Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നിങ്ങളുടെ വ്യക്തിപരമായ അഭിപ്രായത്തെപ്പറ്റി എനിക്കറിയില്ല; ചാനലിന്റെയും ജമാഅത്തെ ഇസ്ലാമിയുടെയും ആർഎസ്എസിന്റെയും കാഴ്‌ച്ചപ്പാട് എന്താണെന്നറിയാം; മതംമാറ്റാനും തിരിച്ച് മാറ്റാനുമൊക്കെ കുറെ ആളുകൾ ഇറങ്ങിപ്പുറപ്പെട്ടിരിക്കുകയാണ്; തൃപ്പൂണിത്തുറ യോഗാ ട്രസ്റ്റിനെതിരായ വെളിപ്പെടുത്തൽ ചർച്ച ചെയ്യാൻ വിളിച്ച മീഡിയവൺ ചാനൽ അജണ്ട പൊളിച്ച് എം സ്വരാജ്; ക്ഷീണം തീർക്കാൻ എംഎൽഎയ്ക്ക് 'സംഘി' പട്ടം ചാർത്തി സുഡാപ്പികൾ

നിങ്ങളുടെ വ്യക്തിപരമായ അഭിപ്രായത്തെപ്പറ്റി എനിക്കറിയില്ല; ചാനലിന്റെയും ജമാഅത്തെ ഇസ്ലാമിയുടെയും ആർഎസ്എസിന്റെയും കാഴ്‌ച്ചപ്പാട് എന്താണെന്നറിയാം; മതംമാറ്റാനും തിരിച്ച് മാറ്റാനുമൊക്കെ കുറെ ആളുകൾ ഇറങ്ങിപ്പുറപ്പെട്ടിരിക്കുകയാണ്; തൃപ്പൂണിത്തുറ യോഗാ ട്രസ്റ്റിനെതിരായ വെളിപ്പെടുത്തൽ ചർച്ച ചെയ്യാൻ വിളിച്ച മീഡിയവൺ ചാനൽ അജണ്ട പൊളിച്ച് എം സ്വരാജ്; ക്ഷീണം തീർക്കാൻ എംഎൽഎയ്ക്ക് 'സംഘി' പട്ടം ചാർത്തി സുഡാപ്പികൾ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: തൃപ്പൂണിത്തറ യോഗാ ട്രസ്റ്റിൽ മതിപരിവർത്തനവും ലൈംഗിക ചൂഷണവും നടക്കുന്നെന്ന വാർത്തയെക്കുറിച്ച് മീഡിയാവൺ സംഘടിപ്പിച്ച ചർച്ചയ്ക്കിടെ ചാനലിന്റെ അജണ്ട പൊളിച്ചടുക്കി എം സ്വരാജ് എംഎൽഎ. തൃപ്പൂണിത്തുറയിൽ നടന്ന സംഭവമെന്ന നിലയിലാണ് സ്ഥലം എംഎൽഎ ആയ സ്വരാജിനെ ചർച്ചയ്ക്കു വിളിച്ചത്. ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാനും അത് പ്രചരിപ്പിക്കാനും ഭരണഘടന ഉറപ്പ് നൽകുന്ന സംരക്ഷണം നടപ്പിലാക്കാനുള്ള ഉത്തരവാദിത്വം ഭരണഘൂടങ്ങൾക്കില്ലേ എന്ന അവതാരകന്റെ ആവർത്തിച്ചുള്ള ചോദ്യത്തിനാണ് സ്വരാജ്, ഇക്കാര്യത്തിലുള്ള തന്റെ നിലപാട് വ്യക്തമാക്കിയത്.

'നിങ്ങളുടെ വ്യക്തിപരമായ അഭിപ്രായത്തെ പറ്റി എനിക്കറിയില്ല. മീഡിയാവൺ ചാനലിന്റെ നിലപാട് എന്താണെന്ന് എനിക്കറിയാം. ജമാത്തെ ഇസ്ലാമിയുടെ കാഴ്ചപ്പാട് എന്താണെന്ന് എനിക്കറിയാം. ആർഎസ്എസ്സിന്റെ കാഴ്ചപ്പാട് എന്താണെന്നും എനിക്കറിയാം. ഇത്തരം കാഴ്ചപ്പാടുകളോടും അഭിപ്രായങ്ങളോടുമുള്ള എന്റെ നിലപാടാണ് ഞാൻ പറഞ്ഞിട്ടുള്ളത്. നമ്മുടെ നാട്ടിൽ ഭരണഘടന ഉറപ്പ് നൽകുന്ന മൗലികാവകാശങ്ങൾ എന്ന് പറയുന്നത് അവനവന്റെ താൽപര്യം വരുമ്പോൾ എടുത്ത് വ്യാഖ്യാനിക്കുകയാണ് എല്ലാവരും. ഇതൊക്കെ എല്ലായിടത്തും സംഭവിക്കുന്നതാണ്. മതത്തെ ഒരു മറയായി സ്വീകരിച്ചുകൊണ്ടുള്ള പലവിധത്തിലുള്ള ഏർപ്പാടുകളും നമ്മുടെ നാട്ടിൽ നടക്കുന്നുണ്ട്. മതം മാറ്റാനും തിരിച്ച് മാറ്റാനുമൊക്കെയായി കുറെ ആളുകൾ ഇറങ്ങിപ്പുറപ്പെട്ടിരിക്കുകയാണ്. നമ്മുടെ നാടിനെ സംഘർഷപൂരിതമാക്കാനേ ഇതൊക്കെ ഉപകരിക്കുകയുള്ളൂ. ഓരോരുത്തരും സ്വതന്ത്രമായി പഠിക്കുകയും മനസ്സിലാക്കുകയും അവരവർക്ക് ഇഷ്ടമുള്ളത് പോലെ ജീവിക്കുന്നുമൊക്കെ വിശാല അർത്ഥത്തിൽ പറയുകയാണെങ്കിൽ ഞാൻ ചോദിക്കട്ടെ, പ്രായപൂർത്തിയായതിനു ശേഷം മാത്രം ഒരാൾ മതം സ്വീകരിച്ചാൽ മതി എന്ന കാഴ്ചപ്പാടിനെ എത്രപേർ അനുകൂലിക്കും? ഏത് മതമാണിവിടെ അനുകൂലിക്കുക? ഏത് മത സംഘടനയാണ് പിന്തുണയ്ക്കുക?'

'അപ്പോൾ ഇതിനൊക്കെ അപ്പുറത്തുള്ള അങ്ങേയറ്റത്തെ സങ്കുചിത താൽപര്യങ്ങളുടെ ഭാഗമാണിത്. ഓരോരുത്തരും തരാതരം പോലെ ഭരണഘടനെയൊക്കെ എടുത്ത് വ്യാഖ്യാനിക്കുകയാണ്. ഞാൻ പറഞ്ഞുവല്ലോ, മതത്തിന്റെ പേരിലുള്ള ഒരാളെക്കൂട്ടലിനോടും ഒരു തിരിച്ചുപിടിക്കലിനോടും ഒരു സംഘർഷത്തോടും എനിക്ക് യോജിപ്പില്ല. എനിക്കതിനോടെല്ലാം എതിർപ്പാണുള്ളത്. മതത്തിനപ്പുറത്തേക്ക് മനുഷ്വത്ത്വമാണ് ഉയർത്തിപ്പിടിക്കേണ്ടതെന്ന് ചിന്തിക്കുന്ന ആളാണ് ഞാൻ' -സ്വരാജ് പറഞ്ഞു.

ഈ മറുപടിയോടെ സ്വരാജുമായുള്ള ചർച്ച അവതാരകൻ അവസാനിപ്പിക്കുകയും ചെയ്തു. അതേസമയം ഇതിനു പിന്നാലെ സ്വരാജിന് സംഘി പട്ടം ചാർത്തിക്കൊടുക്കാനുള്ള ശ്രമങ്ങളുമായി സുഡാപ്പികളും രംഗത്തിറങ്ങിയിട്ടുണ്ട്.

സ്വരാജ് ചാനൽ ചർച്ചയിൽ പങ്കെുത്ത് സംസാരിച്ചതിന്റെ പൂർണരൂപം ചുവടെ:

സ്വരാജ്:

നിങ്ങൾ പുറത്തുവിട്ട വാർത്തയാണിത് എന്നു മനസ്സിലാക്കുന്നു. സ്വാഭാവികമായും ഇതിന്റെ വിശദാംശങളും നിജസ്ഥിതിയും മറ്റുള്ളവരെപ്പോലെ എനിക്കും അറിയുന്നുണ്ടാകില്ല.ലഭ്യമായ വാർത്തയുടെ അടിസ്ഥാനത്തിൽ പ്രതികരിക്കാനേ ഇപ്പോൾ നിർവാഹമുള്ളൂ. നിങ്ങൾ പറഞ്ഞതനുസരിച്ചാണെങ്കിൽ പൊലീസിൽ പരാതി കൊടുത്തിട്ടുണ്ട്, കോടതിയുടെ മുമ്പാകെ വന്നിട്ടുള്ള വിഷയമാണ്. തീർച്ചയായും അവിടുത്തെ ജനപ്രതിനിധി എന്ന നിലയ്ക്ക് ഈ സംഭവത്തെ കുറിച്ച് പൊലീസിനോട് ഞാൻ അന്വേഷിക്കും , അതിൽ സത്യസന്ധമായും കാര്യക്ഷമമായും വളരെ വേഗത്തിൽ സമയബന്ധിതമായി അന്വേഷണം പൂർത്തിയാക്കാൻ ആവശ്യപ്പെടും. കാര്യങ്ങൾ അന്വേഷിച്ച് മനസ്സിലാക്കുകയും കൂടുതൽ എന്തെങ്കിലും ഇടപെടലുകൾ ആവശ്യമെങ്കിൽ അത് ചെയ്യുകയും ചെയ്യും.

എന്നാൽ അതോടൊപ്പം എനിക്ക് തോന്നുന്നൊരു കാര്യം, സമീപ സമയങ്ങളിൽ പുറത്തുവന്നുകൊണ്ടിരിക്കുന്ന ഇത്തരം വാർത്തകൾ, കേരളത്തിന്റെ പല ഭാഗങ്ങളിൽ നിന്നുമുള്ള വാർത്തകൾ, അങ്ങേയറ്റം നിർഭാഗ്യകരമാണ്. ഇപ്പോൾ വിവിധകൂട്ടർ ഇറങ്ങിപുറപ്പെട്ടിരിക്കുകയാണ്. കുറേപേർ മതത്തിൽ ചേർക്കാൻ , വേറൊരുകൂട്ടർ ചേർന്നവരെ തിരിച്ചുകൊണ്ടുവരാൻ. ഇതാണിപ്പോൾ നടക്കുന്നത്. ഇത്രമാത്രം അസംബന്ധമായ അർത്ഥരഹിതമായ മറ്റൊരുകാര്യവുമില്ല.മതത്തെ സംബന്ധിച്ച് ആർക്കും എപ്പോൾ വേണമെങ്കിലും ഏത് മതത്തിലും ചേരാവുന്നതോ ഉപേക്ഷിക്കാവുന്നതോ ആയ ഒരു ഗൗരവം മാത്രമേ ഉള്ളൂ എന്നാണു ഒരർത്ഥത്തിൽ ഈ സംഭവങ്ങൾ ബോധ്യപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. ഇവിടെ പല മതങ്ങൾക്കും , നിങ്ങളിവിടെ പരാമർശിച്ച ഒരു സ്ഥാപനത്തെ കുറിച്ചാണിവിടെ പരാമർശിച്ചിട്ടുള്ളത്.

അത്തരത്തിലുള്ള സ്ഥാപനങ്ങൾ , അതായത് പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും മർദ്ദിച്ചും സമ്മർദ്ദത്തിലാക്കിയുമൊക്കെ മതത്തിൽ നിന്നും മാറാനും മാറിയവരെ തിരിച്ചുമാറ്റാനും മാറ്റിയവരെ സംരക്ഷിക്കാനുമൊക്കെയുള്ള സംവിധാനങ്ങൾ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ഉള്ളതായിട്ടാണ് കേൾക്കുന്നത്. ഏതായാലും ഇത്തരം സംഭവങ്ങളെല്ലാം, ഇത്തരം വാർത്തകളെല്ലാം , ഇത്തരം വിഷയങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള ജാഗ്രതയിലേക്കും ഇതിനെ സംബന്ധിച്ചെല്ലാം വിശദമായി അന്വേഷിക്കാനുള്ള ഉത്തരവാദിത്വത്തിലേക്കും ഗവൺമെന്റെനെ നയിക്കും എന്നാണു എനിക്ക് തോന്നുന്നത്

അവതാരകൻ:

ശ്രീ സ്വരാജ് ഇത് താങ്കൾ പറഞ്ഞത് പോലെ കേവലം ഒരു മതം മാറ്റത്തിന്റെ വിഷയമായി മാത്രം കാണേണ്ട ഒന്നല്ല എന്ന് തോനുന്നു. കാരണം, പ്രായപൂർത്തിയായ സ്ത്രീക്കും പുരുഷനുമൊക്കെ സ്വന്തം നിലയ്ക്ക് അവരുടെ വ്യക്തിപരമായ കാര്യങ്ങളിൽ തീരുമാനം എടുക്കുന്നതിനും അതുമായി ഒരു സ്വതന്ത്ര ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നതിനും ഭരണഘടന ഉറപ്പ് നൽകുന്ന വ്യക്തിസ്വാതന്ത്ര്യത്തിന്റെയും അതുപോലെ തന്നെ ജീവിക്കാനുള്ള അവകാശത്തിന്റെയുമൊക്കെ നഗ്‌നമായ ലംഘനം നിരന്തരം നടന്നുകൊണ്ടിരിക്കുന്ന സാഹചര്യങ്ങൾ നമ്മുടെ മുന്നിൽ കാണുന്നുണ്ട്. ഹാദിയയുടെ കേസിലായാലും ഇപ്പോൾ ഈ കുട്ടി പറയുന്ന കാര്യങ്ങൾ ആയാലും. ഞെട്ടിക്കുന്ന ഒരുകാര്യം ഇങ്ങനെ അറുപത്തിയഞ്ചോളം പെൺകുട്ടികൾ ഒരു കേന്ദ്രത്തിൽ തടവിലാക്കപ്പെട്ടിട്ടുണ്ടെന്നും അവരുടെ മനസ്സ് മാറ്റാനും അവരുടെ ചിന്തകളിൽ മാറ്റം വരുത്താനും വേണ്ടി ക്രൂരമായ പീഡനം ഉണ്ടെന്നും ഒരു ഘട്ടത്തിൽ ചില ലൈംഗിക ചൂഷണങ്ങൾ പോലും ഇവിടെ നടക്കുന്നുണ്ടെന്നും ഒപ്പമുള്ളവർ പറഞ്ഞതായൊക്കെയുള്ള വെളിപ്പെടുത്തലുകൾ വരുന്നു. അതീവ ഗൗരവത്തോടെ കാണേണ്ട ഒരു വിഷയമല്ല ഇത്?

സ്വരാജ്:

ഒരു സംശയവുമില്ല. നിങ്ങളീ പറഞ്ഞിട്ടുള്ള കാര്യങ്ങളെ സംബന്ധിച്ചെല്ലാം ഗൗരവതരമായും വസ്തുതാപരവുമായ അന്വേഷണം നടക്കണം. എല്ലാ നിയമലംഘനങ്ങളെ സംബന്ധിച്ചും കർശനമായ നടപടികളും സ്വീകരിക്കണം.
എന്നാൽ ഈ കാര്യം പറയുമ്പോൾ തന്നെ ഞാനൊന്ന് വ്യക്തമാക്കട്ടെ , ഈ കാര്യത്തിൽ നിങ്ങളുടെ അഭിപ്രായമല്ല എനിക്കുള്ളത് . അല്ലെങ്കിൽ നിങ്ങളുടെ ചാനലിന്റെ അഭിപ്രായമല്ല എനിക്കുള്ളത്. എല്ലാത്തരം വർഗീയതയെയും എല്ലാ തരത്തിലുള്ള മത പരിവർത്തന സംഘടിത നീക്കങ്ങളെയും താല്പര്യമില്ലാതെ നോക്കിക്കാണുന്ന ഒരാളാണ് ഞാൻ. ഒരു വ്യക്തിക്ക് ഇഷ്ടപ്പെട്ട മതം തിരഞ്ഞെടുക്കാനും ഒരു മതവും തിരഞ്ഞെടുക്കാതിരിക്കാനും ഉള്ള സ്വാതന്ത്ര്യം നമ്മുടെ രാജ്യത്തുണ്ട്. എന്നാൽ ഇപ്പോൾ പലപ്പോളും പുറത്ത് വരുന്ന സംഭവങ്ങൾ വസ്തുതാപരമായി നിരീക്ഷിച്ചാൽ ഏതൊരാൾക്കും മനസ്സിലാകുന്നൊരുകാര്യം, പ്രായപൂർത്തിയായ സ്ഥിരബുദ്ധിയുള്ള ഒരാൾ അയാളുടെ സ്വയാർജ്ജിദമായ അറിവുകളുടെയും കാഴ്ചപ്പാടുകളുടെയും അടിസ്ഥാനത്തിൽ ഏതെങ്കിലും മതം സ്വീകരിക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യുന്ന സംഭവങ്ങളല്ല പലപ്പോളും വാർത്തയായി വരുന്നത്. ഓരോരുത്തരും അവരവരുടെ മതത്തിലേക്ക് ആളെക്കൂട്ടാൻ സംഘടിതതമായി പ്രവർത്തിക്കുകയാണ്. അതിനുവേണ്ടി പണം ചിലവഴിക്കുകയാണ്. സമ്മർദ്ദവും ഭീഷണിയും ഉപയോഗിക്കുകയാണ് , പല തരത്തിലുള്ള പ്രലോഭനങ്ങൾ ഇതിനായി കടന്നുവരികയാണ്. എന്തിനാണീ മതത്തിലേക്ക് ആളെക്കൂട്ടുന്നതെന്ന് എനിക്ക് മനസ്സിലായിട്ടില്ല. ഏതെങ്കിലും ദൈവം തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ടോ?. ഒരു മതത്തിൽ നിന്നുമൊരാൾ പോയതുകൊണ്ട് എന്താണ് കുഴപ്പം? കൂടുതലായി വന്നതുകൊണ്ട് എന്താണ് കുഴപ്പം? എന്തിനാണ് മാറ്റുന്നത്, എന്തിനാണ് തിരിച്ചുപിടിക്കുന്നത്?.

ഇതിന്റെയൊക്കെ പിന്നിലുള്ളത് വളരെ കൃത്യമായ അങ്ങേയറ്റം സങ്കുചിതമായ മതവർഗീയ കാഴ്ചപ്പാടുകളൊക്കെ തന്നെയാണെന്നാണ് എനിക്ക് തോന്നുന്നത്. അതല്ലാതെ, എല്ലാവരും മേനിനടിക്കാൻ വേണ്ടി ഒരു ദൈവമേ ഉള്ളൂ എല്ലാം ഒന്നാണെന്നൊക്കെ പറയും. എന്നിട്ട് ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് മാറ്റാൻ നടക്കുന്നു. മാറ്റിയതിനെ തിരിച്ചുമാറ്റാൻ നടക്കുന്നു. അതിനു സെന്റെർ തുറക്കുന്നു. നിങ്ങളീ പറഞ്ഞതുപോലെ ഭീഷണിപ്പെടുത്തുന്നു പീഡിപ്പിക്കു ആക്രമം നടത്തുന്നു. എന്തൊക്കെയാണ് നമ്മുടെ നാട്ടിൽ നടക്കുന്നത്. ഇതെല്ലാം ഗൗരവതരമായി അന്വേഷിക്കേണ്ടതാണെന്നുള്ള കാര്യത്തിൽ യാതൊരു സംശയവുമില്ല. ഇതിൽ പലപ്പോളും പുറത്തുവരുന്ന വാർത്തകൾക്കപ്പുറത്ത് , അങ്ങേയറ്റം സങ്കുചിത മനസ്ഥിതിയോടെ മത ഭ്രാന്തന്മാരായിട്ടുള്ള ആളുകളുടെ ഇടപെടലും കൈയും കാണാൻ കഴിയും എന്നുതന്നെയാണ് ഞാൻ കരുതുന്നത്.

അവതാരകൻ:

ശ്രീ സ്വരാജ്, എന്റെ അഭിപ്രായത്തോട് വിയോജിച്ചുകൊണ്ടാണ് ഈ വിശദീകരണം നൽകുന്നതെന്ന് താങ്കൾ പറഞ്ഞു. ഒരു പക്ഷെ ഒരു തെറ്റിദ്ധാരണയിൽ നിന്നോ ഒരു മുൻവിധിയിൽ നിന്നോ ആയിരിക്കും താങ്കളിങ്ങനെ പറഞ്ഞിട്ടുണ്ടാകുക എന്ന് ഞാൻ വിചാരിക്കുന്നു. ഞാനിത് പറയാൻ കാരണം, ഞാൻ ഉദ്ദേശിക്കുന്നത് താങ്കൾ പറയുന്നതുപോലെ ഇതിനു പുറകിലെ നിക്ഷിപ്ത താല്പര്യങ്ങൾ , ഏതെങ്കിലും മതത്തിലേക്ക് ആളെക്കൂട്ടാനോ അവരുടെ ആളുകളായി നിർത്താനോ ഉള്ള ശ്രമങ്ങളുടെ ഭാഗമായി ഇതിനെ കാണുക എന്ന അർത്ഥത്തിലല്ല. ഞാൻ പറഞ്ഞത് ഒരു വ്യക്തി സ്വാതന്ത്ര്യത്തെ കുറിച്ചും ഭരണഘടന ഉറപ്പ് നൽകുന്ന വ്യക്തി സ്വാതന്ത്ര്യത്തെ കുറിച്ചും , ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാനും അത് പ്രചരിപ്പിക്കാനും ഭരണഘടന ഉറപ്പ് നൽകുന്ന സംരക്ഷണം നടപ്പിലാക്കാനുള്ള ഉത്തരവാദിത്വം ഭരണഘൂടങ്ങൾക്കില്ലേ എന്ന അർത്ഥത്തിലാണ്.

സ്വരാജ് :

നിങ്ങളുടെ വ്യക്തിപരമായ അഭിപ്രായത്തെ പറ്റി എനിക്കറിയില്ല. മീഡിയാവൺ ചാനലിന്റെ നിലപാട് എന്താണെന്ന് എനിക്കറിയാം. ജമാത്തെ ഇസ്ലാമിയുടെ കാഴ്ചപ്പാട് എന്താണെന്ന് എനിക്കറിയാം. ആർഎസ്എസിന്റെ കാഴ്ചപ്പാട് എന്താണെന്നും എനിക്കറിയാം. ഇത്തരം കാഴ്ചപ്പാടുകളോടും അഭിപ്രായങ്ങളോടുമുള്ള എന്റെ നിലപാടാണ് ഞാൻ പറഞ്ഞിട്ടുള്ളത്. നമ്മുടെ നാട്ടിൽ ഭരണഘടന ഉറപ്പ് നൽകുന്ന മൗലികാവകാശങ്ങൾ എന്ന് പറയുന്നത് അവനവന്റെ താല്പര്യം വരുമ്പോൾ എടുത്ത് വ്യാഖ്യാനിക്കുകയാണ് എല്ലാവരും. ഇതൊക്കെ എല്ലായിടത്തും സംഭവിക്കുന്നതാണ്. മതത്തെ ഒരു മറയായി സ്വീകരിച്ചുകൊണ്ടുള്ള പലവിധത്തിലുള്ള ഏർപ്പാടുകളും നമ്മുടെ നാട്ടിൽ നടക്കുന്നുണ്ട്. മതം മാറ്റാനും തിരിച്ച് മാറ്റാനുമൊക്കെയായി കുറെ ആളുകൾ ഇറങ്ങിപ്പുറപ്പെട്ടിരിക്കുകയാണ്.

നമ്മുടെ നാടിനെ സംഘര്ഷഭൂരിതമാക്കാനേ ഇതൊക്കെ ഉപകരിക്കുകയുള്ളൂ. ഓരോരുത്തരും സ്വതന്ത്രമായി പഠിക്കുകയും മനസ്സിലാക്കുകയും അവരവർക്ക് ഇഷ്ടമുള്ളത് പോലെ ജീവിക്കുന്നുമൊക്കെ വിശാലാർത്ഥത്തിൽ പറയുകയാണെങ്കിൽ ഞാൻ ചോദിക്കട്ടെ, പ്രായപൂർത്തിയായതിനു ശേഷം മാത്രം ഒരാൾ മതം സ്വീകരിച്ചാൽ മതി എന്ന കാഴ്ചപ്പാടിനെ എത്രപേർ അനുകൂലിക്കും?. ഏത് മതമാണിവിടെ അനുകൂലിക്കുക?. ഏതു മത സംഘടനയാണ് പിന്തുണയ്ക്കുക?. അപ്പോൾ ഇതിനൊക്കെ അപ്പുറത്തുള്ള അങ്ങേയറ്റത്തെ സങ്കുചിത താൽപര്യങ്ങളുടെ ഭാഗമാണിത് .. ഓരോരുത്തരും തരാതരം പോലെ ഭരണഘടനെയൊക്കെ എടുത്ത് വ്യാഖ്യാനിക്കുകയാണ്. ഞാൻ പറഞ്ഞുവല്ലോ, മതത്തിന്റെ പേരിലുള്ള ഒരാളെക്കൂട്ടലിനോടും ഒരു തിരിച്ചുപിടിക്കലിനോടും ഒരു സംഘർഷത്തോടും എനിക്ക് യോജിപ്പില്ല. എനിക്കതിനോടെല്ലാം എതിർപ്പാണുള്ളത്. മതത്തിനപ്പുറത്തേക്ക് മനുഷ്വത്ത്വമാണ് ഉയർത്തിപ്പിടിക്കേണ്ടതെന്ന് ചിന്തിക്കുന്ന ആളാണ് ഞാൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP