Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രസിഡന്റായിരുന്നപ്പോൾ പുലർത്തിയ മൗനം ഉപേക്ഷിച്ച് സുധീരൻ വീണ്ടും വിമത നീക്കത്തിന് രംഗത്തിറങ്ങുന്നു; ജനകീയ വിഷയങ്ങളിൽ 'വി എസ്' റോൾ ഏറ്റെടുക്കാൻ ഉറച്ച മുൻ കെപിസിസി പ്രസിഡന്റ് സെക്രട്ടേറിയറ്റിനു മുൻപിലെ സമാന്തര സമരത്തോടെ തുടക്കം; നിർമ്മൽ തട്ടിപ്പിനു പിന്നിലെ കോൺഗ്രസ് നേതാവിനെതിരെയും തുറന്ന യുദ്ധം

പ്രസിഡന്റായിരുന്നപ്പോൾ പുലർത്തിയ മൗനം ഉപേക്ഷിച്ച് സുധീരൻ വീണ്ടും വിമത നീക്കത്തിന് രംഗത്തിറങ്ങുന്നു; ജനകീയ വിഷയങ്ങളിൽ 'വി എസ്' റോൾ ഏറ്റെടുക്കാൻ ഉറച്ച മുൻ കെപിസിസി പ്രസിഡന്റ് സെക്രട്ടേറിയറ്റിനു മുൻപിലെ സമാന്തര സമരത്തോടെ തുടക്കം; നിർമ്മൽ തട്ടിപ്പിനു പിന്നിലെ കോൺഗ്രസ് നേതാവിനെതിരെയും തുറന്ന യുദ്ധം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കെപിസിസി അധ്യക്ഷ സ്ഥാനത്തു നിന്ന് പുറത്തു പോയതിനു പിന്നാലെ നേതൃത്വത്തെ വെല്ലുവിളിച്ച് സമാന്തരപ്രവർത്തനവുമായി വി എം സുധീരൻ. ഇതോടെ സുധീരന്റെ സമാന്തര പ്രവർത്തനങ്ങൾ നിലവിലെ കെപിസിസി നേതൃത്വത്തിനും തലവേദനയായി മാറുകയാണ്. പാർട്ടി മൗനം പാലിക്കുന്ന വിവിധ വിഷയങ്ങളിൽ നേതൃത്വത്തെ വെല്ലുവിളിച്ചാണ് സുധീരൻ സ്വന്തംനിലയിൽ സമരങ്ങളും യോഗങ്ങളും സംഘടിപ്പിക്കുന്നത്.

കെപിസിസി പ്രസിഡന്റ് എംഎം ഹസന്റെ അഴകൊഴമ്പൻ സമീപനങ്ങളും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ കഴിവുകേടും പാർട്ടിയെ കൂടുതൽ ദുർബനലമാക്കുമെന്ന വാദം അണികൾക്കിടയിൽ ശക്തമായിരിക്കുന്നതിനിടെയാണ് സുധീരൻ ഒറ്റയാൾ പോരാട്ടം ആരംഭിച്ചിരിക്കുന്നത്. ഹസനും ചെന്നിത്തലയും മാറണമെന്ന അഭിപ്രായവും താഴേത്തട്ടിൽ നിന്ന് ഉയർന്നു കഴിഞ്ഞു.

26-ന് കെപിസിസി നേതൃത്വത്തിൽ എംഎം ഹസൻ ഏജീസ് ഓഫീസിനുമുന്നിൽ സമരം പ്രഖ്യാപിച്ചതിനിടെ തൊട്ടടുത്ത് സെക്രട്ടറിയറ്റിനു മുന്നിൽ സുധീരൻ സമാന്തരസമരം നടത്തും. മദ്യനയമടക്കം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് ചില സംഘടനകളെയും മത-സാമുദായിക നേതാക്കളെയും കൂട്ടുപിടിച്ച് സമരം നടത്തുന്നത്. അതേസമയം പെട്രോളിയം ഉൽപ്പന്നങ്ങളുടെ നികുതി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് കെപിസിസിയുടെ സമരം.

സംസ്ഥാനാതിർത്തിയിൽ തമിഴ്‌നാട്ടിൽ നിക്ഷേപകരെ വഞ്ചിച്ച് കോടികൾ തട്ടി മുങ്ങിയ ചിട്ടിക്കമ്പനി ഉടമയുടെ അടുപ്പക്കാരാണ് ജില്ലയിലെ ഒരു മുന്മന്ത്രി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ. തട്ടിപ്പിനിരയായവർ നടത്തുന്ന സമരത്തോടും കോൺഗ്രസ് തന്ത്രപരമായി അകലം പാലിക്കുകയാണ്. ഇക്കാര്യം മനസിലാക്കിയ സുധീരൻ നേതൃത്വത്തിന്റെ ഇരട്ടത്താപ്പിനെ വെല്ലുവിളിച്ച് നിക്ഷേപകരുടെ സമരത്തെയും അഭിസംബോധന ചെയ്തിരുന്നു. മനസ്സിലാക്കിയ സുധീരൻ കഴിഞ്ഞ ദിവസം അവിടെ സംസാരിച്ചു.

സംഘടനാ തെരഞ്ഞെടുപ്പ് അട്ടിമറിച്ച് കെപിസിസി, എഐസിസി അംഗങ്ങളെ എ, ഐ ഗ്രൂപ്പുകൾ വീതം വയ്ക്കുന്നതും പ്രസിഡന്റായിരിക്കെ ഇരു ഗ്രൂപ്പുകളും തനിക്കെതിരെ നടത്തിയ ഒളിയുദ്ധവുമാണ് സുധീരന്റെ പ്രകോപനത്തിനു കാരണം. ഗ്രൂപ്പു മാനേജർമാരുടെ സമ്മർദം സഹിക്കാനാകാതെയാണ് ആരോഗ്യപ്രശ്‌നങ്ങൾ പറഞ്ഞ് സുധീരൻ പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞത്. ഇത് അവസരമാക്കി ഇരുഗ്രൂപ്പുകളും പഴയപോലെ വീതംവയ്പിലേക്ക് തിരിച്ചുപോയി.ഇതിനിടെ കാവൽ പ്രസിഡന്റായ എംഎം ഹസൻ സ്ഥാനം ഉറപ്പിക്കുകയും ജനശ്രീമിഷനിലെ തട്ടിപ്പുസംഘത്തിന് കെപിസിസി ആസ്ഥാനത്തിന്റെ ചുമതല നൽകുകയും ചെയ്തു.

അതിനിടെ സമവായത്തിലൂടെ സംഘടനാ തെരഞ്ഞെടുപ്പ് എന്നുപറഞ്ഞ് ഒക്ടോബർ മൂന്നിനകം കെപിസിസി-എഐസിസി അംഗങ്ങളെ പ്രഖ്യാപിക്കാനാണ് നീക്കം. ഇതിനായി ഇരുഗ്രൂപ്പുകളും ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് ചുമതലയുള്ള ഹൈക്കമാൻഡ് പ്രതിനിധി സുദർശൻ നാച്ചിയപ്പൻ തലസ്ഥാനത്ത് എത്തിയപ്പോൾ നിർദേശങ്ങൾ സമർപ്പിക്കാൻ അറിയിച്ചെങ്കിലും വി എം സുധീരൻ ഉൾപ്പെടെ ഏതാനുംപേർ മാത്രമാണ് അതിനു തയ്യാറായത്.

ഗ്രൂപ്പുകൾ ലിസ്റ്റ് നൽകിയതിനാൽ മറ്റുള്ളവർ നിർദ്ദേശം നൽകിയില്ല. എന്നാൽ, ഗ്രൂപ്പ് ലിസ്റ്റ് ഒരു കാരണവശാലും അംഗീകരിക്കരുതെന്നാണ് സുധീരന്റെ ആവശ്യം. സുധീരൻ പ്രസിഡന്റായിരിക്കെ ഗ്രൂപ്പുകളുടെ സമ്മർദം കണക്കിലെടുക്കാതെയാണ് ഡിസിസികൾ പുനഃസംഘടിപ്പിച്ചത്. ടി.എൻ പ്രതാപനും നെയ്യാറ്റിൻകര സനലുമൊക്കെ ഡിസിസി പ്രസിഡന്റായതും ഇങ്ങനെയാണ്.

സുധീരൻ പുറത്തായതോടെ വീണ്ടും വീതംവയ്പിനുള്ള കളമൊരുങ്ങുകയായിരുന്നു. വേങ്ങര ഉപതെരഞ്ഞെടുപ്പിനു മുമ്പ് പുതിയ കെപിസിസി പ്രസിഡന്റിനെ തെരഞ്ഞെടുക്കുമെന്ന ഉറപ്പ് യുഡിഎഫ് യോഗത്തിൽ ഉണ്ടായെങ്കിലും അതിന് ഇപ്പോൾ സാധ്യതയില്ല. കോൺഗ്രസ് അധ്യക്ഷനായി രാഹുൽഗാന്ധിയെ അവരോധിക്കാൻ എഐസിസി-കെപിസിസി അംഗങ്ങളെ തെരഞ്ഞെടുക്കുകയെന്ന അജൻഡയാണ് ഇപ്പോൾ നേതൃത്വത്തിന് മുന്നിലുള്ളത്. എന്നാൽ ഇതിന്റെ മറവിൽ ഗ്രൂപ്പ് വീതം വയ്‌പ്പ് നടത്തി പെട്ടിയെടുപ്പുകാരെ നേതൃസ്ഥാനങ്ങളിൽ കുത്തിത്തിരുകുന്നതിനെതിരെയാണ് സുധീരന്റെ കലാപം.

സർക്കാരുമായി ബന്ധപ്പെട്ടുയരുന്ന നിർണായക വിവാദങ്ങളിൽ ചെന്നിത്തലയും ഹസനും പുലർത്തുന്ന മൗനത്തിൽ താഴേത്തട്ടിലെ നേതാക്കൾക്കിടയിൽ പ്രതിഷേധം ശക്തമായിട്ടുണ്ട്. ഈ സാഹചര്യം മുതലെടുത്ത് 'വി എസ് അച്യുതാനന്ദൻ' ലൈനിൽ പാർട്ടിയിലെ തിരുത്തൽ ശക്തിയാകാനാണ് സുധീരൻ ശ്രമിക്കുന്നത്.

നേതാക്കളുടെ തട്ടിപ്പുകൾക്കും മുതലാളിമാരുമായുള്ള സന്ധി ചെയ്യലുകൾക്കുമെതിരെ ശക്തമായ നിലപാടെടുത്ത് രംഗത്തിറങ്ങാനാണ് മുൻ കെപിസിസി അധ്യക്ഷൻ ശ്രമിക്കുന്നത്. ഇക്കാര്യത്തിൽ അണികളുടെ പിന്തുണയും സുധീരന് ഏറിവരുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP