൽപ്പെടുത്തിയത്. നിരവധി വിവാഹ മോചനങ്ങളും ഇതോടെയുണ്ടായി.

കോട്ടയം, ഇടുക്കി ജില്ലകളിൽനിന്നുള്ളവരാണു സർവസ്വത്തുക്കളും വിറ്റുപെറുക്കി മുരിയാടിലെത്തിയവരിൽ ഭൂരിഭാഗവും. പൊന്നാറയുടെ മരണത്തിനും ട്രസ്റ്റിമാരുടെ രാജിക്കും ശേഷം വിശ്വാസികൾ തമ്മിലുള്ള സ്വത്തുതർക്കങ്ങൾ ശക്തമായി. സമ്പാദ്യമത്രയും സഭാനേതൃത്വത്തെ ഏൽപ്പിച്ച സാധാരണവിശ്വാസികൾ അവ തിരിച്ചുകിട്ടണമെന്ന ആവശ്യവുമായി കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP