Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പല വീടുകളും ഇഷ്ടം പോലെ സ്വത്തുക്കളും ഉണ്ടായിട്ടും ആർത്തി തീരാതെ പി ടി ഉഷ വീണ്ടും വീടു ചോദിച്ചു സർക്കാറിന് മുമ്പിൽ; എൻജിനീയറിങ് കോളേജിന്റെ സ്ഥലം കൊടുക്കാൻ സർക്കാർ തീരുമാനിച്ചപ്പോൾ ഉടക്കുമായി സി.പി.എം ജില്ലാ കമ്മിറ്റി; സർക്കാർ സ്‌കൂളിന്റെ ഗ്രൗണ്ട് അനുവദിച്ചത് വിവാദമായിട്ടും പാഠം പഠിക്കാതെ ഇതിഹാസ താരം

പല വീടുകളും ഇഷ്ടം പോലെ സ്വത്തുക്കളും ഉണ്ടായിട്ടും ആർത്തി തീരാതെ പി ടി ഉഷ വീണ്ടും വീടു ചോദിച്ചു സർക്കാറിന് മുമ്പിൽ; എൻജിനീയറിങ് കോളേജിന്റെ സ്ഥലം കൊടുക്കാൻ സർക്കാർ തീരുമാനിച്ചപ്പോൾ ഉടക്കുമായി സി.പി.എം ജില്ലാ കമ്മിറ്റി; സർക്കാർ സ്‌കൂളിന്റെ ഗ്രൗണ്ട് അനുവദിച്ചത് വിവാദമായിട്ടും പാഠം പഠിക്കാതെ ഇതിഹാസ താരം

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: പി യു ചിത്രയെന്ന മലയാളി താരത്തിന് ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ പോകാനുള്ള അവസരം ഇല്ലാതാക്കിയതിൽ പി ടി ഉഷയുടെ ഇടപെടൽ ഉണ്ടെന്ന് വിശ്വസിക്കുന്നവരാണ് നല്ലൊരു ശതമാനം മലയാളികളും. ഉഷയുടെ പെരുന്തച്ചൻ കോംപ്ലക്‌സാണ് ചിത്രയുടെ അവസരം നശിപ്പിച്ചതെന്നാണ് അറിയുന്നത്. എന്നാൽ, യുവതാരങ്ങൾക്ക് പാരവെക്കുന്ന പി ടി ഉഷക്ക് സ്വന്തം കാര്യത്തിൽ ഇനിയും ആർത്തി തീരുന്നില്ല. ഇതിഹാസ താരത്തിന് കോഴിക്കോട് നഗരത്തിൽ വീടുവെക്കാൻ സർക്കാർ സൗജന്യമായി തന്നെ സ്ഥലം
നൽകണമെന്നാണ് ആവശ്യം. ഈ ആവശ്യം ഉന്നയിച്ച് ഉഷ വീണ്ടും സർക്കാറിന് മുന്നിൽ എത്തിയിരുന്നു. എന്നാൽ സർക്കാർ സ്ഥാപനത്തിന്റെ സ്ഥലം ഉഷക്ക് വിട്ടുകൊടുക്കേണ്ട യാതൊരു ആവശ്യവും ഇല്ലെന്ന് പറഞ്ഞ് ഉടക്കുമായി സി.പി.എം ജില്ലാ കമ്മിറ്റി രംഗത്തെത്തി.

കോഴിക്കോട് വെസ്റ്റ്ഹിൽ ഗവ. എൻജിനീയറിങ് കോളജിന്റെ ഭൂമിയാണ് ഉഷയ്ക്ക് വേണ്ടി സൗജന്യമായി നൽകാൻ സർക്കാർ കണ്ടെത്തിയത്. ഈ ഭൂദാനത്തിലാണ് സി.പി.എം ജില്ല കമ്മിറ്റിക്ക് എതിർപ്പ്. നഗരത്തിലെ റവന്യൂ ലാൻഡ്ബാങ്കിൽ നിന്ന് ഭൂമി കണ്ടെത്തി ഉഷക്ക് കൈമാറുന്നതിൽ എതിർപ്പില്ലെന്നാണ് പാർട്ടിയുടെ അഭിപ്രായം. ഇക്കാര്യം സർക്കാറിന്റെ ശ്രദ്ധയിൽപ്പെടുത്തി. അതേസമയം സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കൈവശമുള്ള കണ്ണായസ്ഥലത്ത് വീടുവെക്കാനായി ഭൂമി നൽകാനുള്ള നീക്കം നേരത്തെ തന്നെ വിവാദമായിരുന്നു. കുട്ടികളുടെ കളിസ്ഥലത്ത് വീടുവെക്കാനായിരുന്നു തീരുമാനം.

2013ൽ ഉഷ നൽകിയ അപേക്ഷയെത്തുടർന്ന് യു.ഡി.എഫ് സർക്കാർ ഭൂമി പതിച്ചു നൽകാനൊരുങ്ങിയെങ്കിലും കടുത്ത എതിർപ്പിനെ തുടർന്ന് പിന്മാറുകയായിരുന്നു. എൽ.ഡി.എഫ് സർക്കാറിനോടും നിരന്തരമായി ഉഷ ഭൂമി ആവശ്യപ്പെട്ടിരുന്നെന്നാണ് സൂചന. ഇതേ തുടർന്നാണ് സർക്കാർ അനുഭാവ പൂർവം ഈ വിഷയം പരിഗണിച്ചത്. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് സർക്കാർ സെക്രട്ടറി കഴിഞ്ഞമാസം രണ്ടിന് നൽകിയ കത്ത് പുറത്തുവന്നതോടെയാണ് ഭൂമിദാനം വീണ്ടും ചർച്ചയായത്.

പോളിടെക്‌നിക്കും എൻജിനീയറിങ് കോളജുമുള്ള ഭൂമിയിലെ കെട്ടിടങ്ങളുടെയും ഉഷക്ക് നൽകാനുദ്ദേശിക്കുന്ന സ്ഥലത്തിന്റെയും രൂപരേഖ സമർപ്പിക്കാനായിരുന്നു നിർദ്ദേശം. പോളിടെക്‌നിക്കിന് എത്ര ഭൂമി ആവശ്യമാണെന്നും കത്തിൽ ചോദിക്കുന്നുണ്ട്. കഴിഞ്ഞവർഷം ഡിസംബറിൽ സാങ്കേതിക വിദ്യാഭാസ വകുപ്പ് സർക്കാറിന് വിശദീകരണ കത്ത് നൽകിയിരുന്നു. കെട്ടടങ്ങിയ വിഷയം കഴിഞ്ഞദിവസം കോഴിക്കോട് കോർപറേഷൻ കൗൺസിലിൽ ചർച്ചയായി. സി.പി.എം കൗൺസിലറായ ടി.സി. ബിജുരാജാണ് വിഷയം യോഗത്തിൽ ഉന്നയിച്ചത്. പാർട്ടി നേതൃത്വത്തിന്റെ സമ്മതത്തോടെയാണ് കൗൺസിലിൽ ഭരണപക്ഷം തന്നെ വിഷയം കൊണ്ടുവന്നത്. വിദ്യാർത്ഥികൾക്ക് ഉപകാരപ്പെടേണ്ട സ്ഥലം ഉഷക്ക് നൽകുന്നതെന്തിനാണെന്നാണ് എതിർപ്പുയർത്തുന്നവർ ചോദിക്കുന്നത്.

വെസ്റ്റ്ഹിൽ ചുങ്കത്ത് ഉഷയുടെയും സഹോദരിയുടെയും പേരിൽ അര ഏക്കർ ഭൂമിയുണ്ട്. കിനാലൂരിലെ ഉഷ സ്‌കൂളിന് സാമ്പത്തികസഹായവും മറ്റും സർക്കാർ കൃത്യമായി നൽകുന്നുമുണ്ട്. 1991ൽ മാവൂർ റോഡിൽ ഉഷ സ്ഥലം വാങ്ങിയതായും ഇവർ ചൂണ്ടിക്കാണിക്കുന്നു. ഇതിനിടയിൽ എൻജിനീയറിങ് കോളജ് അധികൃതർ പോലും അറിയാതെ കരുനീക്കം നടത്തിയതിലും അമർഷം പുകയുന്നുണ്ട്. എസ്.എഫ്.ഐ രംഗത്തിറങ്ങിയതും ഭൂമിദാനത്തിന് തിരിച്ചടിയാകും.

കച്ചേരി വില്ലേജിൽപ്പെട്ട 1.43 ഏക്കർ ഭൂമിയിൽ പോളിടെക്‌നിക് കോളജ്, എൻജിനീയറിങ് കോളജ്, ടെക്‌നിക്കൽ ഹൈസ്‌കൂൾ എന്നീ സ്ഥാപനങ്ങളാണുള്ളത്. 2013ൽ ഉഷ നൽകിയ അപേക്ഷയിൽ കോഴിക്കോട് തഹസിൽദാർ നഗരപരിധിയിൽ റവന്യൂഭൂമിയില്ലെന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് ഉഷ തന്നെ വെസ്റ്റ്ഹില്ലിലെ ഭുമിയെക്കുറിച്ച് അറിയിക്കുകയായിരുന്നു. കോഴിക്കോട് നഗരത്തിലൊരു വീടുണ്ടാക്കാൻ സർവ്വ ചട്ടങ്ങളും മറികടന്ന് പി ടി ഉഷയ്ക്ക് സ്‌കൂൾ ഗ്രൗണ്ട് അനുവദിച്ച അന്ന് വിവാദമായത്. എത്രയൊക്കെ ലഭിച്ചാലും എന്നും പരാതി പറയുന്ന പിടി ഉഷയ്ക്ക് പല വീടുകൾ ഉണ്ടായിട്ടും സ്‌കൂൾ ഗ്രൗണ്ടിനോടു ചേർന്ന ഭാഗം നൽകാൻ തീരുമാനിച്ചത്. സ്ഥലം വിട്ടുനൽകാനുള്ള സർക്കാർ ഉത്തരവിനെതിരെ കുട്ടികളും രക്ഷിതാക്കളും രംഗത്ത് ഇറങ്ങിയതോടെ ഈ വിഷയം താൽക്കാലികമായി അവസാനിച്ചു.

സെന്റിന് 30 ലക്ഷമെങ്കിലും വില മതിക്കുന്ന പത്ത് സെന്റ് സ്ഥലമാണ് സൗജന്യമായി പി ടി ഉഷയ്ക്ക് നൽകാൻ നീക്കം നടന്നത്. തനിക്ക് സർക്കാർ ഒന്നും നൽകിയില്ല എന്ന പല്ലവിയാണ് ഉഷയ്ക്ക് എപ്പോഴുമുള്ളത്. എന്നാൽ അത് ശരിയല്ലെന്ന് അവരെ അടുത്തറിയാവുന്നവർ പറയുന്നു. പി ടി ഉഷയുടെ പയ്യോളിയിലെ വീട് നിർമ്മിക്കാൻ സർക്കാർ ഇതിന് മുമ്പ് സാമ്പത്തിക സഹായം നൽകിയിട്ടുണ്ട്. ഉഷാ സ്‌കൂളിന് കിനാലൂരിൽ ഭൂമി ഏറ്റെടുത്തും നൽകി. കോടികൾ വിലമതിക്കുന്ന ഭൂമിയാണ് സർക്കാർ സ്‌കൂളിന് ചെറിയൊരു പാട്ടം ഈടാക്കി നൽകിയത്. ഒരു നിശ്ചിത കാലയളവ് കഴിഞ്ഞാൽ സ്ഥലം സ്വന്തമാക്കാനും പാട്ടക്കരാറിൽ പറഞ്ഞിട്ടുണ്ട്. കൂടാതെ സ്‌കൂളിന്റെ അടിസ്ഥാന സൗകര്യങ്ങൾ മുഴുവൻ സർക്കാർ ഫണ്ടുകൊണ്ടും മറ്റുള്ളഴരുടെ സഹായം കൊണ്ടുാമാണ് നിർമ്മിച്ചിരിക്കുന്നതാണ്. സിന്തെറ്റിക് ട്രാക്ക് നിർമ്മിക്കാൻ കോടികളാണ് കേന്ദ്ര സർക്കാർ നൽകിയത്.

കേന്ദ്ര - സംസ്ഥാന സർക്കാരുകൾക്ക് പുറമെ ഒട്ടേറെ വ്യക്തികളും സംഘടനകളും ഉഷ സ്‌കൂളിന് സ്ഥിരം സാമ്പത്തിക സഹായം ചെയ്യുന്നു. ഉഷ ആരംഭിക്കുന്ന ഒരു സംരംഭം എന്ന നിലയിൽ ബോളിവുഡ് നടന്മാരും ഇന്ത്യയിലെ വൻകിട കമ്പനികളും അടക്കം നൽകിയ പണത്തിന്റെ കണക്ക് വ്യക്തമല്ല. എത്ര കിട്ടിയാലും പിന്നെയും പരാതിപ്പെടുന്ന ഉഷയുടെ ശല്യം സഹിക്കാൻ ആവാതെയാണ് അവസാനം വീടിന് പണം അനുവദിച്ചത്. വീടില്ലാത്ത കായികതാരങ്ങൾക്ക് വീട് നൽകുന്നത് പോലെയല്ല ഉഷയുടെ കാര്യം എന്ന് പലരും ചൂണ്ടിക്കാട്ടുന്നു. ഇത്രയധികം പണം കൈപ്പറ്റിയാലും ഏഷ്യൻ ഗെയിംസിൽ മെഡൽ വാങ്ങുന്ന ഒരു ടിന്റു ലൂക്ക മാത്രമാണ് ഇതുവരെ ഉഷയുടെ സംഭാവന എന്നതും വിമർശകർ ചൂണ്ടിക്കാട്ടുന്ന വിഷയമാണ്. ഒരു സഹായവും നൽകാതെ അനേകം ടിന്റു ലൂക്കമാർ കേരളത്തിൽ ഉണ്ടായി കഴിഞ്ഞു എന്നതാണ് ഇവർ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP