Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കോഴിക്കോട്ട് കോളജ് വിദ്യാർത്ഥി മരിച്ചത് ലഹരി പാർട്ടിക്കിടെ; പാലസ് ഹോട്ടലിൽ പാർട്ടി നടത്തിയത് സുഹൃത്ത് ഗൾഫിലേക്ക് പോകുന്നതിന്റെ ഭാഗമായി; ജീവനെടുത്തത് ലഹരി ഗുളികയും; മയക്കുമരുന്ന് മാഫിയ അഴിഞ്ഞാടുമ്പോഴും പൊലീസ് നിഷ്‌ക്രിയം

കോഴിക്കോട്ട് കോളജ് വിദ്യാർത്ഥി മരിച്ചത് ലഹരി പാർട്ടിക്കിടെ; പാലസ് ഹോട്ടലിൽ പാർട്ടി നടത്തിയത് സുഹൃത്ത് ഗൾഫിലേക്ക് പോകുന്നതിന്റെ ഭാഗമായി; ജീവനെടുത്തത് ലഹരി ഗുളികയും; മയക്കുമരുന്ന് മാഫിയ അഴിഞ്ഞാടുമ്പോഴും പൊലീസ് നിഷ്‌ക്രിയം

കെ വി നിരഞ്ജൻ

കോഴിക്കോട്: ലോഡ്ജ് മുറിയിൽ ദുരൂഹസാഹചര്യത്തിൽ കോളജ് വിദ്യാർത്ഥി മരിച്ചത് ലഹരി പാർട്ടിക്കിടയിൽ. മരണപ്പെട്ട മലബാർ ക്രിസ്ത്യൻ കോളജ് ബികോം രണ്ടാംവർഷ വിദ്യാർത്ഥി ഷാഹിലിന്റെ (22)സുഹൃത്തായ തൻവീർ ഗൾഫിലേക്കു പോകുന്നതിന്റെ ഭാഗമായിട്ടായിരുന്ന ലോഡ്ജിൽ പാർട്ടി നടത്തിയത്. ഷാഹിലിനെ കൂടാതെ മറ്റു സുഹൃത്തുക്കളും പാർട്ടിയിൽ പങ്കെടുക്കാൻ ഇവിടെയെത്തിയിരുന്നു. പാർട്ടിക്കിടയിൽ ലഹരി വസ്തുക്കൾ ഉപയോഗിച്ചിട്ടുണ്ടെന്നാണ് യുവാക്കൾ പൊലീസിനോട് വ്യക്തമാക്കിയത്.

പൊലീസ് കസ്റ്റഡിയിലെടുത്ത ആഷിക്, തൻവീർഎന്നിവർ നൽകിയ മൊഴിയിൽ നിന്നാണ് തലേ ദിവസം നടത്തിയ പാർട്ടിയെക്കുറിച്ചും ലഹരി ഉപയോഗത്തെക്കുറിച്ചും പൊലീസിന് വിവരം കിട്ടിയത്. തലേദിവസം രാത്രിയിൽ മുറിയെടുത്തിരുന്നെങ്കിലും ഷാഹിൽ പിറ്റേ ദിവസമാണ് ഇവിടേക്ക് എത്തിയത്. വീട്ടിൽ നിന്നും പുലർച്ചെ ഇറങ്ങിയ ഷാഹിൽ പാർട്ടി നടക്കുന്ന കോഴിക്കോട് മിംസ് ആശുപത്രിക്ക് അടുത്തുള്ള പാലസ് ലോഡ്ജിൽ എത്തി ഇവിടെയുള്ള സുഹൃത്തുക്കൾക്കൊപ്പം ആഘോഷത്തിൽ പങ്കാളിയായി. ലഹരിക്കായി ഉപയോഗിക്കുന്ന ഗുളികകളും ഇവിടെയുണ്ടായിരുന്നു. ഗുളികയുടെ പകുതി ഷാഹിൽ കഴിച്ചതായാണ് പൊലീസിന് വിവരം ലഭിച്ചത്. വീണ്ടും ബാക്കി ഭാഗം കൂടി കഴിച്ചതോടെ വായയിൽ നിന്നം നുരയും പതയും വരാൻ തുടങ്ങുകയും ബോധം നഷ്ടപ്പെടുകയുമായിരുന്നു.

യുവാക്കൾക്കൊപ്പം പൊലീസ് കസ്റ്റഡിയിലെടുത്ത യുവതിയെയും പൊലീസ് വിശദമായി ചോദ്യം ചെയ്തു. ആഷിക്കിന്റെ അടുത്ത സുഹൃത്താണ് ഈ യുവതി. ഷാഹിലിന് ബോധം നഷ്ടപ്പെട്ടപ്പോഴാണ് യുവതിയെ വിളിച്ചു വരുത്തിയതെന്നാണ് യുവാക്കൾ നൽകിയ മൊഴി. എന്നാൽ ഈ മൊഴി പൊലീസ് പൂർണ്ണമായും വിശ്വസിച്ചിട്ടില്ല. അബോധാവസ്ഥയിലായ ഷാഹിലിനെ മിംസ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

വെള്ളയിൽ ജോസഫ് റോഡിലെ അറഫ ഹൗസിൽ ഷാജഹാന്റെ മകൻ ഷാഹിൽ (22) ആണ് കഴിഞ്ഞ ദിവസം ലോഡ്ജ് മുറിയിൽ മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കണ്ണൻതൊടി സ്വദേശി ആഷിക്ക്, തൻവീർ എന്നിവരേയും ഇവരുടെ സുഹൃത്തെന്നു പറയുന്ന യുവതിയേയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ആഷികിന്റെ പേരിലാണ് മുറിയെടുത്തിരുന്നത്. മെഡിക്കൽ കോളെജ് സി ഐ മൂസ വള്ളിക്കാടന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടതതുന്നത്.

ഇതേ സമയം ദുരൂഹമരണം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകനെ ഒരു സംഘം അക്രമിക്കുകയും ചെയ്തിരുന്നു. മലയാള മനോരമ റിപ്പോർട്ടർ ദിലീപ് ദേവസ്യയ്ക്കാണ് മർദനമേറ്റത്. ദിലീപ് ചികിത്സയിലാണ്. കേസുമായി ബന്ധപ്പെട്ട യുവതിയോട് വിവരങ്ങൾ ചോദിക്കുന്നതിനിടെ പത്തോളം പേരടങ്ങുന്ന സംഘം എത്തി മർദ്ദിക്കുകയായിരുന്നെന്നാണ് ദിലീപിന്റെ പരാതി. മാധ്യമ പ്രവർത്തകനാണെന്ന് പറഞ്ഞെങ്കിലും അത് ഗൗനിക്കാതെ നാഭിക്ക് ചവിട്ടുകയും നിലത്തിട്ട് ചവിട്ടുകയുമായിരുന്നു. സമീപത്തുണ്ടായിരുന്ന നാട്ടുകാരും മാതൃഭൂമി റിപ്പോർട്ടറും ചേർന്നാണ് അക്രമികളെ തടഞ്ഞത്.

അക്രമത്തിൽ പ്രതിഷേധിച്ച് കെ യു ഡബ്യു ജെ നേതൃത്വത്തിൽ നഗരത്തിൽ ഇന്നലെ പ്രതിഷേധ പ്രകടനവും സംഘടിപ്പിച്ചു. പക്ഷേ ഒരു ദിവസം കഴിഞ്ഞിട്ടും സംഭവത്തിൽ പ്രതികൾ ആരെയും പിടിക്കാനായിട്ടില്ല. ലോഡ്ജുകൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് ഉപയോഗിക്കുന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ സിറ്റിയിലെ മുഴുവൻ ലോഡ്ജുകളിലും പൊലീസ് ഇന്നലെ പരിശോധന നടത്തി. സിറ്റി പൊലീസ് കമ്മിഷണർ കാളിരാജ് മഹേഷ്‌കുമാറിന്റെ നിർദ്ദേശത്തെ തുടർന്നായിരുന്നു പരിശോധന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP